29 Mar, 2023 | Wednesday 7-Ramadan-1444

   മുഹമ്മദ് നബി (ﷺ) അല്ലാഹു ﷻ വിൽ നിന്ന് ലഭിച്ച വഹ് യ് പ്രകാരം പരിശുദ്ധ ദീനുൽ ഇസ്ലാമിനെ പ്രബോധനം ചെയ്തു തുടങ്ങിയിട്ട് അഞ്ചു സംവൽസരങ്ങൾ കഴിഞ്ഞു. പക്ഷെ

വിശ്വാസികൾ വളരെ കുറച്ചുമാത്രമെ അത്രയും കാലത്തിനിടയിൽ

ഉണ്ടായിരുന്നുള്ളൂ. ഏറിയാൽ തൊണ്ണൂറ്. അവരിൽ തന്നെ പകുതിയോളം സ്ത്രീകൾ. 


 ഇസ്ലാമിന്റെ സത്യസന്ധതയും ബിംബാരാധനയിലെ ബുദ്ധിശൂന്യതയും മനസ്സിലാക്കിയവർ തന്നെ പരിശുദ്ധദീൻ പുണരുന്ന കാര്യത്തിൽ അറച്ചുനിന്നു. അതിനുകാരണം പലതുമുണ്ടെങ്കിലും പ്രധാനപ്പെട്ടത് ഒന്നു രണ്ടെണ്ണമാണ്. അതായത് ഇസ്ലാം പരസ്യമായിട്ടില്ല. പ്രബോധനം രഹസ്യമായാണ്. രഹസ്യമായി ഈ പ്രസ്ഥാനത്തിലകപ്പെട്ടാൽ പലവിധ മർദ്ദനങ്ങളും സഹിക്കേണ്ടി വരും. 


 ഖത്താബിന്റെ മകനായ ഉമറും (റ) ഹിശാമിന്റെ മകനായ അബൂജഹലുമാണ് മക്കത്തെ ശക്തിയുടെ ഉറവിടങ്ങൾ. അവരുടെ ആജ്ഞാനുവർത്തികളായി ജീവിക്കുന്നവരാണ് തൊണ്ണൂറ്റഞ്ച് ശതമാനം ജനങ്ങളും. അതിന്ന് വിരുദ്ധമായൊരു വാക്കുപോലും അവർക്കാർക്കും ചിന്തിക്കാൻ പോലും അന്ന് സാധിച്ചിരുന്നില്ല.


 ഇസ്ലാമിക പ്രബോധനം അതീവ രഹസ്യമായി തുടർന്നു കൊണ്ടിരിക്കുകയാണ്. ദാറുൽ അർഖമിലാണ് നബിﷺയും അനുചരന്മാരും സന്ധിക്കാറ് പതിവ്.


 അവിടെ വെച്ച് നബി ﷺ അനുചരന്മാർക്ക് ദീനിയായ കാര്യങ്ങൾ ഉദ്ബോധിപ്പിച്ച് കൊടുക്കുകയും രഹസ്യമായ മറ്റു പ്രചരണ പരിപാടികളിൽ ഏർപ്പെടുകയും ചെയ്യും. പക്ഷെ പുരോഗതി വളരെ കുറവ്. ഈ സാഹചര്യത്തിലാണ് പ്രവാചകൻ ﷺ പ്രാർത്ഥിച്ചത്.


 “എന്റെ രക്ഷിതാവെ രണ്ടാലൊരു ഉമറിനെക്കൊണ്ട് (ഹിശാമിന്റെ മകനായ അബൂജാഹിലിനും ഉമറെന്ന് പേരുണ്ടായിരുന്നു.) നീ പരിശുദ്ധ ദീനുൽ ഇസ്ലാമിന്ന് ശക്തി പകരേണമെ...”


 നബിﷺയുടെ ഹൃദയത്തിന്റെ അഗാധതയിൽ നിന്നുള്ള പ്രാർത്ഥനയായിരുന്നു അത്. ആ പ്രാർത്ഥന അല്ലാഹു ﷻ സ്വീകരിച്ചു. ശക്തരും ആത്മധൈര്യമുള്ളവരുമായ ഉമറുബ്നുൽ ഖത്താബ് (റ) ഈമാനിന്റെ വിളിയുമായി ദാറുൽ അർഖമിലേക്ക് കുതിച്ചെത്തി..!!


 അന്നും പതിവുപോലെ അർഖമിന്റെ വീട് സജീവമാണ്. റസൂലുല്ലാഹി ﷺ തന്റെ വിലപ്പെട്ട സാരോപദേശങ്ങൾ കൊണ്ട് സ്വഹാബിവര്യന്മാരെ ഉദ്ബുദ്ധരാക്കുകയാണ്. അപ്പോഴാണ് ദൂരെ നിന്നും ഒരു കാൽപെരുമാറ്റം. എല്ലാവരുടേയും കണ്ണുകൾ അങ്ങോട്ടായി...


 ഒരു ദീർഘകായൻ കയ്യിൽ ഊരിപ്പിടിച്ച വാളുമായി നടന്നടുക്കുകയാണ്. അവർ സൂക്ഷിച്ചുനോക്കി. ആരാണത്. അത് ഉമറാണ് (റ). ധീരവീരശൂരപരാക്രമിയായ ഉമറുബ്നുൽ ഖത്താബ് (റ). എന്തായിരിക്കും അയാളുടെ വരവിന്റെ ഉദ്ദേശം. തങ്ങളെ അപായപ്പെടുത്താനായിരിക്കുമോ..? വാളും ഊരിപ്പിടിച്ചുകൊണ്ടുള്ള ആ വരവ് മറ്റെന്തിനാണ്..!!


 എല്ലാവരുടേയും കണ്ണുകളിൽ ഭീതിയുടെ നിഴലാട്ടം. പിന്നെ അവരൊന്നുറച്ചു. എന്തുവന്നാലും ശരി നേരിടുകതന്നെ. ഹംസ (റ) തന്റെ ഖണ്ഡത്തിൽ പിടി മുറുക്കി. അദ്ദേഹം പറഞ്ഞു: “ഉമറ് (റ) നല്ല നിലക്കാണ് വരുന്നതെങ്കിൽ അവന്ന് നല്ലത്. വേണ്ടാത്ത വല്ല ഉദ്ദേശവും അവന്റെ മനസിലുണ്ടെന്ന് ഞാനറിഞ്ഞാൽ അന്നേരം ഈ വാളിന് ഇരയാകും.” 


 നബി ﷺ മാത്രം സുസ്മരവദനായി ഇരുന്നു. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. ഉമർ (റ) വാതിലിൽ മുട്ടി. നബിﷺയുടെ അനുമതി പ്രകാരം വാതിൽ തുറക്കപ്പെട്ടു. ഹംസ (റ) വാൾപ്പിടിയിൽ കൈ ഒന്നുകൂടി മുറുക്കി. ഉമർ (റ) നേരെ നടന്നത് നബിﷺയുടെ സന്നിധിയിലേക്കായിരുന്നു. അദ്ദേഹം നബിﷺയുടെ മുമ്പിലെത്തിയ ഉടനെ ഇപ്രകാരം പ്രഖ്യാപിച്ചു...


 “അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി ﷺ അല്ലാഹു ﷻ വിന്റെ തിരുദൂതരാകുന്നു.”


 അതുകേട്ട നബിﷺയുടെ കൂടെ ദാറുൽ അർഖമിൽ ഉണ്ടായിരുന്ന മുഴുവൻ സ്വഹാബികളും അല്ലാഹുﷻവിനെ സ്തുതിച്ചു...

  അൽഹംദുലില്ലാഹ്

 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm