ഒരിക്കൽ കൂഫയിൽ പോയി തിരിച്ചു വരികയായിരുന്ന ഖലീഫ ഒരു കുടിലിന്റെ മുമ്പിലൂടെ കടന്നുപോയപ്പോൾ അതിനകത്ത് ഉണ്ടായിരുന്ന വൃദ്ധ ഇപ്രകാരം ശപിക്കുകയുണ്ടായി. “ഉമറ് നശിക്കട്ടെ. ഖലീഫ നശിക്കട്ടെ..!!”
ഇതെന്ത് കഥ. എന്തിനാണ് ആ വൃദ്ധ തന്റെ നാശത്തിന്ന് വേണ്ടി പ്രാർത്ഥിക്കുന്നത്. സംശയാലുവായ ഉമർ (റ) അവിടെ ഇറങ്ങി ആ വൃദ്ധയോട് കാരണമാരാഞ്ഞു. തന്റെ മുമ്പിൽ വന്നത് വെറുതെ വഴിപോക്കൻ മാത്രമാണെന്ന ധാരണയിൽ കിഴവി പറഞ്ഞു: “ഉമർ ഖലീഫയായതിനുശേഷം ഒരു മണി ധാന്യം എനിക്ക് കിട്ടിയിട്ടില്ല...”
“പാവം ഖലീഫ, അദ്ദേഹം ഇതൊന്നും അറിയുന്നുണ്ടാവുകയില്ല. പിന്നെയെന്തിന് നിങ്ങളദ്ദേഹത്തെ ശപിക്കുന്നു..?”
ഉമറിന്റെ ചോദ്യം കേട്ട് വൃദ്ധ തട്ടിക്കയറി. “പിന്നെ എന്തിനാണയാൾ ഖലീഫയായത്. ഖലീഫയാകുമ്പോൾ നാട്ടിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ അറിയേണ്ടതല്ലേ..?!”
വൃദ്ധയുടെ വാക്കുകൾ കേട്ട് ഉമറിന്റെ (റ) ഉള്ളം നീറി. അദ്ദേഹം പശ്ചാതാപവിവശനായി... കണ്ണുനീർതുള്ളികൾ ധാരധാരയായി ആ കവിളിലൂടെ പ്രവഹിക്കാൻ തുടങ്ങി...
മറ്റുള്ളവരുടെ നിർദ്ദേശങ്ങൾ ശരിയെന്നുതോന്നിയാൽ ഉമർ (റ) സ്വീകരിക്കുകയും അതനുസരിച്ച് തന്റെ അഭിപ്രായങ്ങൾ ഭേദഗതി ചെയ്യുകയും ചെയ്യൽ പതിവായിരുന്നു.
മഹറിന്ന് പരിധി നിശ്ചയിക്കുവാനുദ്ദേശിച്ചപ്പോൾ ഒരു സ്ത്രീയാണ് അദ്ദേഹത്തെ വിലക്കിയത്. സന്തോഷപൂർവ്വം ആ വിലക്ക് സ്വീകരിക്കുകയാണുണ്ടായത്.
ഗ്രാമങ്ങൾതോറും ജനങ്ങളുടെ സ്ഥിതിഗതികൾ മനസ്സിലാക്കാൻ വേണ്ടി ചുറ്റി സഞ്ചരിക്കാറുള്ള ഖലീഫക്ക് ഒരിക്കലുണ്ടായ അനുഭവം ചിന്താർഹമായിരുന്നു. ഒരു കുടിലിന്റെ സമീപത്തെത്തിയ അദ്ദേഹം ഒരു വാഗ്വാദം കേൾക്കാനിടയായി. ഉമ്മയും മകളും തമ്മിലുള്ള വാക്ക് തർക്കമാണ് ഖലീഫ കേട്ടത്...
ഉമ്മ: “മകളേ ആ പാലിലെല്ലാം വെള്ളം ചേർത്ത് ശരിയാക്കി വെക്കുക. മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കാനുള്ളതാണ്.”
മകൾ: “ഉമ്മയെന്താണീ പറയുന്നത്. പാലിൽ വെള്ളം ചേർക്കുന്നത് കുറ്റകരമാണെന്ന് ഖലീഫ അറിയിച്ചിട്ടില്ലെ..!!”
ഉമ്മ: “ഖലീഫക്ക് നീ പാലിൽ വെള്ളം ചേർക്കുന്നുണ്ടോ എന്ന് നോക്കി നിൽക്കലാണോ ജോലി. നീ വെള്ളം ചേർത്താൽ അതൊരു കുഞ്ഞുപോലും അറിയാൻ പോകുന്നില്ല.”
മകൾ: “മനുഷ്യരുടെ കണ്ണുകളെ നമുക്ക് മൂടിവെക്കാൻ കഴിഞ്ഞേക്കും. എന്നാൽ നമ്മുടെ ചെയ്തികൾ മുഴുവനും കാണുന്ന റബ്ബ് ഉണ്ടെന്ന കാര്യം ഉമ്മയെന്താണോർക്കാത്തത്.”
കറകളഞ്ഞ ഈമാനിൽ പൊതിഞ്ഞ ആ പെൺകുട്ടിയുടെ വാക്കുകൾ ഉമർ (റ) വിന്റെ കരളിൽ തേൻമഴ വർഷിച്ചു. തന്റെ ജനത മോശക്കാരല്ല. അവർ സത്യസന്ധരാണ്. തെറ്റിലേക്ക് വഴുതിപ്പോകുന്ന ഉമ്മമാരെ നിയന്ത്രിക്കാൻ മാത്രം വളർന്ന മക്കൾ... പിന്നെ താനെന്തിന് ആശങ്കാകുലനാകണം. ഉമർ (റ) വീട്ടിലേക്ക് മടങ്ങി.
അധികം താമസിച്ചില്ല. സത്യസന്ധതയുടെ നിറകുടമായ ആ
പെൺകൊടിയെ സ്വന്തം മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയാണ് ഉമർ (റ) ചെയ്തത്.
മറ്റൊരവസരത്തിൽ ആട്ടിടയനായ ഒരു ബാലന്റെ സത്യസന്ധതയും ഉമർ(റ) വിന്ന് നേരിട്ടനുഭവപ്പെട്ടു. ഖലീഫ നടന്നുപോകുമ്പോൾ ആട്ടിൻപറ്റത്തെയും മേച്ചുകൊണ്ട് ഇടയബാലൻ എതിരിൽ വരികയായിരുന്നു
“ഇതിൽ നിന്നും ഒരാടിനെ എനിക്ക് തരുമോ, തക്കതായ വില തരാം..?” ഖലീഫ ചോദിച്ചു...
“എന്റെ യജമാനനെ വഞ്ചിക്കാൻ ഞാൻ ഒരുക്കമല്ല.” ഇടയബാലൻ പ്രതിവചിച്ചു.
“കണക്കില്ലാത്ത ആട്ടിൻപറ്റങ്ങളിൽ നിന്ന് ഒരെണ്ണം കുറഞ്ഞാൽ നിന്റെ യജമാനൻ എങ്ങിനെ അറിയാനാണ്..?”
“എല്ലാം കാണുന്ന രാജാധിരാജനായ അല്ലാഹു ﷻ വിന്റെ കണ്ണുവെട്ടിക്കാൻ ആർക്ക് കഴിയും..?!” ഇടയബാലന്റെ മറുപടി കേട്ട് ഉമറിനുണ്ടായ (റ) സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. അദ്ദേഹം ഇടയബാലനെ പ്രശംസിച്ചു.