“ഖിലാഫത്ത്. അത് അല്ലാഹു ﷻ എന്നെ ധരിപ്പിച്ച വസ്ത്രമാണ്. ഞാനത് ഊരുകയില്ല.” എന്ന ഖലീഫയുടെ മറുപടി അവർക്കു രസിച്ചില്ല. അവർ കൂടുതൽ രോഷാകുലരായി സംസാരിച്ചു.
"എന്റെ നയങ്ങളിൽ എന്താണ് തെറ്റ്? പറയൂ, ഞാനത് തിരുത്താം. നിങ്ങൾ നല്ലത് നിർദേശിക്കുക. ഞാൻ നടപ്പാക്കാം.” അവർ ഖലീഫയുടെ സംസാരം തടസ്സപ്പെടുത്തി.
മൂന്നു കാര്യങ്ങൾ ഞങ്ങൾ പറയാം. അവയിൽ ഇഷ്ടമുള്ളത് സ്വീകരിക്കാം.
1. ഖിലാഫത്ത് ഒഴിയുക.
2. ഖലീഫയെ വധിക്കുക.
3. ഏറ്റുമുട്ടലിൽ ഞങ്ങൾ രക്തസാക്ഷികളാവുക.
ഖലീഫയുടെ വീടിന് ഉപരോധം ഏർപ്പെടുത്തി. ഇനി പുറത്തിറങ്ങാനാവില്ല. അവരെ നീക്കാൻ ഖലീഫ ആരോടും സഹായം തേടിയില്ല.
തന്റെ വീട്ടുമുറ്റത്ത് ആരുടെയും രക്തം വീഴരുത്. ശക്തമായ കൽപന പുറത്ത് വന്നു. അതോടെ സൈനിക നീക്കം അസാധ്യമായി. ഞാൻ രക്തസാക്ഷിയായിക്കൊള്ളാം. അതുവഴി മറ്റുള്ളവരുടെ രക്തം സംരക്ഷിക്കാം. ഖലീഫ നിലപാട് വ്യക്തമാക്കി.
പള്ളിയിലേക്കു പോവാം. നിസ്കാരത്തിന് നേതൃത്വം നൽകാം. തിരിച്ചു പോരാം. മറ്റൊരു കാര്യത്തിനും വിടില്ല.
പ്രമുഖ വ്യക്തികൾ വന്നാൽ അകത്ത് കയറി ഖലീഫയെ കാണാം. സംസാരിക്കാം. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതും വിലക്കി. ഖലീഫ ഒറ്റക്കായി. കൂട്ടിന് വിശുദ്ധ ഖുർആൻ.
ഹജ്ജിന്റെ സമയം സമാഗതമാവുകയാണ്. ഖലീഫയാണ് ഹജ്ജിന് നേതൃത്വം നൽകേണ്ടത്. ഇത്തവണ അതിന് പറ്റില്ല. ഉപരോധത്തിലാണ്.
ഒരു ദിവസം ഖലീഫയെ കാണാൻ ഒരു വിരുന്നുകാരനെത്തി. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ). ഖലീഫ അദ്ദേഹത്തോട് പറഞ്ഞു: “ഇത്തവണ എനിക്കു പകരം താങ്കൾ ഹജ്ജിന് നേതൃത്വം നൽകണം.”
ഇബ്നു അബ്ബാസ്(റ): “അമീറുൽ മുഅ്മിനീൻ..! ആ ഉത്തരവാദിത്വത്തിൽ നിന്ന് എന്നെ ഒഴിവാക്കിത്തരണം. ഞാനിവിടെ അങ്ങയോടൊപ്പം കഴിഞ്ഞുകൊള്ളാം. വിപ്ലവകാരികൾ വളഞ്ഞുനിൽക്കുന്ന ഈ സാഹചര്യത്തിൽ ഞാൻ ഇവിടെനിന്ന് പോവില്ല. ഹജ്ജിനെക്കാൾ
എനിക്കു പ്രിയങ്കരം അങ്ങയോടൊപ്പം നിൽക്കലാകുന്നു. എന്നെ അതിന്നനുവദിച്ചാലും.”
ഖലീഫ: “ഇബ്നു അബ്ബാസ്..! (റ) അത് പറ്റില്ല. ഞാൻ പറയുന്നത് അനുസരിക്കുക. ഞാനൊരു കത്ത് തരാം, അത് ജനങ്ങളുടെ മുമ്പിൽ
താങ്കൾ വായിക്കുകയും വേണം.”
ഉസ്മാൻ (റ) കൽപിച്ചാൽ സ്വീകരിക്കുകതന്നെ. മറ്റൊരു വഴിയില്ല.
“ഇരിക്കൂ..! നമുക്ക് കത്ത് ശരിയാക്കാം.”
ഹിജ്റ 35-ാം വർഷത്തെ ഹജ്ജ് വേളയിൽ വായിക്കാനുള്ള കത്ത്
ഖലീഫ തയ്യാറാക്കുകയാണ്. ഖലീഫ എഴുതി.
ബിസ്മില്ലാഹിർറഹ്മാനിർറഹീം.
മിൻ അബ്ദില്ലാഹി ഉസ്മാൻ. അമീറുൽ മുഅ്മിനീൻ ഇലൽ മുഅമിനീന വൽ മുസ്ലിമീൻ. അസ്സലാമു അലൈകും.
റഹ്മാനും റഹീമുമായ അല്ലാഹുﷻവിന്റെ നാമത്തിൽ. അല്ലാഹുﷻവിന്റെ അടിമയും അമീറുൽ മുഅ്മിനീനുമായ ഉസ്മാൻ (റ) മുഅ്മിനുകൾക്കും മുസ്ലിംകൾക്കും വേണ്ടി എഴുതുന്ന കത്ത്...
അല്ലാഹു ﷻ നമുക്കു നൽകിയ അവർണനീയമായ അനുഗ്രഹങ്ങളെക്കുറിച്ച് നിങ്ങൾ ഓർത്തുനോക്കൂ...
നാം അജ്ഞരായിരുന്നു. ദുർമാർഗ്ഗത്തിലായിരുന്നു. സർവശക്തനായ അല്ലാഹു ﷻ നമ്മെ ആദരിച്ചു. ഇസ്ലാം മതം കൊണ്ട് നമ്മെ അനുഗ്രഹിച്ചു. വഴികേടിൽ നിന്ന് അല്ലാഹു ﷻ നമ്മെ സന്മാർഗ്ഗത്തിലെത്തിച്ചു.
ജീവിതം ഐശ്വര്യപൂർണമാക്കിത്തന്നു. ഭൂമിയിൽ വിജയം തന്നു. ശക്തരായ ശത്രുക്കളെ കീഴ്പ്പെടുത്തിത്തന്നു. അവന്റെ അനുഗ്രഹങ്ങൾ വിശാലമാക്കിത്തന്നു.
ഇത്രയും എഴുതിയ ശേഷം ഖലീഫ ചിന്തയിൽ മുഴുകി. തനിക്കു പറയാനുള്ള ആശയങ്ങൾ വിശുദ്ധ ഖുർആൻ വചനത്തിലൂടെ അവതരിപ്പിക്കുവാൻ തീരുമാനിച്ചു.
സൂറത്ത് ഇബ്റാഹീമിലെ 34-ാം വചനം എഴുതി:
وَآتَاكُم مِّن كُلِّ مَا سَأَلْتُمُوهُ ۚ وَإِن تَعُدُّوا نِعْمَتَ اللَّـهِ لَا تُحْصُوهَا ۗ إِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ
“അവനോട് നിങ്ങൾ ചോദിക്കുന്നത് എല്ലാറ്റിൽ നിന്നും അവൻ നിങ്ങൾക്ക് തരുന്നു. അല്ലാഹുﷻവിന്റെ അനുഗ്രഹങ്ങളെ നിങ്ങൾ എണ്ണുന്നെങ്കിൽ അവയെ നിങ്ങൾക്ക് തിട്ടപ്പെടുത്തുവാൻ കഴിയുകയില്ല. തീർച്ചയായും മനുഷ്യൻ നീതി കെട്ടവനും നന്ദികെട്ടവനുമാകുന്നു.”
(14:34)
സൂറത്ത് ആലുഇംറാനിലെ ചില വചനങ്ങൾ എഴുതി. ഖലീഫയുടെ വസ്വിയ്യത്ത് വചനങ്ങളാണിത്. തന്റെ അന്ത്യം എത്തിക്കഴിഞ്ഞുവെന്ന് ബോധ്യം വന്ന ഒരു ഭരണാധികാരി കുറിച്ചിടുന്ന വിശുദ്ധ വചനങ്ങൾ ഗൗരവപൂർവം ശ്രദ്ധിക്കുക.
“അല്ലയോ വിശ്വാസികളേ..! അല്ലാഹുﷻവിനെ ഭയപ്പെടേണ്ട യഥാർത്ഥമായ വിധത്തിൽ നിങ്ങൾ ഭയപ്പെടുവീൻ. നിങ്ങൾ മുസ്ലിംകളായി
രിക്കെയല്ലാതെ മരണപ്പെടുകയുമരുത്.”
(3:102)
“അല്ലാഹുﷻവിന്റെ ചരടിൽ നിങ്ങൾ എല്ലാവരുമൊന്നടങ്കം മുറുകെപ്പിടിക്കുവീൻ. നിങ്ങൾ ഭിന്നക്കയുമരുത്. നിങ്ങളുടെ മേലുള്ള അല്ലാഹുﷻവിന്റെ അനുഗ്രഹത്തെ ഓർക്കുക. നിങ്ങൾ അന്യോന്യം ശത്രുക്കളായിരുന്നപ്പോൾ നിങ്ങളുടെ ഹൃദയങ്ങളെ തമ്മിൽ അവൻ യോജിപ്പിച്ചു. അങ്ങനെ അവന്റെ അനുഗ്രഹത്താൽ നിങ്ങൾ സഹോദരന്മാരായിത്തീർന്നു. തീയാലുള്ള ഒരു വൻ കുഴിയുടെ വക്കത്തായിരുന്നു നിങ്ങൾ. അപ്പോൾ അതിൽ നിന്നും
അവൻ നിങ്ങളെ രക്ഷിച്ചു. ഇപകാരം അവന്റെ ദൃഷ്ടാന്തങ്ങൾ
നിങ്ങൾക്ക് വ്യക്തമാക്കിത്തരുന്നു. നിങ്ങൾ നേർവഴി പ്രാപിക്കുന്നതിന്
വേണ്ടി.”
(3:103)
“നല്ലതിലേക്ക് ക്ഷണിക്കുകയും നന്മയെ കൽപിക്കുകയും തിന്മയിൽ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽ നിന്നും ഉണ്ടാകട്ടെ. അക്കൂട്ടരാണ് വിജയികൾ.”
(3:104)
“വ്യക്തമായ തെളിവുകൾ തങ്ങൾക്കു വന്നെത്തിയതിന് ശേഷം പരസ്പരം ഭിന്നിക്കുകയും വിയോജിക്കുകയും ചെയ്തവരെപ്പോലെ നിങ്ങൾ ആയിപ്പോവരുത്. അവർക്ക് വൻ ശിക്ഷയുണ്ട്.”
(3:105)
ഭിന്നിപ്പ് തുടങ്ങിക്കഴിഞ്ഞ ഒരു സമൂഹത്തെ വിശുദ്ധ ഖുർആൻ
ഉദ്ധരിച്ച് ബോധവാന്മാരാക്കാനുള്ള ശ്രമമാണ് ഖലീഫ നടത്തുന്നത്.