മറ്റൊരു യുദ്ധ ചരിത്രം പറയാം. മഗ്‌രിബ് തന്ത്രപ്രധാന സ്ഥലമാണ്. അത് കൈവിടാൻ റോമക്കാർ തയ്യാറല്ല. റോമാ ചക്രവർത്തിയാണ് കോൺസ്റ്റണ്ടയിൻ. അദ്ദേഹം നേരിട്ട് പട നയിക്കുകയാണ്, അഞ്ഞൂറ് കപ്പലുകളാണ് കൂടെയുള്ളത്. പരിശീലനം നേടിയ ഉഗ്രൻ നാവികപ്പട.
ഇത്രയും വലിയ നാവിക ശക്തിയെയാണ് മുസ്ലിംകൾക്ക് നേരിടേണ്ടത്. യുദ്ധം കടലിലാണ്. എല്ലാം അല്ലാഹു ﷻ വിൽ അർപ്പിച്ചു. ശഹീദാവാൻ തയ്യാറെടുത്തു. മഹാസമുദ്രത്തിൽ എന്തും സംഭവിക്കാം...
അബ്ദുല്ലാഹിബ്നു സഅദുബ്നു അബീസറഹിന്റെ (റ) മികച്ച നേതൃത്വം മുസ്ലിം നാവികപ്പടക്കുണ്ട്. റോമക്കാർ പ്രതീക്ഷിക്കാത്ത തന്ത്രമാണ് മുസ്ലിംകൾ പ്രയോഗിച്ചത്. മുസ്ലിം കപ്പലുകൾ ശത്രുക്കളുടെ കപ്പലുകളോട് കൂട്ടിക്കെട്ടി എന്നിട്ടാണ് യുദ്ധം. പൊരിഞ്ഞ യുദ്ധം.
ആയിരക്കണക്കായ മുസ്ലിംകളാണ് മഹാസമുദ്രത്തിൽ വീരരക്തസാക്ഷികളായി വീണത്. ഓരോ രക്തസാക്ഷിയും പത്ത് ശത്രുവിനെയെങ്കിലും വകവരുത്തിയിട്ടാണ് രക്തസാക്ഷിയായത്...
ചരിത്രം ഇങ്ങനെ രേഖപ്പെടുത്തി. മുസ്ലിംകളുടെ മരണസംഖ്യയെക്കാൾ പതിൻമടങ്ങായിരുന്നു ശത്രുക്കളുടെ മരണസംഖ്യ.
മുസ്ലിംകളുടെ പോരാട്ടം ശത്രുക്കളെ ഭീതിയിലാഴ്ത്തിക്കളഞ്ഞു. തോറ്റു പിൻമാറാതിരിക്കാനാണ് സ്വന്തം കപ്പലുകൾ ശത്രുവിന്റെ കപ്പലുമായി കൂട്ടിക്കെട്ടിയത്. പൊരുതി മരിക്കുക എന്നത് തന്നെ ലക്ഷ്യം. പിൻമാറി രക്ഷപ്പെടുക എന്ന ചിന്തയില്ല.
കോൺസ്റ്റണ്ടയിൻ രാജാവിന് വെട്ടേറ്റു. വധിക്കാനായില്ല. ഒരു കപ്പലിൽ രക്ഷപ്പെട്ടു. ശത്രുക്കൾ സന്ധിക്കു തയ്യാറായി...
ഇസ്ലാമിക ചരിത്രത്തിലെ നിർണായക വിജയമായിരുന്നു ഇത്. മുസ്ലിംകൾ പിന്നീട് നല്ല മുന്നേറ്റം നടത്തി. കോൺസ്റ്റാന്റിനോപ്പിളിന്റെ പടിവാതിൽക്കൽ വരെയെത്തി. പടിഞ്ഞാറൻ ലോകത്തെ വിറപ്പിച്ചുകളഞ്ഞു...
തെക്ക് സുഡാനിലും എത്യോപ്യയിലും മുസ്ലിംകൾ വിജയം വരിച്ചു. കിഴക്ക് ചൈനയിൽ വരെ ഇസ്ലാം എത്തിച്ചേർന്നു...
എത്രയെത്ര നഗരങ്ങളിലും ഗ്രാമങ്ങളിലും ഇസ്ലാം എത്തിച്ചേർന്നു. ഓരോ നാട്ടിലും അനേകായിരം ജനങ്ങളാണ് ഇസ്ലാമിലേക്കു വന്നത്.
ചില നാടുകളിൽ ജനങ്ങൾ ഒന്നൊഴിയാതെ ഇസ്ലാം സ്വീകരിച്ചു. അറബി ഭാഷയെ അവർ തങ്ങളുടെ ഭാഷയാക്കി. അവർ മാതൃഭാഷ മറന്നുപോയി. ആരാധനക്കും ആശയവിനിമയത്തിനും അറബി
മാത്രം ഉപയോഗിച്ചു. കാലാന്തരത്തിൽ അറബിയായി അവരുടെ മാതൃഭാഷ...
പുതിയ ലോകം. പുതിയ ജീവിതം, പുതിയ പ്രതീക്ഷകൾ. പരലോകം എന്ന ചിന്ത മുമ്പിൽ വന്നു. ചിന്തകളും, സംസാരവും, കർമ്മങ്ങളും പരലോക വിജയം മുമ്പിൽ കണ്ടുകൊണ്ടായി. അല്ലാഹുﷻവിന്റെ ഇഷ്ടദാസന്മാരായി ജീവിച്ചു. മരിച്ചു...
ആരാധനക്കർഹൻ അല്ലാഹു ﷻ മാത്രമാകുന്നു. പ്രകൃതി ശക്തികളെയൊന്നും ആരാധിക്കാൻ പാടില്ല. മനുഷ്യ കരങ്ങൾ നിർമ്മിക്കുന്ന ഒരു സാധനത്തെയും ആരാധിക്കരുത്. മുഹമ്മദ് നബി ﷺ അല്ലാഹു ﷻ വിന്റെ പ്രവാചകനാകുന്നു.
“അല്ലാഹു അല്ലാതെ ഒരു ആരാധ്യൻ ഇല്ല. മുഹമ്മദ് അവന്റെ
ദൂതനാകുന്നു.” ഇതാണ് സത്യസാക്ഷ്യ വചനം. തൗഹീദ്. ഇത് ലോകത്തുള്ള സകല മനുഷ്യർക്കും എത്തിച്ചുകൊടുക്കണം. ആ ബാധ്യതയാണ് സ്വഹാബികൾ ഏറ്റെടുത്തത്.
ഇതാണ് ഇസ്ലാമിന്റെ സന്ദേശം, മനുഷ്യരുടെ മോചനം, എല്ലാവിധ ചൂഷണങ്ങളിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുക. സമത്വം, സാഹോദര്യം, നീതി, ധർമ്മം ഇവയൊക്കെ എല്ലാ മനുഷ്യർക്കും ലഭിക്കണം. അത് നിഷേധിക്കപ്പെടുന്ന എത്രയോ ജനവിഭാഗങ്ങൾ ലോകത്തുണ്ട്. അവർക്കത് നേടിക്കൊടുക്കണം. അന്നാട്ടിൽ ചെല്ലണം. ഭരണകൂടത്തോട് സംസാരിക്കണം. അവരത് സമ്മതിക്കില്ല. നീതിക്കും ധർമ്മത്തിനും വേണ്ടി സംസാരിക്കുമ്പോൾ അധികാരി വർഗം ബലം പ്രയോഗിക്കും.
സാധാരണ ജനങ്ങൾ മുസ്ലിംകൾ ജയിക്കണമെന്നാണ് ആഗ്രഹിക്കുക. മുസ്ലിംകൾ ജയിച്ചാലേ മോചനം ലഭിക്കുകയുള്ളൂ. മുസ്ലിംകൾ ജയിക്കുമ്പോൾ സന്ധിയുണ്ടാക്കും. കൃഷിഭൂമി മുസ്ലിംകൾ ഏറ്റെടുക്കില്ല. അത് കർഷകരെത്തന്നെ ഏൽപിക്കും.
കൃഷി നടത്താൻ സാമ്പത്തിക സഹായം നൽകും.
കൃഷി മുഴുവൻ കർഷകനുള്ളതാണ്. അതിൽനിന്നുള്ള വരുമാനം അവനുള്ളതാണ്. നേരത്തെ അങ്ങനെയായിരുന്നില്ല. ധാന്യങ്ങൾ കൊയ്തെടുത്താൽ പകുതിയിലേറെ ഭരണാധികാരികൾക്ക് കൊണ്ടു കൊടുക്കണം. കർഷകൻ എന്നും കഷ്ടപ്പാടിൽ തന്നെ.
മുസ്ലിംകളല്ലാത്തവർ ഒരു നികുതി കൊടുക്കണം. ജിസ് യ. നേരത്തെ രാജാവിന് നൽകിയ നികുതിയെക്കാൾ എത്രയോ കുറവാണ് ജിസ് യ. അത് കൊടുത്തുകഴിഞ്ഞാൽ അയാളുടെ ജീവനും സ്വത്തുമെല്ലാം മുസ്ലിംകൾ സംരക്ഷിക്കും. അതുകൊണ്ട് മുസ്ലിംകളല്ലാത്തവർ സന്തോഷപൂർവം ജിസ് യ നൽകിയിരുന്നു.
മുസ്ലിം ഭരണ പ്രദേശത്തെ സാധാരണക്കാരുടെ സന്തോഷം തൊട്ടടുത്ത രാജ്യങ്ങളിലെ ജനങ്ങൾ കാണും. മുസ്ലിം ഭരണം അങ്ങോട്ടും വരണേ എന്നാണവരുടെ ആഗ്രഹം.
ലോക ശക്തികളാണ് പേർഷ്യയും റോമും. അവിടത്തെ ചക്രവർത്തിമാർക്കും ജനങ്ങൾക്കും ഇസ്ലാമിന്റെ സന്ദേശം എത്തിക്കേണ്ടതുണ്ട്. സ്വഹാബികൾ അതുകൊണ്ടാണവിടെ പോയത്.
അവർ ഇസ്ലാമിനെ എതിർത്
തു. ഇസ്ലാം വന്നാൽ തങ്ങളുടെ ആഢംബരങ്ങളും സൗകര്യങ്ങളും നഷ്ടപ്പെടും. ജനങ്ങളെ ചൂഷണം ചെയ്യാൻ പറ്റില്ല. അടിമകളുടെ അവസ്ഥയിൽ നിന്നവർ മോചിതരാവും.
കൊട്ടാരവും ധനവും മുസ്ലിം മനസ്സുകളെ ആകർഷിച്ചില്ല. ജനങ്ങളെ അല്ലാഹു ﷻ വിന്റെ വഴിയിലേക്കു ക്ഷണിക്കുക. അത് മാത്രമാണ് ലക്ഷ്യം. അപ്പോൾ അല്ലാഹു ﷻ സഹായിച്ചു. നദികളും പർവ്വതങ്ങളും മരുഭൂമികളും അവർക്കു തടസ്സമായില്ല.
നീതി ഇഷ്ടപ്പെട്ട രാജാക്കന്മാർ യുദ്ധത്തിനൊരുങ്ങാതെ ഉടമ്പടി
സ്വീകരിച്ചു. ജുർജാനിലെ രാജാവ് മുസ്ലിംകളുമായി സമാധാന സന്ധിയിലേർപ്പെട്ടപ്പോൾ തബ്രീസിലെ രാജാവ് ഉടമ്പടിയിൽ ഒപ്പുവെക്കാൻ സ്വയം സന്നദ്ധനായി. രാജ്യത്ത് റോഡുകളും പാലങ്ങളും ജലസേചന സൗകര്യങ്ങളും വിദ്യാലയങ്ങളും ആതുരാലയങ്ങളുമുണ്ടായി.
സിജിസ്താനിലും സിന്ധിലും മക്റാനിലും ഇസ്ലാം എത്തിയത് ഇതേ വിധത്തിൽ തന്നെയാണ്.
സത്യവും നീതിയും മുസ്ലിംകളെ ലോക ജേതാക്കളാക്കി. അല്ലാഹുﷻവിന്റെ പാശത്തെ അവർ മുറുകെ പിടിച്ചു. ഒറ്റക്കെട്ടായി മുന്നേറി. വൻ വിജയങ്ങൾ കൊയ്തുകൂട്ടി. ഭിന്നിച്ചു കഴിഞ്ഞാൽ രക്ഷയില്ല. ഭിന്നിച്ചാൽ അല്ലാഹു ﷻ സഹായം പിൻവലിക്കും. ശത്രുക്കൾ വിജയിക്കും.
ലോക ജേതാക്കൾ ദുനിയാവിന്റെ അലങ്കാരങ്ങളാൽ വഞ്ചിതരായില്ല. അവർ മുമ്പോട്ടു തന്നെ കുതിച്ചു.
ഭിന്നിപ്പുകൾ ഏറ്റവും വേദനാജനകമായ അവസ്ഥയിൽ നമ്മെ കൊണ്ടെത്തിക്കും. ഉസ്മാൻ(റ)വിന്റെ അവസാന കാലത്ത് നടന്ന സംഭവങ്ങൾ ഇന്നും നമ്മെ ദുഃഖം കുടിപ്പിക്കുന്നു.
മുസ്ലിം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതിൽ ശത്രുക്കൾ വിജയിച്ചു. മുസ്ലിംകളുടെ തീരാത്ത ദുഃഖവും തുടങ്ങി...