29 Mar, 2023 | Wednesday 7-Ramadan-1444

   അല്ലാഹുﷻവിന്റെ പുണ്യഗേഹമാണ് പരിശുദ്ധ കഅ്ബ. അവിടെ കയറാനും

പ്രാർത്ഥിക്കാനുമുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് ഉമർ (റ)

ഇഷ്ടപ്പെട്ടില്ല. ധീരത മുറ്റിയ ആ കാൽവെപ്പ് അതിൽ വിജയം വരിച്ചു. ഉമർ (റ)വിന്റെ ഈ പ്രാർത്ഥനയോടെ പിന്തിരിഞ്ഞുനിന്നിരുന്ന പലരും ഇസ്ലാം മതത്തിലേക്ക് വന്നു. ഇസ്ലാം പൂർവ്വോപരി ശക്തിയാർജ്ജിക്കാൻ തുടങ്ങി.


 ശത്രുക്കൾക്കിത് സഹിക്കാനാവുമോ? അവർ ദീനുൽ ഇസ്ലാമിനെതിരെ ഓരോ വേലകളും ഒപ്പിച്ചുകൊണ്ടിരുന്നു. ബനൂഹാശിം, ബനൂമുത്തലിബ് എന്നീ ഗോത്രങ്ങളിൽപ്പെട്ടവരുമായി സഹകരിക്കാനോ അവരുമായി വിവാഹ ബന്ധത്തിലേർപ്പെടാനോ ക്രയവിക്രയങ്ങൾ നടത്താനോ പാടില്ലെന്ന് ഖുറൈശികൾ വിലക്ക്

കൽപ്പിച്ചു. മുസ്ലിംകൾക്ക് പിന്നെയങ്ങോട്ടുള്ള ജീവിതം ദുരിത പൂർണ്ണമായിരുന്നു. 


 പ്രവാചകരേയും (ﷺ) സഹാബികളേയും

അന്നത്തെ ജനത എന്തുമാത്രം ദ്രോഹങ്ങളാണേൽപ്പിച്ചത്. കഠിനമായ വെയിലിൽ നിറുത്തുക, ചാട്ടവാറു കൊണ്ട് ശക്തിയായി പ്രഹരിക്കുക, നിസ്കരിക്കുമ്പോൾ കുടൽമാല കഴുത്തിലണിയുക, തെമ്മാടികളെക്കൊണ്ട് കൂക്കിവിളിപ്പിക്കുകയും കല്ലെറിയിക്കുകയും ചെയ്യുക. ഇങ്ങനെ ഒരുപാട് മർദ്ദനമുറകൾ അവർ പ്രയോഗിച്ചു.


 വിലക്ക് കൽപ്പിക്കപ്പെട്ട കാരണത്താൽ മുസ്ലിംകൾക്ക് ഭക്ഷണസാധനങ്ങൾ പോലും കിട്ടിയില്ല. ഇലകൾപോലും പറിച്ചു

തിന്നത്തക്ക ദുസ്സഹമായ വിശപ്പ് അവരെ ബാധിച്ചു. നബിﷺയുടെ നേതൃത്വത്തിന് കീഴിൽ പരിശുദ്ധ ദീനുൽ ഇസ്ലാമിന്റെ പേരിൽ അവർ അതെല്ലാം ക്ഷമിച്ചു. സഹനശക്തി അവരുടെ ഏറ്റവും വലിയ കൈമുതലായിരുന്നു.


 മുമ്പത്തെ ഉമറാണെങ്കിൽ (റ) ഇത്തരം ആക്രമണങ്ങൾ കണ്ട് ഒരിക്കലും കണ്ണും പൂട്ടിയിരിക്കുമായിരുന്നില്ല. പക്ഷെ ഇസ്ലാം അദ്ദേഹത്തെ സംസ്കരിച്ചുകഴിഞ്ഞിരുന്നു. നബിﷺയോടൊപ്പമുള്ള ഹൃസ്വകാല ജീവിതത്തിനിടയിൽ ക്ഷമയും സഹനവുമെല്ലാം ഉമർ (റ) പരിശീലിച്ചുകഴിഞ്ഞിരുന്നു. 


 എങ്കിലും തങ്ങളുടെ കൂട്ടത്തിലുള്ള കരുത്ത് കുറഞ്ഞവരെ തരം കിട്ടുമ്പോൾ മുശ്രിക്കുകൾ മർദ്ദിച്ചൊതുക്കുന്നത് കണ്ട് പലപ്പോഴും അദ്ദേഹത്തിന്റെ ധാർമ്മിക രോഷം അണപൊട്ടിയൊഴുകി. അപ്പോഴെല്ലാം നബിﷺഅരുളി. “ഉമറേ ക്ഷമിക്കൂ ഇതെല്ലാം വെറും നശ്വരം” അങ്ങിനെ ഉമർ (റ) ക്ഷമിച്ചു.


 സത്യത്തിന്റെ വായ് മൂടികെട്ടാൻ ഒരുത്തനുമാവില്ലല്ലോ. സത്യം

വിജയിക്കും. അത് എല്ലാ എതിർപ്പുകളേയും തരണം ചെയ്ത് മുന്നോട്ട് പോകും. അങ്ങിനെ പോവുകതന്നെ ചെയ്തു. 


 ആദം നബി (അ) മുതൽ ഒരുലക്ഷത്തി ഇരുപത്തിനാലായിരത്തോളം പ്രവാചകന്മാർ പ്രബോധനം ചെയ്തു. പരിശുദ്ധ ദീനുൽ ഇസ്ലാം പ്രവാചക

ശൃംഗലയിലെ അവസാനത്തെ കണ്ണിയായ മുഹമ്മദ് മുസ്തഫ ﷺ യിലൂടെ പുറത്തുവന്നു. എതിർപ്പുകളുടെ വലയങ്ങൾ ഭേദിച്ച് അത് മുന്നോട്ട് നീങ്ങി. മദീനായിലും ഇസ്ലാമിന്റെ മാസ്മര സന്ദേശം എത്തി. അവിടുത്തെ ജനങ്ങളിലും ദീനുൽ ഇസ്ലാം പുൽകാനുള്ള അഭിനിവേശം അണമുറിഞ്ഞൊഴുകി.


 മദീനക്കാരിൽ ചിലർ ഇസ്ലാംമതം വിശ്വസിച്ചു. മക്കക്കാർ തങ്ങൾ മുസ്ലിംകളോടടുത്തിരുന്ന ബഹിഷ്ക്കരണ നടപടി ഉപേക്ഷിച്ചു. അവർ ഉപേക്ഷിക്കുന്നതിനു മുമ്പുതന്നെ കഅ്ബയിൽ പ്രദർശിപ്പിച്ചിരുന്ന ആ ഉടമ്പടിയുടെ പകർപ്പിലെ അല്ലാഹു ﷻ എന്ന നാമമല്ലാത്തത് മുഴുവനും ചിതലുകൾ തിന്ന് നശിപ്പിച്ച് കഴിഞ്ഞിരുന്നു. 


 മദീനക്കാരിൽ ചിലർ വിശ്വസിച്ചപ്പോൾ അവരുമായി നബി ﷺ ഒരു കരാറിലേർപ്പെട്ടു. ആ കരാർ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വളരെയധികം ഉപകാരപ്രദമായി. കൂടുതൽ ആളുകൾ ഇസ്ലാമിലേക്ക് വരാൻ തുടങ്ങി...


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm