29 Mar, 2023 | Wednesday 7-Ramadan-1444

   നുബുവ്വത്തിന്റെ പത്താംകൊല്ലം മക്കയിൽ മുസ്തള്അഫീൻ (ആരോഗ്യക്ഷയം കൊണ്ടും പ്രായാധിക്യം കൊണ്ടും മറ്റും ഹിജ്റ പോവാൻ സാധിക്കാത്ത ബലഹീനർ) എന്നൊരു വിഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. അങ്ങിനെയിരിക്കെ നബിﷺതങ്ങൾക്ക് ഹിജ്റ പോകുവാനുള്ള അനുമതി ലഭിച്ചു. നബിﷺയും സിദ്ദീഖ് (റ) വും കൂടി മദീനയിലേക്ക് പുറപ്പെട്ടു. 


 അതിഗംഭീരമായ ഒരു സ്വീകരണച്ചടങ്ങാണ് മദീനയിൽ നബിﷺക്ക് ഏർപ്പെടുത്തിയിരുന്നത്. ഈ സ്വീകരണപരിപാടിയിലെല്ലാം ഉമർ(റ) ആത്മാർത്ഥമായി സഹകരിച്ചു. മക്കക്കാരായ മുഹാജിറുകളും മദീനാ നിവാസികളായ അൻസാറുകളും തമ്മിൽ സഹോദര തുല്യമായ ജീവിതമാണ് നയിച്ചുപോന്നത്. 


 തങ്ങളുടെ സമ്പത്തുക്കൾ വിഹിതം വെച്ച് തുല്യഓഹരി തന്റെ മുഹാജിർ സഹോദരന് നൽകാൻ ഒരൊറ്റ അൻസാരിയും മടികാണിച്ചില്ല. തങ്ങളുടെ സഹോദരിമാരെ അവർ മുഹാജിറുകൾക്ക് വിവാഹം ചെയ്തുകൊടുത്തു. ചിലർ തങ്ങൾക്ക് രണ്ട് ഭാര്യമാരുള്ളതിൽ നിന്ന് ഒന്നിനെ വിവാഹമോചനം ചെയ്ത സഹോദരന് വിവാഹം കഴിച്ചുകൊടുത്തു. 


 ലോകത്തിന്റെ ചരിത്രത്തിൽ ഇത്രയും ഉദാരമായൊരു മാതൃക വേറെയുണ്ടോ എന്ന് സംശയമാണ്. കൂടെ പിറന്നവർ പോലും സമ്പത്തിന്ന് വേണ്ടി പരസ്പരം കടിച്ചുകീറുന്നു. വസ്തുഓഹരി ചെയ്യുമ്പോഴുണ്ടാകുന്ന ചില്ലറ കശപിശ വെട്ടും, കുത്തും, കൊലപാതകവുമായി പരിണമിക്കുന്നു.


 അതിര്തർക്കം ഇന്ന് നിത്യസംഭവമാണ്. എന്നാൽ തങ്ങളുടെ ഉമ്മയുടെ വയറ്റിൽ ജനിക്കാത്ത തങ്ങൾ അന്നുവരെ കാണാത്ത അറിയാത്ത മുഹാജിർ സഹോദരന് സ്വത്തവകാശവും മറ്റു അവകാശങ്ങളും യാതൊരു മുറുമുറുപ്പും കൂടാതെ ആവേശത്തോടുകൂടി നൽകാൻ അൻസാറുകൾക്ക് പ്രചോദനം നൽകിയത് ഇസ്ലാമെന്ന മഹത്തായ തത്വസംഹിതയായിരുന്നു. അവരുടെ ഈമാനിന്റെ ശക്തിയായിരുന്നു. യഥാർത്ഥ ഈമാൻ മനസ്സിലുണ്ടെങ്കിൽ ഇന്നും സംഗതി

വ്യത്യസ്ഥമാവാനിടയില്ല. മുസ്ലിംകൾ പരസ്പരം സഹോദരന്മാരാണ് എന്ന ഖുർആൻ വാക്യം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ഉൾകൊള്ളുന്നവർ ഇന്നെത്രപേരുണ്ട്..?


 മദീനയിൽ നബിﷺയുടെ സന്തതസഹചാരിയായി ഉമർ (റ) മാറി. അവിടുത്തെ (ﷺ) നോക്കും വാക്കും പ്രവർത്തന ശൈലിയും എല്ലാം ഉമർ (റ) വിനെ സ്വാധീനിച്ചു. തിരുനബിﷺയുടെ വായിൽ നിന്നുതിരുന്ന വാക്ശകലങ്ങൾ മുത്തുമണികൾ പോലെ അദ്ദേഹം

പെറുക്കിയെടുത്ത് മനസ്സിന്റെ കിലുക്കാം ചെപ്പിൽ ഭ്രദമായി സൂക്ഷിച്ചു. നബി ﷺ യൊടൊത്തുള്ള സഹവാസം ഭാവി ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും അദ്ദേഹത്തിൽ സ്വാധീനം ചെലുത്തി. 


 ഇസ്ലാം അടിക്കടി ശക്തി പ്രാപിച്ചുവരികയാണ്. എങ്കിലും മദീനയിലെത്തിയിട്ടും ഖുറൈശികളുടെ എതിർപ്പിന് ഒരു കുറവും ഉണ്ടായില്ല. അവർ സത്യത്തിനെതിരെ പ്രതികരിച്ചു കൊണ്ടിരുന്നു. ഈ സന്ദർഭത്തിൽ അല്ലാഹു ﷻ വിന്റെ അനുമതിയുണ്ടായി. കണ്ടവരെയെല്ലാം കടിച്ചുമുന്നേറുന്ന പേപ്പട്ടിയെ അടിച്ചുകൊല്ലുക തന്നെ വേണമെന്ന തത്വത്തിലാണ് യുദ്ധാനുമതി ലഭിച്ചത്. 


 നബിﷺയും 313 സഹാബിമാരും ആയിരത്തോളം വരുന്ന ഖുറൈശി

യോദ്ധാക്കളോട് പടവെട്ടാനിറങ്ങി. ഈമാനെന്ന അജയ്യമായ ഖണ്ഡമായിരുന്നു അവരുടെ പ്രധാനരണായുധം. അവിടേയും

ഉമർ(റ) വിന്റെ സാന്നിദ്ധ്യം മറ്റുള്ളവരേക്കാളും ശ്രദ്ധേയമായിരുന്നു. താൻ മുമ്പഭ്യസിച്ച ആയുധ മുറയും മെയ് വഴക്കവുമെല്ലാം ഇവിടെ അദ്ദേഹത്തെ സഹായിച്ചു. 


 ഇസ്ലാമാണ് തനിക്ക് ഏറ്റവും വലുത്.

ജീവൻ തൃണവൽക്കരിച്ച് അതിന്റെ വിജയിത്തിനായി പോരാടും. ഈ ചിന്തയുമായി ബദറിലേക്കിറങ്ങിയ ഉമർ(റ) ആദ്യം തന്നെ കണ്ടത് ആസിബ്നു മുഗീറയെയായിരുന്നു. സ്വന്തം ഉമ്മയുടെ ആങ്ങള, അതെ അമ്മാവനെന്ന് കരുതി കൈവിറച്ചില്ല. തന്റെ മുന്നിൽ നിൽക്കുന്നത് സത്യത്തെ എതിർക്കുവാനാണ്. അസത്യവാദിയാണ് അതു മാത്രമെ ഉമർ(റ) കണ്ടുള്ളൂ. പിന്നെ ഒട്ടും താമസിച്ചില്ല. ആ രണവീരൻ ആസിയുടെ കഥ കഴിച്ചു.


 സ്വന്തക്കാർക്ക് വേണ്ടി നീതിയും നെറിയും മറക്കുന്നവരാണ് ഇന്നത്തെ ജനത. ബന്ധുക്കൾക്ക് വേണ്ടി നിയമം മാറ്റിമറിക്കുന്നവർ. സ്വന്തക്കാരന്റെ തെറ്റ് തെറ്റായി കാണാത്തവർ. ഉമർ(റ) വിന്റെ ചരിത്രം നൂറാവർത്തി ഇന്നത്തെ തലമുറ വായിക്കേണ്ടിയിരുക്കുന്നു...


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm