കാലം ഒരുപാട് കടന്നുപോയി. ഭരണം ഏറ്റെടുത്ത് പത്ത് വർഷം കഴിഞ്ഞ് ആറാമാസമായി. ഉമർ(റ) ഒരിക്കൽ ഇപ്രകാരം പറഞ്ഞു “വാർദ്ധക്യം എന്നെ ബാധിച്ചു. ക്ഷീണവും തളർച്ചയും കൊണ്ട് അവശനായി. എന്റെ പ്രവർത്തനങ്ങളിൽ അതിന്റെ ലാഞ്ചനയുണ്ടാകുന്നതിനുമുമ്പ് എന്റെ നാളുകൾ പൂർത്തിയായിരുന്നെങ്കിൽ..?!”
മരണത്തിന്റെ പല ലക്ഷണങ്ങളും അദ്ദേഹം മുൻകൂട്ടി കണ്ടു. ഒരു പൂവൻ കോഴി തന്നെ രണ്ടുപ്രാവശ്യം കൊത്തിയതായി അദ്ദേഹം കിനാവുകണ്ടു. ഏതോ ഒരുത്തൻ ഖലീഫയെ അസഭ്യങ്ങൾ വിളിച്ച് ആക്ഷേപിക്കുകയും മറ്റൊരിക്കൽ കല്ലെറിഞ്ഞ് മുറിവേൽപിക്കുകയും ചെയ്തു.
തന്റെ അന്ത്യഘട്ടം ആസന്നമായിരിക്കുന്നുവെന്ന് ഉമർ (റ) വിന്ന് തോന്നിത്തുടങ്ങി. പക്ഷെ അദ്ദേഹം അൽപം പോലും ഭീരുവായില്ല. മരിച്ച് ചെന്നാൽ അല്ലാഹു ﷻ വിനോട് എന്തു സമാധാനം പറയും. തന്റെ ഭരണം നീതിപൂർവ്വകമായിരുന്നോ. ഇതൊക്കെയായിരുന്നു ആ മഹാനുഭാവന്റെ ചിന്ത.
പിൽകാലത്ത് ഇസ്ലാമിയ കഅബെന്ന ഒരു പുരോഹിതൻ രണ്ടുമൂന്ന് ദിവസങ്ങൾക്കകം താങ്കൾ ആക്രമിക്കപ്പെടുമെന്നും ഇഹലോകവാസം വെടിയുമെന്നും പ്രവചിച്ചു. അങ്ങിനെ അല്ലാഹു ﷻ വിന്റെ അലംഘനീയമായ വിധി വന്നു.
പതിവുപോലെ അന്നും അദ്ദേഹം സുബ്ഹി നിസ്കാരത്തിനായി പള്ളിയിലെത്തി. അംഗസ്നാനം ചെയ്ത് ജനങ്ങളുടെ സ്വഫുകൾ ശരിയാക്കി നിസ്കാരത്തിന് നിന്നു. അബൂലുഅ് ലുഅത്ത് എന്ന പാർസിയും മജൂസിയുമായ അടിമ ഇരുതലയുള്ള കത്തി തുണിയിൽ പൊതിഞ്ഞ് മറഞ്ഞുനിൽക്കുന്നത് ഖലീഫ കണ്ടില്ല.
നിസ്കാരം തുടങ്ങി. അക്രമി ഖലീഫയെ ആ കത്തി കൊണ്ട് ഒരുപാട് കുത്തി. അടിവയറിനേറ്റ കുത്തുകാരണം അദ്ദേഹത്തിന്റെ കുടൽമാല പുറത്തുചാടി. വർണ്ണനാതീതമായ ഒരു രംഗമാണ് പിന്നീട് അവിടെ നടന്നത്.
മുസ്ലിംകൾ എന്തു ചെയ്യണമെന്നറിയാതെ മിഴിച്ചുനിന്നു. ആ സന്ദർഭം മുതലെടുത്ത് ഓടിപ്പോകാൻ നോക്കിയ ഘാതകന്റെ പിറകെ ചില സഹാബികൾ ഓടി. അവൻ കത്തി വീശി. കുറെയാളുകൾ പരിക്കേറ്റുവീണു. എങ്കിലും അവനെ പിടികൂടാൻ കഴിഞ്ഞു. വധശ്രമത്തിനു പിന്നിലെ രഹസ്യം മനസ്സിലാക്കരുതെന്നു കരുതി അയാൾ കത്തി സ്വന്തം മാറിടത്തിൽ
താഴ്ത്തി. അങ്ങിനെ ആ നീചൻ അന്ത്യം കണ്ടു...
അബ്ദുറഹ്മാനുബ്ഔഫ് (റ) ഒരുതരത്തിൽ നിസ്കാരം
പൂർത്തിയാക്കി. ഉമർ(റ)വിനെ അവിടെ കൂടിയിരുന്നവർ ചുമന്നു
വീട്ടിലെത്തിച്ചു. കണ്ടവരും കേട്ടവരുമെല്ലാം അങ്ങോട്ടോടി. കണ്ണുനീരിന്റെ പ്രവാഹം. ബോധം വന്ന ഖലീഫ കരയരുത് കരയരുത്
എന്ന് പലയാവർത്തി പറഞ്ഞെങ്കിലും ആർക്കും നിയന്ത്രിക്കാനായില്ല. കൂടിനിന്നവരെല്ലാം പൊട്ടിക്കരഞ്ഞു.
തങ്ങളുടെ ജീവനിൽ ജീവനായ ഉമർ(റ) സങ്കടങ്ങളുമായി ചൊല്ലാൻ പറ്റിയ അഭയകേന്ദ്രം ഇതാ മൃതപ്രായനായി കിടക്കുന്നു. അവർ എങ്ങിനെ കരയാതിരിക്കും. അവരുടെ മനസ്സിൽ ഖലീഫയുടെ ധീരത മുറ്റുന്ന ഒരായിരം സ്മരണകൾ ഉയർന്നുവരികയായിരുന്നു.
മോഹലസ്യത്തിൽ നിന്നുണർന്ന ഖലീഫ തനിക്ക് പറയാനുണ്ടായിരുന്ന വസ്വിയ്യത്തുകളെല്ലാം എണ്ണിപ്പെറുക്കിയ വാചകങ്ങളിലൂടെ പറഞ്ഞൊപ്പിച്ചു. ആ മഹാചക്രവർത്തി മരിക്കാനടുത്തപ്പോഴുണ്ടായിരുന്ന സമ്പാദ്യം വലിയൊരു സംഖ്യയുടെ കടമായിരുന്നു. അദ്ദേഹം മകനെ വിളിച്ചു തന്റെ സ്വത്ത് വിറ്റ് കടങ്ങൾ വീട്ടാൻ വസ്വിയ്യത്ത് ചെയ്തു. അതുകൊണ്ട് കടം വീടുന്നില്ലെങ്കിൽ സ്വന്തം ഗോത്രക്കാരായ ബനൂ അദ്യ്യുകാരോട് വാങ്ങി കൊടുക്കാനും അതുകൊണ്ട് കടം ബാക്കിയാണെങ്കിൽ ഖുറൈശികളോട് വാങ്ങികൊടുക്കാനും വസിയ്യത്ത് ചെയ്തു.
തന്റെ ശേഷം ഭരണാധികാരി ആരായിരിക്കണം..? അവശയായിക്കിടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിന്ത ആ വഴിക്കായിരുന്നു. സ്വന്തം മകനെ അതിനിടയിൽ ആരോ നിർദ്ദേശിച്ചു. അതുകേട്ട് ഖലീഫ രോഷാകുലനായി. ഭരണം ഒരു കുടുംബത്തിന്റെ കുത്തകയാക്കുകയോ..?! അതായിരുന്നു ഖലീഫയുടെ ചോദ്യം.
അവസാനം അദ്ദേഹം തന്നെ പോംവഴി പറഞ്ഞു. പ്രഗൽഭമതികളായ ആറുപേരുടെ നാമങ്ങൾ നിർദ്ദേശിച്ചു. അവർ മുശാവറ ചെയ്ത് തങ്ങളിൽ
നിന്നൊരാളെ തിരഞ്ഞെടുക്കുക അതായിരുന്നു നിർദ്ദേശം. ബഹുമാന്യരായ ഉസ്മാനുബ്നുഅഫ്ഫാൻ, അലിയ്യുബ്നു അബൂത്വാലിബ്, സുബൈറുബ്നുൽ അവ്വാം, ത്വൽഹത്തുബ്നു ഉബൈദുല്ല, അബ്ദുർറഹ്മാനുബ്നു ഔഫ്, സഅദ് ബ്നു അബീവഖാസ് (റ) എന്നിവരായിരുന്നു ആറുപേർ. ഇവരിൽ നിന്ന് ഉസ്മാനുബ്നുൽ അഫ്ഫാൻ (റ) വിനെയാണ് പിന്നീട് ഖലീഫയായി തെരഞ്ഞെടുത്തത്...
നബിﷺയുടേയും സിദ്ദീഖുൽ അക്ബറിന്റേയും (റ) ചാരെ അന്ത്യവിശ്രമം കൊള്ളാനാണ് ഉമർ (റ) കൊതിച്ചത്. ആയിശാബീവി (റ) യുടെ അധീനതയിലുള്ള ആ സ്ഥലത്ത് ഖബറിടത്തിന് അദ്ദേഹം
ആദ്യം തന്നെ അനുമതി ചോദിച്ചു വാങ്ങിയിരുന്നു. പക്ഷെ ഇപ്പോൾ
ആയിശ(റ)യുടെ അഭിപ്രായം മാറിയിരിക്കുമോ..? അതറിഞ്ഞ്
അവർക്ക് സമ്മതമാണെങ്കിൽ മാത്രം അവിടെ മറവ് ചെയ്യാൻ വസ്വിയ്യത്ത് ചെയ്തു.
നിമിഷങ്ങൾ എണ്ണപ്പെട്ടുകൊണ്ടിരുന്നു. ഉമർ(റ) ഒരു പുല്ല് കയ്യിലെടുത്ത് കൊണ്ട് അദ്ദേഹം പറഞ്ഞു: “ഉമർ ഈ പുൽകൊടിയായിരുന്നെങ്കിൽ; ഉമറിനെ ഉമ്മ പ്രസവിച്ചിട്ടില്ലായിരുന്നെങ്കിൽ; ഉമറിനെ പടക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ.”
ഇരുപത്തിനാല് മണിക്കൂറും ഇലാഹിനെ മാത്രം ഓർമ്മിച്ച്, അവന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ച് ജനങ്ങളിൽ നീതി മാത്രം ചെയ്ത് മരിക്കാനടുത്ത ആ മഹാത്മാവ് പരലോകത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ അല്ലാഹു ﷻ വിന്റെ ശിക്ഷയെ ഓർത്താണ് ഇപ്രകാരം വിലപിച്ചത്.
ദൈനം ദിനം നൂറുനൂറുകുറ്റങ്ങൾ ചെയ്ത് അല്ലാഹു ﷻ വിന്റെ കൽപനകൾ ധിക്കരിച്ച് വഞ്ചനയും നെറികേടും ജീവിതത്തിൽ പകർത്തിയ നമ്മൾ അപ്പോൾ എത്ര ഭയപ്പെടണം.
അങ്ങിനെ ആ ദീപം പൊലിഞ്ഞു. നബി ﷺ മുൻകൂട്ടി പ്രഖ്യാപിച്ചതുപോലെത്തന്നെ അദ്ദേഹം രക്തസാക്ഷിയായി. ഹിജ്റ 23 ദുൽഹജ്ജ് മാസം 21 ന് തന്റെ അറുപത്തിമൂന്നാമത്തെ വയസ്സിൽ
ഉമറുബ്നുൽ ഖത്താബ് (റ) ഈ ലോകത്തോടെ യാത്ര പറഞ്ഞു...
(إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُون)
ആയിശ ബീവി(റ)യുടെ സമ്മതപ്രകാരം നബിﷺയുടേയും സിദ്ദീഖ് (റ) വിന്റേയും സമീപം അദ്ദേഹത്തെ ഖബറടക്കി. ആ ധന്യ ജീവിതത്തിന്റെ സ്മരണ ഇന്നും നമ്മെ ആവേശം കൊള്ളിക്കുന്നു. നീതിയുടെ ഉദാത്തമായ മാതൃക അന്ത്യനാൾ വരേയും പ്രകീർത്തിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.
ഉമറുബ്നുൽ ഖത്വാബ് (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
【 ഉമറുബ്നുൽ ഖത്വാബ് (റ)വിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നു.】