വിശുദ്ധ ഖുർആൻ ഉമർ (റ)വിന്റെ നിലപാട് ശരിവെച്ച മറ്റൊരു സംഭവം കൂടി ഉദ്ധരിക്കട്ടെ. അബ്ദുല്ലാഹി ബ്നു ഉബയ്യ് മുസ്ലിംകളുടെ പക്ഷത്തായിരുന്നു. പക്ഷെ അത് വെളിയിൽ മാത്രം. അയാൾ ഒരിക്കലും സത്യവിശ്വാസിയായിരുന്നില്ല. ഒരു മുനാഫിഖിന്റെ സകലലക്ഷണങ്ങളും അയാൾക്കുണ്ടായിരുന്നു. ഉമർ(റ)വിന് ഇക്കാര്യം വളരെ വ്യക്തമായി അറിയുകയും ചെയ്യുമായിരുന്നു.
അങ്ങനെയിരിക്കെ അബ്ദുല്ലാഹി ബ്നു ഉബയ്യ് മരണപ്പെട്ടു. മുസ്ലിംകൾ മരിച്ചാൽ ചെയ്യുന്ന വിധത്തിലുള്ള ചടങ്ങുകളെല്ലാം നിർവ്വഹിച്ച് അയാളുടെ പേരിൽ മയ്യിത്ത് നിസ്കരിക്കാൻ നബി ﷺ ഉദ്ദേശിച്ചു. ഉമർ(റ)വിന് അതൊട്ടും രസിച്ചില്ല. അദ്ദേഹം നബിﷺയോട് അക്കാര്യം തുറന്നുപറഞ്ഞു.
“അല്ലാഹുﷻവിന്റെ തിരുദൂതരെ, അബ്ദുല്ലാഹി ബ്നു ഉബയ്യ് കപടവിശ്വാസിയായിരുന്നു എന്ന കാര്യം നമ്മൾക്കെല്ലാർക്കും അറിയാം. അത്തരക്കാരുടെ പേരിൽ ഏഴ് പ്രാവശ്യം മഗ്ഫിറത്തിനുവേണ്ടി
ദുആ ചെയ്താലും അല്ലാഹു ﷻ പൊറുക്കുകയില്ലെന്ന് വിശുദ്ധ
ഖുർആൻ മുഖേന അറിയിച്ചതാണല്ലൊ. പിന്നെയെന്തിന് അയാളുടെ പേരിൽ മയ്യിത്ത് നിസ്കരിക്കുന്നു..?
ഏഴല്ല. എഴുപത് പ്രാവശ്യം പ്രാർത്ഥിച്ചാൽ റബ്ബ് പൊറുത്തു കൊടുക്കുമെങ്കിൽ ഞാൻ അങ്ങിനെ ചെയ്യും. അതായിരുന്നു നബിﷺയുടെ പ്രത്യുത്തരം. പക്ഷെ ഉമർ(റ)വിന്റെ അഭിപ്രായത്തിന് അനുകൂലമായിക്കൊണ്ടുതന്നെ ഖുർആൻ സൂക്തം ഇറങ്ങി. തന്റെ അഭിപ്രായം അറിയിച്ചുവെങ്കിലും നബി ﷺ നിസ്കരിച്ചപ്പോൾ അവിടത്തോടൊപ്പം (ﷺ) നിസ്കരിക്കുവാൻ ഉമർ(റ) മടിച്ചുനിന്നില്ല...
ലാഇലാഹഇല്ലല്ലാഹ് എന്ന പരിശുദ്ധ കലിമത്തു തൗഹീദ് ഹൃദയത്തിൽ ഉറപ്പിച്ച് നാവ് കൊണ്ട് വെളിവാക്കിപ്പറഞ്ഞാൽ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുമെന്ന് അബൂഹുറൈറ (റ) ഉദ്ധരിക്കുന്നത് ഉമർ(റ) കേട്ടു. അദ്ദേഹം ഓടിച്ചെന്ന് അബൂഹുറൈറ (റ)വിനൊരു പ്രഹരം കൊടുത്തു. അബൂഹുറൈറ (റ) തിരുസന്നിധിയിൽച്ചെന്ന് ആവലാദി പറഞ്ഞു. നബി ﷺ ഉടൻ തന്നെ ഉമർ(റ) വിനെ വിളിപ്പിച്ചു.
“നിങ്ങൾ അബൂഹുറൈറയെ അടിച്ചോ..?”
“അടിച്ചു. അയാൾ പ്രചരിപ്പിക്കുകയാണ്. കലിമത്ത് തൗഹീദ് ഹൃദയത്തിലുറപ്പിച്ച് നാവുകൊണ്ട് വെളിവാക്കിപ്പറഞ്ഞാൽ സ്വർഗ്ഗത്തിൽ കടക്കുമെന്ന്. ജനങ്ങൾ ഇതുകേട്ടാൽ പിന്നെ വല്ല ഇബാദത്തും ചെയ്യുമോ? ഈ വാക്കിന്മേൽ കടിച്ചുതൂങ്ങി സ്വർഗ്ഗവും
കാത്ത് നിഷ്ക്രിയരായി ഇരിക്കുകയില്ലെ..?”
ഉമർ (റ) പറഞ്ഞത് വളരെ പരമാർത്ഥമാണെന്ന് നബിﷺക്ക് തോന്നി. അവിടുന്ന് (ﷺ) ഇപ്രകാരം മറുപടി പറഞ്ഞു.
“ഉമർ (റ) അതു ഞാൻ പറഞ്ഞതുതന്നെയാണ്. പക്ഷെ മേലിൽ അബൂഹുറൈറ ആ ഹദീസ് ഉദ്ധരിക്കരുത്.” അങ്ങിനെ ആ കേസിലും ഉമർ (റ) തന്നെ വിജയിച്ചു.