06 Feb, 2023 | Monday 14-Rajab-1444

   സിദ്ധീഖ് (റ) വിന്റെയും കാലഘട്ടം അവസാനിച്ചു. രോഗശയ്യയിൽ കിടന്ന് സിദ്ദീഖ് (റ) ഉമർ (റ)വിനെ തനിക്കുശേഷം ഖലീഫയായി നിർദ്ദേശിച്ചു. ഉമർ (റ) പല ഒഴിവുകഴിവുകളും പറഞ്ഞെങ്കിലും അദ്ദേഹം അതൊന്നും സ്വീകരിച്ചില്ല. അവസാനം ഉമർ(റ) ഖലീഫയായി.


 ഇസ്ലാമിലെ രണ്ടാമത്തെ ഖലീഫ...


 ഖലീഫ സ്ഥാനം ഏറ്റെടുത്തുകൊണ്ട് ഉമർ(റ) ഇപ്രകാരം പറഞ്ഞു: “ഞാൻ നിങ്ങളിൽപ്പെട്ട സാധാരണക്കാരൻ മാത്രമാണ്. സിദ്ദീഖ് (റ)വിന്റെ കൽപന തള്ളിക്കളയാൻ വയ്യാത്തത് കൊണ്ട് മാത്രമാണ് ഈ മുൾക്കിരീടം ഞാൻ ശിരസ്സിലണിഞ്ഞിരിക്കുന്നത്.

ഇത് അല്ലാഹു ﷻ വിന്റെ പരീക്ഷണമാണ്. തിരുനബിﷺയും

അബൂബക്കർ സിദ്ദീഖ് (റ)വും വേർപിരിഞ്ഞതിനുശേഷമുള്ള ഒരു

പരീക്ഷണം. 


 അതുകൊണ്ട് നിങ്ങളിലൊരാൾ സൽകർമ്മം പ്രവർത്തിച്ചാൽ ഞാനത് ഇഷ്ടപ്പെടുകയും അവനെ സ്നേഹിക്കുകയും ചെയ്യും. നിങ്ങളിലൊരുവൻ ചീത്ത പ്രവർത്തിച്ചാൽ നിശ്ചയം

അവനെ ഞാൻ ശിക്ഷിക്കുന്നതാണ്..."


 ഇത്രയും പറഞ്ഞ ശേഷം അദ്ദേഹം സർവ്വലോക രക്ഷിതാവായ അല്ലാഹു ﷻ വിനോട് ഇരുകരങ്ങളുമുയർത്തി ഇപ്രകാരം പ്രാർത്ഥിച്ചു.


“അല്ലാഹുﷻവേ എന്റെ ഹൃദയം പരുക്കനാണ്. അതിനെ മാറ്റിമയപ്പെടുത്തിത്തരേണമെ. എന്റെ പ്രവർത്തനങ്ങളിൽ നീ ബർക്കത്ത് നൽകേണമേ..! എന്റെ മനസ്സിന്റെ പിശുക്ക് അകറ്റിത്തരണമെ..!”


 ഉമർ (റ) വിന്റെ പ്രസംഗം കഴിഞ്ഞ ഉടനെ ജനങ്ങളെല്ലാം അദ്ദേഹത്തോട് ബൈഅത്ത് ചെയ്തു. ഖലീഫയായ അദ്ദേഹത്തെ ബൈഅത്ത് ചെയ്തുവെങ്കിലും ജനങ്ങൾക്കെല്ലാം ഒരുതരം ആശങ്ക നിഴലിട്ട് കാണാമായിരുന്നു. കാരണമുണ്ട്. ഉമറിന്റെ സ്വഭാവം പരുക്കനായിരുന്നു. വെട്ടൊന്ന് മുറി രണ്ട് എന്ന രീതിയിലുള്ള സമീപനമെ ഉമിൽ നിന്നു അവർ കരുതിയിരുന്നുള്ളൂ. അതുകൊണ്ട് തന്നെ എല്ലാ ജനങ്ങൾക്കും അദ്ദേഹത്തെ ഭയമായിരുന്നു..!!


 അങ്ങിനെയുള്ള ഉമറാണ് ഖലീഫയായിരിക്കുന്നത്. എന്ത് സംഭവിക്കും. ഓരോരുത്തരും ഉള്ളുകൊണ്ട് ഭയന്നു. ഉമർ (റ)വിനെ ഒരു സംശയത്തോടെയാണ് അവരെല്ലാം വീക്ഷിച്ചത്. ജനങ്ങളുടെ മാനസികാവസ്ഥ ഉമർ(റ) മനസ്സിലാക്കി. അദ്ദേഹം ഒരു നിസ്കാരാനന്തരം തന്റെ പ്രജകളെ അഭിസംബോധനം ചെയ്തു കൊണ്ട് ഇപ്രകാരം പറഞ്ഞു.


 “എന്റെ പ്രിയപ്പെട്ട ജനങ്ങളെ, നിങ്ങൾ എന്നെ ഭയപ്പെടുന്നതായി ഞാൻ മനസ്സിലാക്കുന്നു. തിരുനബിﷺയുടേയും അബൂബക്കർ സിദ്ദീഖ് (റ) വിന്റേയും ജീവിതകാലത്തുള്ള എന്റെ പെരുമാറ്റം കണ്ടതു കൊണ്ടാണ് നിങ്ങൾ ഇപ്രകാരം ഭയാശങ്കകൾക്കടിമപ്പെട്ടവരായത് എന്നെനിക്കറിയാം. എന്നാൽ ഉറയിൽ നിന്നും ഊരപ്പെട്ട ഉമറെന്ന ഈ വാൾ അതിന്റെ തനതായ ശക്തിയിൽ ഉപയോഗിക്കപ്പെടുമെന്ന് നിങ്ങളാരും ഭയപ്പെടേണ്ടതില്ല. ആക്രമകാരികളോട് മാത്രമെ ഉമർ തന്റെ യഥാർത്ഥ സ്വഭാവം പുറത്തെടുക്കുകയുള്ളൂ. അല്ലാത്തവരോട് സൗമ്യമായി വർത്തിക്കാമെന്ന് ഉറപ്പ് നൽകുന്നു...”


 ഉമർ (റ) വിന്റെ ഈ വാക്കുകൾ കേട്ടപ്പോഴാണ് ജനങ്ങൾ സംതൃപ്തരായത്. തങ്ങളുടെ ഖലീഫയിൽ നിന്ന് നീതിമാത്രമെ ഉണ്ടാവുകയുള്ളൂ എന്നുള്ള വിശ്വാസം അവരിൽ ഉറച്ചു. സത്യവിശ്വാസികളുടെ നേതാവ് എന്നർത്ഥം വരുന്ന അമീറുൽ മുഅ്മിനീൻ എന്ന സ്ഥാനപ്പേര് ആദ്യമായി ലഭിച്ചത് ഉമർ(റ)വിനായിരുന്നു... 


 ഖലീഫാസ്ഥാനം ഏറ്റെടുത്ത ഉടനെ അബൂ ഉബൈദ (റ) വിന്റെ

നേതൃത്വത്തിൽ പേർഷ്യയിലേക്ക് പട്ടാളത്തെ അയക്കുകയാണ് ഉമർ(റ) ചെയ്തത്. അബൂഉബൈദ(റ) വിനെ സൈന്യാധിപനായി തെരഞ്ഞെടുത്തയച്ചപ്പോൾ അദ്ദേഹത്തോട് ഉമർ(റ) ഇപ്രകാരം ഉപദേശിച്ചു.


 “താങ്കൾ ഏതൊരു കാര്യത്തിലും പ്രഗത്ഭമതികളായ സ്വഹാബത്തുമായി മുശാവറ ചെയ്യുക. സ്വന്തം അഭിപ്രായത്തിൽ ഒരു കാര്യവും പ്രവർത്തിക്കരുത്...”


 ഉമർ(റ) തന്റെ ഏതൊരു പ്രവർത്തനവും മറ്റുള്ളവരോട് കൂടിയാലോചിച്ചേ ചെയ്തിരുന്നുള്ളൂ. സ്വന്തം അഭീഷ്ടത്തിനനുസരിച്ച് ഒരു കാര്യവും അദ്ദേഹം പ്രവർത്തിക്കുമായിരുന്നില്ല. 


 മദ്യപാനത്തിന്റെ ശിക്ഷയെക്കുറിച്ച് തന്റെ ജനതയുമായി അദ്ദേഹം ചർച്ച

ചെയ്തു. മദ്യപാനിയെ എൺപത് അടി അടിക്കണമെന്നു അലി(റ) നിർദ്ദേശിച്ചു. ഖലീഫ അതുതന്നെ നിയമിക്കുകയും ചെയ്തു.


 ഒരിക്കൽ ഖൗല(റ) ഉമർ(റ)വിനെ സമീപിച്ചിട്ട് ഇപ്രകാരം പറഞ്ഞു. ഗുസ്തിക്കാരനായി നടന്ന ഉമറേ (റ) നീ ഭരണാധികാരിയാണെന്ന് കരുതി ജനങ്ങളുടെ കാര്യത്തിൽ അലംഭാവം കാണിക്കരുത്...


 കേവലം ഒരു സ്ത്രീ ഖലീഫയോട് ഇങ്ങിനെ അപമര്യാദയായി

പെരുമാറുന്നതെന്നറിഞ്ഞ് കൂടെയുണ്ടായിരുന്ന സ്വഹാബികൾക്ക് ദേഷ്യം വന്നു. 


 പക്ഷെ ഉമർ (റ) പറഞ്ഞു. ഖുർആൻ പോലും പരാമർശിച്ച വനിതയാണത്. അവർ പറയുന്നത് കേൾക്കാൻ തീർച്ചയായും ഞാൻ കടപ്പെട്ടിരിക്കുന്നു.


 മറ്റൊരിക്കൽ ഒരുത്തൻ വന്ന്... 

 “എടാ ഉമറേ നിനക്കാണ് നാശം” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. തങ്ങളുടെ ഖലീഫയെ ഈ നിലക്ക് അപമാനിക്കുകയോ? സ്വഹാബികൾക്ക് ചുടായി. ഉമർ(റ) ജനങ്ങളെ സമാശ്വസിപ്പിച്ചു. ആഗതനോട് വിനയാത്വിതനായിതന്നെക്കുറിച്ച്

അങ്ങിനെ പറയാനുണ്ടായ കാരണമന്വേഷിച്ചു. 


 ഈജിപ്തിലെ ഗവർണ്ണർ അയാളോടെന്തോ ഹിതമല്ലാത്തത് പ്രവർത്തിച്ചു


എന്നായിരുന്നു ആവലാതി. ഉടൻതന്നെ ഉമർ(റ) പ്രസ്തുത സംഗതിയന്വേഷിച്ച് വേണ്ടുന്ന പരിഹാരം നൽകി. ഇങ്ങിനെ എത്രയെത്ര സംഭവങ്ങൾ എല്ലാം ഉമറെന്ന (റ) ഭരണകർത്താവിന്റെ കീർത്തിക്ക് മകുടംചാർത്തുന്നത് തന്നെ... 


 ജനങ്ങൾക്ക് താനൊരു പരുക്കനാണെന്ന ധാരണയുണ്ട്. അത് നീക്കണം എന്നുള്ള ഉദ്ദേശത്തോടുകൂടി ത്തന്നെ അദ്ദേഹം തന്റെ സ്വഭാവം തുറന്ന പുസ്തകം പോലെ അവരുടെ മുമ്പിൽ അവതരിപ്പിച്ചു...


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm