മൂന്നാം ഖലീഫ ഉസ്മാനുബ്നു അഫ്ഫാൻ(റ)വിന്റെ കാലത്ത് മുസ്ലിംകളുടെ സാമൂഹിക ജീവിതത്തിൽ പല മാറ്റങ്ങളും വന്നതായി കാണാം.
വിദൂര രാജ്യങ്ങൾ പലതും മുസ്ലിംകളുടെ കീഴിൽ വന്നു. അവിടത്തെ ജനങ്ങളുടെ ജീവിത രീതിയും സംസ്കാരവുമെല്ലാം അറബികൾ നേരിട്ടുകണ്ടു. പണ്ട് അവരതൊന്നും കണ്ടിട്ടില്ല.
പേർഷ്യയിലെയും റോമിലെയും ആഢംബര വസ്തുക്കൾ.
സമ്പൽ സമൃദ്ധമായ രാജ്യങ്ങൾ. ആഢംബരം നിറഞ്ഞ ജീവിത രീതി.
എല്ലാ സൗകര്യങ്ങളുമുള്ള വീടുകൾ, വ്യാപാര കേന്ദ്രങ്ങൾ. വിനോദ
കേന്ദ്രങ്ങൾ. കോട്ടകൾ. കൊട്ടാരങ്ങൾ. അറബികൾ അത് കണ്ട് അതിശയിച്ചുപോയി.
കൊച്ചു വീടുകൾ മാത്രമേ അവർക്ക് പരിചയമുണ്ടായിരുന്നുള്ളൂ. നബി ﷺ തങ്ങളുടെയും, സിദ്ദീഖ്(റ)വിന്റെയും, ഉമർ(റ)വിന്റെയും ലളിതമായ വീടുകൾ. എളിമ നിറഞ്ഞ ജീവിതം.
ഉമർ(റ) കണ്ടംവെച്ച വസ്ത്രം ധരിച്ചു. ലളിതമായ ആഹാരംകഴിച്ചു. ഇന്ന് അറബികൾ കാണുന്ന കാഴ്ച അതൊന്നുമല്ല.
റോമക്കാരും പേർഷ്യക്കാരും ധരിക്കുന്ന വില കൂടിയ വസ്ത്രങ്ങൾ. മികച്ച രീതിയിലുള്ള ആഹാരം. ആഹാരം കഴിക്കുന്ന പാത്രങ്ങൾ പോലും അതിശയിപ്പിക്കുന്നതാണ്.
ഇന്ന് അറബികൾ രാജ്യങ്ങൾ ജയിച്ചടക്കിയ ജേതാക്കളാണ്. ഈ
വസ്ത്രവും, ആഹാരവും, പാത്രങ്ങളും, പാർപ്പിടങ്ങളുമെല്ലാം അവർക്ക് അവകാശപ്പെട്ടതാണ്.
സമ്പത്ത് മദീനയിലേക്കൊഴുകുകയാണ്. യുദ്ധമുതലുകൾ. ഉമർ(റ)വിന്റെ കാലത്ത് തന്നെ സമ്പത്ത് കുന്നുകൂടാൻ തുടങ്ങിയിരുന്നു. അത് കണ്ട് ഉമർ(റ) പൊട്ടിക്കരഞ്ഞുപോയി.
അത് കണ്ട് ചിലർ ചോദിച്ചു: “അങ്ങെന്തിനാണ് കരയുന്നത്? ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നവർക്ക് ലഭിച്ച അനുഗ്രഹമല്ലേ ഇത്..?”
ഖലീഫയുടെ പ്രതികരണം ഇങ്ങനെ: “ഇത് സമ്പത്താണ്. ദുനിയാവാണ്. ഇത് മനുഷ്യരുടെ മനസ്സ് മയക്കും. വഴി തെറ്റിക്കും. ഇത് അസൂയയുണ്ടാക്കും. ശത്രുതയുണ്ടാക്കും.”
ദുനിയാവിനെ നീ കാണാതിരിക്കുക. ദുനിയാവ് നിന്നെയും കാണാതിരിക്കുക. അതാണുത്തമം.
ഉമർ(റ) സമ്പത്തിനെ ഭയന്നു. ഉദ്യോഗസ്ഥരെ ആ ബോധത്തോടെ നിലനിർത്തി. ഈ നില മാറുന്നതാണ് പിന്നെ നാം കാണുന്നത്.
അറബികൾ പുതിയ പുതിയ പട്ടണങ്ങൾ കണ്ടു. സൗകര്യങ്ങൾ കണ്ടു. പട്ടണങ്ങളിലേക്ക് താമസം മാറ്റണമെന്ന് പലർക്കും തോന്നി.
ഇതാപത്താണെന്ന് ഉമർ(റ) മനസ്സിലാക്കി. ഈ പ്രവണത ഇല്ലാതാക്കി.
പിൽക്കാലത്ത് ഈ പ്രവണത ശക്തിപ്പെട്ടുവരികയാണുണ്ടായത്. പലരും സൗകര്യങ്ങൾ തേടിപ്പോയി.
ഉമർ(റ)വിന്റെ കാലത്ത് മദീനക്കാർ വളരെ ലളിതമായ ജീവിതം
നയിച്ചു. നോമ്പുകാലത്ത് മദീനയിലുള്ള സാധാരണക്കാർക്ക് ദിവസത്തെ ചിലവിന് ഒരു ദിർഹം അനുവദിച്ചു. ബൈത്തുൽ മാലിൽ നിന്നാണ് നൽകിയത്.
നബിﷺതങ്ങളുടെ പത്നിമാർക്ക് രണ്ട് ദിർഹം വീതം നൽകിപ്പോന്നു. സർക്കാർ വക സദ്യയുണ്ടാക്കി അഗതികളെ ഭക്ഷിപ്പിക്കുകയും ചെയ്തു. സ്വയം തൊഴിൽ കണ്ടെത്താനും വരുമാനമുണ്ടാക്കാനും പാവപ്പെട്ടവരോട് അദ്ദേഹം ഉണർത്തുമായിരുന്നു.
ഉമർ(റ) ഒരിക്കൽ മക്ക സന്ദർശിച്ചു. അവിടെ ഒരു കാഴ്ച കണ്ടു. യജമാനന്മാർ ആഹാരം കഴിക്കുന്നു. ജോലിക്കാർ വിശപ്പോടെ നോക്കി നിൽക്കുന്നു. ഉമർ(റ)വിന് കോപം വന്നു.
“യജമാനന്മാരുടെ കൂടെ കൂലിക്കാരും ആഹാരം കഴിക്കണം. ഒരേ
പാത്രത്തിൽ നിന്നുതന്നെ” - ഉമർ(റ) കൽപിച്ചു.
പിന്നെ നാം കാണുന്ന കാഴ്ച അതാണ്. യജമാനനും ആശ്രിതനും ഒരേ പാത്രത്തിൽ നിന്ന് ആഹാരം കഴിക്കുന്നു.
ഉസ്മാൻ (റ) ധനികനായിരുന്നു. ധനം നന്നായി ധർമ്മം ചെയ്യുകയും ചെയ്തിരുന്നു. അദ്ദേഹം മെച്ചപ്പെട്ട വസ്ത്രം ധരിക്കുകയും മികച്ച ഭക്ഷണം കഴിക്കുകയും ചെയ്തതായി ചരിത്രത്തിൽ കാണുന്നു. അദ്ദേഹം സ്വന്തം സമ്പാദ്യത്തിൽ നിന്നാണ് ചെലവഴിച്ചിരുന്നത്...