ഉസ്മാൻ(റ)വിന്റെ കാലത്ത് വിദൂര ദിക്കുകളിൽ ഇസ്ലാം പ്രചരിച്ചു. അവിടങ്ങളിൽ വിശുദ്ധ ഖുർആൻ പാരായണം നടന്നു. പാരായണത്തിൽ വ്യത്യാസങ്ങൾ കണ്ടുതുടങ്ങി.
മുസ്ലിം പടത്തലവനായി ശാമിലും ഇറാഖിലും നിരവധി തവണ സഞ്ചരിച്ച ഹുദൈഫതുബ്നു യമാൻ (റ) ഈ വ്യത്യാസം വ്യക്തമായി മനസ്സിലാക്കി ഉൽക്കണ്ഠാകുലനായിത്തീർന്നു. അദ്ദേഹം ഖലീഫയോടിങ്ങനെ അപേക്ഷിച്ചു.
“അമീറുൽ മുഅ്മിനീൻ..! അങ്ങ് ഈ സമുദായത്തെ രക്ഷിച്ചാലും. വിശുദ്ധ ഖുർആൻ എഴുതുന്നതിലും പാരായണം ചെയ്യുന്നതിലും അവർ
ഭിന്നിച്ചിരിക്കുന്നു. പൂർവിക സമുദായങ്ങൾ അവരുടെ മതഗ്രന്ഥത്തിന്റെ കാര്യത്തിൽ ഭിന്നിച്ചതുപോലെ ഈ സമുദായം ഭിന്നിച്ചു പോകും. അതിന് മുമ്പ് സമുദായത്തെ രക്ഷപ്പെടുത്തുക.”
ഇറാഖികളുടെ പ്രഖ്യാപനം ഇങ്ങനെയായിരുന്നു: “ഞങ്ങൾ അബൂമൂസൽ അശ്അരിയുടെ (റ) ശൈലി പിന്തുടരുന്നു.”
സിറിയക്കാരുടെ പ്രഖ്യാപനം ഇങ്ങനെ: “മിഖ്ദാദുബ്നുൽ അസദിന്റെ (റ) ശൈലിയാണ് ഞങ്ങൾ പിൻപറ്റുന്നത്.
പള്ളിക്കൂടങ്ങളിൽ കുട്ടികൾ തമ്മിൽ തർക്കമുണ്ടായി. പാരായണ ശൈലിയിൽ തർക്കം വന്നു. ഉസ്താദ് പഠിപ്പിച്ചതും വീട്ടിൽ നിന്ന് കേൾക്കുന്നതും തമ്മിൽ വ്യത്യാസം വന്നു.
മദീനയിലുള്ള പ്രമുഖ സ്വഹാബികളെയെല്ലാം ഉസ്മാൻ (റ) വിളിച്ചുവരുത്തി. വിഷയം ഗൗരവത്തോടെ ഉണർത്തി.
ഹഫ്സ(റ)യുടെ കൈവശമുള്ള വിശുദ്ധ ഖുർആന്റെ കോപ്പി വരുത്തി. പരിശോധന നടത്തുവാനും പുതിയ കോപ്പികൾ എഴുതിയുണ്ടാക്കാനും ഒരു സമിതിയുണ്ടാക്കി. ഒന്നാം ഖലീഫ അബൂബക്കർ (റ) നിയോഗിച്ച നേതാവിനെത്തന്നെ വരുത്തി.
സൈദുബ്നു സാബിത് (റ). അദ്ദേഹം തന്നെയാണ് പുതിയ സമിതിയുടെയും നേതാവ്. സഈദുബ്നുൽ ആസ്വ് (റ).
അബ്ദുല്ലാഹിബ്നു സുബൈർ (റ).
അബ്ദുർറഹ്മാനുബ്നു ഹാരിസ് ബ്നുൽ ഹിശാം (റ).
ഇവരൊക്കെ സഹായത്തിനുണ്ട്.
നേരത്തെയുള്ള മുസ്ഹഫ് നോക്കി. ഹാഫിളീങ്ങളുടെ തെളിവുകളുടെ വെളിച്ചത്തിലും ഇവർ പുതിയ പതിപ്പ് തയ്യാറാക്കി. ഉസ്മാൻ (റ) തന്റെ ഓർമ്മയിലുള്ള ഖുർആനും പുതിയ ഗ്രന്ഥവും തട്ടിച്ചുനോക്കി. തെറ്റില്ലെന്ന് ബോധ്യമായി. പലരും പരിശോധിച്ചു ശരിവെച്ചു...
അതിനു ശേഷം കൂടുതൽ കോപ്പികൾ എഴുതിയുണ്ടാക്കി. പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം ഈ കോപ്പികൾ അയച്ചുകൊടുത്തു. കൂഫ, ബസ്വറ, ശാം, ബഹ്റൈൻ, യമൻ, മക്ക തുടങ്ങിയ എല്ലാ പ്രധാന കേന്ദ്രങ്ങളിലും കോപ്പികളെത്തി. മദീനയിലും സൂക്ഷിച്ചു.
ഇവയിൽ നിന്ന് ആവശ്യംപോലെ കോപ്പികൾ എഴുതിയുണ്ടാക്കി. ഒരേ രീതി ലോകമെങ്ങും നടപ്പിലായി. ലിഖിത രൂപത്തിൽ വ്യത്യാസമില്ല.
പാരായണത്തിലും വ്യത്യാസമില്ല.
തലമുറകളും നൂറ്റാണ്ടുകളും കടന്നുപോയി...
അച്ചടി യന്ത്രം വന്നപ്പോൾ മുസ്ഹഫുകൾ അച്ചടിച്ചു. ആധുനികകാലഘട്ടം വന്നപ്പോൾ കോടിക്കണക്കിനാണ് മുസ്ഹഫുകൾ അച്ചടിക്കപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥമാണത്.
ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ഹാഫിളുകൾ ഇറങ്ങിക്കൊണ്ടിരിക്കുന്നു. വിശുദ്ധ ഖുർആൻ വള്ളി-പുള്ളി വ്യത്യാസമില്ലാതെ സംരക്ഷിക്കാനുള്ള ചുമതല അല്ലാഹു ﷻ തന്നെ ഏറ്റെടുത്തതാണ്. അതാണ് നാം
കണ്ടുകൊണ്ടിരിക്കുന്നത്.
ചരിത്രബോധമുള്ളവർ ഓരോ തവണ മുസ്ഹഫ് എടുക്കുമ്പോഴും ഖലീഫ ഉസ്മാൻ(റ)വിനെ ഓർക്കുന്നു. അദ്ദേഹം ശേഖരിച്ച ഗ്രന്ഥരൂപത്തിലാക്കിത്തന്ന അതേ ഖുർആനാണ് നാം ഇന്നും പാരായണം ചെയ്തുകൊണ്ടിരിക്കുന്നത്.
വിശുദ്ധ ഖുർആനെ അളവറ്റ് സ്നേഹിച്ച മഹാനായിരുന്നു ഉസ്മാൻ(റ). എപ്പോഴും വിശുദ്ധ വചനങ്ങളായിരുന്നു ചുണ്ടിലും മനസ്സിലും.
അല്ലാഹു ﷻ വിനെ ഭയന്നു കരഞ്ഞ രാത്രികളെത്ര..! ശിക്ഷയുടെ ആയത്തുകൾ കേട്ടാൽ ഭയന്നു വിറയ്ക്കും. പിന്നെ ഉറക്കം വരില്ല. അങ്ങനെയുള്ള ആയത്തുകൾ പാരായണം ചെയ്യുമ്പോൾ മനസ്സ്
പതറും, കണ്ണുനീർ വാർക്കും...
വിശുദ്ധ ഖുർആന്റെ ആശയങ്ങൾ. അർത്ഥതലങ്ങൾ. അവയുടെ
ആഴവും പരപ്പും. അതിലൂടെയാണ് ഉസ്മാൻ(റ)വിന്റെ മനസ്സ് സഞ്ചരിച്ചത്. അത്ഭുതങ്ങളുടെ ലോകം തന്നെ.
പരലോക ചിന്തയിലായിരുന്നു എന്നും എപ്പോഴും. വിശുദ്ധ ഖുർആൻ വചനങ്ങൾ നിരന്തരം പരലോക ചിന്തകൾ ഉണർത്തി വിടുകയാണല്ലോ ചെയ്യുന്നത്.
നബിﷺതങ്ങളുടെ അധ്യാപനങ്ങൾ ഓരോന്നും ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയായിരുന്നു. നബിചര്യകളെ സ്വന്തം ജീവിതത്തിൽ പകർത്തുക, മറ്റുളളവരെ അതിന് പ്രേരിപ്പിക്കുക. ഇതായിരുന്നു നയം,
ഗവർണർമാരെയും, സേനാനായകന്മാരെയും, ഉദ്യോഗസ്ഥരെയുമെല്ലാം ഇക്കാര്യം നിരന്തരം ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. നന്മ ചെയ്യാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
വിശുദ്ധനായ ഖലീഫക്ക് പ്രായം കൂടിക്കൂടിവരികയാണ്. ജീവിത
വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിലാണ് ശ്രദ്ധ.
ഇസ്ലാമിക ലോകത്തിന്റെ വിസ്തൃതി മുമ്പുള്ളതിനേക്കാൾ വളരെയേറെ വ്യാപിച്ചു. വിസ്താരം കൂടുമ്പോൾ ഭരണഭാരവും കൂടും. നല്ല ഭരണം കാഴ്ചവെക്കേണ്ടത് ഉദ്യോഗസ്ഥന്മാരാണ്. അവർക്കു വീഴ്ച വന്നാൽ കുറ്റം ഖലീഫയുടെ പേരിലാണ് ചേർത്തു പറയുക. ഇങ്ങനെയുള്ള ചില സംഭവങ്ങൾ നടന്നിട്ടുണ്ട്.
അവിടെയെല്ലാം നീതി നടപ്പാക്കാൻ ഖലീഫ നന്നായി ശ്രമിച്ചിട്ടുണ്ട്. അതിലെ ആത്മാർത്ഥത വാഴ്ത്തപ്പെട്ടിട്ടുമുണ്ട്.