ദീനുൽ ഇസ്ലാമിന്റെ പേരിൽ എന്തുമർദ്ദനം സഹിക്കാനും ഞങ്ങൾ തയ്യാറാണ്. അതുകൊണ്ട് വെട്ടിത്തുറന്നു പറയുകതന്നെ. ഫാത്വിമയും (റ) ഭർത്താവും ഒരുപോലെ മനസ്സിലുറച്ചു...
“അതെ, ഞങ്ങൾ പരിശുദ്ധ ദീനുൽ ഇസ്ലാം പുണർന്നിരിക്കുന്നു. അല്ലാഹു ﷻ അല്ലാതെ മറ്റൊരു ആരാധ്യനും ഇല്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹു ﷻ വിന്റെ പ്രവാചകനാണെന്നും സധൈര്യം ഞങ്ങളിന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്നു.” സഈദിന്റെ (റ) കരുത്താർന്ന വാക്കുകൾ ഉമറിന്റെ (റ) രോഷത്തെ ഇരട്ടിയാക്കി..!!
ശക്തമായൊരടി. സഈദിന്റെ (റ) കരണത്തുതന്നെ അതേറ്റു. തലകറങ്ങുന്നതുപോലെ വീണ്ടും
അടിക്കാനോങ്ങിയ ആങ്ങളയുടെ മുന്നിലേക്ക് ചാടികൊണ്ട് ഫാത്വിമ (റ) പറഞ്ഞു:
“അരുത്. അദ്ദേഹത്തെ അടിക്കരുത്. എന്നെ എന്തുവേണമെങ്കിലും ചെയ്തോളൂ. ഞാനും മുഹമ്മദ് നബി ﷺ യുടെ മാർഗ്ഗം പിൻപറ്റിയവളാണ്.” സഹോദരിയുടെ വാക്കുകൾ എരിതീയിലെ എണ്ണപ്പോലെ ഉമറിന്റെ (റ) കോപത്തെ ആളിക്കത്തിച്ചു...
അദ്ദേഹം സഹോദരിയേയും കണക്കില്ലാതെ മർദ്ദിച്ചു. ശരീരത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഇറ്റിവീഴുന്ന രക്തവുമായി ഫാത്വിമ സഹോദരന്റെ മുന്നിൽ നിന്നു. അജയ്യമായ ഈമാനികാവേശത്തിന്റെ ഈ
ലോകത്തെ ഒന്നിനേയും ഭയപ്പെടാനില്ലെന്ന് അവൾ സഹോദരന് കാണിച്ചുകൊടുത്തു.
“സഹോദരാ അങ്ങേക്കിഷ്ടമുള്ള എന്ത് വേണമെങ്കിലും ചെയ്തു കൊള്ളൂ. മരണശിക്ഷക്കുതന്നെ ഞങ്ങളെ വിധേയരാക്കിയാലും ഈ
സത്യമതത്തിൽ നിന്ന് ഞങ്ങൾ പിൻമാറുകയില്ല.”
അചഞ്ചലമായ വിശ്വാസം സത്യത്തിന്റെ ഊന്നലില്ലാതെ ഈ കരുത്തെവിടെനിന്നുകിട്ടും. ഉമർ (റ) അതാണപ്പോൾ ആലോചിച്ചത്. ഓർക്കുന്തോറും ഹൃദയത്തിൽ പശ്ചാതാപത്തിന്റെ ശകലകളുണരുകയായിരുന്നു.
ചോരയിൽ കുതിർന്നുനിൽക്കുന്ന തന്റെ സഹോദരി, പ്രാണനിൽ പ്രാണനായ അവൾ സ്നേഹിക്കുന്ന ഭർത്താവ് പാവം അവരെ രണ്ടുപേരേയും താനത്രെ ഉപദ്രവിച്ചു. അവർ എന്തിനുവേണ്ടിയാണ് ഈ മർദ്ദനങ്ങൾ സഹിക്കുന്നത്. അത് കളവാകാനിടയില്ല. സത്യത്തിന്റെ തിരിനാളം താനതിൽ കാണുന്നു. ഉമറിന്റെ (റ) ഹൃദയത്തിൽ ഈമാനിന്റെ ഉറവ് പൊട്ടുകയായിരുന്നു. തന്റെ ചെയ്തികളിൽ അദ്ദേഹം അകമഴിഞ്ഞ് പശ്ചാതാപിക്കുകയായിരുന്നു.
“ഫാത്വിമാ തീർച്ചയായും ഞാൻ ആത്മാർത്ഥതയോടെ ചേദിക്കുകയാണ് നിങ്ങൾ ഇവിടെ നിന്നും പാരായണം ചെയ്തത് എന്താണ്. എനിക്കതൊന്ന് കേൾക്കണം ആ വചനങ്ങളടങ്ങിയ
ഏടുകൾ എന്നെ കാണിക്കൂ സഹോദരീ...”
സഹോദരന്റെ മനസ്സു മാറുന്നത് കണ്ട് ഫാത്വിമായും (റ) ഭർത്താവും അകമഴിഞ്ഞു സന്തോഷിച്ചു. എങ്കിലും ആ ഏടുകൾ അതേനിലയിൽ കയ്യിൽ കൊടുക്കാൻ അവർ തയ്യാറായില്ല.
“താങ്കൾ അംഗസ്ഥാനം ചെയ്ത് ശുദ്ധിയോടെ വരൂ എന്നാൽ
ഏട് കയ്യിൽ തരാം...”
അതു കേൾക്കേണ്ട താമസം ഉമർ (റ) കുളിച്ചു ശുദ്ധിയായി തിരിച്ചുവന്നു. ഫാത്വിമ (റ) ഏടുകൾ കൊടുത്തു. ഉമർ (റ) വളരെയധികം ജിജ്ഞാസയോടെ ആ സൂക്തങ്ങൾ ഉരുവിട്ടു.
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
طه مَا أَنزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَىٰ
എന്ന് തുടങ്ങുന്ന വിശുദ്ധവചനങ്ങൾ...
“ഹാ! എന്തൊരു ആശയസംപുഷ്ടമായ പദങ്ങൾ. ഇത് ഒരിക്കലും മനുഷ്യ നിർമ്മിതമാവാനിടയില്ല. ഒരാൾക്കും ഇത്തരം പദങ്ങൾ നിർമ്മിക്കുവാൻ ആവില്ല. ഇതാണന്റെ മാർഗ്ഗം.”
ഉമറിന്റെ (റ) ഉള്ളിലിരുപ്പ് ഫാത്വിമ (റ)യും ഭർത്താവും മനസ്സിലാക്കി. അവർ സർവ്വ ശക്തനായ അല്ലാഹു ﷻ വിന്ന് നന്ദി പറഞ്ഞു. സ്ഥിതിഗതികൾ ശാന്തമായെന്നറിഞ്ഞപ്പോൾ മറഞ്ഞുനിന്നിരുന്ന ഖബ്ബാബ് (റ) പുറത്തുവന്നു. അവർ ഒന്നുചേർന്നാഹ്ലാദിച്ചു. ഉമറിന്റെ (റ) മാനസികപരി വർത്തനം ആ മൂന്ന് പേരുടേയും ഹൃദയങ്ങളെ കുളിരണിയിച്ചു.
എനിക്കിപ്പോൾ മുഹമ്മദ് നബിﷺയുടെ അരികിലെത്തണം. ഉമർ (റ) മന്ത്രിച്ചു. ഉടൻ നബിﷺയേയുമന്വേഷിച്ച് ഉമർ (റ) പുറത്തിറങ്ങി...