06 Feb, 2023 | Monday 14-Rajab-1444

  ഉമർ (റ) വിന്റെ ഭരണ കാലത്ത് ഇസ്ലാമിക ഭരണകൂടം അതിവിശാലമായിരുന്നു. പത്തരവർഷത്തെ ഖിലാഫത്ത് കൊണ്ടാണ് ഉമർ(റ) ഇത് നേടിയെടുത്തത്. എന്തും ത്യജിക്കാൻ സന്നദ്ധരായി ഈമാനികാവേശമുള്ളൊരു സംഘം അദ്ദേഹത്തിന്റെ പിന്നിൽ അടിയുറച്ചു നിന്നതുകൊണ്ടാണ് ഇത്രയും വലിയൊരു വിജയം മുസ്ലിംകൾക്ക് നേടിയെടുക്കാൻ കഴിഞ്ഞത്. 


 തങ്ങളുടെ ഇരട്ടിയും അതിലധികവുമുള്ള സൈന്യങ്ങളോടാണ് അവർ ഏറ്റുമുട്ടിയിരുന്നത്. പേർഷ്യക്കാരും റോമക്കാരുമെല്ലാം ഉമർ (റ) വിന്റെ സൈന്യങ്ങളുടെ ഭരണപാടവത്തിനു മുമ്പിൽ മുട്ടുകുത്തി...


 അർപ്പണമനോഭാവത്തോടുകൂടിയാണ് ഓരോ മുസ്ലിം ഭടനും പടക്കളത്തിലിറങ്ങിയത്. പടനായകനും സാധാരണ ഭടനും ഒരേപോലെ. ആർക്കും പ്രത്യേക ഔന്നിത്യമില്ല. ഏതൊരു കാര്യവും പരസ്പരം മുശാവറ ചെയ്ത് മാത്രമേ തീരുമാനമെടുക്കൂ. ഈയൊരു നിലപാടാണ് അന്ന് മുസ്ലിംകൾ സ്വീകരിച്ചത്.


 ഐഹിക ജീവിതത്തെയും അതിലെ ആഡംബരങ്ങളേയും അവർ ഒട്ടും വിലകൽപ്പിച്ചിരുന്നില്ല. പരലോകവും സ്വർഗ്ഗീയജീവിതമായിരുന്നു ഓരോരുത്തരുടേയും ജീവിതലക്ഷ്യം. അതിനായി ജിഹാദിന്നിറങ്ങാൻ ആരും മടി കാണിച്ചില്ലെന്ന് മാത്രമല്ല അതവർക്ക് ഏറ്റവും സന്തുഷ്ടജനകവുമായിരുന്നു. 


 ശത്രുക്കളുടെ മുമ്പിൽ വീരപരാക്രമികളായ മുസ്ലിം സൈന്യങ്ങളിൽ ഓരോരുത്തരും തന്റെ സഹോദരനു മുമ്പിൽ വളരെയധികം സ്നേഹമുള്ളവരും അവനവന്റെ അഭിലാഷങ്ങളെക്കാൾ മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും വിലകൽപ്പിക്കുന്നവരുമായിരുന്നു. ഇതിന് എത്രയോ ഉദാഹരണങ്ങൾ പറയാനുണ്ട്. 


 മരണത്തോട് മല്ലടിച്ചുകൊണ്ട് തൊണ്ട വരണ്ട് ദാഹപരവശനായി അടർക്കളത്തിൽ കിടക്കുന്ന യോദ്ധാവ് തന്റെ മുന്നിലേക്കു വെച്ചു നീട്ടിയ വെള്ളപ്പാത്രം മറ്റൊരു മുസ്ലിം സഹോദരന്റെ കരച്ചിൽ കേട്ട് അങ്ങോട്ടാംഗ്യം കാണിച്ചു കൊണ്ട് തിരസ്കരിക്കുക. ഉദാത്തമായ ഇത്തരം മാതൃകകൾ ഈ മഹത്തായ തത്വസംഹിതയുടെ അനുയായികളിൽ നിന്നെല്ലാതെ മറ്റെവിടെ കാണും..?!


 ഇങ്ങിനെയുള്ള മാതൃകാപരമായ സമീപനവും ഐക്യത്തോടെയും കെട്ടുറപ്പോടെയുമുള്ള മുന്നേറ്റവും കൊണ്ടാണ് ഉമർ(റ) വിന്റെ ഭരണത്തിൻ കീഴിൽ ഇത്രയും വലിയ സാമ്രാജ്യത്തിന്നുടമകളാകുവാൻ മുസ്ലിംകൾക്ക് സാധിച്ചത്.


 വിശാലമായ സാമ്രാജ്യം കെട്ടിപ്പടുത്തതിനു ശേഷം അവയിൽ

പലവിധ പരിഷ്കരണങ്ങളും ഉമർ(റ) ഏർപ്പെടുത്തി. ഭരണസംവിധാനം സുഖമാക്കുന്നതിന്നുവേണ്ടി അദ്ദേഹം തന്റെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും ജില്ലകളുമായി വിഭജിക്കുകയും സംസ്ഥാനങ്ങൾതോറും ഭരണത്തിന്റെ മേൽനോട്ടം വഹിക്കാൻ ഗവർണ്ണർമാരെയും മറ്റധികാരികളെയും നിയമിക്കുകയും ചെയ്തു. ഈ നിയമങ്ങളും മറ്റുക്രമീകരണങ്ങളുമെല്ലാം ആധുനിക ഭരണയന്ത്രത്തെക്കാൾ എത്രയോ മാതൃകാപരമായിരുന്നു. 


 ഇന്ന് മന്ത്രിസ്ഥാനവും മറ്റു ഭരണനേതൃത്വവും കൈവശപ്പെടുത്താൻ വേണ്ടി സ്ഥാനാർത്ഥികളായി നിൽക്കുകയും വിജയത്തുന്നു വേണ്ടി ഏത് ഹീനമാർഗ്ഗവുമവലംബിക്കുകയും ചെയ്യുന്ന സമ്പ്രദായമാണ് നിലവിലുള്ളത്. എന്നാൽ ഉമർ(റ)വിന്റെ കാലത്ത് അങ്ങിനെ ഒരു സമ്പ്രദായം തന്നെ ഉണ്ടായിരുന്നില്ല. യോഗ്യരായവരെ തിരഞ്ഞെടുത്ത് അദ്ദേഹം തന്നെ നേരിട്ട് ഭരണഭാരം ഏൽപ്പിക്കുമായിരുന്നു. അയോഗ്യരേയും പൊതു മുതൽ കൈകാര്യം ചെയ്യുന്നതിൽ സൂക്ഷ്‌മത ഇല്ലാത്തവരേയും ഉമർ(റ) ഭരണത്തിന്റെ നാലയലത്തുപോലും കൊണ്ടുവരുമായിരുന്നില്ല. 


 തന്നെ ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവർണ്ണറാക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ അയാളെ ആക്കണമെന്ന് ഉദ്ദേശമുണ്ടായിരുന്നെങ്കിൽ തന്നെ അത് റദ്ദ് ചെയ്യുകയായിരുന്നു പതിവ്. കാരണം സ്ഥാനം ആഗ്രഹിച്ചു വരുന്നവന്റെ ഉള്ളിൽ എന്തെങ്കിലും ദുരുദ്ദേശം ഉണ്ടാകുമെന്നദ്ദേഹത്തിന്നറിയാമായിരുന്നു...


 വിശാലമായ സാമ്രാജ്യം തന്റെ അധീനതയിൽ വന്നപ്പോൾ ഭരണം സുഗമമാക്കാൻ മറ്റു പരിഷ്ക്കാരങ്ങളും ഉമർ(റ) നടപ്പിൽ വരുത്തി...


 ഗനീമത്തുകളും മറ്റുപലവകയിലുമായി ധാരാളം സമ്പത്തുകൾ ഇസ്ലാമിക ബൈത്തുൽമാലിൽ എത്തിച്ചേരുകയുണ്ടായി. അവയെല്ലാം ഭദ്രമായി സൂക്ഷിക്കുവാനും കൃത്യമായി വരവ് ചിലവ് കണക്കുകൾ സൂക്ഷിച്ചുവെക്കാനുമുള്ള സംവിധാനങ്ങൾ അദ്ദേഹം ഉണ്ടാക്കി. 


 ബൈത്തുൽമാലിൽ കാലാകാലങ്ങളിൽ എത്തിച്ചേരുന്ന ധനത്തെക്കുറിച്ച് രേഖപ്പെടുത്തിയ ബൈത്തുൽമാൽ രജിസ്റ്റർ, യോദ്ധാക്കളുടെ പട്ടിക രേഖപ്പെടുത്തുന്ന രജിസ്റ്റർ ഇവയെല്ലാം ഉമർ(റ) നടപ്പാക്കി. യുദ്ധങ്ങളിൽ പങ്കെടുത്തവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും താന്താങ്ങളുടെ സേവനത്തിന്റെ അടിസ്ഥാനത്തിൽ പെൻഷ്യനും മറ്റു സൗകര്യങ്ങളും നൽകാനും ഉമർ(റ)വിന്റെ ഗവണ്‍മെന്റ് തീരുമാനിച്ചു. 


 അനാഥകളെയും വൃദ്ധകളേയും ഉമർ(റ) സഹായധനങ്ങൾ നൽകി സംരക്ഷിച്ചിരുന്നു. എന്നുവേണ്ട ഇന്നത്തെ ഭരണാധികാരികൾ മാതൃകയാക്കേണ്ട ഒരുപാട് കാര്യങ്ങൾ ഭരണപരിഷ്കാരമെന്ന നിലയിൽ ഉമർ(റ) നടപ്പിൽ വരുത്തിയിരുന്നു.


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm