ക്രിസ്താബ്ദം 588ലാണ് ഉമർ (റ) ജനിച്ചത്. ബനൂ അദ് യൂ
ഗോത്രമാണ് അദ്ദേഹത്തിന്റെ ഖബീല. നുഫൈലിന്റെ പുത്രനായ
ഖത്താബാണ് പിതാവ്. മാതാവ് ഹാശിമുബ്നു മുഗീറയുടെ മകളായ വാൻതമയും.
ഉമർ ജനിച്ചതറിഞ്ഞ പിതാവ് കുറേ മൃഗങ്ങളെ അറുത്ത് ബിംബങ്ങൾക്ക് കാഴ്ച വെച്ചു. അനന്തരം നാട്ടുകാരെ
വിളിച്ച് വലിയ സദ്യ നടത്തുകയും ചെയ്തു. ഉമർ (റ) വളർന്നു വലുതായപ്പോൾ ഖത്താബ് മകന്റെ നേരെ പൗരുഷമായ പെരുമാറ്റം പതിവാക്കി.
തന്റെ ആടുകളേയും ഒട്ടകങ്ങളേയും മേയ്ക്കാൻ ഉമർ(റ)വിനെ ഏൽപ്പിച്ചു. തൊട്ടതിനും പിടിച്ചതിനുമൊക്കെ മകനെ കഠിനമായി പ്രഹരിക്കുകയും ചെയ്തു. അങ്ങിനെ തന്റെ ബാല്യകാലം വളരെ ക്ലേശത്തോടുകൂടിയാണ് ഉമർ (റ) കഴിച്ചുകൂട്ടിയത്.
ഖുറൈശികളിൽ അക്കാലത്ത് എഴുത്തും വായനയും അറിയുന്നവരായി കേവലം വിരലിലെണ്ണാവുന്നവർ മാത്രമെ ഉണ്ടായിരുന്നുള്ളു. അവരിൽ ഒരാൾ ഉമറായിരുന്നു. പക്ഷെ അത് ഒരു ബഹുമതിയായി മക്കക്കാരും പരിഗണിച്ചിരുന്നില്ല. കൗമാരം പിന്നിട്ടപ്പോൾ കച്ചവട രംഗത്തേക്കും അദ്ദേഹത്തിന് ശ്രദ്ധ തിരിഞ്ഞു.
തുണിക്കച്ചവടമായിരുന്നു ഉമർ (റ) നടത്തിയിരുന്നത്. തന്റെ വ്യാപാരംകൊണ്ട് പല നാടുകളിലൂടെ സഞ്ചരിക്കാനും പലവിധ അറിവുകൾ നേടാനും ഉമർ(റ)വിന് സാധിച്ചു. തന്നെയുമല്ല അദ്ദേഹം പലവിധ ആയുധാഭ്യാസവും ഗുസ്തിയും കുതിരസവാരിയും പരിശീലിച്ചിരുന്നു. പ്രഗൽഭമതിയായ ഒരു വാഗ്മി കൂടിയായിരുന്നു ഉമർ(റ).
നല്ല സൗന്ദര്യവും ആകാരവടിവുമുള്ള ഒരു പുരുഷനായിരുന്നു ഉമർ(റ). ഓരോ വർഷവും മക്കയിൽ നടന്നുവരുന്ന പെരുന്നാളാഘോഷവേളയിൽ സംഘടിപ്പിക്കുന്ന മൽസരങ്ങളിലെല്ലാം അദ്ദേഹം പങ്കെടുക്കുകയും ഒന്നാം സ്ഥാനത്തെത്തുകയും ചെയ്യുന്നത് പതിവായിരുന്നു. തന്റെ കറുത്ത കുതിരപ്പുറത്തുകയറി അങ്ങാടിയിലെ മൽസര വേദിയിലേക്ക് ഉമർ (റ) പോകുന്നത് കാണാൻ തന്നെ ഒരു പ്രത്യേകതയാണ്.
ലഹരിസാധനങ്ങൾ സർവ്വസാധാരണമായ അറേബ്യയിൽ
ഉമറും (റ) ലഹരിയുടെ അടിമയായിരുന്നു. മദ്യം അദ്ദേഹത്തിന്റെ ഏറ്റവും വലിയ ദൗർബ്ബല്യങ്ങളിലൊന്നായി. കള്ള് അക്കാലത്ത് പുരോഗതിയുടെ ലക്ഷണമായിരുന്നു. ഇന്നത്തെ സൊസൈറ്റി ജീവിതത്തിൽ മദ്യപിക്കാത്തവന് സ്ഥാനമില്ലാത്തത് പോലെ അന്നത്തെ കാലത്തും മദ്യപിക്കാതിരുന്നത് പൗരുഷത്തിന് അപമാനകരമായി പരിഗണിച്ചിരുന്നു. അങ്ങിനെ എല്ലാം കൊണ്ടും ഉമർ(റ) അക്കാലത്ത വീരശൂര പരാക്രമികളിൽ ഒരാളായിരുന്നു.
ജാഹിലിയ്യാകാലം. ഇരുണ്ടയുഗമെന്ന് ചരിത്രകാരന്മാർ ആ കാലഘട്ടത്തെ വിശേഷിപ്പിച്ചിരുന്നു. മദ്യം സർവ്വസാധാരണമായത് പോലെത്തന്നെ മദിരാക്ഷിയും പുരുഷന്മാരുടെ ഇഷ്ടാനുസരണം ഉപയോഗിക്കാനുള്ള സുഖഭോഗ വസ്തുക്കളിലൊന്നായിരുന്നു.
പെണ്ണുങ്ങൾക്ക് സമൂഹത്തിൽ അക്കാലത്ത് മറ്റൊരു പരിഗണനയും
ലഭിച്ചിരുന്നില്ലെന്നതാണ് നേര്.
ഇന്നത്തെ സ്ത്രീ-പുരുഷ സമത്വ വാദികൾ ആ കാലഘട്ടത്തെക്കുറിച്ച് അൽപ്പം ചിന്തിക്കുന്നത് അത്യാവശ്യമാണെന്ന് തോന്നുന്നു. ഏതുനിലയിൽ കഴിഞ്ഞിരുന്ന
സ്ത്രീ ജനങ്ങളെയാണ് നബി ﷺ ഇത്രയധികം സ്ഥാനമാനങ്ങൾ
നൽകുകയും അവകാശങ്ങളും കടമകളുമുള്ള ജീവിത പങ്കാളികളാക്കുകയും ചെയ്തുവെന്ന് അറിഞ്ഞുവെങ്കിൽ മാത്രമെ ഇസ്ലാമിനെതിരിലുള്ള പരിഹാസ വചനങ്ങൾക്ക് അറുതിവരുത്തുകയുള്ളൂ.
പെണ്ണുങ്ങൾ അവർ തങ്ങൾക്ക് തോന്നുമ്പോൾ സംഭോഗത്തിലേർപ്പെടാനുള്ള ഒരു വസ്തു അതായിരുന്നു. ജാഹിലിയ്യ കാലഘട്ടത്തിലെ അറബികളുടെ ഉള്ളിലിരിപ്പ്. ഭോഗിക്കാനും പ്രസവിക്കാനും അവർക്ക് പെണ്ണുങ്ങൾ വേണം. എന്നാൽ സ്വന്തം പുത്രിമാർ അവർക്കുണ്ടായിക്കൂടാ.
ഭാര്യ ഗർഭിണിയായിക്കഴിഞ്ഞാൽ ഓരോ ഭർത്താവിന്റേയും കരളിൽ തീയാണ്. അവൾ പ്രസവിക്കുന്നത് വരെ ഉറക്കം നഷ്ടപ്പെട്ട രാവുകളായിരിക്കും അയാളുടെ മുമ്പിൽ. അങ്ങിനെ തന്റെ ഭാര്യ ഒരു പുരുഷപ്രജയെ പ്രസവിച്ചാൽ അയാൾ ദീർഘശ്വാസം വലിക്കും. ദൈവങ്ങൾക്ക് നന്ദി രേഖപ്പെടുത്തും. മൃഗങ്ങളെ ബലി നൽകും.
നേരെ മറിച്ച് പെൺകുഞ്ഞാണ് തനിക്ക് പിറന്നതെങ്കിൽ ആ പിതാവിന്റെ മട്ട് മാറും. അയാളുടെ മുഖം കറുക്കും. അവിടെ ഒരു ബീഭൽസ പ്രത്യക്ഷപ്പെടും. പിന്നെ പൈശാചികമായൊരു വികാരത്തോടുകൂടി ആ ചോരപൈതലിനെ കുഴിച്ചു മൂടും.
തന്റേതല്ലാത്ത കുറ്റത്തിന് ആ കുരുന്നുജീവൻ ഹോമിക്കപ്പെടും. ഇത്രയും ഭയാനകമായ നീച പ്രവർത്തി ചെയ്യാൻ ഒരു കൂസലുമില്ലാത്ത വിഭാഗങ്ങളായിരുന്നു അറബികൾ. ആ അറബികളിൽ ഇത്തരം പ്രവർത്തനങ്ങൾ ചെയ്ത് ജീവിച്ച പ്രാകൃത സ്വഭാവക്കാരനായിരുന്നു ഉമർ(റ).
ഇത്തരം നീചപ്രവർത്തികൾ താൻ ചെയ്തത് പിൽകാലത്ത് പശ്ചാതാപവിവശനായി കണ്ണുനീരോടു കൂടി ഉമർ (റ) ഉദ്ധരിക്കാറുണ്ടായിരുന്നു.