29 Mar, 2023 | Wednesday 7-Ramadan-1444

   ഭരണ കാര്യങ്ങളിൽ മനസ്സും ശരീരവും വിശ്രമമില്ലാതെ മുഴുകുമ്പോഴും പരലോക ചിന്ത അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഉറഞ്ഞ് കൂടുമായിരുന്നു. രാത്രി നിസ്കാരവും ഖുർആൻ പാരായണവും അദ്ദേഹം അധികരിപ്പിച്ചിരുന്നു. 


കാണുന്നവരോടെല്ലാം ഉമർ (റ) പ്രായവ്യത്യാസമില്ലാതെ ദുആ ചെയ്യാൻ വസ്വിയ്യത്ത് ചെയ്യും. വെറുതെയിരിക്കുന്ന കാര്യം തന്നെ സങ്കൽപ്പിക്കാൻ അദ്ദേഹത്തിനാവില്ല. തന്റെ ഏതൊരു പ്രവർത്തനത്തിനും അല്ലാഹു ﷻ വിനോട് സമാധാനം ബോധിപ്പിക്കേണ്ടിവരുമെന്ന ഉത്തമബോധ്യത്തോടെയാണ് ഉമർ (റ) പെരുമാറിയത്. 


 ഓരോ ദിവസവും തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം ആത്മപരിശോധന നടത്തുകയും മനഃസാക്ഷിയെ കുറ്റപ്പെടുത്തുകയും ചെയ്യൽ പതിവായിരുന്നു. ഒരു നന്ദിയുള്ള അടിമയായി മരണം വരിക്കുക. അതാണ് ഉമർ(റ) വിന്റെ ജീവിതലക്ഷ്യം. സ്വന്തം ന്യൂനതകൾ ചൂണ്ടികാണിച്ചുതരുന്ന അനുയായികളെ ഖലീഫ അത്യധികം സ്നേഹിച്ചു. 


 വിശിഷ്ടാഭോജ്യങ്ങളെ അദ്ദേഹം വർജ്ജിച്ചു. സ്വന്തം മക്കളോടും അതിൽ നിന്നകന്നു നിൽക്കാൻ കൽപിച്ചു. സ്വന്തം മകൻ വളർത്തുന്ന ഒട്ടകത്തിന് ജനങ്ങൾ അമീറുൽ മുഅ്മീനിന്റെ പുത്രന്റെ ഒട്ടകം എന്നപേരിൽ ഭക്ഷണം നൽകുകയും അങ്ങിനെ അത് തടിച്ചുകൊഴുക്കുകയും ചെയ്തത് കണ്ടപ്പോൾ ആ ഒട്ടകത്തെ വിറ്റ് അതിന്റെ ലാഭം ബൈത്തുൽ മാലിലേക്ക് മുതൽകൂട്ടുകയാണ് ഖലീഫ ചെയ്തത്.


 യുദ്ധത്തിൽ നിന്നുകിട്ടുന്നതും മറ്റുമായ സമ്പത്തുക്കൾ ജനങ്ങൾക്ക് വിതരണം നടത്തുമ്പോൾ സ്വന്തം കുടുംബത്തിൽപ്പെട്ട ഒരാൾക്കും ഉമർ(റ) അതു നൽകിയിരുന്നില്ല. സ്വന്തം മകനെ കൂഫയിലെ ഗവർണ്ണറാക്കാൻ പലരും ശുപാർശ ചെയ്തതെങ്കിലും സ്വജനപക്ഷപാതത്തിന്ന് അദ്ദേഹം തയ്യാറായില്ല. 


 റോമാസാമ്രാജ്യത്തിലെ രാജ്ഞി തന്റെ ഭാര്യ ഉമ്മുകുൽസുവിന്ന് കൊടുത്തയച്ച രത്നങ്ങൾപോലും അദ്ദേഹം ബൈത്തുൽമാലിലേക്ക് ചേർക്കുകയാണുണ്ടായത്. ബൈത്തുൽമാലിലെ ധനം ഒരാവശ്യത്തിനും അദ്ദേഹം സ്വന്തമായി ഉപയോഗിച്ചിരുന്നില്ല. തനിക്ക് എന്തെങ്കിലും അത്യാവശ്യം നേരിട്ടാൽ തന്നെ മറ്റാരോടെങ്കിലും വായ്പ്പവാങ്ങലായിരുന്നു പതിവ്. പൊതുമുതൽ ചിലവഴിക്കുന്ന കാര്യത്തിൽ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു.


 സ്വന്തം വസ്ത്രധാരണത്തിലും മറ്റും ലാളിത്യം പുലർത്തിയരുന്ന ഖലീഫ ഭാര്യമാരുടെ ആവലാതികൾ കേൾക്കുമ്പോൾ അദ്ദേഹം അവരെ പരലോകത്തെ കാര്യം പറഞ്ഞ് സമാധാനിപ്പിക്കുകയാണ് പതിവ്. 


 ഭരണം ഒരു മുൾകിരീടമായിട്ടാണ് അദ്ദേഹത്തിന് തോന്നിയത്. എന്റെ തല മുറിക്കപ്പെടുന്നതാണ് ഇതിലും

ഭേദം എന്നദ്ദേഹം പറയുമായിരുന്നു.


 എത്രയോ അധമന്മാരായി ജീവിച്ച അറബികളിൽ ഇക്കാണുന്ന നേട്ടങ്ങളത്രയും ഉണ്ടാക്കിത്തീർത്തത് പരിശുദ്ധ ഇസ്ലാമിലൂടെയാണെന്ന ഉത്തമ ബോദ്ധ്യം ഉമറിന് (റ) ഉണ്ടായിരുന്നു. 


 മാന്യമായ ഐഹിക ജീവിതം അങ്ങിനെ വിജയകരമായ പരലോകജീവിതം, ഇതായിരുന്നു തനിക്കും തന്റെ ജനതക്കും ഖലീഫ പ്രതീക്ഷിച്ചത്. അതിനുവേണ്ടിയാണ് ആജീവനാന്തം അദ്ദേഹം പ്രയത്നിച്ചത്.


 യാചന ഉമർ (റ) വിന് ഇഷ്ടമുള്ള കാര്യമായിരുന്നില്ല. ഒരു യാചകന്റെ

കയ്യിൽ നിന്ന് അവൻ സംഭരിച്ച ഗോതമ്പുപൊടി പിടിച്ചുവാങ്ങി

ഒട്ടകങ്ങൾക്ക് നൽകുകയും അവനെ മേലിൽ ഈ പണിക്ക് നടക്കരുതെന്ന് കൽപിക്കുകയും അവന്റെ ജീവിതത്തിനുവേണ്ട തൊഴിൽ

നിർദ്ദേശിച്ചു കൊടുക്കുകയും ചെയ്ത ചരിത്രം ഉമർ (റ) വിന്നുണ്ട്.


 പാരത്രിക ജീവിതത്തിലേക്കുള്ള യാത്രയിലെ വിശ്രമഘട്ടത്തിൽ അൽപനേരത്തെ ജീവിതത്തിനു വേണ്ടി ദുനിയാവിലെത്തപ്പെട്ട മനുഷ്യൻ ഇവിടെ തിന്നുമദിച്ച് സർവ്വാലങ്കാര വിഭൂഷിതനായി നടക്കുന്നതിനെ ഖലീഫ വെറുത്തിരുന്നു. 


 പല ഗവർണ്ണർമാരേയും അവർ ധരിച്ചിരുന്ന വിലകൂടിയ ഉടുപ്പുകൾ അഴിപ്പിച്ച് പരുക്കൻ വസ്ത്രങ്ങൾ ധരിക്കാൻ ഉമർ (റ) നിർദ്ദേശിച്ചിരുന്നു. തന്റെ മുമ്പിൽ ആർക്കും എന്തും സങ്കടവും എപ്പോൾ വേണമെങ്കിലും ഉണർത്താം. അതുകേൾക്കാനും പരിഹാരം കൈകൊള്ളാനും ഉമർ (റ) സദാസന്നദ്ധനായിരുന്നു. അതുപോലെത്തന്നെ ആർക്കും ഉമറിനെ (റ) ശകാരിക്കാമായിരുന്നു. 


 പരുക്കനെന്ന് ഖ്യാതി നേടിയ ആ മഹാ പുരുഷൻ തന്റെ ഭരണവൈകല്യത്തെക്കുറിച്ച് സംസാരിക്കുന്നവരുടെ നേരെ നോക്കി പുഞ്ചിരിതൂകുക മാത്രമേ ചെയ്തുള്ളൂ...


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm