Wednesday - 22 April, 2026 4-Dhu al-Qadah-1447

മുസ്ഹഫ് ...(1)

   നബിﷺതങ്ങൾക്കു നാൽപത് വയസ്സായപ്പോഴാണ് ദിവ്യസന്ദേശം ലഭിച്ചുതുടങ്ങിയത്. വഫാത്താകുന്നത് അറുപത്തി മൂന്നാം വയസ്സിൽ.


 അതിന്നിടയിലുള്ള ഇരുപത്തി മൂന്നു വർഷങ്ങൾ. ഇരുപത്തി മൂന്ന് വർഷങ്ങൾക്കിടയിലാണ് വിശുദ്ധ ഖുർആൻ ഇറങ്ങിത്തീർന്നത്.


 വഹ്യ് ഇറങ്ങുമ്പോൾ തന്നെ അത് എഴുതിവെക്കുമായിരുന്നു. എല്ല്, തോൽ, കല്ല്, ഈത്തപ്പനപ്പട്ട എന്നിവയിലാണ് എഴുതിവെക്കപ്പെട്ടത്. സ്വഹാബികളുടെ മനസ്സിലും സൂക്ഷിക്കപ്പെട്ടു.


 വിശുദ്ധ ഖുർആൻ എഴുതി സൂക്ഷിക്കാൻ ചില സ്വഹാബികളെ നബി ﷺ നിയോഗിച്ചിരുന്നു.


 അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ), സൈദുബ്നു സാബിത്(റ), ഉബയ്യുബ്നു കഅ്ബ്(റ), സാബിത് ബ്ന് കൈസ് (റ) എന്നിവർ അവരിൽ ചിലരാകുന്നു.


 വിശുദ്ധ ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കുകയും നന്നായി

പാരായണം ചെയ്യുകയും ചെയ്തിരുന്ന നിരവധി സ്വഹാബികളുണ്ടായിരുന്നു.


 അബ്ദുല്ലാഹിബ്നു മസ്ഊദ്(റ), സാലിം മൗലാ അബീ ഹുദൈഫ(റ), മുആദ് ബ്നു ജബൽ(റ), ഉബയ്യുബ്നു കഅ്ബ്(റ), സൈദുബ്നു സാബിത്(റ) എന്നിവർ ആ വിഭാഗത്തിൽ പെടുന്നു.


 നബിﷺതങ്ങളുടെ ജീവിത കാലത്ത് ഖുർആൻ ഗ്രന്ഥരൂപത്തിൽ

ആക്കിയിരുന്നില്ല. നബിﷺതങ്ങളുടെ വഫാത്തിനു ശേഷം പല ഭാഗങ്ങളിലും ജനങ്ങൾ ഇസ്ലാം മതം ഉപേക്ഷിച്ചു. ഇവർക്കെതിരെ നിരവധി യുദ്ധങ്ങൾ നടന്നിട്ടുണ്ട്.


 ഈ യുദ്ധങ്ങളിൽ വിശുദ്ധ ഖുർആൻ പൂർണ്ണമായി മനഃപാഠമുണ്ടായിരുന്ന ധാരാളം ഹാഫിളുകൾ മരണപ്പെട്ടുപോയി. ഇങ്ങനെ പോയാൽ വിശുദ്ധ ഖുർആൻ നമുക്കു നഷ്ടപ്പെട്ടുപോകുമല്ലോ എന്ന ഭയം പലരിലുമുണ്ടായി. മഹാനായ ഉമറുൽ ഫാറൂഖ് (റ) അവരിൽ പെടുന്നു.


 ഉമർ(റ) നേരെ ഖലീഫ അബൂബക്കർ സിദ്ദീഖ്(റ)വിനെ ചെന്ന് കണ്ടു. കാര്യം ബോധിപ്പിച്ചു. വിശുദ്ധ ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കണമെന്നപേക്ഷിച്ചു.


 നബി ﷺ ചെയ്യാത്ത ഒരു കാര്യം ഞാൻ ചെയ്യുകയോ..? അതായിരുന്നു ഖലീഫയുടെ പ്രതികരണം...


 ഉമർ(റ) പ്രശ്നത്തിന്റെ നാനാവശങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. അടിയന്തിര പ്രാധാന്യമുള്ള കാര്യം തന്നെയാണിതെന്ന് അദ്ദേഹത്തിന് ബോധ്യമായി.


 വിശുദ്ധ ഖുർആൻ ക്രോഡീകരിക്കാൻ യോഗ്യരായ സ്വഹാബിമാരുടെ ഒരു സംഘം രംഗത്തെത്തി. അതിന്റെ നേതൃത്വം സൈദുബ്നു സാബിത് (റ) വിന്നായിരുന്നു.


 നബിﷺതങ്ങളുടെ സദസ്സിൽ ധാരാളമായി പങ്കെടുത്ത വ്യക്തിയായിരുന്നു അദ്ദേഹം. വിശുദ്ധ ഖുർആൻ മനഃപാഠമുള്ള ആളുമായിരുന്നു...


 രേഖപ്പെടുത്തപ്പെട്ട വസ്തുക്കൾ കൊണ്ടുവന്നു. മനഃപാഠമുള്ളവർ സഹായത്തിനെത്തി. വിശുദ്ധ ഖുർആന്റെ ഒരു കോപ്പി തയ്യാറാക്കി. പല ഹാഫിളീങ്ങളും അത് നോക്കി. ശരിവെച്ചു. ഈ പ്രതി ഖലീഫ തന്നെ സൂക്ഷിച്ചു...


 ഖലീഫ വഫാത്തായപ്പോൾ ഈ മുസ്ഹഫ് ഉമർ(റ)വിന്റെ കൈവശം വന്നുചേർന്നു. അദ്ദേഹം വഫാത്തായപ്പോൾ മുസ്ഹഫ് മകൾ ഹഫ്സ(റ)യുടെ കൈവശം വന്നു. നബിﷺയുടെ ഭാര്യയായ ഹഫ്സ(റ) അത് സൂക്ഷിച്ചുവെച്ചു...