ഉമർ (റ) നബിﷺക്ക് ഏറ്റവും ഇഷ്ടപ്പെട്ട സഹാബിവര്യനായിരുന്നു. ഉമർ (റ) വിന്ന് നബിﷺയെ പ്രാണനുതുല്യം സ്നേഹവും. പക്ഷെ അല്ലാഹു ﷻ വിന്റെ ആലംഘനീയമായ വിധിയെ തടുക്കാൻ ആർക്കും കഴിയുകയില്ലല്ലോ...
അറുപത്തിമൂന്ന് സംവൽസര കാലത്തെ സംഭവബഹുലമായ ജീവിതത്തിനുശേഷം റൂസൂൽ തിരുമേനി ﷺ ഈ ലോകത്തോട് യാത്ര പറഞ്ഞു. നബിﷺയുടെ വിയോഗ വാർത്ത നാടാകെ പരന്നു. ഉമർ (റ) അതുകേട്ടു. എന്ത്..!! അശറഫുൽ ഖൽഖ് ﷺ ഈ ലോകത്തോട് യാത്ര പറഞ്ഞെന്നോ ഇല്ല. ഈ വാർത്ത ഞാനൊരിക്കലും വിശ്വസിക്കുകയില്ല...
അദ്ദേഹം ഉറയിൽ നിന്നും വാൾ വലിച്ചൂരിയെടുത്തു. ആരാണിത് പറഞ്ഞത്..? നബിﷺയുടെ ഐഹിക ജീവിതം അവസാനിച്ചു എന്നു പറയുന്നവരെ ഞാൻ ഈ വാളിനിരയാക്കും..!!
ആരൊക്കെ സമാധാനിപ്പിച്ചിട്ടും ഉമർ(റ) അടങ്ങിയില്ല. അദ്ദേഹം തന്റെ അഭിപ്രായത്തിൽതന്നെ ഉറച്ചുനിന്നു. വിവരമറിഞ്ഞ അബൂബക്കർ സിദ്ദീഖ് (റ) ഉമർ(റ) വിനെ സമീപിച്ചു ഇപ്രകാരം പറഞ്ഞു.
“ആരെങ്കിലും മുഹമ്മദ് നബിﷺയെ ആരാധിച്ചിരുന്നുവെങ്കിൽ തീർച്ചയായും അവിടുന്ന് (ﷺ) ഈ ലോകത്തോട് യാത്ര പറഞ്ഞിരിക്കുന്നു. ആരെങ്കിലും അല്ലാഹു ﷻ വിനെ ആരാധിക്കുന്നുവെങ്കിൽ അല്ലാഹു ﷻ എന്നെന്നും അവശേഷിക്കുന്നതാണ്...”
തുടർന്ന് സിദ്ദീഖ് (റ) ഖുർആനിലെ ഒരു സൂക്തം പാരായണം ചെയ്തു. “മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ പ്രവാചകൻ മാത്രമാണ്. നബിﷺക്ക് മുമ്പ് പല പ്രവാചകന്മാരും കഴിഞ്ഞുപോയിട്ടുണ്ട്.”
സിദ്ദീഖ് (റ) വിന്റെ വാക്കുകൾ കേട്ട് ഉമർ(റ) അടങ്ങി. കരുത്തനായ ആ മനുഷ്യന്റെ നയനങ്ങളിൽനിന്നും അശ്രുകണങ്ങൾ അടർന്നുവീണു. തന്റെ എല്ലാ ശക്തിയും ചോർന്നു പോകുന്നതുപോലെ അദ്ദേഹത്തിന്ന് തോന്നി.
മുസ്ലിംകൾക്കാകെയും ആ വിയോഗം കടുത്ത ആഘാതമേൽപ്പിച്ചു. ഉമർ (റ) വിനെപ്പോലെ പലരും ആദ്യം ആ വാർത്ത വിശ്വസിക്കാൻ കൂട്ടാക്കിയില്ല. വാർത്ത ഉറപ്പായപ്പോൾ പല പ്രത്യാഘാതങ്ങളുണ്ടായി. ദുർബലമാനസരായ ചിലർ മുർത്തദ്ദായി മാറി. മറ്റു ചിലരാകട്ടെ സകാത്ത് കൊടുക്കാൻ വിസമ്മതിച്ചു.
പുതിയൊരു ഖലീഫ വേണം. അദ്ദേഹത്തിന്നേ എന്തെങ്കിലുമൊരു തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ...
അബൂബക്കർ (റ)വിനെ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു.
റസൂൽ തിരുമേനിﷺയുടെ മയ്യിത്ത് നിസ്കാരം നിർവ്വഹിച്ച ശേഷം ഉമർ(റ) അബൂബക്കർ സിദ്ദീഖ് (റ) വിനോട് ബൈഅത്ത് ചെയ്യാൻ വളരെ വികാരഭരിതമായ രീതിയിൽ ആഹ്വാനം ചെയ്തു. ജനങ്ങളെല്ലാം അതു സ്വീകരിച്ചു...
അബൂബക്കർ സിദ്ദീഖ് (റ) ഖലീഫ സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞിട്ടും ഉമർ(റ) വിന്റെ അഭിപ്രായങ്ങൾ മുഖവിലക്കെടുത്തു കൊണ്ടാണ് ഭരണകാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയിരുന്നത്. മുർത്തദ്ദായ ജനങ്ങളോടുള്ള പോരാട്ടത്തിലും മറ്റും ആ അഭിപ്രായങ്ങൾക്ക് മുൻഗണന നൽകി.
സിദ്ദീഖ് (റ) ഖലീഫയായിരിക്കുമ്പോഴാണ് യമാമ യുദ്ധം നടന്നത്. പ്രസ്തുത യുദ്ധത്തിൽ ഖുർആൻ മനഃപാഠമാക്കിയ അനവധി ഹാഫിളുകൾ വഫാത്തായി..!!
ഉമർ (റ) ചിന്തിച്ചു. ഇങ്ങിനെ ഖുർആൻ മനഃപാഠമാക്കിയവർ ഓരോരുത്തരായി മരണമടഞ്ഞ് അവസാനം ഒരാളും ബാക്കിയാവാതെ വന്നാൽ..?!
ചിന്തിക്കാൻ പോലും വയ്യാത്ത ഒരവസ്ഥയായിരുന്നു അത്.
ഉമർ(റ) അക്കാര്യത്തെക്കുറിച്ച് വളരെയധികം ആലോചിച്ചു.
ഒടുവിൽ സിദ്ദീഖ് (റ) വിനെ സമീപിച്ചു ഇപ്രകാരം പറഞ്ഞു:
“ബഹുമാന്യരെ, നമുക്കീ ആയത്തുകളെല്ലാം ഒന്നു ക്രോഡീകരിച്ചു വെക്കണം. ഹാഫിളുകൾ ഓരോരുത്തരായി മൃതിയടഞ്ഞാൽ അവസാനം നമുക്കതിനു സാധിച്ചെന്നുവരില്ല..."
സിദ്ദീഖ് (റ) വിന്ന് ആ അഭിപ്രായം ശരിയാണെന്ന് തോന്നി. പക്ഷെ സംശയം. തിരുനബി ﷺ ചെയ്യാത്ത ഒരു കാര്യം താനായിട്ട് തുടങ്ങിവെക്കുന്നതെങ്ങിനെ..?!
ഉമർ(റ) അതിന്റെ ശരിയായ വശങ്ങളെല്ലാം ഖലീഫക്ക് വിവരിച്ചു കൊടുത്തു. അദ്ദേഹം ആ നിർദ്ദേശം അംഗീകരിച്ചു. ഖുർആൻ സൂക്തങ്ങൾ ക്രോഡീകരിച്ചുവെച്ചു.