കിസ്റാ കൈസറിനെ കിടുകിടെ വിറപ്പിച്ച മഹാനായ ഉമറുൽ
ഫാറൂഖ് (റ) ഒരു പാവപ്പെട്ടവനെപ്പോലെയാണ് ജീവിതം നയിച്ചത്. ചുട്ടുപഴുത്ത മണലിൽ കൂടി നഗ്നപാദനായി അദ്ദേഹം നടന്നു. കീറിത്തുന്നിയ വസ്ത്രങ്ങൾ ധരിച്ച് ക്ഷീണം വരുമ്പോൾ മരത്തണലിൽ കിടന്നുറങ്ങി. പാതിരാവിൽ ഉറങ്ങാതെ ജനങ്ങളുടെ ക്ഷേമങ്ങളന്വേഷിച്ച് ചുറ്റിക്കറങ്ങി.
ഒരു രാജ്യത്തിന്റെ പ്രതിനിധി മഹാനായ ഖലീഫയെ കാണാൻ വന്ന സംഭവം വിസ്മയാവഹമായിരുന്നു. മഹാനായ രാജാവ് ഭീമാകാരമായ കോട്ടക്കുള്ളിൽ മനോഹരമായി പണിത ഏഴുനില മാളിക അതിൽ പരിവാരങ്ങളോടു കൂടി സർവ്വാഡംബരത്തോടെ ജീവിക്കുന്ന ഖലീഫ അതാണ് ആഗതൻ
മനസ്സിൽ കണ്ടത്. പക്ഷെ മദീനയിലെത്തിയപ്പോൾ അവിടെ കോട്ടയുമില്ല കൊത്തളവുമില്ല.
എവിടെ ഖലീഫയുടെ ആസ്ഥാനം ആഗതൻ അന്വേഷിച്ചു. ആസ്ഥാനം കണ്ടു. ചെറിയൊരു വീട്. ഖലീഫ പുറത്തുപോയതാണ്. സൈന്യങ്ങളോ പരിവാരങ്ങളോ ഇല്ലാതെ ഏകനായി രാജാവ് പുറത്തുപോവുകയോ..? അയാൾക്ക് വിശ്വസിക്കാനായില്ല.
പക്ഷെ അതായിരുന്നു സത്യം. ഖലീഫയെ തിരഞ്ഞു നടന്ന ആ ദൂതന് ഒരു വൃക്ഷച്ചുവട്ടിൽ കൈതലക്ക് വെച്ച് ഉറങ്ങുന്ന ഫഖീറിനെയാണ് കാണാൻ സാധിച്ചത്. സാമ്രാജ്യങ്ങൾ അടക്കി
വാഴുന്ന ഖലീഫ ഉമർ (റ) അതാണെന്ന് ആരൊക്കെപ്പറഞ്ഞിട്ടും അയാൾക്ക് വിശ്വസിക്കാനായില്ല. ഒടുവിൽ വിശ്വാസം വന്നപ്പോൾ ഖലീഫ പ്രതിനിധാനം ചെയ്യുന്ന മഹത്തായ ആദർശത്തിൽ അയാൾ വിശ്വസിക്കുകയാണുണ്ടായത്.
ഇതുപോലൊരു ഭരണാധികാരിയെ ലോകചരിത്രത്തിൽ ചൂണ്ടി കാണിക്കാൻ സാധിക്കുമോ..? ജനസേവനമെന്ന മുദ്രവാക്യവുമായി നടന്ന് പാവപ്പെട്ടവരെ ചൂഷണം ചെയ്ത് കുമ്പവീർപ്പിക്കുന്ന ആധുനിക മനുഷ്യജീവികൾ ഉമർ (റ) വിന്റെ മാതൃകയിൽ നിന്ന് പ്രചോദനമുൾകൊണ്ട് പുതിയൊരു തലമുറയെ വാർത്തെടുക്കാനുള്ള യജ്ഞത്തിൽ പങ്കാളികളാകുമോ..? എങ്കിൽ നമ്മുടെ നാട് എത്രയോ സമ്പൽസമൃദ്ധമാകുമായിരുന്നു.
നബി ﷺ പങ്കെടുത്ത എല്ലാ യുദ്ധത്തിലും ഉമർ (റ) പങ്കെടുത്തിരുന്നു. തിരുനബിﷺയെക്കുറിച്ച് ആര് എന്തെങ്കിലും പറഞ്ഞാൽ ഉമർ (റ) വിന്ന് അത് സഹിക്കാൻ കഴിയുമായിരുന്നില്ല.
ഭീരുത്വം അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ലാത്ത ഒരു പദമായിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങളാസകലം അദ്ദേഹത്തെ ബഹുമാനിക്കുകയും അതുപോലെത്തന്നെ ഭയപ്പെടുകയും ചെയ്തിരുന്നു.
അബൂഹഫ്സ് എന്നായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനപേർ. അതായത് സിംഹകുട്ടിയുടെ പിതാവ്. ഉമർ(റ)വിന്റെ ധീരതകൊണ്ട് നബിﷺയാണ് പേർ നൽകിയത്.
നബിﷺയുടേയും അബൂബക്കർ സിദ്ധീഖ് (റ) ഉൾപ്പെടെയുള്ള മറ്റു പ്രമുഖ സഹാബികളുടേയും മുമ്പിൽ വെച്ച് ദഫ് മുട്ടുക, പാട്ടു പാടുക മുതലായ വിനോദങ്ങളിലേർപ്പെടുന്നവർ ഉമർ(റ) വരുന്നുണ്ടെന്നറിഞ്ഞാൽ അതെല്ലാം നിർത്തുകയും ബഹുമാനപുരസ്സരം നിൽക്കുകയും പതിവായിരുന്നു. ഭരണഭാരം ഏറ്റെടുത്താൽ തന്റെ പൗരുഷം നിറഞ്ഞ പെരുമാറ്റം കൊണ്ട് ജനങ്ങൾക്ക് വല്ല വിഷമവും നേരിടുമോ എന്ന് ഉമറിന് (റ) തന്നെ ഭയമുണ്ടായിരുന്നു. അതുകൊണ്ട്തന്നെ അദ്ദേഹം കൂടുതൽ വിനയാന്വിതനായി പെരുമാറാൻ പരമാവധി ശ്രമിച്ചിരുന്നു.
എന്നിട്ടും പലർക്കും അദ്ദേഹത്തോടുള്ള ഭയം നീങ്ങിയിരുന്നില്ല. ചിലർ ആവലാതി പറയുകതന്നെ ചെയ്തു. ഖലീഫ ഒന്നു മൃദുലമായി പെരുമാറിയിരുന്നെങ്കിൽ..? ഇതെല്ലാം കേട്ട് ഉമർ (റ) കൂടുതൽ വിനയാന്വിതനായി...
ഒരതിർത്തി തർക്കത്തിൽ കരുത്തനായ അബൂസുഫ്യാന്റെ നേർക്ക് പോലും അദ്ദേഹം ചാട്ടവാറോങ്ങി. തെറ്റ് ആരുടെ ഭാഗത്ത് കണ്ടാലും അതിനെതിരെ പടവാളുയർത്താൻ അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നില്ല. അതിൽ തറവാടോ, കുലമോ, സമ്പത്തോ ഖലീഫ പ്രശ്നമാക്കി എടുത്തിരുന്നില്ല...
പ്രഗൽഭമതികളെന്നറിയപ്പെടുന്ന പല സഹാബികളെയും തെറ്റ് ചെയ്തതിന്റെ പേരിൽ അദ്ദേഹം സ്ഥലം മാറ്റുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്തിനധികം പറയുന്നു, സ്വന്തം മകന്റെ കാര്യത്തിൽ പോലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്...