നബിﷺതങ്ങൾ എല്ലാ കാര്യങ്ങളും പഠിപ്പിച്ചുതന്നു. തന്റെ മുൻഗാമികളായ രണ്ട് ഖലീഫമാർ അവയെല്ലാം പ്രയോഗത്തിൽ വരുത്തി കാണിച്ചുതന്നു. അതിന് ശേഷം നിങ്ങൾ ഭിന്നിക്കുകയാണോ? ഭിന്നിച്ചുപോയാൽ പിന്നെ വളർച്ചയില്ല. നാശത്തിലേക്കാണ്
പോവുക. അവർക്ക് വൻ ശിക്ഷയുണ്ട്. ഭിന്നിപ്പിക്കുന്നവർ അവയെല്ലാം ഓർത്തിരിക്കട്ടെ.
അല്ലാഹു ﷻ ചെയ്തുതന്ന അനുഗ്രഹങ്ങൾ വീണ്ടും
ഓർമപ്പെടുത്തുന്നു. സൂറത്ത് മാഇദയിലെ വചനം ഉദ്ധരിച്ചുകൊണ്ട്.
“നിങ്ങളുടെ മേൽ ഉള്ള അല്ലാഹുവിന്റെ അനുഗ്രഹത്തെയും ഞങ്ങൾ കേൾക്കുന്നു. ഞങ്ങൾ അനുസരിക്കുന്നു എന്ന് നിങ്ങൾ പറഞ്ഞപ്പോൾ നിങ്ങളെ അവൻ ബന്ധിച്ചതായ അവന്റെ ഉടമ്പടിയെയും നിങ്ങൾ ഓർക്കുവീൻ. അല്ലാഹുവിനോടുള്ള കടമ സൂക്ഷിക്കുവീൻ. ഹൃദയങ്ങളിലുള്ള രഹസ്യങ്ങളെക്കുറിച്ച് തീർച്ചയായും അല്ലാഹു അറിവുറ്റവനത്രെ.”
(5:7)
ആത്മാവുകളുടെ ലോകത്തുവെച്ച് മനുഷ്യരും അല്ലാഹുﷻവും തമ്മിൽ നടന്ന ഉടമ്പടിയെക്കുറിച്ച് ഖലീഫ തന്റെ ജനതയെ ഓർമപ്പെടുത്തുകയാണ്. അവിടെ വെച്ചു മനുഷ്യൻ സമ്മതിച്ച കാര്യങ്ങൾ മറക്കരുത്. പ്രവാചകന്മാർ അവ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
സൂറത്ത് ഹുജുറാത്തിലെ വചനങ്ങളാണ് പിന്നെ ഉദ്ധരിച്ചത്.
നാശകാരികൾ പല വാർത്തകളുമായിട്ടു വരും. അത് കേൾക്കുന്ന സത്യവിശ്വാസികൾ എന്ത് വേണം? ഈ വിശുദ്ധ ഖുർആൻ വചനത്തിൽ അതിന്
മറുപടിയുണ്ട്. എക്കാലത്തേക്കുമുള്ള നിർദേശമാണിത്.
“അല്ലയോ വിശ്വാസികളേ! ദുഷ്ടബുദ്ധിയായ ഒരുവൻ നിങ്ങളുടെ
അടുത്ത് ഒരു വൃത്താന്തവുമായി വന്നാൽ, അപ്പോൾ വ്യക്തമായ സത്യംആരായുക. (അങ്ങനെ ചെയ്തില്ലെങ്കിൽ) അറിവില്ലാതെ നിങ്ങൾ ഒരു ജനതയെ പീഡിപ്പിക്കുകയും, അപ്പോൾ നിങ്ങൾ ചെയ്തുപോയതിൽ നിങ്ങൾ മനസ്താപക്കാരായിത്തീരുകയും ചെയ്യും.”
(49:6)
അടുത്ത വചനത്തിൽ ഗൗരവുള്ള കാര്യം ഓർമ്മിപ്പിക്കുന്നു. വിപ്ലവക്കാർ മദീനയിലാണുള്ളത്. അവർ ബഹളം വെക്കുന്നു. ശബ്ദമുയർത്തുന്നു. മര്യാദകെട്ട് പെരുമാറുന്നു.
മദീനയിലാണ് റൗളാ ശരീഫ്, അവിടെ നബി ﷺ വിശ്രമിക്കുന്നു. എല്ലാം കാണുന്നു. കേൾക്കുന്നു. നബി ﷺ തങ്ങളുടെ സമീപത്താണ് വിപ്ലവകാരികളുടെ ബഹളം. വിശുദ്ധ ഖുർആൻ വചനം ഉദ്ധരിച്ച് ഇക്കാര്യം ഓർമ്മപ്പെടുത്തുകയാണ്. നോക്കൂ...
“നിങ്ങൾക്കിടയിൽ അല്ലാഹുവിന്റെ റസൂൽ ഉണ്ട് എന്ന് അറിയുവീൻ. പല കാര്യത്തിലും അവൻ നിങ്ങളെ അനുസരിച്ചിരുന്നെങ്കിൽ തീർച്ചയായും നിങ്ങൾ കഷ്ടത്തിലാവും. പക്ഷെ അല്ലാഹു നിങ്ങൾക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കുകയും, നിങ്ങളുടെ ഹൃദയങ്ങളിൽ അത് ആകർഷകമാക്കുകയും, സത്യനിഷേധത്തെയും നിയമ ലംഘനത്തെയും അനുസരണക്കേടിനെയും നിങ്ങൾക്ക് വെറുപ്പുള്ളതാക്കുകയും ചെയ്തു. അവരത്രെ ശരിമാർഗക്കാർ.”
(49:7)
“അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും ഔദാര്യവും മൂലം
അല്ലാഹു അറിവുറ്റവനും തന്ത്രജ്ഞനുമാകുന്നു.”
(49:8)
വീണ്ടും ആലുഇംറാനിലെ വചനം ഉദ്ധരിക്കുന്നു. അതും കരാർ പാലനത്തെക്കുറിച്ചുതന്നെ. ആത്മാക്കളുടെ ലോകത്ത് വെച്ചു കരാർ ചെയ്തു. നബിﷺതങ്ങളുമായി ബൈഅത്ത് ചെയ്തു. ഓരോ ഖലീഫമാർ വന്നപ്പോഴും ബൈഅത്ത് ചെയ്തു. ഇപ്പോൾ അത് തകർക്കാൻ നോക്കുകയാണ് ഒരു വിഭാഗം. അവരെ ഓർമ്മപ്പെടുത്തുന്നത് കാണുക:
“അല്ലാഹുവിനോടുള്ള പ്രതിജ്ഞയും (ജനങ്ങളോട് ചെയ്യുന്ന) സത്യങ്ങളും വിറ്റ് നിസ്സാര വില വാങ്ങുന്നവർ-അക്കൂട്ടർക്ക് പരലോകത്ത് ഒരു പങ്കുമില്ല. അല്ലാഹു അവരോട് സംസാരിക്കുകയില്ല. ഉയർത്തെഴുന്നേൽപ്പു ദിനത്തിൽ അവൻ അവരിലേക്ക് നോക്കുകയില്ല. അവരെ അവൻ ശുദ്ധീകരിക്കുകയില്ല. അവർക്ക് വേദനയും ശിക്ഷയുണ്ട്.”
(3:77)
അൽ-നഹ്ൽ സൂറത്തിലെ ചില വചനങ്ങളാണ് പിന്നീട് ഉദ്ധരിച്ചത്. ഇവിടെയും കരാർ പാലനം തന്നെയാണ് വിഷയം. അതിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ വീണ്ടും ഉദ്ധരിക്കുന്നു. അതുകൂടി കാണുക;
“നിങ്ങൾ ഒരു കരാർ ചെയ്യുമ്പോൾ, അല്ലാഹുവുമായുള്ള ആ കരാർ
നിങ്ങൾ നിറവേറ്റുവീൻ. സത്യങ്ങളെ അവയുടെ സ്ഥിരീകരണത്തിന്
ശേഷം നിങ്ങൾ ഭഞ്ജിക്കരുത്. തീർച്ചയായും നിങ്ങൾ അല്ലാഹുവിനെ
നിങ്ങൾക്കു സാക്ഷി നിൽക്കുന്ന ഈടാൾ ആക്കിവെച്ചു. നിങ്ങൾ
പ്രവർത്തിക്കുന്നതെന്തും, തീർച്ചയായും അല്ലാഹു അറിയുന്നുണ്ട്.”
(16:91)
“അല്ലാഹുവുമായുള്ള കരാറിനെ കൊടുത്ത് ഒരു തുച്ഛമായ വില നിങ്ങൾ വാങ്ങരുത്. തീർച്ചയായും അല്ലാഹുവിലുള്ള പ്രതിഫലം തന്നെയാണ് നിങ്ങൾക്ക് ഏറ്റവും ഉത്തമം - നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ.”
(16:95)
“നിങ്ങളുടെ പക്കലുള്ളത് എന്തും മാഞ്ഞുപോവുന്നു. അല്ലാഹു വിങ്കലുള്ളത് ശേഷിച്ചു നിൽക്കുന്നതുമാണ്. ക്ഷമ കൈക്കൊണ്ടവർക്ക് തങ്ങൾ പ്രവർത്തിച്ചിരുന്നതിൽ ഏറ്റവും നല്ലത് മൂലം അവരുടെ പ്രതിഫലം തീർച്ചയായും നാം നൽകും”
(16:96)
ഖലീഫ ഉസ്മാൻ (റ) വാസ്തവത്തിൽ നബിﷺയുടെ ഖലീഫയാണ്. പ്രതിനിധിയാണ്. ഖലീഫയോട് ബൈഅത്ത് (ഉടമ്പടി) ചെയ്താൽ നബിﷺതങ്ങളോട് തന്നെയാണ് ബൈഅത്ത് ചെയ്തത്. നബിﷺയോട് ബൈഅത്ത്
ചെയ്താൽ അല്ലാഹു ﷻ വിനോട് തന്നെയാണ് ബൈഅത്ത് ചെയ്തത്. നബിﷺയുടെ കൈ പിടിച്ച് അല്ലാഹുﷻവിനോട് തന്നെ ബൈഅത്ത് ചെയ്യുമ്പോൾ അല്ലാഹുﷻവിന്റെ കൈ അതിന് മുകളിലുണ്ട്...
ഇവിടെ ബൈഅത്ത് ലംഘിക്കുന്നവൻ അല്ലാഹുﷻവുമായുള്ള
ബൈഅത്താണ് ലംഘിക്കുന്നതെന്ന് ഓർമ്മയിരിക്കട്ടെ...
സൂറത്തുൽ ഫത്ഹിലെ വചനം ഉദ്ധരിക്കുന്നു. കാണുക; "(നബിയേ) താങ്കളോട് ബൈഅത്ത് ചെയ്തവർ തീർച്ചയായും അല്ലാഹുവിനോടാണ് ബൈഅത്ത് ചെയ്തത്. അല്ലാഹുവിന്റെ കൈ അവരുടെ കൈകൾക്ക് മുകളിലുണ്ട്. എന്നാൽ ആര് ബൈഅത്ത് ലംഘിക്കുന്നുവോ, തീർച്ചയായും അവന്റെ ആത്മാവിന് നേരെയുള്ള ദ്രോഹിമായി മാത്രം അത് ലംഘിക്കുന്നു. അല്ലാഹുവിനോട് പ്രതിജ്ഞ ചെയ്തത് ആര് നിറവേറ്റുന്നുവോ, അപ്പോൾ മഹത്തായ പ്രതിഫലം അവന് നൽകപ്പെടും.”
(48:10)
പിന്നെയും വിശുദ്ധ വചനങ്ങൾ ഉദ്ധരിക്കുന്നുണ്ട്. ശക്തമായ ഭാഷയിൽ ഖലീഫ തന്റെ മനസ്സിലെ ആശയങ്ങൾ പകർത്തുന്നു. വായിച്ചു നോക്കി. നയനങ്ങൾ നിറഞ്ഞൊഴുകി.
കത്ത് ഇബ്നു അബ്ബാസ്(റ)വിന് കൈമാറി. എത്ര വികാരഭരിതമായ നിമിഷങ്ങൾ. ഖലീഫയുടെ ഖൽബ് തന്നെയാണ് താൻ ഏറ്റുവാങ്ങിയത്. കൈ പിടിച്ചു സലാം ചൊല്ലി. പുറത്തേക്കിറങ്ങി. പൊള്ളുന്ന ഖൽബുമായി അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) മുമ്പോട്ടു നടന്നു. ഈ കത്ത് ഹാജിമാരുടെ മുമ്പിൽ വായിക്കപ്പെട്ടു.