Wednesday - 22 April, 2026 4-Dhu al-Qadah-1447

സത്യം തേടി വന്നു ...(1)

   ഉസ്മാനുബ്നു അഫ്ഫാൻ (റ)...

 ഇസ്ലാമിക ചരിത്രത്തിലെ മഹാപുരുഷൻ. ഔദാര്യം കൊണ്ട് കാലഘട്ടത്തെ വിസ്മയം കൊള്ളിച്ച മഹാൻ. ആ മഹാനെ അറിയണം. അടുത്തറിയണം. അത് നമ്മുടെ ഈമാനിന്റെ തിളക്കം വർധിപ്പിക്കും...


 നബിﷺതങ്ങളുടെ ഇരുപത് ഉപ്പൂപ്പമാരുടെ പേരുകൾ നമുക്കറിയാം. അവരുടെ കൂട്ടത്തിലെ ഒരു പ്രമുഖനാണ് അബ്ദുമനാഫ്. ആ പേര് ഓർത്തുവെക്കുക.


 നബിﷺതങ്ങളുടെ പിതാവ് അബ്ദുല്ല. അദ്ദേഹത്തിന്റെ പിതാവ് അബ്ദുൽ മുത്വലിബ്. അദ്ദേഹത്തിന്റെ പിതാവ് ഹാശിം. ഹാശിമിന്റെ പിതാവ് അബ്ദുമനാഫ്. 


 അബ്ദുമനാഫിന്റെ മകനാണ് ഹാശിം എന്നു മനസ്സിലായി. അബ്ദുമനാഫിന് വേറെയും മക്കളുണ്ടായിരുന്നു. അവരിൽ ഒരാളുടെ പേര് പറയാം അബ്ദുശ്ശംസ്.


 അബ്ദുശ്ശംസിന്റെ മകൻ ഉമയ്യത്ത്. ഉമയ്യത്തിന്റെ സന്താനപരമ്പര ബനൂ ഉമയ്യ എന്നറിയപ്പെടുന്നു ഉമയ്യത്തിന്റെ മകൻ അബുൽ ആസ്വ്. അബുൽ ആസ്വിന്റെ മകൻ അഫ്ഫാൻ അഫ്ഫാന്റെ മകൻ ഉസ്മാനു ബ്നു അഫ്ഫാൻ (റ).  


 ഉസ്മാൻ (റ) ഇസ്ലാമിക ചരിത്രത്തിലെ മഹാപുരുഷനായിത്തീർന്നു. ആ മഹാന്റെ പേരിനൊപ്പം പിതാവായ അഫ്ഫാന്റെ പേരും ചരിത്രപ്രസിദ്ധമായിത്തീർന്നു.


 ഉസ്മാൻ (റ) വിന്റെ ഉമ്മയും അബ്ദുമനാഫിന്റെ പരമ്പരയിൽ തന്നെയാണ് വരുന്നത്. അവരുടെ പേര് അർവ എന്നായിരുന്നു. അബ്ദുമനാഫിന്റെ മകൻ അബ്ദുശ്ശംസിന്റെ മകൻ ഹബീബിന്റെ മകൻ റബീഅത്തിന്റെ മകൻ കുറൈസിന്റെ മകൾ അർവ.


 ഉസ്മാൻ(റ)വിന്റെ ഉമ്മ ഇസ്ലാം മതം സ്വീകരിച്ചു. പുത്രന്റെ ഖിലാഫത്ത് കാലത്താണ് അവർ മരണപ്പെടുന്നത്. ജനാസ ചുമന്നുകൊണ്ട് പോയവരിൽ ഈ പുത്രനും ഉണ്ടായിരുന്നു.


 മക്കയിലെ സമ്പന്ന കുടുംബത്തിലാണ് ഉസ്മാൻ (റ) ജനിച്ചത്. ആരും നോക്കിനിന്നുപോവുന്ന ശരീരപ്രകൃതി. ഗോത്രക്കാർക്കെല്ലാം അദ്ദേഹത്തോട് എന്തെന്നില്ലാത്ത സ്നേഹമായിരുന്നു. വർണിക്കാൻ വാക്കുകളില്ലാത്ത സ്നേഹം.


 ഒരു അറബി ചരിത്രകാരൻ ആ സ്നേഹത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്:  


كَانَ قَوْمُهُ يُحِبُّونَهُ أَشَدَّ الْحُبِّ 


തന്റെ സമൂഹം അദ്ദേഹത്തെ ശക്തമായി സ്നേഹിച്ചു


 ശക്തമായ സ്നേഹത്തിന് പല കാരണങ്ങളുണ്ട്. ഒന്ന് ശരീര സൗന്ദര്യം. രണ്ടാമത് സൽസ്വഭാവം. ആരും ഇഷ്ടപ്പെടുന്ന സംസാരവും സ്വഭാവ ഗുണങ്ങളും. കുടുംബത്തിന്റെ കുലീന പാരമ്പര്യം. സാമ്പത്തികമായ ഔന്നിത്യം...


 യൗവ്വനാരംഭത്തിൽ തന്നെ മികച്ച കച്ചവടക്കാരനായിരുന്നു. കൂട്ടുകാരെല്ലാം സമൂഹത്തിൽ ഉന്നത സ്ഥാനമുള്ളവർ. ചെറുപ്പകാലം തൊട്ടേ നന്നായി ധർമ്മം ചെയ്യും. പാവപ്പെട്ടവരുടെ തോഴനായി മാറാൻ കഴിഞ്ഞു. ഉസ്മാൻ(റ)വിനെ കുറിച്ചുള്ള ചിന്തപോലും അവരെ സന്തോഷഭരിതരാക്കിയിരുന്നു.


 കച്ചവടത്തിന് വേണ്ടി പല രാജ്യങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. പല പ്രശസ്ത വ്യക്തികളുമായി പരിചയപ്പെട്ടിട്ടുണ്ട്. സത്യവും നീതിയും പുലർത്തിയ കച്ചവടക്കാരൻ. വിശ്വസ്ഥൻ എന്ന് പ്രസിദ്ധനായി...  


 തന്റെ ഏറ്റവുമടുത്ത കൂട്ടുകാരിൽ ഒരാളാണ് അബൂബക്കർ സിദ്ദീഖ് (റ). കുട്ടിക്കാലം മുതൽ കൂട്ടുകാരാണ്. വീടുകൾ ഒരേ പ്രദേശത്താണ്. പ്രസിദ്ധരായ കച്ചവടക്കാർ താമസിക്കുന്ന ഒരു പ്രദേശം. കച്ചവട യാത്രകൾ കഴിഞ്ഞു വന്നാൽ ഇരുവരും കാണും. ദീർഘമായി സംസാരിക്കും.  അനുഭവങ്ങൾ പങ്കുവെക്കും. പല കാര്യങ്ങളിലും അവർ ഒരേ അഭിപ്രായക്കാരാണ്. ഒരേ താൽപര്യക്കാരുമാണ്.  


 മക്കയിലെ സാമൂഹിക അവസ്ഥ ദുഷിച്ചിരിക്കുന്നു. എന്ന് രണ്ടാൾക്കും അഭിപ്രായമുണ്ട്. ബിംബാരാധന കൊടികുത്തിവാഴുന്ന കാലമാണത്. അവർ ഇരുവരും ഒരു ബിംബത്തെയും വണങ്ങിയില്ല. ഒരു ബിംബത്തെയും കാണാൻ പോയില്ല. വഴിപാട് നേർന്നില്ല.


 മദ്യത്തിന്റെ നാടാണത്. ഏത് വിശേഷാവസരത്തിലും മദ്യം വേണം. എന്നാൽ ഈ കൂട്ടുകാർ മദ്യം തൊടില്ല. മദ്യത്തിന്നെതിരാണവർ...


 ഒരു വിമോചകൻ വരുമെന്ന് അവർ കേട്ടിട്ടുണ്ട് അല്ലാഹു ﷻ വിലേക്ക് വഴിനടത്തുന്ന പ്രവാചകൻ. വരട്ടെ അതുവരെ കാത്തിരിക്കാം...