06 Feb, 2023 | Monday 14-Rajab-1444

   ഗവർണ്ണർമാരെ നിയമിക്കുമ്പോൾ അവർ അനുവർത്തിക്കേണ്ട

കാര്യങ്ങൾ ഉമർ (റ) ജനങ്ങൾക്കിടയിൽ വെച്ച് അവർക്ക് വായിച്ചു കേൾപ്പിക്കുമായിരുന്നു. മറ്റുള്ളവരേക്കാൾ ഗവർണ്ണറെന്ന നിലയിൽ നിങ്ങൾക്കൊരു സ്ഥാനവും ഇല്ലെന്ന് അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിക്കുകയും ചെയ്യുമായിരുന്നു. 


 അതിനുശേഷം ജനങ്ങളോട് ഭരണാധികാരികളെക്കുറിച്ചുള്ള ആക്ഷേപങ്ങൾ ബോധിപ്പിക്കാൻ പറയുകയും പതിവായിരുന്നു. ഗവർണ്ണർമാർ അവർക്ക് നിശ്ചയിച്ച ശമ്പളത്തിൽ കൂടുതൽ കാശ് സമ്പാദിക്കുകയോ മറ്റോ ചെയ്തുവെന്ന് ഖലീഫയുടെ ചെവിയിലെത്തിയാൽ ഉടൻതന്നെ അവരെ വിളിച്ചു വരുത്തി വിചാരണ ചെയ്യുകയും ആരോപണം ശരിയെന്ന് കണ്ടാൽ തക്കതായ ശിക്ഷ നൽകുകയും ചെയ്യൽ പതിവായിരുന്നു. 


 പരസ്പരം സ്ഥലം മാറ്റൽ മുതൽ സർവ്വീസിൽ നിന്ന് നീക്കം ചെയ്യൽവരെ ശിക്ഷാനടപടികൾ അദ്ദേഹം കൈകൊണ്ടിരുന്നു. അപൂർവ്വം ചില ഗവർണ്ണർമാരിൽ ചില്ലറ വൈകല്യങ്ങൾ കണ്ടിരുന്നുവെങ്കിലും ലാളിത്യത്തിന്റേയും നീതിനിർവ്വഹണത്തിന്റേയും പ്രതീകങ്ങളായിരുന്നു. അധിക ഗവർണ്ണർമാരും. 


 ഉമൈർ (റ) വിനോട് ഒരിക്കൽ ഖലീഫ തന്റെ സമ്പത്ത് ഹാജരാക്കുവാൻ കൽപ്പിക്കുകയുണ്ടായി. ഹിമ്മസിന്റെ ഗവർണ്ണറായിരുന്ന ആ മഹാൻ സ്വന്തം സമ്പാദ്യവസ്തുക്കളായി കൊണ്ടുവന്നത് കുത്തിപ്പിടിക്കാൻ ഒരു വടിയും വെള്ളമെടുക്കാൻ ഒരു തോൽപാത്രവുമായിരുന്നു. അതു കണ്ട ഖലീഫക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. 


 ഉമൈർ (റ) തന്നെ കടത്തിവെട്ടിയിരിക്കുന്നു. തങ്ങളുടെ ജീവിതാവശ്യങ്ങൾക്കു മാത്രം ഉതകുന്ന ചെറിയൊരു ശമ്പളം മാത്രമായിരുന്നു ഗവർണ്ണർമാർക്ക് നിശ്ചയിച്ചിരുന്നത്. പലരും അതുതന്നെ സ്വീകരിച്ചിരുന്നില്ല. ഭരണത്തിന്റെ ശീതളച്ഛായയിൽ തിന്ന് കൊഴുത്ത് സുഖലോലുപന്മാരായി ജീവിക്കാൻ അവരാരും ആഗ്രഹിച്ചിരുന്നില്ല. ജനങ്ങളെ സേവിക്കുക എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥത്തിൽ മാത്രം ഊന്നൽ കൊടുത്തു കൊണ്ടായിരുന്നു ഖലീഫയും അദ്ദേഹത്തിന്റെ ഗവർണ്ണർമാരും ജീവിതം നയിച്ചത്.


 ഉമർ(റ)വിന്റെ ഗവർണ്ണർമാരെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ന്യായാധിപന്മാരും സമർത്ഥരും നീതിയുടെ പാതയിൽനിന്ന് അണുവിട വ്യതിചലിക്കാത്തവരുമായിരുന്നു.


 ന്യായധിപന്മാർ അത്തരക്കാരായിരിക്കണമെന്ന് ഉമർ(റ)വിന് നിർബന്ധമുണ്ടായിരുന്നു. നീതിയുടെ അതിർവരമ്പ് ലംഘിച്ചുകൊണ്ട് വിധി നടത്തുന്ന ന്യായാധിപന്മാരെ ഉമർ(റ) ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അനുവദിക്കുമായിരുന്നില്ല. 


 ജഡ്ജിമാർക്ക് ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള സൗകര്യവും ഏറ്റവും ഉയർന്ന ശമ്പളവും ഖലീഫ നൽകി. പണത്തിന്റെയോ മറ്റുവല്ല സ്വാധീനത്തിന്റെയോ വലയിൽപ്പെട്ട് ന്യായത്തിന്റെ ഭാഗത്ത് നിന്ന് തെറ്റാതിരിക്കാൻ വേണ്ടിയായിരുന്നു ന്യായാധിപന്മാർക്ക് ഉയർന്ന വേതനം പ്രഖ്യാപിച്ചത്.


 ഒരിക്കൽ ഒരു കേസിൽ പ്രതിയായി മദീനയിലെ കോടതിയിലേക്ക് ഖലീഫ ചെന്നു. ന്യായാധിപൻ ഖലീഫയെ സാധാരണ പ്രതികളിൽ നിന്ന് വ്യത്യസ്തമായി ബഹുമാനാദരവുകളോടെ സ്വീകരിക്കാനൊരുങ്ങിയത് ഉമർ(റ)വിന് ദഹിച്ചില്ല, അദ്ദേഹം ന്യായാധിപനോടായി ഇങ്ങിനെ പറഞ്ഞു.


 “നിയമത്തിന്റെ മുന്നിൽ ഖലീഫയും മറ്റുള്ളവരും ഒരുപോലെയാണ്. ആർക്കും പ്രത്യേക പരിഗണനയൊന്നും നൽകേണ്ടതില്ല.”


 മറ്റൊരിക്കൽ ഉമർ(റ)വിന്ന് എതിരെ അബ്ബാസ് (റ) ഒരു കേസ് കൊടുത്തു. തന്റെ വീടിന്നരികിൽ മഴവെള്ളം ഒഴുകിപ്പോകാൻവേണ്ടി ഒരു പാത്തി വെച്ചിരുന്നത് ഖലീഫ എടുത്തുമാറ്റിയെന്നാണ്

പരാതി. ന്യായാധിപൻ അബ്ബാസ്(റ)വിന്റെ ആക്ഷേപം കേട്ടു. അനന്തരം ഉമർ(റ) വിനോട് ചോദിച്ചു.


 “താങ്കൾക്ക് വല്ല വിശദീകരണവും നൽകാനുണ്ടോ? ഉണ്ട്. പള്ളിക്ക് ചാരിനിൽക്കുന്ന ആ പാത്തിയിൽ നിന്ന് വീഴുന്ന വെള്ളംകൊണ്ട് നിസ്കരിക്കാൻ വരുന്ന ജനങ്ങളുടെ വസ്ത്രങ്ങളെല്ലാം അഴുക്കാകുന്നു.”


 അതുകേട്ട് അബ്ബാസ്(റ) പറഞ്ഞു: “നബി തിരുമേനിﷺയുടെ അനുമതി പ്രകാരമാണ് ഞാനാ പാത്തി സ്ഥാപിച്ചത്. അവിടുത്തെ (ﷺ) നിർബന്ധപ്രകാരം ആ ചുമലിൽ കയറിയാണ് ഞാനത് വെച്ചത്.”


 അബ്ബാസ് (റ) ന്റെ വിശദീകരണം കേട്ട് ഖലീഫ ഞെട്ടിത്തെറിച്ചു. “താൻ ഇത്രക്കൊന്നും അറിഞ്ഞില്ല. നബി ﷺ പറഞ്ഞതാണെന്നറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാനത് എടുത്തുമാറ്റുകയില്ലായിരുന്നു. അതുകൊണ്ട് എന്റെ ചുമലിൽ കയറി താങ്കളത് അവിടെത്തന്നെ വെക്കണം...”


 “അതെ, അങ്ങിനെതന്നെ”


 ന്യായാധിപനും അതിനെ അനുകൂലിച്ചു. അങ്ങനെ അബ്ബാസ് (റ) മഹാനായ ആ ചക്രവർത്തിയുടെ ചുമലിൽ കയറി നിന്ന് പാത്തി യഥാസ്ഥാനത്ത് വെച്ചു.


 ഈ കേസ് വിചാരണ ചെയ്ത് അവസരത്തിൽ ന്യായാധിപൻ ഖലീഫക്ക് മറ്റു പ്രതികൾക്കുപരി ഒരു പരിഗണനയും നൽകിയില്ല. അർഹിക്കുന്ന രൂപത്തിൽ തന്നെ നീതിനടത്തുകയും ചെയ്തു. അങ്ങിനെ ചരിത്രത്തിന്റെ തങ്കലിപികളിൽ മറ്റൊരു തുല്യതയില്ലാത്ത നീതിനിർവ്വഹണം കൂടി രേഖപ്പെടുത്തപ്പെട്ടു.


 മേൽ പ്രസ്ഥാവിച്ച സംഗതിയിൽ അബ്ബാസ്(റ) ഉറച്ചുനിന്നത് തന്നെ ഉമർ(റ) വിന്റെ നീതിനിർവ്വഹണത്തിന്റെ ആഴം മനസ്സിലാക്കാനായിരുന്നു


. ഉമർ(റ) ഇപ്രകാരം നീതിക്ക് വശം വദനായതു

കൊണ്ട് വികാരഭരിതനായ അദ്ദേഹം ഖലീഫയോട് മാപ്പിന്നപേക്ഷിക്കുകയും തന്റെ ആ വീടും വളപ്പും പള്ളിയിലേക്ക് വഖഫ് ചെയ്യുകയുമുണ്ടായി.


 ഉമർ(റ) നിശ്ചിയിച്ച ന്യായാധിപന്മാരെല്ലാം ഇത്തരം നീതി നിർവ്വഹണത്തിന്റെ ഉത്തമ മാതൃകകളായിരുന്നു. സഹോദരനെന്നോ, സ്നേഹിതനെന്നോ ഉന്നത കുല ജാതനെന്നോ ഉള്ള വ്യത്യാസം പരിഗണിക്കാതെ നീതി എല്ലാവരുടേയും അവകാശമായി കണക്കാക്കിക്കൊണ്ടാണവർ വിധിപ്രഖ്യാപനങ്ങൾ നടത്തിയത്. 


 സ്വന്തം കൂടപ്പിറപ്പിന്റെ കൊലയാളിയോടുപോലും താങ്കളെ

എനിക്ക് സ്നേഹിക്കാൻ കഴിയുകയില്ലെങ്കിലും നീതി രഹിതമായി. ഒന്നും പ്രവർത്തിക്കുകയില്ലെന്നു പ്രഖ്യാപിച്ച ഉത്തമമനസ്സിന്റെ ഉടമയായിരുന്നു ഉമർ ഫാറൂഖ് (റ).


 മറ്റുള്ളവരുടെ തെറ്റുകൾ ചൂഴ്ന്നന്വേഷിക്കുകയും അത് പെരുപ്പിച്ച് കാണിക്കുകയും ചെയ്യുന്നവരെ ഉമർ (റ) വെറുത്തിരുന്നു. ഒരു സ്ത്രീയും പുരുഷനും പരസ്പരം ചുംബിക്കുന്നത് താൻ കണ്ടെന്ന് ഖലീഫയോട് പറഞ്ഞതിന് ഒരുവനെ അദ്ദേഹം കണക്കിന് ശകാരിച്ചു. അടിക്കാൻ വരെ ഒരുങ്ങി. ഖലീഫ പറഞ്ഞു. “ഇത്തരം കാര്യങ്ങൾ രഹസ്യമായി വെക്കുകയും അവരുടെ പാപം ഒഴിവായിപ്പോകാൻ തേടുകയുമാണ് വേണ്ടത്”


 ഒരാൾ മറ്റൊരുവന്റെ ന്യൂനത കാണുകയും അത് വെളിപ്പെടുത്താതിരിക്കുകയും ചെയ്താൽ അവന്റെ തെറ്റിനെ അല്ലാഹു ﷻ രണ്ടുവീട്ടിലും മറച്ചുവെക്കുമെന്ന് പ്രവാചക ശിരോമണി ﷺ അരുളിയിട്ടുണ്ട്. ഈ വാക്കുകൾ ഉമർ (റ) അക്ഷരം പ്രതി അനുസരിച്ചിരുന്നു. 


 ഏതോ വേണ്ടാവൃത്തിയിൽ അറിയാതെ പെട്ടുപോയ ഒരു പെൺകുട്ടി അവൾ ആത്മഹത്യക്കൊരുങ്ങി. അല്ലാഹു ﷻ വിന്റെ ഖുദ്റത്തിൽ രക്ഷപ്പെടുകയും ചെയ്തു. ഈ വിവരം രഹസ്യമാക്കി അവളെ വിവാഹം ചെയ്തുകൊടുക്കുന്നതെങ്ങിനെ എന്നുള്ള ചിന്തയിലായിരുന്നു മാതാപിതാക്കൾ. ഇതറിഞ്ഞ ഉമർ(റ) ആ പിതാവിനെ ശകാരിച്ചു. വേഗം മകളുടെ വിവാഹം നടത്തൂ.. ആ രഹസ്യം പുറത്ത് വിട്ടാൽ നിങ്ങളെ ഞാൻ വെറുതെ വിടുകയില്ല. 


 ഇതിൽനിന്നെല്ലാം എത്രമാത്രം മാതൃകയാണ് നമുക്കുള്ളത്. നിത്യജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പലകാര്യങ്ങൾക്കും ഉമർ(റ)വിന്റെ ചരിത്രം നമുക്ക് പരിഹാരം പറഞ്ഞുതരുന്നു.


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm