ജനങ്ങൾ വലിയ വീടുകൾ നിർമ്മിക്കാൻ തുടങ്ങി. പട്ടണങ്ങളിൽ പോയി താമസം തുടങ്ങി. സൗകര്യങ്ങൾ വർദ്ധിച്ചു.
ഉസ്മാൻ(റ) ഹിജ്റ 27-ൽ മദീനയിൽ നല്ലൊരു വീട് വെച്ചു. നിർമ്മാണത്തിന് കല്ലും കുമ്മായവും ഉപയോഗിച്ചു. തേക്കും പൈൻ മരവും ഉപയോഗിച്ചു.
ഖലീഫക്കു മദീനയിൽ ഏഴു വീടുകളുണ്ടായിരുന്നുവെന്ന് പറഞ്ഞവരുമുണ്ട്.
ധനം സമ്പാദിക്കുന്നതിലും ധർമ്മം ചെയ്യുന്നതിലും ഉസ്മാൻ(റ)വിനെ മാതൃകയാക്കാൻ പലരും മുമ്പോട്ടുവന്നു. ഇതൊരു സന്തോഷ വാർത്തയാണ്.
ഇതിൽ ഏറ്റവും മുമ്പിൽ നാം കാണുന്നത് അബ്ദുർറഹ്മാനുബ്നു ഔഫ് (റ) വിനെയാകുന്നു. കൃഷിയിൽ നിന്നും കച്ചവടത്തിൽ നിന്നും ധാരാളം വരുമാനം ലഭിച്ചു.
ധാരാളം പണം കൈയിൽ വന്നാൽ അദ്ദേഹത്തിന് ഭയമായിരുന്നു. പരലോകത്ത് കിട്ടേണ്ട പ്രതിഫലം ദുനിയാവിൽ വെച്ചുതന്നെ തന്നുതീർക്കുകയാണോ എന്ന ഭയം. പിന്നെ കിട്ടിയ ധനം പാവപ്പെട്ടവർക്കു വീതിച്ചുകൊടുക്കും. തീരുമ്പോൾ മനസ്സിന് സമാധാനം. സന്തോഷം...
ഒരു ദിവസം ത്വൽബ്നു തയ്യിം (റ) എന്നവർ വളരെ ദുഃഖിതനായി
കാണപ്പെട്ടു. ഭാര്യ ചോദിച്ചു: “എന്താ ഇത്ര ദുഃഖം..?”
“എന്റെ കൈവശം നാല് ലക്ഷം ദിർഹം ഉണ്ട്. അതാണെന്റെ ദുഃഖം. ഈ രാത്രി എങ്ങനെ കഴിച്ചുകൂട്ടും..?”
ഉടനെ വന്നു ഭാര്യയുടെ മറുപടി: “ഈ രാത്രി തന്നെ ജനങ്ങൾക്കത് വീതിച്ചുകൊടുത്തുകൊള്ളൂ...”
ഭാര്യയുടെ ഉപദേശം സ്വീകരിച്ചു പുറത്തിറങ്ങി. ആ രാത്രി അവസാനിക്കുംമുമ്പ് നാല് ലക്ഷം ദിർഹം ദാനം ചെയ്തു. ഭർത്താവിനും ഭാര്യക്കും മനം നിറയെ സന്തോഷം...
എല്ലാ ധനികരും ഇതുപോലെയായില്ല. ചിലർ പേർഷ്യക്കാരുടെ വിനോദങ്ങളിൽ വരെ ആകൃഷ്ടരായി. ആ വഴിക്ക് ധാരാളം പണം ചെലവഴിച്ചു.
പേർഷ്യയിൽ നിന്ന് പാട്ടുകാരികളെ കൊണ്ടുവന്നു. പട്ടണങ്ങളിൽ സംഗീത സദസ്സുകൾ സംഘടിപ്പിക്കപ്പെട്ടു. ഈ വിധത്തിലൊക്കെ റിപ്പോർട്ടുകൾ കാണുന്നു.
പ്രാവ് പറപ്പിക്കൽ മറ്റൊരു വിനോദമായിരുന്നു. കച്ചവട യാത്രകൾ വർധിച്ചു. നല്ല സാമ്പത്തിക വളർച്ചയുണ്ടായി. ധാരാളം ലാഭം ലഭിച്ചു. ഇത് ജീവിത നിലവാരം മൊത്തത്തിൽ മെച്ചപ്പെടുത്തി.
ഈ മാറ്റങ്ങൾ കണ്ട സ്വഹാബികൾ പലരും അസ്വസ്ഥരായി. ഒരിക്കൽ നോമ്പു തുറക്കാൻ സമയമായി. അബ്ദുർറഹ്മാനുബ് ഔഫ്(റ)വിന്റെ മുമ്പിൽ വിഭവങ്ങൾ നിരത്തപ്പെട്ടു.
ആ വിഭവങ്ങളിലേക്ക് നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:
“മിസ്അബ് (റ) എന്നെക്കാൾ എത്ര മഹോന്നതനായിരുന്നു. അദ്ദേഹത്തിന്റെ മയ്യിത്ത് പൂർണ്ണമായി മൂടാൻ പറ്റിയ ഒരു വസ്ത്രം പോലും ഉണ്ടായിരുന്നില്ല. തല മൂടിയാൽ കാൽ പുറത്താവും. കാൽ മൂടിയാൽ തല പുറത്താകും. അതായിരുന്നു അന്നത്തെ അവസ്ഥ..."
രാജകുമാരനായി ജീവിച്ച മിസ്അബുബ്നു ഉമൈർ (റ). ഇസ്ലാം
മതം സ്വീകരിച്ചതോടെ ആഢംബരമെല്ലാം പോയി. പരിക്കൻ ജീവിതമായി. ദാരിദ്രവും പട്ടിണിയും അനുഭവിച്ചു...
മഹാനായ മിസ്അബ്(റ)വിന്റെ മരണരംഗം ഓർത്തു കരയുകയായിരുന്നു അബ്ദുർറഹ്മാനുബ്നു ഔഫ്(റ)...
അദ്ദേഹം ഇത്രകൂടി പറഞ്ഞു: “ഹംസ(റ) വധിക്കപ്പെട്ടപ്പോൾ ഒരു രോമപ്പുതപ്പ് മാത്രമാണ് കിട്ടിയത്. മറ്റൊന്നുമില്ല. എന്തൊരു ഖബറടക്കൽ..! പിൽക്കാലത്ത് ഇതാ സമ്പത്ത് കൂടിയിരിക്കുന്നു. എന്തെല്ലാം സൗകര്യങ്ങൾ. നമ്മുടെ സൗഭാഗ്യങ്ങൾ ഇവിടെത്തന്നെ തന്ന് തീർക്കുകയാണോ എന്നാണെന്റെ ഭയം.”
ഹംസ(റ) എക്കാലത്തെയും വീരപുരുഷൻ..!! ബദ്റിൽ വെട്ടിത്തിളങ്ങിയ നക്ഷത്രം. ഉഹ്ദ് യുദ്ധം അതിന്റെ പ്രതികാരമായിരുന്നു.
നേർക്കുനേരെ പൊരുതാൻ ഒരു ശത്രുവിനും ധൈര്യം വന്നില്ല. ഒളിച്ചിരുന്ന് ചാട്ടുളി എയ്തു വിടുകയായിരുന്നു. അങ്ങനെയായിരുന്നു അന്ത്യം...
രക്തസാക്ഷികളുടെ നേതാവ്.
സയ്യിദുശുഹദാഅ്. മയ്യിത്ത് പോലും വികൃതമാക്കപ്പെട്ടു. മയ്യിത്ത് ഖബറടക്കാൻ നല്ലൊരു കഫൻപുട പോലും ഇല്ലാത്ത കാലം, പഴയ സ്വഹാബികൾ ആ സംഭവങ്ങൾ ഓർത്തു കരയുന്നു...
പേർഷ്യയും റോമും ജയിച്ചടക്കി, വിജയത്തിന്റെ ഇതിഹാസങ്ങൾ, പുതിയ തലമുറ രംഗത്ത് വന്നു. ബദ്ർ കാണാത്തവർ, ഉഹ്ദ് കാണാത്തവർ. ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ കണ്ടിട്ടില്ലാത്തവർ.
പുതിയ ചുറ്റുപാടുകളാണവർ കാണുന്നത്. അതിന്റെ സ്വാധീന വലയത്തിൽ പെട്ടുപോയി. പ്രായംചെന്ന സ്വഹാബികളെ ഈ മാറ്റം വളരെയധികം വേദനിപ്പിച്ചു...
ഉമർ(റ)വിന്റെ മാതൃക അതേപടി പിൻപറ്റാൻ പിന്നീട് വന്ന ഭരണാധികാരികൾക്കൊന്നും കഴിഞ്ഞില്ല. ഭരണാധികാരികളിൽ മുമ്പനായി ഉമർ (റ) ചരിത്രത്തിൽ തിളങ്ങിനിൽക്കും. കാലമെത്ര കഴിഞ്ഞാലും...