29 Mar, 2023 | Wednesday 7-Ramadan-1444

   ഉമർ(റ) മുസ്ലിംകളോടെന്ന പോലെ തന്നെ ഇതര മതസ്ഥരോടും സ്നേഹത്തിലും സഹിഷ്ണുതയിലുമാണ് പെരുമാറിയത്. തന്റെ രാജ്യത്ത് അതിവസിക്കുന്ന അമുസ്ലിംകൾക്ക് വേണ്ടുന്ന സംരക്ഷണമെല്ലാം അദ്ദേഹം ചെയ്തിരുന്നു. കാരണം കൂടാതെ അമുസ്ലിമാണെങ്കിൽ പോലും ഒരുവനെ കൊലചെയ്യുന്നത് അദ്ദേഹം സമ്മതിച്ചുകൊടുത്തിരുന്നില്ലെന്ന് മാത്രമല്ല അങ്ങിനെ ചെയ്യുന്നവർക്ക്

തക്കതായ ശിക്ഷയും ഖലീഫ നൽകിയിരുന്നു. 


 അടിമത്വം കൊടികുത്തിവാണിരുന്ന കാലഘട്ടത്തിലാണ് ഇസ്ലാമിന്റെ ആവിർഭാവം. നബി ﷺ അടിമയും യജമാനനും തമ്മിലുള്ള വ്യത്യാസം എടുത്തു കളഞ്ഞു. ഉമർ(റ) അതു കൂടുതൽ ശ്രദ്ധിച്ചു. അടിമകളെന്ന പേരിൽ മനുഷ്യരെ ദ്രോഹിക്കുന്നവരെ ശരിക്കും നിലക്കുനിർത്തി.


 നബിﷺയുടെ കൂടെ ജീവിച്ച് അറിഞ്ഞ അവിടുത്തെ പ്രവർത്തനങ്ങളെ മാതൃകയാക്കിയായിരുന്നു ഉമർ(റ) പിൽക്കാലജീവിതം തുടർന്നു പോന്നത്. ഒരിക്കൽ ഹജറുൽ അസ്‌ വദ് മുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു. നീയൊരു കല്ല് മാത്രമാണെന്നെനിക്കറിയാം. നബി ﷺ ഇങ്ങനെ മുത്തിയതുകൊണ്ട് മാത്രമാണ് ഞാനും നിന്നെ മുത്തുന്നത്. 


 നബിﷺയോടൊപ്പമുള്ള സഹവാസം വിജ്ഞാനമണ്ഡലത്തിൽ അദ്ദേഹത്തിന് അതിമഹത്തായ സ്ഥാനമാണ് നേടിക്കൊടുത്തത്. ഞാൻ ഒരു പാത്രത്തിൽനിന്നും പാൽകുടിക്കുന്നതും അതിൽ അവശേഷിച്ചത് ഉമർ(റ) വിന്ന് നൽകുന്നതുമായി സ്വപ്നം കണ്ട് നബി ﷺ വ്യാഖ്യാനമായി പറഞ്ഞത് ആ പാൽ ഇൽമ് ആണെന്നാണ്. അജ്ഞാതമെന്ന് നമുക്ക് തോന്നുന്ന കാര്യങ്ങൾ പോലും ഉമർ(റ) പറയുമായിരുന്നു.


 ഉമർ(റ) ജനങ്ങളെ സേവിക്കാൻ വേണ്ടി മാത്രമാണ് തന്റെ ജീവിതം ഉഴിഞ്ഞുവെച്ചത്. ഒരു സാധാരണ പൗരനെപ്പോലെ ജനങ്ങൾക്കിടയിൽ അദ്ദേഹം ജീവിച്ചു. സ്വന്തം സഹോദരങ്ങളെപ്പോലെ ഓരോരുത്തരേയും സ്നേഹിച്ചു. ആവശ്യമായ സഹായങ്ങൾ യഥാവസരത്തിൽ ജനങ്ങൾക്ക് ചെയ്തുകൊടുത്തു. വെറുതെ വീട്ടിൽ അടങ്ങിയിരിക്കാൻ ഒരിക്കലും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. കിട്ടുന്ന ഒഴിവുസമയമെല്ലാം രാജ്യത്തെ സ്ഥിതിഗതികൾ മനസ്സിലാക്കാൻ

വേണ്ടി വിനിയോഗിക്കുകയായിരുന്നു പതിവ്. 


 ഒരിക്കൽ തന്റെ സഞ്ചാരത്തിനിടയിൽ ഒരു ചുമടുമായി പോകുന്ന സ്ത്രീയെ ഉമർ

(റ) കണ്ടു. ഇതെന്താണ് ഒരു സ്ത്രീ ഇങ്ങിനെ ചുമടേന്തിപ്പോകുന്നത്. അവരെ സഹായിക്കാൻ പുരുഷന്മാരാരുമില്ലേ. ഖലീഫ സംശയിച്ചു. അദ്ദേഹം തന്റെ സംശയം ആ സ്ത്രീയോട് തന്നെ ചോദിച്ചു. എന്റെ വീട്ടിൽ ആണായി ആരുമില്ല എന്നാണ് ആ സ്ത്രീ മറുപടി പറഞ്ഞത്. അതുകേട്ട് ഉമർ(റ) ആ സ്ത്രീയുടെ ചുമട് വാങ്ങി അവരുടെ വീട്ടിലെത്തിച്ചു കൊടുക്കുകയാണുണ്ടായത്. 


 വീട്ടിലെത്തി ചുമടിറക്കിയശേഷം ഖലീഫ പറഞ്ഞു: “ഖലീഫയെ സമീപിച്ചാൽ നിങ്ങൾക്കൊരു വേലക്കാരനെ അയച്ചുതരാതിരിക്കില്ല.”


 അദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോൾ ആ സ്ത്രീക്കൊരു സംശയം. ഇതു തന്നെയല്ലെ ഖലീഫ. സംഗതിയറിഞ്ഞ ആ സ്ത്രീ അത്ഭുതത്തോടെ മിഴിച്ചുനിന്നുപോയി. അടുത്ത ദിവസം മുതൽ അവർക്കൊരു വേലക്കാരനെ ഖലീഫ നിയോഗിച്ചു.


 വീടുവീടാന്തരം ഉമർ(റ) കയറിയിറങ്ങും. ഓരോ വീട്ടിലേയും ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് നിറവേറ്റിക്കൊടുക്കും. കത്തെഴുതിക്കൊടുക്കുക, കടയിൽ നിന്നും സാമാനം വാങ്ങിക്കൊടുക്കുക, ചില്ലറ വീട്ടുജോലികൾ ചെയ്തു കൊടുക്കുക അങ്ങിനെ പലതും. 


 രണ്ടു കണ്ണുകൾക്കും കാഴ്ചയില്ലാത്ത ഒരു സ്ത്രീ തനിച്ച് ഒരു വീട്ടിൽപാർക്കുന്നുണ്ടെന്ന് ഉമർ (റ) അറിഞ്ഞു. ആരാരും തുണയില്ലാത്ത ആ വൃദ്ധയെ പരിചരിക്കേണ്ടത് തന്റെ കടമയാണെന്ന് ഖലീഫ മനസ്സിലാക്കി. അന്നുമുതൽ ദിവസവും ആ കുടിലിൽ കയറിച്ചെല്ലുകയും വൃദ്ധയുടെ വീട്ടിലെ ജോലികളെല്ലാം ചെയ്യുകയും അവർക്ക് ഭക്ഷണസാധനങ്ങൾ നൽകുകയും ചെയ്തശേഷം സംതൃപ്തനായി മടങ്ങിപ്പോരും.


 മറ്റൊരിക്കൽ ഒരു കിഴവൻ തന്റെ കുടിലിരുന്ന് കരയുന്നത് ഉമർ(റ)വിന്റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം വൃദ്ധനോട് കരച്ചിലിന്റെ കാരണം അന്വേഷിച്ചു. പട്ടാളത്തിൽ പോയ എന്റെ മകനെ കാണാതെ വിഷമം കൊണ്ട് കരഞ്ഞതാണ്. ആ കിഴവന്റെ വാക്കുകൾ കേട്ട് ഉമർ(റ)വിന്റെ മനസ്സ് പിടഞ്ഞു. ഉടൻതന്നെ മകനെ അയാളുടെ അരികിലെത്തിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തു. 


 ഒരു ഗർഭിണി വിഷമിച്ച് വെള്ളം കോരുന്നതുകണ്ട് ഖലീഫ കുടം വാങ്ങി അവർക്ക് വെള്ളം നിറച്ച് കൊണ്ടുപോയി കൊടുത്തു. ഇതിനെ ചോദ്യം ചെയ്ത മകനോട് എന്റെ തടിയുടെ അഹന്ത അവസാനിപ്പിക്കാനാണ് അങ്ങിനെ ചെയ്തതെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്...


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm