ഉമർ (റ)വിന്റെ മകൾ ഹഫ്സ(റ)യുടെ ഭർത്താവ് മരണമടഞ്ഞപ്പോൾ ആ വിധവയുടെ സംരക്ഷണ ചുമതല നബി ﷺ ഏറ്റെടുത്തു. തന്റെ മകളുടെ ഭർത്താവാണ് നബി ﷺ എന്നുകരുതി ഉമർ(റ) പ്രത്യേക പരിഗണനയൊന്നും അഭിലഷിച്ചില്ല. തന്നെയുമല്ല മനസ്സിലുള്ളത് തുറന്നുപറയുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്തുകയുണ്ടായില്ല.
ഹിജ്റയുടെ ആറാം വർഷം നടന്ന ഹുദൈബിയാ സന്ധി ഉമർ (റ) വിനെ വല്ലാതെ പ്രകോപിച്ചു. നബിﷺയും അനുചരന്മാരും കൂടി ഹജ്ജ് ചെയ്യണമെന്ന ഉദ്ദേശത്തോടു കൂടി മക്കയെ ലക്ഷ്യം വെച്ച് പുറപ്പെട്ട വാർത്ത ഖുറൈശികളറിഞ്ഞു. അവർക്കത് സഹിക്കാനായില്ല. മുഹമ്മദിനെ (ﷺ) തടയണം. അവർ തീരുമാനിച്ചു.
ആ തീരുമാനം നടപ്പിലാക്കാൻ വേണ്ടി ഖുറൈശികൾ ആയുധ സന്നാഹത്തോടെ രംഗത്തിറങ്ങി. നബി ﷺ ആ സന്ദർഭത്തിൽ ഒരേറ്റുമുട്ടലിന് തയ്യാറായില്ല. ഖുറൈശികളുമായി ഒരു
ഉടമ്പടിയിൽ ഏർപ്പെടുകയാണ് നബി ﷺ ചെയ്തത്. ആ സന്ദർഭത്തിൽ മുസ്ലിംകൾ അൽപം വിട്ടുവീഴ്ച ചെയ്യേണ്ടി വന്നുവെങ്കിലും ആ ഉടമ്പടികാരണം പിൽകാലത്ത് പലവിധ ഗുണങ്ങളും ഉണ്ടായിട്ടുണ്ട്.
മുസ്ലിംകളുമായി പരസ്പരം ഇടപഴകാനുള്ള സ്വാതന്ത്യം ഖുറൈശികൾക്ക് ലഭിച്ചപ്പോൾ അവരിൽ പലർക്കും ദീനിന്റെ ഗുണഗണങ്ങൾ മനസ്സിലാക്കാനും തദ്വാരാ ഇസ്ലാംമതവലംബിക്കാനും അത് കാരണമായിത്തീർന്നു. എന്നാൽ ഈ ഉടമ്പടിയെ ഉമർ(റ) ചോദ്യം ചെയ്തു.
“എന്താണീപ്പറയുന്നത്, ഹജ്ജ് ചെയ്യാനുദ്ദേശിച്ച നമ്മൾ അതു ചെയ്യാതെ കരാറുമായി തിരിച്ചുപോവുകയോ ഇതൊരിക്കലും നമുക്ക് ചേർന്നതല്ല.” ഉമർ(റ) വിന്റെ പ്രതികരണം സ്വഹാബികൾ കേട്ടു.
സിദ്ദീഖ് (റ) അടക്കം പലരും അദ്ദേഹത്തോട് പറഞ്ഞു. നബിﷺയാണ് ഉടമ്പടിയിലേർപ്പെട്ടത്. അവിടുത്തെ (ﷺ) കൽപ്പന സ്വീകരിക്കണം. അതുകൊണ്ടാന്നും ഉമർ അടങ്ങിയില്ല. അദ്ദേഹം നേരെ നബിﷺയെ സമീപിച്ചു.
“പ്രവാചകരെ, മക്കാമുശ്രിക്കുകൾ നമ്മെ സൽകർമ്മത്തെത്തൊട്ട് തടഞ്ഞിരിക്കുകയാണ്. അവരെ വെറുതെ വിടുന്നത് നല്ലതാണെന്നനിക്കഭിപ്രായമില്ല.”
അതുകേട്ട് നബി ﷺ പറഞ്ഞു: “ഉമറേ, അല്ലാഹു ﷻ വിങ്കൽ നിന്നുള്ള കൽപന മാത്രമെ നിർവ്വഹിക്കൂ” അപ്പോഴാണ് ഉമർ (റ) ശാന്തനായത്...
ബദർ യുദ്ധത്തിൽ എഴുപതോളം ഖുറൈശികളെയാണ് തടവുകാരായി പിടിച്ചത്. എല്ലാവരും നബിﷺയെ തുടക്കം എതിർത്തുപോന്നവർ. ഇസ്ലാമിനെ ഭൂമുഖത്തുനിന്ന് പിഴുതെറിയാൻ കച്ചകെട്ടി ഇറങ്ങിയവർ. സ്വന്തം നാട്ടിൽ നിന്ന് മുസ്ലിംകളെ കെട്ടുകെട്ടിച്ചവർ. എന്നിട്ടു മോചനദ്രവ്യം നൽകി അവരെ വിട്ടയക്കാനാണ് നബി ﷺ തീരുമാനിച്ചത്. സിദ്ധീഖ് (റ) അടക്കം ഭൂരിപക്ഷം പേരുടേയും അഭിപ്രായവും അതുതന്നെയായിരുന്നു. പക്ഷെ ഉമർ(റ)വിന്റെ മാത്രം അഭിപ്രായം വ്യത്യസ്തമായിരുന്നു...
നമുക്ക് ഏറ്റവുമധികം കഷ്ടനഷ്ടങ്ങൾ വരുത്തിയ നമ്മുടെ ബദ്ധവൈരികളായ ഇവരെ വധിക്കണം. അതാണ് ഉമർ(റ) ആവശ്യപ്പെട്ടത്. എല്ലാവരുടേയും അഭിപ്രായത്തെ മറികടന്നുകൊണ്ടു
ഉമർ (റ) രേഖപ്പെടുത്തിയ ഈ അഭിപ്രായത്തെ ന്യായീകരിച്ചുകൊണ്ടാണ് അല്ലാഹു ﷻവിന്റെ ഖുർആൻ വാക്യമിറങ്ങിയതും.
നബിﷺയോട് തന്റെ പത്നിമാരെല്ലാവരും ഒരവസരത്തിൽ നിസ്സഹകരണ മനോഭാവം കാണിച്ചു. ഐഹിക സുഖാഡംബരങ്ങളും ഭോജ്യവസ്തുക്കളും അവരുടെ അഭീഷ്ടത്തിനനുസരിച്ച് കിട്ടണം. അതായിരുന്നു ആവശ്യം. നബി ﷺ ഒരു മാസക്കാലം അവരുടെ ആരുടേയും അടുത്തുപോയില്ല.
ഇങ്ങിനെയുള്ള നിസ്സഹകരണത്തെക്കുറിച്ച് ഉമർ (റ) അറിഞ്ഞു. അദ്ദേഹം സ്വന്തം മകളെ വിളിച്ച് ഒരുപാട് ശകാരിച്ചു. നബിﷺയുടെ മറ്റു ഭാര്യമാരേയും ഉപദേശിച്ചു. പിന്നീട് നബിﷺയുടെ സാമീപ്യവും ഉമർ(റ) പോയി...
പ്രവാചകന്റെ (ﷺ) മുഖഭാവം തന്നെ മാറിയിരിക്കുന്നു. ആ നയനങ്ങളിൽ കണ്ണുനീര് പറ്റിപിടിച്ചിരിക്കുന്നു. ഈത്തപ്പനയുടെ ഓലകൊണ്ട്
നിർമ്മിച്ച പരുപരുത്ത പായയിൽക്കിടന്നുറങ്ങിയ കാരണം നബിﷺയുടെ പുറത്തെല്ലാം പാടുകൾ വീണിരിക്കുന്നു..!!
അന്ത്യപ്രവാചകനായ നബിﷺയുടെ അവസ്ഥയാണത്. നബിﷺയുടെ ഏതൊരാവശ്യവും നിറവേറ്റിക്കൊടുക്കാൻ അനുയായികൾ എത്രവേണമെങ്കിലുമുണ്ട്. ഒരൊറ്റ പ്രാർത്ഥന മതി. റബ്ബ് അവിടുത്തെ ഏതു പ്രാർത്ഥനയും സ്വീകരിക്കും. ഐഹിക ജീവിതം വെറും നശ്വരമായി കാണുന്ന തിരുനബി ﷺ അതിനൊന്നും മുതിരാതെ വെറും ലളിതമായ ജീവിതത്തിൽ സംതൃപ്തനാവുകയാണുണ്ടായത്. ഉമർ(റ) വിന്ന് അതുകണ്ട് സഹിക്കാനായില്ല. ആ പരുത്ത മനസ്സിന്റെ ഉടമയുടെ കണ്ണുകളിലും ഉറവ പൊട്ടി...
“അങ്ങന്താണ് കരയുന്നത്. പത്നിമാർ അങ്ങേക്ക് മനോവിഷമം വരുത്തിയല്ലേ, ഒരു കാര്യം അല്ലാഹുﷻവും അവന്റെ മലക്കുകളും മുഅ്മിനുമായ ഞങ്ങളും അങ്ങയുടെ കൂടെയാണ് എന്റെ മകളടക്കം മുഴുവൻ പേരേയും വിവാഹമോചനം ചെയ്താലും. ഞങ്ങൾക്കതിൽ സന്തോഷമേയുള്ളൂ...”
ദീനുൽ ഇസ്ലാമും അതിന്റെ പ്രവാചകനുമാണ് മറ്റെന്തിനേക്കാളുപരി തനിക്ക് വലുതെന്ന് തെളിയിക്കപ്പെട്ട ഒരു പ്രസ്താവന കൂടി സ്വന്തം മകളെ വിവാഹമോചനം ചെയ്തതെന്നറിഞ്ഞാൽ ന്യായന്യായങ്ങൾ അന്വേഷിച്ചറിയാതെ പടപ്പുറപ്പാട് നടത്തുന്ന ഇന്നത്തെ ജനങ്ങൾ ഇതൊക്കെ ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ..!!
ഉമർ (റ) വിന്റെ വാക്കുകൾക്ക് ഒരു പുഞ്ചിരി മാത്രമാണ് നബിﷺയിൽ നിന്നുണ്ടായ പ്രതികരണം. അല്ലാഹു ﷻ വിങ്കൽ നിന്ന് ഭാര്യമാരുടെ കാര്യത്തിൽ തീർപ്പുണ്ടാകുന്നത് വരെ നബി ﷺ കാത്തിരുന്നു. അവസാനം അതുണ്ടാവുകയും ചെയ്തു.