പാതിരാത്രി... ഇരുട്ടിന്റെ കരിമ്പടത്തിനുള്ളിൽ ലോകമാകെ മൂടിപ്പുതച്ചുറങ്ങുന്ന സമയം. രാക്കിളികൾ പോലും തങ്ങളുടെ സംഗീതം മതിയാക്കി നേരിയൊരു മയക്കത്തിലേക്ക് വഴുതിയിരിക്കുന്നു. കുളിരുംകൊണ്ട് മന്ദാനിലൻ എല്ലായിടത്തും ഓടിനടക്കുന്നു. മനുഷ്യനായി പിറന്ന ഒരുത്തനും ഉണർന്നിരിക്കാനിടയില്ല.
ആ കറുത്ത രാത്രിയിൽ ഇരുട്ടിന്റെ മൂടുപടം ചികഞ്ഞുമാറ്റിക്കൊണ്ട് വെളിച്ചത്തിന്റെ ഒരു കീറ് പുറത്തേക്ക് കാണപ്പെട്ടു. അർദ്ധരാത്രി കഴിഞ്ഞിട്ടും അവിടെ ഇങ്ങനെ വെളിച്ചം കാണാൻ കാരണമെന്താണ്..? നമുക്കൊന്നന്വേഷിക്കാം...
യാത്രക്കാർ താൽക്കാലിക താവളത്തിന് വേണ്ടി കെട്ടിയുണ്ടാക്കിയതുപോലെ ഒരു കൂടാരം. കൂടാരത്തിനകത്തുനിന്നാണ് വെളിച്ചം പുറത്തു വരുന്നത്. പുറത്തെ കൂടാരത്തിന്റെ അരികിൽ തന്നെ ഒരൊട്ടകം. ഒട്ടകത്തിന് സമീപം ഒരു മനുഷ്യൻ. അയാൾ അസ്വസ്ഥനായി അങ്ങുമിങ്ങും നടക്കുന്നു. ഇടക്കിടെ എന്തൊക്കെയോ പിറുപിറുക്കുന്നു. ഇരുട്ടിൽ അയാളുടെ മുഖഭാവം പ്രത്യക്ഷമായി കാണുന്നില്ലെങ്കിലും അവിടെ നിറഞ്ഞുനിന്നത് ആരോടൊ ഉള്ള ഈർഷ്യയാണെന്ന് മനസ്സിലാക്കാമായിരുന്നു.
പെട്ടെന്ന് ഒരാൾ കൂടി അങ്ങോട്ടുവന്നു. ആഗതൻ തന്റെ കൈവശമുണ്ടായിരുന്ന വിളക്കിന്റെ തിരി നീട്ടി ഒട്ടകത്തിനു സമീപം നിൽക്കുന്നയാളെ ആകെയൊന്ന് നോക്കി. കൃശഗാത്രനായ ഒരു ഗ്രാമീണൻ, മുഷിഞ്ഞ് ചീത്തയായ വസ്ത്രങ്ങളാണയാൾ ധരിച്ചിരിക്കുന്നത്. അയാളുടെ മുഖത്ത് എന്തോ കാര്യമായ ഒരു പ്രശ്നം വായിച്ചെടുക്കാം.
കുറച്ചുസമയം അയാളെത്തന്നെ ഉറ്റുനോക്കിക്കൊണ്ട് ആഗതൻ നിശബ്ദത ഭഞ്ജിച്ചു.
“താങ്കൾ എന്താണിങ്ങനെ വിഷമിച്ചിരിക്കുന്നത്? എന്തൊ കാര്യമായൊരു ദുഃഖം താങ്കളെ പിടികൂടിയിട്ടുണ്ടെന്ന് ഈ മുഖഭാവത്തിൽ നിന്നറിയാം.”
ആഗതന്റെ വാക്കുകൾ കേട്ടപ്പോൾ അയാൾക്ക് കോപം അടക്കാനായില്ല. പെരുവിരലിൽനിന്ന് ഒരു തരിപ്പ് മുകളിലോട്ട് കയറി തുടങ്ങുകയായിരുന്നു. ആകെ വിഷമിച്ച് തലപുണ്ണാക്കിക്കൊണ്ടിരിക്കുന്ന സമയം ഒരുത്തൻ കിന്നാരം പറയാൻ വന്നിരിക്കുന്നു. അതോ അടുത്തുകൂടി പറ്റിക്കാനായി വല്ല കള്ളനോ കൊള്ളക്കാരനോ ആയിരിക്കുമോ ഇയാൾ. ഇപ്രകാരം ചിന്തിച്ചുംകൊണ്ട് അയാൾ പറഞ്ഞു.
“ഹേ മനുഷ്യാ! തനിക്ക് എത്രയും വേഗം ഇവിടെ നിന്നുപോകുന്നതാണ് നല്ലത്. നിന്റെ ഈ ചക്കരവാക്കുകൾക്കൊന്നും മറുപടി പറയാനുള്ള മാനസികാവസ്ഥയല്ല എനിക്കിപ്പോൾ.”
“താങ്കളുടെ മനസ്സിനെ എന്തോ ഒരു വ്യഥ അലട്ടുന്നുണ്ടെന്ന് എനിക്കറിയാം. എന്താണെന്ന് തുറന്നു പറയൂ... എന്നാൽ കഴിയുന്ന സഹായം ഞാൻ ചെയ്തുതരാം.”
അതുകേട്ടപ്പോൾ അയാളുടെ കോപം ഇരട്ടിക്കുകയാണുണ്ടായത്. അയാൾ അരയിൽ നിന്നും വാൾവലിച്ചുരി നീട്ടിപ്പിടിച്ചുകൊണ്ട് കർക്കശസ്വരത്തിൽ ആക്രോശിച്ചു.
“എടോ മര്യാദക്ക് സ്ഥലം വിടുന്നതാണ്. നല്ലത്. ഇനിയും കിന്നാരം പറഞ്ഞുകൊണ്ട് നിൽക്കാനാണ് ഭാവമെങ്കിൽ നിന്റെ തല നിലത്ത് കിടന്നു പിടയും.”
ആഗതൻ അതുകേട്ട് അൽപം പോലും പതറിയില്ല. അയാൾ കൂടുതൽ വിനയാന്വിതനായി ഇപ്രകാരം പറഞ്ഞു:
“സഹോദരാ എന്തവിവേകമാണ് താങ്കളിപ്പറയുന്നത്. ഞാൻ അസമയത്ത് ഈ പ്രദേശത്തുനിന്നും ഒരു വെളിച്ചം കണ്ടതുകൊണ്ടാണ് അതെന്താണെന്നറിയാനുള്ള അത്യാഗ്രഹത്തോടുകൂടി ഇങ്ങോട്ടോടി വന്നതാണ്. താങ്കൾക്കാണെങ്കിൽ ഇപ്പോൾ എന്തോ അത്യാഹിതം സംഭവിച്ചത് പോലെ തോന്നുന്നു. ഒരു നല്ല കൂട്ടുകാരന്റെ ആവശ്യം ഏറ്റവുമധികമുള്ള ഈ സന്ദർഭത്തിൽ ഞാൻ നിങ്ങളെ വിട്ടുപോകുന്നതിൽ എന്തർത്ഥമാണുള്ളത്? അതുകൊണ്ട്
പറയൂ താങ്കളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നമെന്താണ്? എന്തു പ്രശ്നമായാലും അല്ലാഹുﷻവിന്റെ അനുഗ്രഹത്തോടുകൂടി അതു തീർത്തുതരുവാൻ ഞാൻ തയ്യാറാണ്.”
ആഗതന്റെ വാക്കുകൾ കേട്ടപ്പോൾ അയാളുടെ കോപം തെല്ലൊന്നടങ്ങി. ഇയാൾ ഒരഭ്യുതയകാംക്ഷിയാണെന്ന് തോന്നുന്നു. തന്റെ വിഷമതകൾ ഇയാളോട് തുറന്നുപറഞ്ഞാൽ ഒരു പക്ഷെ വല്ല സഹായവും ചെയ്യാൻ കഴിഞ്ഞെന്ന് വരാം. ഇപ്രകാരം ആത്മഗതം ചെയ്തുകൊണ്ടയാൾ തന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കാര്യം ആഗതനോട് പറയാനൊരുങ്ങി.