ആദ്യകാലങ്ങളിൽ മുലകുടി മാറിയ കുട്ടികൾക്ക് മാത്രമെ സഹായധനം അനുവദിച്ചിരുന്നുള്ളൂ. പിൽകാലത്ത് മുലകുടിക്കുന്ന കുട്ടികൾക്കും അത് നൽകുവാൻ ഉത്തരവിടുകയുണ്ടായി. ഇതിന് പ്രചോദനമായി ഒരു സംഭവമുണ്ടായി.
ഒരു യാത്രാസംഘം മദീനയിൽ വന്നു താവളമടിച്ചു. ആ യാത്രാസംഘത്തിന് കാവൽ നിന്നകൂട്ടത്തിൽ ഖലീഫയുമുണ്ടായിരുന്നു. (ഭരണാധികാരി പാറാവുകാരനാവുക. കേട്ടുകേൾവി പോലുമില്ലാത്ത സംഭവം) പാതിരാവിൽ ടെന്റിൽ നിന്ന് നിസ്കാരത്തിൽ മുഴുകിയ ഉമറിന്റെ കാതിൽ ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ മുഴങ്ങി കേട്ടു. നിർത്താതെയുള്ള ആ കുഞ്ഞിന്റെ കരച്ചിലിന്റെ കാരണമന്വേഷിച്ചു. അദ്ദേഹം ചെന്നപ്പോൾ കുഞ്ഞിന്റെ മാതാവ് പറഞ്ഞതെന്താണന്നൊ..?!
“ഒമ്പത് മാസം പ്രായമായ എന്റെ കുഞ്ഞിന്റെ മുലകുടി നിർത്താൻ ശ്രമിക്കുകയാണ് ഞാൻ. അതുകാരണമാണവൻ കരയുന്നത്. ഉമർ(റ) മുലകുടി മാറ്റിയ കുഞ്ഞുങ്ങൾക്കു മാത്രമെ സഹായം അനുവദിക്കുകയുള്ളൂ...”
ഈ സംഭവം ഖലീഫയുടെ ഹൃദയത്തെ വളരെയധികം വേദനിപ്പിച്ചു. അദ്ദേഹം ഒരുപാട് കരഞ്ഞു. അങ്ങിനെയാണ് സഹായം സർവ്വവ്യാപകമാക്കിയത്...
സത്യസന്ധന്മാരും വിശ്വാസയോഗ്യന്മാരും ആണെന്ന് ഉറപ്പുള്ളവരെ മാത്രമെ ഉമർ (റ) ഗവർണ്ണർമാരായി നിയമിച്ചിരുന്നുള്ളൂ.
നിയമിക്കുമ്പോൾ ചില കാര്യങ്ങൾ അവരെ പ്രത്യേകം ഓർമ്മപ്പെടുത്തും.
ജനങ്ങളെ വഞ്ചിക്കുന്ന ഭരണകർത്താവിന്ന് സ്വർഗ്ഗത്തിന്റെ
വാസനപോലും ഹറാമാണ്. പ്രജകളുടെ രക്തവും മാനവും മുറിവേൽക്കുന്ന ഒന്നും തന്നെ നിങ്ങൾ ചെയ്യരുത്. അവർക്കിടയിൽ ഏതൊരു പ്രശ്നത്തിനും ന്യായമായ നിലയിൽ പരിഹാരം കാണണം. അവർ വല്ല ആവശ്യത്തിനും വേണ്ടി നിങ്ങളെ സമീപിക്കുമ്പോൾ യാതൊരുകാരണവശാലും അവർക്കുനേരെ വാതിൽ തുറക്കാതിരിക്കരുത്.
ഇങ്ങിനെയെല്ലാം ഉപദേശനിർദ്ദേശങ്ങൾ നൽകി അയക്കുന്ന ഗവർണ്ണർമാരെ ക്കുറിച്ച് എന്തെങ്കിലും പരാതി കിട്ടിയാൽ ഒരുനിമിഷം താമസിക്കാതെ ഉമർ(റ) അതിനെക്കുറിച്ചന്വേഷിക്കുകയും ഉചിതമായ നടപടി കൈകൊള്ളുക പതിവായിരുന്നു.
ഹിജാസിലെ ഗവർണ്ണരായ അബ്ദുള്ള ഒരു മനോഹരമായ മണിമാളിക പണിയിച്ച് അതിൽ രാജകീയ പ്രൗഡിയോടെയാണ്
താമസിക്കുന്നതെന്നുള്ള വിവരം ഉമർ (റ) വിന്ന് കിട്ടി. ഉടൻ ആ മണിമാളികയുടെ വാതിലുകൾ കത്തിച്ചുകളയാനും ഗവർണ്ണറെ തന്റെ മുമ്പിൽ ഹാജരാക്കാനും ഖലീഫ ഉത്തരവിട്ടു. മദീനയിൽ വന്ന അബ്ദുള്ളക്ക് ആദ്യത്തെ മൂന്ന് ദിവസം ഉമർ(റ) പ്രവേശനാനുമതി നിഷേധിച്ചുവെന്ന് മാത്രമല്ല, സംസാരിച്ചത് തന്നെ കാലിത്തൊഴുത്തിൽ വെച്ചായിരുന്നു.
അവിടെ വെച്ച് കാലികളെ മേയ്ക്കുന്ന പയ്യന്മാർ ധരിക്കുന്ന വിധത്തിലുള്ള ഉടുപ്പുകളിഞ്ഞ് കുറച്ചുദിവസം ആടുകളെ മേയ്ക്കാൻ വേണ്ടി ഗവർണ്ണറോട് കൽപ്പിച്ചു. അങ്ങിനെ കുറെ നാളുകൾ ഇടയജോലിയെടുപ്പിച്ച ശേഷമാണ് അദ്ദേഹത്തെ വീണ്ടും ഗവർണ്ണറായി അയച്ചത്.
സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുകയാണ് ജനപ്രതിനിധികൾ വേണ്ടത്. കോട്ടകൊത്തളങ്ങൾ നിർമ്മിച്ച് ഉല്ലാസജീവിതം നയിക്കുകയല്ല. നമ്മുടെ ഇന്നത്തെ ഭരണവർഗ്ഗങ്ങൾ ഉമർ(റ)വിന്റെ ചരിത്രം ഒന്നു വായിച്ചിരുന്നെങ്കിൽ..!!
അതുപോലെ തന്നെ കൂഫാഗവർണ്ണറായ സഅദും ഒരു കെട്ടിടവും പടിപ്പുരയും നിർമ്മിച്ചു. ഇതറിഞ്ഞ ഉമർ(റ) പടിപ്പുര നശിപ്പിച്ചുകളയാൻ കൽപന കൊടുക്കുകയും ഉടൻ അത് നടപ്പിലാക്കുകയും ചെയ്തു. ഗിയാസെന്ന മറ്റൊരു ഗവർണ്ണർ ആഡംഭരപ്രിയനാണെന്ന് മനസ്സിലാക്കിയപ്പോൾ ഉമർ(റ) അദ്ദേഹത്തെക്കൊണ്ടും ഇടയന്മാരുടെ പരുക്കൻ വസ്ത്രങ്ങൾ ധരിപ്പിച്ചു ആടുകളെ മേയ്ക്കാൻ വിട്ടു. അദ്ദേഹത്തെയും പുതിയ പരിശീലനത്തിന്നുശേഷം വീണ്ടും ഗവർണ്ണറായി നിയമിച്ചു.
ഈജിപ്തിലെ ഗവർണ്ണറായിരുന്ന പ്രമുഖ യോദ്ധാവ് അംറുബ്നു ആസ്വ് (റ) വിന്റെ മകനെക്കുറിച്ച് ഒരിക്കൽ ഉമർ(റ)വിന് പരാതി കിട്ടി. അയാൾ മറ്റൊരുത്തനെ അടിച്ചിരിക്കുന്നു. ഉടനെ ഗവർണ്ണറേയും മകനെ അടിക്കപ്പെട്ടവനേയും വിളിച്ചു. പിന്നിട് ഗവർണ്ണറുടെ മകനെ അയാളെക്കൊണ്ട് മതിവരെ അടിപ്പിച്ചു...
അംറിന്റെ ഭരണത്തിന്റെ തണലിലാണ് മകന് അടിക്കാനുള്ള ധൈര്യം വന്നത്. അതുകൊണ്ട് അയാളേയും അടിക്കുക ഉമർ (റ) കൽപിച്ചു. പക്ഷെ ആ മനുഷ്യൻ അതിന് തയ്യാറായില്ല. ഭരണത്തിന്റെ
തണലിൽ പുത്രന്മാരും കുടുംബങ്ങളും കാട്ടികൂട്ടുന്ന പേക്കൂത്തുകൾ ദൈനംദിനം അനുഭവിക്കുന്ന നാം ഇതുപോലൊരു ഭരണകർത്താവിനെ കിട്ടിയിരുന്നെങ്കിൽ എന്നാത്മാർത്ഥമായി ആശിച്ച പോകുന്നില്ലെ..?!
മറ്റൊരിക്കൽ അബൂമുസൽ അശ്അരി (റ) എന്ന ഗവർണ്ണർ തന്നെ മൊട്ടയിടിക്കുകയും അടിക്കുകയും ചെയ്തു എന്നു പരഞ്ഞു കൊണ്ട് ഒരു ഗ്രാമീണൻ ആ മുടിയുമായി വന്ന് ഉമർ(റ)വിന്റെ നേർക്കെറിഞ്ഞു..!!
കണ്ടുനിന്നവരെല്ലാം ക്ഷുഭിതരായെങ്കിലും ഉമർ(റ) അവരെ ആശ്വസിപ്പിക്കുകയും അയാളുടെ പരാതികൾ ക്ഷമാപൂർവ്വം കേൾക്കുകയും പരിഹാരം കാണുകയും ചെയ്തു.
ഒരുവൻ തന്നെയൊരു ഗവർണ്ണർ ആറടി അടിച്ചുവെന്ന് പരാതിയുമായി ഖലീഫയുടെ അടുത്തു വന്നു. അദ്ദേഹം വിചാരണ ചെയ്തു. ഗവർണ്ണർ
കുറ്റവാളിയെന്ന് മനസ്സിലാക്കിയപ്പോൾ ആ പ്രജയെക്കൊണ്ട് തിരിച്ചു തല്ലിക്കുകയാണുണ്ടായത്. ചരിത്രത്തിൽ ഇത്രയും വലിയ നീതിക്ക് ഉദാഹരണം മറ്റെവിടെ ചൂണ്ടികാണിക്കാനുണ്ട്..?!