തന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കാര്യം അയാൾ ആഗതനോട് പറയാനൊരുങ്ങി.
“ഞാൻ കുടുംബസമേതം ഒരു യാത്രക്ക് പുറപ്പെട്ടതായിരുന്നു. ഗർഭിണിയായ എന്റെ ഭാര്യക്ക് ഇവിടെ എത്തിയപ്പോൾ പ്രസവവേദന തുടങ്ങി. വേഗം ടെന്റു കെട്ടി ഭാര്യയെ അതിന്നകത്തുകിടത്തി. ഇനിയെന്ത് എന്ന് നിസ്സഹായനായി ചിന്തിച്ചുനിൽക്കുമ്പോഴാണ് നിങ്ങൾ വന്നത്.”
“യാ അല്ലാഹ്...”അകത്തുനിന്നും ഒരു സ്ത്രീയുടെ നിലവിളി.
“ആ കരയുന്നത് എന്റെ ഭാര്യയാണ്. പേറ്റുനോവാണ്. എന്ത് സംഭവിക്കാനും ഇടയുണ്ട്. ഈ സമയത്ത് ഒരു വയറ്റാട്ടിയെ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാനാശിച്ചുപോവുകയാണ്. ഞാൻ ഈ വിജനതയിൽ ഇവളെ തനിച്ചാക്കി ആരെ അന്വേഷിച്ചു പോകും? എവിടെ പോകും? ഇതൊക്കെയാണ് എന്റെ ഹൃദയത്തിലുള്ള വ്യഥക്ക് കാരണം...”
ആഗതൻ ഇതെല്ലാം കേട്ട് അയാളെ സമാശ്വസിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “എന്റെ പ്രിയ സുഹൃത്തെ, താങ്കൾ ഒട്ടും വ്യാകുലപ്പെടേണ്ടതില്ല. ഈ പ്രതിസന്ധിയിൽ ഞാൻ നിങ്ങളോടൊപ്പമുണ്ട്. അൽപ്പം ക്ഷമിക്കൂ... ഒരു വയറ്റാട്ടിയേയും കൊണ്ട് ഞാനിപ്പോൾ വരാം...”
“അവൾക്ക് ഒരുപാട് പ്രതിഫലം കൊടുക്കേണ്ടിവരുമോ? എന്റെ കൈവശമാണെങ്കിൽ കാര്യമായി ഒന്നുമില്ല.”
“അങ്ങിനെ പ്രതിഫലം വാങ്ങുന്ന വയറ്റാട്ടിയെയല്ല ഞാൻ കൊണ്ടുവരുന്നത്. അവൾ ഒരിക്കലും പ്രതിഫലം ആശിക്കുകയില്ല.” ഇത്രയും പറഞ്ഞു കൊണ്ട് ആഗതൻ ഇരുട്ടിലേക്ക് ഊളിയിട്ടിറങ്ങി.
ടെന്റിനകത്ത് കിടന്ന് ഭാര്യ ഞെളിയുകയും പിരിയുകയും ചെയ്യുന്നു. വേദന സഹിക്കാൻ വയ്യാതെ അവൾ നിലവിളിക്കുന്നുണ്ട്. ആ ഭർത്താവിന്റെ ഹൃദയം പിടക്കുകയായിരുന്നു.
പക്ഷെ ആ വിഷമവൃത്തം അധികസമയം നീണ്ടുനിന്നില്ല. അപ്പോഴേക്കും അകലെ നിന്നും റാന്തലിന്റെ വെളിച്ചം ദൃശ്യമായി. ഒരു പുരുഷനും സ്ത്രീയും തങ്ങളുടെ കൂടാരം ലക്ഷ്യമാക്കി നടന്നുവരുന്നത്
അയാൾ കണ്ടു. അടുത്തെത്തിയപ്പോൾ പുരുഷൻ മുമ്പ് വന്ന് തിരിച്ചുപോയ ആളാണെന്ന് മനസ്സിലായി. അയാളുടെ കൈവശം എന്തൊക്കെയോ ചില സാധനങ്ങളുണ്ട്. സ്ത്രീ വന്നപാടെ കൂടാരത്തിന്റെ അകത്തേക്ക് കയറിപ്പോയി. പുരുഷൻ തന്റെ കൈവശമുണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ അയാൾക്ക് നൽകി. വിശപ്പ് തീർന്നപ്പോൾ അയാൾ ആഗതനോട് ചോദിച്ചു:
“നിങ്ങൾ ആരാണ്, എവിടെയാണ് സ്വദേശം..?”
“ഞാൻ മദീനത്ത് തന്നെയുള്ള ആളാണ്. എന്റെ യജമാനന്റെ കൽപ്പനകൾ അനുസരിച്ച് പ്രവർത്തിക്കുകയാണ് എന്റെ തൊഴിൽ. ഇവിടെയാണ് സ്ഥിരവാസമെങ്കിലും മക്കയാണെന്റെ ജന്മഭൂമി.”
“നിങ്ങൾ റസൂലിനെ (ﷺ) കണ്ടിട്ടുണ്ടോ?”
“ഉണ്ടല്ലോ”
ആഗതൻ താൻ വിചാരിച്ചതിലും മാന്യനാണെന്ന് ആ ഗ്രാമീണനു തോന്നി. ഭാഗ്യവാനും, കാരണം റസൂൽ തിരുമേനിﷺയെ നേരിൽ കണ്ടിട്ടുണ്ടല്ലോ. അയാൾ വീണ്ടും ആഗതനോട് ചോദിച്ചു.
“നിങ്ങൾക്ക് ഖലീഫാ ഉമറിനെ അറിയുമോ..?”
“അറിയും.”
“ഖലീഫയുടെ സ്വഭാവം പരുക്കനാണെന്ന് എല്ലാവരും പറയുന്നത് ശരിയല്ലെ..?”
“വളരെ ശരിയാണ്.”
അവർ രണ്ടുപേരും ഇങ്ങിനെ ഓരോന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കൂടാരത്തിനകത്തുനിന്നും സ്ത്രീയുടെ ഞരക്കത്തിന് ശക്തികൂടി. പിന്നെ ഒരു പൈതലിന്റെ കരച്ചിൽ. നിർവൃതിയുടെ നിമിഷം. അകത്ത് ഒരു പിറവി നടന്നിരിക്കുന്നു. നിമിഷങ്ങൾ ഇഴഞ്ഞുനീങ്ങി. കൂടാരത്തിന്റെ കവാടം തുറക്കപ്പെട്ടു...
“ അമീറുൽ മുഅ്മിനീൻ ഇതാ ഇവിടെയൊരു പിറവി നടന്നിരിക്കുന്നു. താങ്കളുടെ സഹോദരന് ഒരാൺകുഞ്ഞ് ജനിച്ചിരിക്കുന്നു. ഈ സന്തോഷവാർത്ത അദ്ദേഹത്തെ അറിയിക്കൂ...”
കുഞ്ഞ് പിറന്നെന്നറിഞ്ഞ സന്തോഷത്തിലുമപ്പുറം അമീറുൽ മുഅ്മിനീൻ എന്ന വിളിയാണ് ആ പാവപ്പെട്ട കാട്ടറബിയുടെ ഹൃദയത്തിൽ പതിച്ചത്. അയാൾ ഞെട്ടിത്തരിച്ചു. ഒന്നും ഉരിയാടാൻ വയ്യാതെ കുറേ സമയം പകച്ചിരുന്നുപോയി..!!
അമീറുൽ മുഅ്മിനീൻ എന്ന് വിളിക്കുന്നത് ഖലീഫയെയാണ്. ഖലീഫ ഉമറാണ് അപ്പോൾ തന്റെ മുന്നിലിരിക്കുന്നത്.
താനെന്തൊക്കെയാണ് അദ്ദേഹത്തോട് പറഞ്ഞത്. ആദ്യം വന്നപ്പോൾ കോപിച്ചു വാളൂരി കൊല്ലുമെന്ന് പറഞ്ഞു. എന്നിട്ടും അദ്ദേഹത്തിന് ഒരു ഭാവഭേദമുണ്ടായില്ല. ഖലീഫ ക്രൂരനാണെന് അദ്ദേഹത്തിന്റെ മുഖത്ത് നോക്കി പറഞ്ഞു. എന്നിട്ടും
അദ്ദേഹം തനിക്ക് നേരെ കോപിച്ചില്ല. ഞാനെന്ത് പാപിയാണ് ഇലാഹീ, ആ ഗ്രാമീണൻ വിലപിച്ചു...
“അമീറുൽ മുഅ്മിനീൻ ഈ മഹാപാപിയോട് പൊറുക്കേണമെ.. എന്റെ അവിവേകം ക്ഷമിക്കേണമെ.. അങ്ങ് ഖലീഫയാണെന്നറിയാതെ ഞാനെന്തൊക്കെയോ പറഞ്ഞു. അങ്ങയെക്കൊണ്ട് ഞാൻ ഭൃത്യവേലയെടുപ്പിച്ചു. ഞാൻ പാപിയാണ്. അയാൾ പൊട്ടിക്കരഞ്ഞു...”
അതുകണ്ട് ഉമർ (റ) പറഞ്ഞു: “സഹോദരാ താങ്കൾ എന്നോട് എന്തുതെറ്റ് ചെയ്തിട്ടാണ് മാപ്പിനപേക്ഷിക്കുന്നത്, മാപ്പുതരേണ്ടവൻ അല്ലാഹുﷻവാണ്. അവന്റെ കൽപ്പനകൾ നടത്തുന്ന
അടിമ മാത്രമാണ് ഞാൻ, എന്റെ കടമ നിർവ്വഹിക്കുക മാത്രമാണ് ചെയ്തത്.”
അതായിരുന്നു ഉമർ. മഹാനായ ഉമർ (റ) താൻ ഖലീഫയായിരിക്കുമ്പോൾ തന്റെ രാജ്യത്തെ പ്രജകളുടെ ജീവിതം നേരിൽ കണ്ടു മനസ്സിലാക്കുവാനായി
പ്രഛന്നവേഷം കെട്ടി രാത്രിയുടെ നിശബ്ദതയിൽ ഗ്രാമങ്ങൾ തോറും നടക്കുന്ന ഭരണാധികാരി. ലോകം കണ്ട ഏറ്റവും നീതിമാനായ ജനപ്രതിനിധി.
പാവപ്പെട്ട ആ ഗ്രാമീണന്റെ ദുരവസ്ഥ കണ്ട് മനസ്സലിഞ്ഞ അദ്ദേഹം നേരെ
പോയത് സ്വന്തം വസതിയിലേക്കാണ്. വീട്ടിൽ ചെന്ന് സ്വന്തം ഭാര്യയെ വിളിച്ചു. തനിക്ക് തയ്യാർ ചെയ്ത് വെച്ചിരുന്ന ഭക്ഷണം ഗ്രാമീണന് കൊണ്ടുവന്നുകൊടുത്തു. അങ്ങിനെ ഗ്രാമീണന്റെ ഭാര്യയുടെ പേറെടുക്കാൻ വേണ്ടി വയറ്റാട്ടിയായി വന്നത് ഖലീഫയുടെ പ്രിയപ്പെട്ട പത്നിയായിരുന്നു. ആ മഹിളാ രത്നം ഭർത്താവ് അക്കാര്യം പറഞ്ഞപ്പോൾ യാതൊരു വൈമനസ്യവും കൂടാതെ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു.
ചരിത്രത്തിൽ തുല്യതയില്ലാത്ത സേവന മനസ്ഥിതിയുടെ ഉടമയായ രണ്ടാം ഖലീഫയുടെ ജീവിതം ചുരുളഴിയുകയാണ്...