29 Mar, 2023 | Wednesday 7-Ramadan-1444

   ഉമർ (റ)വിന്റെ വിശ്വാസം ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം അതൊരു മഹത്തായ സംഭവമായിരുന്നു. ഇന്നുവരെ ധൈര്യപ്പെടാത്ത പലരും അദ്ദേഹത്തിന്റെ വരവോടെ പ്രവർത്തിക്കാൻ ധൈര്യമുള്ളവരായി മാറി. 


 തങ്ങൾ അവലംഭിച്ചത് സത്യത്തിന്റെ മാർഗ്ഗമാണ്. സമാധാനത്തിന്റെ മാർഗ്ഗമാണ്. എന്തിനത് രഹസ്യമാക്കി വെക്കണം. ഉമറിന് (റ) അതാണ് മനസ്സിലാകാതിരുന്നത്. അദ്ദേഹം നേരെ അബൂജാഹിലിന്റെ സമീപത്തെക്കോടി...


 “ഞാൻ ഇസ്ലാംമതം വിശ്വസിച്ചിരിക്കുന്നു...” ഉമർ (റ) ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.


 അബൂജഹലിന്ന് ആ വാർത്ത കേട്ട് അരിശം സഹിക്കാൻ കഴിഞ്ഞില്ല. അയാൾ ഉമർ(റ)വിനെ കണ്ടമാനം വഴക്ക് പറഞ്ഞു. പക്ഷെ അത് കൊണ്ടാന്നും അദ്ദേഹം പിന്മാറിയില്ല. നേരെ കഅ്ബയിലേക്കാണ് പിന്നീട് പോയത്. കഅ്ബയിലെത്തിയ ഉടനെ അദ്ദേഹം വിളിച്ചുപറഞ്ഞു: “ഇതാ ഞാൻ സത്യത്തിന്റെ മാർഗ്ഗം അവംലംഭിച്ചിരിക്കുന്നു.” 


 മക്കക്കാരായ ഖുറൈശികൾക്ക് ഉമർ (റ) തങ്ങളെ പരിഹസിക്കുകയാണെന്ന് തോന്നി. അവർ ഒന്നടങ്കം അങ്ങോട്ട് കുതിച്ചു. അടി, ഇടി, ശകാരം മർദ്ദനങ്ങൾകൊണ്ട് അവർ ഉമർ(റ)വിനെ വീർപ്പുമുട്ടിച്ചു. മർദ്ദനങ്ങൾ കൊണ്ടൊന്നും അദ്ദേഹത്തെ പിൻതിരിപ്പിക്കാൻ അവർക്കായില്ല. ഉമർ (റ) സർവ്വവിധേനയും ചെറുത്തുനിൽക്കുകയും തന്റെ വിശ്വാസത്തെ ആണിയുറപ്പിച്ചു കൊണ്ട് ശഹാദത്ത് കലിമ പലയാവർത്തി ഉച്ചരിക്കുകയും ചെയ്തു. 


 ഈമാനിന്റെ ശക്തമായ വെളിച്ചം ഹൃദയത്തിൽ പതിച്ചുകഴിഞ്ഞാൽ പിന്നെ ഒരു മർദ്ദനവും ഏൽക്കുകയില്ല. ഐഹിക ജീവിതം നശ്വരമാണ്. പാരത്രിക ജീവിതമാണ് ശാശ്വതമെന്നടിയുറച്ച് വിശ്വസിക്കുന്നവർക്ക് മർദ്ദനങ്ങളെല്ലാം വളരെ നിസ്സാരമായിരിക്കും. ദീർഘനേരം മുശ്രിക്കുകൾ ഉമറിനെ (റ) മർദ്ദിച്ചു. അവസാനം ആസിബ്നുവാളയാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.


 ഉമർ(റ)വിന്ന് നബിﷺയും അനുചരന്മാരും അർഖമിന്റെ

വീട്ടിൽ ഒളിച്ചുതാമസിക്കുന്നത് ഒട്ടും ഇഷ്ടമായില്ല. ഇതെന്ത് കഥ..? പരിശുദ്ധ ദീനുൽ ഇസ്ലാമിനെ എല്ലാവരുടേയും ഇടയിലേക്ക് ഇറക്കിക്കൊണ്ടുവരേണ്ടതല്ലെ. എല്ലാ ജനങ്ങൾക്കും അതിന്റെ സന്ദേശം എത്തിച്ചുകൊടുക്കേണ്ടതല്ലെ. പിന്നെയെന്തിനിങ്ങനെ ഒളിച്ചും പതുങ്ങിയും നടക്കുന്നു. സത്യവിശ്വാസം പരസ്യമാക്കണം. തന്റെ ഉള്ളിലുള്ളത് നബിﷺയോട് തുറന്നുപറയാൻ അദ്ദേഹം മടിച്ചില്ല.


 “അല്ലയോ പ്രവാചകരെ(ﷺ), നാം ഹഖിന്റെ മാർഗ്ഗത്തിലല്ലെ നിലകൊള്ളുന്നത്.”


 “അതെ”


 “നാം മരണമടയുകയാണെങ്കിലും ഹഖിന്റെ പാതയിൽ തന്നെ ആയിരിക്കുകയില്ലെ...”


 “അതെ”


 “പിന്നെ എന്തിനാണ് ഈ സത്യത്തെ നാം ഗോപ്യമാക്കി വെക്കുന്നത്. നമുക്ക് ധൈര്യസമേതം പുറത്തിറങ്ങി പ്രബോധനം നടത്തരുതോ..?” 


 ഉമറിന്റെ (റ) വാക്കുകൾ ശരിയാണെന്ന് നബിﷺക്കും ബോധ്യമായി. അവിടുന്ന് (ﷺ) തന്റെ സഹാബിവര്യന്മാരെ രണ്ട് വരിയായി നിർത്തി. ഒരു വരിയുടെ മുന്നിൽ ഹംസ(റ)വിനേയും ഒരു വരിയുടെ മുന്നിൽ ഉമർ(റ)വിനേയും നിർത്തി. ആ രണ്ട് വരിയും അടിവെച്ചടിവെച്ച് മസ്ജിദുൽ ഹറമിലേക്ക് നീങ്ങി. തക്ബീർ ധ്വനികളോടെയുള്ള ആ വരവ് കണ്ട് ഖുറൈശി പ്രമുഖർ പകച്ചുനിന്നു. അവർക്ക് മറുത്തൊരക്ഷരം ഉരിയാടാൻ തോന്നിയില്ല. 


 മുന്നിൽ നിൽക്കുന്നതൊന്ന് ഹംസയാണ് (റ). അബ്ദുൽ മുത്ത്വലിബിന്റെ സന്തതി. അദ്ദേഹത്തിന്റെ വീരപരാക്രമിത്വം ആരെയും പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല. രണ്ടാമത്തെയാൾ ഉമർ (റ). ഏതു മൽസരത്തിലും എപ്പോഴും വിജയിക്കുന്ന യോദ്ധാവ്. ആകാശത്തിന്ന് ചുവട്ടിൽ ഒന്നിനേയും ഭയപ്പെടാത്ത പ്രകൃതം. ഈ വീരകേസരികളുടെ നേതൃത്വത്തിൽ വരുന്ന ജാഥയെ ആരെതിർക്കാനാണ്. ഇല്ല. ഒരാളും

എതിർത്തില്ല. അവർ കഅ്ബയിൽ പ്രവേശിച്ചു. സുഖമായി നിസ്കാരം നിർവ്വഹിച്ചു. അല്ലാഹുﷻവിന്ന് ശുക്ർ ചെയ്തു.


 അങ്ങനെ അതുവരെ രഹസ്യമാക്കിവെച്ചിരുന്ന പ്രബോധനത്തിന് പരസ്യരൂപം നൽകി. ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. ആ പോരാട്ടത്തിൽ ഉമർ(റ)വിന്റെ ധീരനേതൃത്വത്തിൻ കീഴിൽ സത്യത്തിന്റെ അനുയായികൾ വിജയം വരിച്ചു.


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm