മദീനക്കാരുമായി കരാറുണ്ടാക്കിയപ്പോൾ അവിടെ തങ്ങൾ സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പായത് കൊണ്ട് നബി ﷺ അനുയായികളിൽ ചിലരെ അങ്ങോട്ടയക്കാൻ തീരുമാനിച്ചു. മാത്രമല്ല. മദീനക്കാരുടെ പ്രതിനിധികളായി ഒരു സംഘം ആളുകൾ മക്കയിൽ വരികയും അവർ നബി ﷺ യേയും സഹാബത്തിനേയും അങ്ങോട്ട് ക്ഷണിക്കുകയും ചെയ്തു.
“നിങ്ങൾ മദീനയിലേക്ക് വരിക. അവിടെ നിങ്ങൾ സുരക്ഷിതരാണ്. നിങ്ങൾക്ക് വേണ്ടുന്ന ഏതു സഹായവും നൽകാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ കൂടെപ്പിറന്ന സഹോദരന്മാരും സഹോദരികളുമായിട്ട് നിങ്ങളെ പരിഗണിക്കാം.”
മദീനക്കാരിൽ നിന്നും ഇപ്രകാരമുള്ള ഉറപ്പ് കിട്ടിയപ്പോൾ നബി ﷺ ചെറിയ ചെറിയ സംഘങ്ങളെ അങ്ങോട്ടയച്ചു. ഈ കുടിയേറിപ്പാർപ്പ് പരമ രഹസ്യമാക്കുകയാണ് നബി ﷺ ചെയ്തത്. മർദ്ദനം കൊണ്ട് പൊറുതിമുട്ടി അവശരായ മുസ്ലിം ജനസാമാന്യങ്ങൾക്ക് ഇത് നല്ലൊരവസരമായിരുന്നു...
അവർ പരിശുദ്ധ ദീനുൽ ഇസ്ലാമിന്ന് വേണ്ടി സ്വന്തം രാജ്യമുപേക്ഷിച്ച് പാലായനം ചെയ്യുകയാണ്..!!
മാതാപിതാക്കളെ പിരിഞ്ഞുപോകുന്നവർ, ജ്യേഷ്ഠാനുജന്മാരെ പിരിഞ്ഞുപോകുന്നവർ, ഭർത്താവിനെ പിരിഞ്ഞുപോകുന്ന ഭാര്യ, ഭാര്യയെ വിട്ടുപോകുന്ന ഭർത്താവ് എല്ലാം അക്കൂട്ടത്തിലുണ്ട്. അങ്ങിനെ ഓരോ സംഘങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.
ഇനി പുറപ്പെടേണ്ടത് ഉമറും (റ) സംഘവുമാണ്. അതിനുവേണ്ടി നബി ﷺ ഇരുപതുപേരെ നിർദ്ദേശിച്ചു. പുറപ്പെടാനുള്ള സമയമായി. ഇതുവരെ യാത്രയെ സംബന്ധിക്കുന്ന വിവരം അതീവ രഹസ്യമായി വെച്ചു. എന്നാൽ ഉമറിന് (റ) അങ്ങനെ ഒളിച്ചോടുന്നത് ഭീരുത്വമാണെന്ന് തോന്നി. ആ ധൈര്യശാലി തിരുനബിﷺയുടെ സന്നിധിയിൽ ചെന്ന് ഇപ്രകാരം ഉണർത്തിച്ചു...
“യാറസൂലുല്ലാഹ് എന്റെ യാത്ര രഹസ്യമാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് അതൊന്ന് പരസ്യമാക്കുവാൻ എനിക്ക് അനുമതി തരണം”
നബി ﷺ അനുവദിച്ചു. (എല്ലാം സർവ്വലോക രക്ഷിതാവിന്റെ മുൻകൂട്ടിയുള്ള തീരുമാനം തന്നെ. ഇനി ഹിജ്റയെക്കുറിച്ചുള്ള സൂചന ഖുറൈശികൾക്കുണ്ടാവട്ടെയെന്നു അല്ലാഹു ﷻ ഉദ്ദേശിച്ചിരിക്കാം.)
ഉമർ (റ) നേരെ പോയത് കഅ്ബാശരീഫിലേക്കാണ്. ഖുറൈശി പ്രമുഖരെല്ലാം അവിടെ കൂടിയിട്ടുണ്ട്. അബൂജഹലും അബൂലഹബും ഉത്ബത്തും ശൈബത്തും എല്ലാ വിധ ഖുറൈശി പ്രമാണികളും ഒരുമിച്ചു കൂടിയിരുന്ന് സൊറ പറയുകയാണ്.
അപ്പോഴാണ് ആ മനുഷ്യസിംഹം ഒരു കൊടുങ്കാറ്റുപോലെ അതിനിടയിലേക്ക് ചെന്നത്. ഖുറൈശി പൗരമുഖ്യന്മാരെ ഒരു പുൽക്കൊടിക്കുപോലും വകവെക്കാതെ ഉമർ (റ) കഅബാശരീഫ് ത്വവാഫ് ചെയ്തു. നിസ്കാരം നിർവ്വഹിച്ചു...
ഇതെല്ലാം കണ്ട് എന്തുചെയ്യണമെന്നറിയാതെ ശിലാപ്രതിമകളെപ്പോലെ അന്തിച്ചുനിൽക്കുന്ന ഖുറൈശിത്തലവന്മാരെ നോക്കി അദ്ദേഹം വെല്ലുവിളിച്ചു.
“ഇത് ഉമറു ബ്നുൽ ഖത്താബാണ്. പരിശുദ്ധ ദീനുൽ ഇസ്ലാമിന്റെ എളിയൊരനുയായി ഞാൻ മദീനയിലേക്ക് ഹിജ്റ പോവുകയാണ്. നിങ്ങളുടെ കൂട്ടത്തിൽ ചുണയുള്ളവരുണ്ടെങ്കിൽ ആണായിപ്പിറന്നവരുണ്ടെങ്കിൽ വരൂ. നമുക്കൊരു കൈനോക്കാം. കുട്ടികൾ യത്തീമാകുന്നതിൽ പേടിയില്ലാത്തവർ, ഉമ്മമാർക്ക് മക്കളില്ലാതാകുന്നതിൽ കുണ്ഠിതമില്ലാത്തവർ മാത്രം മുന്നോട്ട് വരൂ...”
ഒരു പോക്കിരിയും ഇളകിയില്ല. കാലുകൾ നിലത്ത് ഉറച്ചതു പോലെ അവരെല്ലാം നിശ്ചലരായിനിന്നു. ഉമറിനോട് (റ) എതിരിടാൻ ചെന്നാലുള്ള അവസ്ഥ ഖുറൈശികൾക്ക് നല്ലപോലെ അറിയാം. ഒരൊറ്റ പ്രാവശ്യം മാത്രമാണ് ഉമറിനോട് (റ) ദേഷ്യം തീർക്കാൻ അവർക്ക് കഴിഞ്ഞത്. അതുതന്നെ എല്ലാവരും കൂടി ഒത്തൊരുമിച്ച് ചേർന്നുള്ള ഒരാക്രമണം. എന്നിട്ടുതന്നെ ഉമറിന്റെ (റ) കയ്യിൽനിന്നും ഓരോരുത്തനും കിട്ടിയ പ്രഹരത്തിന്റെ ചൂട് ഇപ്പോഴും ആറിയിട്ടില്ല. പിന്നെയാണൊ ഒറ്റക്കൊറ്റക്ക്. ഒരാളും ആ വെല്ലുവിളി സ്വീകരിച്ചില്ല...
ഉമർ (റ) ഒരു ചിരിയോടെ അവിടെ നിന്ന് പിന്തിരിഞ്ഞു. അങ്ങിനെ അദ്ദേഹവും സഹയാത്രികരും മദീനയിലേക്ക് പുറപ്പെട്ടു...