Wednesday - 22 April, 2026 4-Dhu al-Qadah-1447

ഏറ്റവും വലുത് ഇസ്ലാം ...(3)

   ഇസ്ലാമിനെതിരെയുള്ള വെല്ലുവിളികൾ ഉമർ (റ) വിന്ന് ഒരിക്കലും വെച്ച് പൊറുപ്പിക്കുവാൻ കഴിഞ്ഞിരുന്നില്ല. അങ്ങിനെ വല്ലതും കേൾക്കാനിടയായാൽ അദ്ദേഹത്തിന്റെ രോഷം ഇരച്ചുകയറും. പിന്നെ നിയന്ത്രിക്കാനാവില്ല. 


 പലപ്പോഴും നബിﷺയുടെ സ്നേഹപൂർണ്ണമായ നിർബന്ധമാണ് അദ്ദേഹത്തെ പിടിച്ചുനിർത്തിയിരുന്നത്. തനിക്ക് ശരിയെന്ന് തോന്നുന്നത് വെട്ടിത്തുറന്ന് പറയാൻ ഒരിക്കലും അദ്ദേഹം മടികാണിച്ചില്ല. 


 ബദർ യുദ്ധം അവസാനിച്ചു.

നബിﷺയും സ്വഹാബികളും അല്ലാഹു ﷻ വിന്റെ അപാരമായ അനുഗ്രഹത്താൽ വിജയിച്ചു. ഖുറൈശി പ്രമുഖർ പലരും വധിക്കപ്പെട്ടു. കുറേപേരെ തടവുകാരായി പിടിച്ചു. തടവുകാരെ പരസ്പരം കൈമാറാനാണ് തിരുനബി ﷺ കരാറുണ്ടാക്കിയത്. 


 അപ്പോഴാണ് അവരുടെ കൂട്ടത്തിൽ സുഹൈലുബ്നു അംറിനെ ഉമർ (റ) കണ്ടത്. പെട്ടെന്ന് പെരുവിരലിൽ നിന്ന് ഒരു തരിപ്പ് മുകളിലേക്ക് ഇരച്ചു

കയറി. കോപം കൊണ്ട് ഉമർ (റ) ഞെരിപിരികൊണ്ടു. ഒരൊറ്റ വെട്ടിന്

സുഹൈലിന്റെ കഥ കഴിക്കാനുള്ള ദേഷ്യം ആ മുഖത്ത് പ്രതിഫലിച്ചു.


 സുഹൈൽ വലിയ വാഗ്മിയാണ്. ആ വാഗ്ദാരണയിൽ ആരും മയങ്ങിപ്പോകും. മണിക്കൂറുകളോളം അയാൾ പ്രസംഗിക്കും. പക്ഷെ അയാളുടെ വാചാലത ചിലവഴിച്ചത് നബിﷺയെയും ഇസ്ലാം ദീനിനേയും താറടിച്ചുകാണിക്കാനാണ്. അയാളെക്കൊണ്ട് ഒരുപാട് ഉപദ്രവം ഇസ്ലാമിനുണ്ടായിട്ടുണ്ട്. അതാണ് സുഹൈലിനെ കണ്ടപാടെ ഉമർ (റ) വിന്റെ ഈ ഭാവമാറ്റത്തിന് കാരണം. 


 അവന്റെ നാവു കൊണ്ട് എത്രയെണ്ണത്തിനെ വഴിപിഴപ്പിച്ചു. ആ നാവ് തനിക്ക് പിഴുതെടുക്കണം. ആ പല്ലുകൾ പറിച്ചെടുക്കണം. കലികൊണ്ട് വിറച്ചുതുള്ളുന്ന ഉമർ(റ), പക്ഷെ നബി ﷺ യുടെ സാമീപ്യം അദ്ദേഹത്തെ ആത്മസംയമനത്തിന് പാകമാക്കിയിരുന്നു. എങ്കിലും തന്റെ

ഉള്ളിലിരുപ്പ് അദ്ദേഹം നബിﷺയുടെ മുമ്പിൽ അവതരിപ്പിച്ചു.


 “അല്ലാഹു ﷻ വിന്റെ റസൂലെ (ﷺ), സുഹൈലിന്റെ പ്രസംഗം കൊണ്ട് നമുക്കുണ്ടായ നഷ്ടം ചില്ലറയല്ല. അവനെ സ്വതന്ത്രനാക്കിയാൽ ഇനിയും ഈ തോന്ന്യാസം തുടരും. അതുകൊണ്ട് എനിക്കൊരപേക്ഷയുണ്ട്. സുഹൈലിനെ എനിക്ക് വിട്ടുതരൂ. ഞാൻ ആ നശിച്ച നാവ് പറിച്ചെടുക്കട്ടെ..!!


 ഉമറിന്റെ വാക്കുകൾ നബിﷺയിൽ ഒട്ടും സ്വാധീനം ചെലുത്തിയില്ല. അവിടുന്ന് (ﷺ) പറഞ്ഞു: “ഉമറേ,ക്ഷമിക്കൂ.., അനാവശ്യമായി ഒരാളേയും അംഗഹീനരാക്കാൻ നമുക്കവകാശമില്ല.”


 തന്നെയുമല്ല നബി ﷺ തടവുകാരെ കൈമാറുന്ന കൂട്ടത്തിൽ സുഹൈലിനേയും ഖുറൈശികൾക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്.


 തന്റെ പ്രാണനെക്കാളധികം ഉമർ (റ) നബിﷺയെയും ദീനിനേയും സ്നേഹിച്ചു. നബിﷺയുടെ രോമത്തിനു പോലും പോറലേൽക്കുന്നത് അദ്ദേഹത്തിന് സഹിക്കാൻ കഴിയുമായിരുന്നില്ല.


 ഉഹ്ദ് യുദ്ധത്തിലെ വിഷമസന്ധിയിൽ നബിﷺയോടൊപ്പം നിന്ന് അവിടുത്തെ (ﷺ) രക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിന്നത് ഉമർ (റ) വായിരുന്നു. യഥാർത്ഥത്തിൽ ഉഹ്ദ് യുദ്ധത്തിൽ മുസ്ലിംകൾ വിജയിച്ചതാണ്. പക്ഷെ നേതാവിന്റെ കൽപന അനുസരിക്കാത്ത അനുയായികൾക്ക് ഒരു പാഠമെന്ന നിലയിലാണ് പിന്നെ പരാജയം സംഭവിച്ചത്. 


 ശത്രുക്കൾ പരാജയപ്പെട്ടോടിയപ്പോൾ നബിﷺയുടെ അനുമതി കിട്ടുന്നതിന്നു മുമ്പുതന്നെ കാവൽക്കാരല്ലാം ഗനീമത്ത് വാരിക്കൂട്ടാൻ തുടങ്ങി. ഈ തക്കം മുതലെടുത്ത് ഖുറൈശികൾ പിറകിൽ കൂടി വന്ന് ആക്രമിച്ചു. പെട്ടെന്നു സംഭവിച്ചതെന്താണെന്നറിയാതെ മുസ്ലിംകൾ പലരും ഓടി രക്ഷപ്പെട്ടു. 


 അതിന്നിടയിലാണ് “മുഹമ്മദ് കൊല്ലപ്പെട്ടു...”എന്ന ഖുറൈശികളുടെ പ്രചരണം ഉണ്ടായത്. അതോടെ ആത്മധൈര്യം ചോർന്നു. അവർ പിന്തിരിഞ്ഞു. ശത്രുക്കൾ നബിﷺയെ ആക്രമിച്ചു. അവിടുത്തെ (ﷺ) തലയിൽ മുറിവ് പറ്റി. മുൻപല്ല് പൊട്ടിപ്പോയി. ഉമർ (റ) തന്റെ ജീവൻ പണയം വെച്ച് നബിﷺയുടെ മുമ്പിൽ ഉറച്ചുനിന്നു പൊരുതി. ശത്രുക്കൾ പിന്തിരിയുവോളം ആ മഹാരഥൻ ശക്തമായി എതിർത്തു...