ഉമർ (റ) വിന്ന് പാതിരാവിലുള്ള തന്റെ സഞ്ചാരത്തിനിടയിൽ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു വീട്ടിൽ നിന്നും ഒരു തരുണീമണിയുടെ വിലാപസ്വരം കേൾക്കാനിടയായി...
“ഈ കൂരിരുട്ടിൽ ഇണയില്ലാതെ ഞാൻ ഉറക്കമിളച്ചിരിക്കുന്നു. അല്ലാഹു ﷻ വിനെ പേടിക്കുന്നില്ലെങ്കിൽ ഈ കട്ടിൽ കിരുകിരുപ്പിക്കുമായിരുന്നു.” ഭർത്താവ് പിരിഞ്ഞുപോയ താരുണ്യത്തിന്റെ വിലാപം...
അത് ഒരു പട്ടാളക്കാരന്റെ വീടാണെന്ന് അന്വേഷണത്തിൽ ഉമർ(റ)വിന്ന് മനസ്സിലായി. അദ്ദേഹം തന്റെ സഹോദരിയോട് ചോദിച്ചു.
“ഫാത്തിമാ..! ഭർത്താവിനെ കാണാതെ ഒരു പെണ്ണിനെ എത്ര കാലം ക്ഷമിച്ചിരിക്കാൻ കഴിയും”
“ഏറിയാൽ നാലുമാസം.” അതുകേട്ട് ഉമർ (റ) നാലുമാസത്തിലൊരിക്കൽ ഭാര്യമാരുള്ള പട്ടാളക്കാർ നിർബന്ധമായും വീട്ടിൽ പോയിരിക്കണമെന്ന നിയമം പാസാക്കി.
മറ്റൊരു രാത്രിയിൽ നസ്റ് (റ) വിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടയായി ഒരു സ്ത്രീ വിലപിക്കുന്നത് കണ്ടു. സുന്ദരനായ ആ സഹാബിയെ പട്ടാള സേവനത്തിനയച്ചു. ഇത്രയും സൗന്ദര്യമുള്ള നസ്റിനെ കണ്ട് സ്ത്രീകൾ കൊതിക്കുകയും അത് പല സംഭവങ്ങൾക്കും കാരണമാവുകയും ചെയ്യുമെന്നോർത്താണ് അദ്ദേഹം
അങ്ങിനെ ചെയ്തത്.
കള്ളന്റെ കൈ മുറിക്കണമെന്നാണല്ലോ ഇസ്ലാമിന്റെ നിയമം. എന്നാൽ ഒരൊട്ടകത്തെ കട്ട് വേവിച്ച് ഭക്ഷിച്ചവരെ, അവർ വിശന്ന് പരവശരായിട്ടാണ് അത് ചെയ്തതെന്ന് മനസ്സിലാക്കിയ ഖലീഫ വെറുതെ വിടുകയും മോഷ്ടിക്കുവാൻ മാത്രം വിശപ്പിന്റെ വക്കത്തെത്തുവാൻ അവരെ കഷ്ടപ്പെടുത്തിയ ഒട്ടകത്തിന്റെ ഉടമക്ക് തന്നെ പിഴയിടുകയും ചെയ്തത് ചരിത്രത്തിന്റെ താളുകളിൽ കാണാം.
ഇതുപോലെ വിശപ്പിന്റെ കാഠിന്യത്താൽ വ്യഭിചാരത്തിന്ന് നിർബന്ധിതയായ ഒരു സ്ത്രീക്കും ഉമർ (റ) മാപ്പ് കൊടുത്തു. ഇസ്ലാമിക നിയമങ്ങൾ മനുഷ്യരെ ദ്രോഹിക്കാനുള്ളതല്ല. അഹന്തയിൽ നടക്കുന്നവരേയും ധിക്കരിച്ചു പാപം ചെയ്യുന്നവരെയും മാത്രമെ ശിക്ഷിക്കാവൂ. നിർബന്ധിത സാഹചര്യത്തിൽ തെറ്റിലേക്ക് വഴുതിവീണവരെ അവരുടെ സാഹചര്യങ്ങളെല്ലാം പഠിച്ചതിന്നു ശേഷം മാത്രമെ ശിക്ഷിക്കാവൂ എന്ന് ഉമർ(റ) പഠിപ്പിച്ചു.
ഒരുവൻ സ്വന്തം വീട്ടിലിരുന്ന് കള്ള് കുടിക്കുന്നത് നേരിൽ കണ്ടിട്ടും അയാളെ ശിക്ഷിക്കാൻ ഉമർ(റ) വിന്ന് കഴിഞ്ഞില്ല. കാരണം രഹസ്യം ചുഴിന്നന്വേഷിക്കുന്നത് കുറ്റകരമാണെന്നു കരുതി.
ശരിയായ സാക്ഷികളില്ലെങ്കിൽ ഒരിക്കലും ഉമർ(റ) ശിക്ഷ നടപ്പിലാക്കുമായിരുന്നില്ല. കളവു മറ്റു പ്രവർത്തനങ്ങളും ചെയ്തതിന്ന് രണ്ട് സാക്ഷികൾ, വ്യഭിചാരത്തിന്ന് നാല് സാക്ഷികൾ. ഒരിക്കൽ മൂന്ന് പേർ ഒന്നിച്ചു ഒരു വ്യഭിചാരത്തിന് സാക്ഷിനിന്നു. നാലാമനില്ലാത്തതിനാൽ വ്യഭിചരിച്ചുവെന്നാരോപിക്കപ്പെട്ടവരെ വെറുതെ വിടുകയാണുണ്ടായത്.
സ്വന്തം മകനെ രഹസ്യമായി ശിക്ഷിച്ചതിന്റെ പേരിൽ ഒരിക്കൽ ഉമർ(റ) ഈജിപ്തിലെ ഗവർണ്ണറെ ശാസിച്ചു. അവനും രാജ്യത്തെ പൗരൻ മാത്രമാണ്. ഖലീഫയുടെ മകനാണെന്ന പേരിൽ ഒരു പരിഗണനയുമരുത്. ഞാനതിഷ്ടപ്പെടുന്നില്ല. അങ്ങിനെ ലഹരി ഉപയോഗിച്ചു എന്നതിന്റെ പേരിൽ സ്വന്തം മകനെ വീണ്ടും ശിക്ഷിക്കാൻ ഉത്തരവിടുകയും തലമുണ്ഡനം ചെയ്തു ജനങ്ങൾക്കിടയിലൂടെ നടത്തുകയും ചെയ്ത ഖലീഫയാണ് ഉമർ (റ).
ന്യായാധിപന്മാർ അന്യായമായി ശിക്ഷ നടപ്പിൽ വരുത്തുന്നതിനെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു മദ്യപാനിയെ അടികൊടുത്തതിന് ശേഷം മുഖത്ത് കറുത്ത ചായം പൂശിയ അബ്ദുൽ അശ്ഹരിയെ ഉമർ (റ) കുറ്റപ്പെടുത്തി. കുറ്റവാളികളോട് ഒരിക്കലും ഉമർ (റ) ക്രൂരമായി പെരുമാറിയിരുന്നില്ല. അവരെ നേർവഴിയിൽ മടക്കിക്കൊണ്ടുവരാനാണ് അദ്ദേഹം യത്നിച്ചത്.