06 Feb, 2023 | Monday 14-Rajab-1444

   അറേബ്യയിൽ എങ്ങും പട്ടിണി. മഴ കിട്ടാതെ വരണ്ടുണങ്ങിയ ഭൂമി. ഫലവൃക്ഷങ്ങളൊന്നും കായ്ക്കുന്നില്ല. ഉമർ(റ) തന്റെ ഗവർണർമാർക്കെല്ലാം സഹായമെത്തിക്കാൻ കത്തെഴുതി, ദുരിതാ ശ്വാസപ്രവർത്തനം ഊർജ്ജിതമായി...


 തട്ടിപ്പില്ല. വെട്ടിപ്പില്ല. ഗവർണ്ണർമാരുടെ പക്കൽ നിന്നും സഹായങ്ങൾ ആയിരക്കണക്കിൽ ഒട്ടകങ്ങളുടെ പുറത്ത് ചുമന്നുകൊണ്ടെത്തി. ഉമർ (റ)വിന്റെ ഉദ്യോഗസ്ഥന്മാർ നാടൊട്ടുക്കും ചുറ്റിക്കറങ്ങി സ്ഥിതിഗതികളന്വേഷിച്ച് ആവശ്യക്കാർക്ക് വസ്ത്രവും ഭക്ഷണവുമെല്ലാം വിതരണം ചെയ്തു.


 ഉമർ(റ) തന്നാൽ കഴിയുന്ന രൂപത്തിൽ എല്ലാവിധ സഹായങ്ങളും

ചെയ്തുകൊണ്ടിരുന്നു. ആവശ്യക്കാർക്കെല്ലാം തന്റെ ഉദ്യോഗസ്ഥന്മാർ ഭക്ഷണം എത്തിക്കുന്നുണ്ടോ എന്ന് അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു.


 ഉമർ (റ) ഭക്ഷണം കഴിക്കുന്നതുപോലും സാധാരണക്കാരോടൊപ്പമായിരുന്നു. അവർ കഴിക്കുന്നത് ഉണക്കറൊട്ടിയും പച്ചവെള്ളവും അതല്ലാതെ ഭരണാധികാരിക്ക് പ്രത്യേകമായി ഒരു വിഭവവും വേണമെന്ന് അദ്ദേഹം ആശിച്ചിരുന്നില്ല. 


 ഉണക്കറൊട്ടിയും കാരക്കയും ഇതിനപ്പുറം മറ്റൊരു ഭക്ഷണസാധനം അദ്ദേഹം കഴിക്കാറില്ല. കാരണം തന്റെ ജനങ്ങൾക്ക് അതല്ലാതെ മറ്റൊന്നും കിട്ടാറില്ല എന്ന് ഉമർ(റ) വിന്ന് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരവസരത്തിൽ തന്റെ സുപ്രയിൽ പാൽകട്ടി കൊണ്ടുവന്നുവെച്ച ഭൃത്യനെ അദ്ദേഹം ശകാരിക്കുകയും അത് അപ്പോൾ തന്നെ പാവങ്ങൾക്ക് വിതരണം ചെയ്യുകയുമാണുണ്ടായത്. 


 മറ്റൊരവസരത്തിൽ ഒട്ടകത്തിന്റെ കരള് വേവിച്ചു കൊണ്ടുവന്നുവെച്ചത് കണ്ടപ്പോഴും അദ്ദേഹം പ്രകോപിതനായി. മാംസത്തിന്റെ ഏറ്റവും നല്ലഭാഗം എനിക്ക് തന്ന് ബാക്കി ജനങ്ങളെ തീറ്റിക്കുകയോ..? അവരുടെ ഭരണാധികാരി എന്ന പേരിൽ അവരെ സേവിക്കേണ്ടതിന് പകരം മുതലെടുക്കുകയോ..? ഇല്ല. ഇതിന് ഉമറിനെ കിട്ടുകയില്ല. എന്നും പച്ചറൊട്ടി കൊണ്ടുതന്നെ അദ്ദേഹം വിശപ്പടക്കി.


 സ്വന്തം കുടുബത്തിന്റെ ആഹാരകാര്യത്തിലും ഇത്തരം

നിഷ്കർഷത അദ്ദേഹം പാലിച്ചിരുന്നു...


 നാടൊട്ടുക്കും കാർന്നുതിന്നുകൊണ്ടിരുന്ന ക്ഷാമകാലത്ത് തന്റെ കുഞ്ഞുങ്ങളിലൊരാൾ പഴം തിന്ന് രസിക്കുന്നത് കണ്ട് ഖലീഫ കോപിച്ചു. പ്രിയപ്പെട്ട ജനങ്ങൾ വിശന്ന് പൊരിയുന്നു. ഖലീഫയുടെ മകൻ പഴങ്ങൾ തിന്നുന്നു. പാടില്ല. അദ്ദേഹം രോഷാകുലനായി പറഞ്ഞു.


 എത്രതന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ഓടിനടന്നിട്ടും പലരും വിശപ്പിന്റെ നീരാളിപ്പിടുത്തത്തിലകപ്പെട്ട് മരണം

വരിച്ചു കഴിഞ്ഞിരുന്നു. ഈ കാലഘട്ടം ഉമർ (റ) ജനങ്ങളുടെ ക്ഷേമമന്വേഷിച്ച് രാപകൽ ഭേദമില്ലാതെ ഓടിനടന്നു. അർദ്ധ രാത്രികഴിഞ്ഞ് ജനങ്ങൾ ഉറക്കിന്റെ ലഹരിയിൽ എല്ലാം മറക്കുന്ന സമയത്ത് അദ്ദേഹം പുറത്തിറങ്ങും. നാടിന്റെ തനതായ രൂപം നേരിൽ

കാണും. 


 അങ്ങിനെ ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു രാത്രിയിൽ അകലെ ഒരു വെളിച്ചം ഉമർ(റ) കണ്ടു. ഒരു കുടിലിൽ നിന്നാണ് ആ വെളിച്ചം പുറപ്പെടുന്നത്. കുറച്ചുകൂടി അടുത്തെത്തിയപ്പോൾ കരച്ചിലിന്റെ നേർത്ത സ്വരം അവരുടെ കാതുകളിൽ പതിച്ചു. ഒന്നല്ല. കുറേപേർ ഒന്നിച്ചുകരയുന്നതുപോലെ കൂട്ട നിലവിളിയാണെങ്കിലും ശബ്ദത്തിന് കാഠിന്യമില്ല. ഖലീഫ ആ കുടിലിനെ

സമീപിച്ചു. 


 കുട്ടികൾ കരയുന്നതെന്തിനായിരിക്കും..? അദ്ദേഹം സംശയിച്ചു. അറിയുവാനായി വീട്ടിന്റെ അകത്തേക്കെത്തി നോക്കി. ഒരു വൃദ്ധ അടുപ്പത്ത് പാത്രം വെച്ച് തീ കത്തിക്കുകയാണ്. ഇടക്കിടെ തവി കൊണ്ട് പാത്രത്തിൽ ഇളക്കുന്നുണ്ട്.


 ഖലീഫ വാതിലിൽ മുട്ടി. വൃദ്ധ വാതിൽ തുറന്നു. “ഈ കുഞ്ഞുങ്ങളെല്ലാം ഇങ്ങിനെ കരയുന്നതെന്തിനാണ്..?” 

ഉമർ (റ) ചോദിച്ചു.


“അവർ വിശന്ന് കരയുകയാണ്”


“നിങ്ങൾ അടുപ്പത്ത് വെച്ച് തീ കത്തിക്കുന്നതെന്താണ്..?” 


“അത് വെറും പച്ചവെള്ളമാണ്. കുട്ടികൾ കരയാതിരിക്കാൻ വേണ്ടിയാണ് ഞാനിങ്ങനെ തീ കത്തിക്കുന്നത്. അങ്ങിനെ തളർന്നു തളർന്നു കുഞ്ഞുങ്ങൾ ഉറങ്ങിപ്പോകണം. അതാണ് ഉദ്ദേശം.”


 വൃദ്ധയുടെ വാക്കുകൾ കേട്ട് ഉമർ(റ)വിന്റെ നയനങ്ങളിൽ നിന്നും അശ്രുകണങ്ങൾ അറിയാതെ ഉതിർന്നു വീണു. താൻ എതയധികം പാടുപെട്ടിട്ടും ഇപ്പോഴും ജനങ്ങൾ പട്ടിണി കിടക്കുന്നല്ലോ? അദ്ദേഹത്തിന്ന് ഓർക്കാൻ കൂടി കഴിഞ്ഞില്ല. കദനഭാരത്തോടെയാണ്

ഖലീഫ ആ വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നത്. 


 താൻ ഭരണാധികാരിയായിരിക്കുക. തന്റെ ഭരണത്തിൻ കീഴിൽ പിഞ്ചുകുഞ്ഞുങ്ങൾപോലും പട്ടിണികിടന്നു നരകിക്കേണ്ടിവരിക. ഇതിൽപരം അപമാനകരമായ വസ്തുത മറ്റെന്താണ്. അല്ലാഹുﷻവിന്റെ മുമ്പിൽ താനെന്ത് സമാധാനമായിരിക്കും പറയുക. എല്ലാവരും ഇടയരാണ്. തന്റെ കീഴിലുള്ള മേയ്ക്കപ്പെടുന്നവയെക്കുറിച്ച് ചോദ്യം ചെയ്യപ്പെടും എന്നല്ലേ തിരുനബി ﷺ പറഞ്ഞിരിക്കുന്നത്. തന്റെ പ്രജകൾക്ക് പട്ടിണിയകറ്റാൻ പോലും സാദ്ധ്യമാകുന്നില്ലെന്ന് വന്നാൽ..?!


 ഖലീഫ വേഗം തന്റെ വീട്ടിലേക്ക് ചെന്നു. ഭൃത്യനെപ്പോലും അനുവദിക്കാതെ സ്വന്തം ചുമലിൽ ധാന്യവും മറ്റുവിഭവങ്ങളും ചുമന്ന് കൊണ്ട് ആ വീട്ടിലേക്ക് ചെന്നു. ആ ധാന്യം കൊണ്ട് സ്വന്തം കരങ്ങളാൽ ഭക്ഷണം പാകം ചെയ്ത് തളർന്നുറങ്ങിയ കുഞ്ഞുങ്ങളെ ഊട്ടിയശേഷം മാത്രമെ അദ്ദേഹത്തിന്ന് മനസ്സിൽ അൽപമെങ്കിലും ആശ്വാസം ലഭിച്ചുള്ളൂ...


 ഹാവൂ..!! എത്ര ദയാശീലനായ മനുഷ്യൻ ! ആ വൃദ്ധ മനസ്സിൽ വിചാരിച്ചു...


 “താങ്കളാണ് ഈ രാജ്യത്തെ ഖലീഫയാകേണ്ടത് ഉമറല്ല” 


 അവർ തന്റെ മനസ്സിലുള്ള അഭിപ്രായം വെട്ടിത്തുറന്ന് പറയുകയും ചെയ്തു. ഉമർ(റ) വൃദ്ധയുടെ വാക്കുകൾ കേട്ട് ഒന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ...


 ഒരുപാട് ചിന്തകൾ ഇവിടെ ഉയർന്നുവരികയാണ്. ഭരണം

ഭരണീയർക്ക് വേണ്ടിയുള്ളതാണ്. ജനകീയം എന്നുപറഞ്ഞാൽ ജനങ്ങളുടെ അഭിരുചിയറിഞ്ഞ് അവരുടെ ആഗ്രഹസംപൂർണ്ണതമാത്രം

ലക്ഷ്യമാക്കി ഭരിക്കലാണ്. ഈ മഹത്തായ ലക്ഷ്യമായിരുന്നു

ഇസ്ലാമിനും അത് പ്രതിനിധാനം ചെയ്തിരുന്ന സംഹിതക്കും ഖലീഫമാർക്കുമുണ്ടായിരുന്നത്. യഥാർത്ഥ സോഷ്യലിസമായിരുന്നു

അവർ വിഭാവനം ചെയ്തിരുന്നത്. 


 മഹത്തായ വിപ്ലവത്തിന്റെ നാന്ദിക്കുറിച്ചുകൊണ്ടാണ് ലോകം കണ്ടതിൽ വെച്ചേറ്റവും മഹത്തായ

ഭരണാധികാരിയായി ഉമർ (റ) വാഴ്ത്തപ്പെട്ടു. ലോകമെങ്ങുമുള്ള

ബുദ്ധിജീവികൾ ഉമർ(റ)വിന്റെ ഭരണം മാതൃകയാണെന്ന് പ്രഖ്യാപിച്ചു...


 മഹാത്മാഗാന്ധി പോലും ഉമർ(റ)വിന്റെ ഭരണമാണിവിടെ വരേണ്ടതെന്ന് ആശിച്ചു...


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm