ശക്തിയും കരുത്തുമുണ്ടെങ്കിൽ അക്കാലത്ത് എന്തും പ്രവർത്തിക്കാം. ആരും ചോദ്യം ചെയ്യുകയില്ല. കയ്യൂക്കുള്ളവൻ തന്നെയായിരുന്നു കാര്യക്കാരൻ. ഉമർ (റ)വിന്ന് നല്ല കരുത്തും തന്റേടവും ചുറുചുറുക്കും ഉണ്ടായിരുന്നു. തനിക്ക് ശരിയെന്ന് തോന്നിയതിന് വേണ്ടി ധൈര്യസമേതം മുന്നിട്ടിറങ്ങുവാൻ അദ്ദേഹം തയ്യാറായിരുന്നു.
ഏതൊരു പോരാളിയും ഉമറിനെ (റ) വെല്ലാൻ അക്കാലത്തുണ്ടായിരുന്നില്ല. എന്തിനധികം പറയുന്നു, അക്കാലത്തെ ഉമ്മമാർ അവരുടെ കുഞ്ഞുങ്ങളെ ഉറക്കുവാൻ വേണ്ടി ഭയപ്പെടുത്തി പറഞ്ഞിരുന്നത് പോലും ഉമറിന്റെ (റ) പേരായിരുന്നു...
വിരലിലെണ്ണാവുന്ന ചിലർക്ക് അക്കാലത്ത് ബിംബാരാധനയോട് എതിരായിരുന്നു. കണ്ണിൽ കണ്ട മുഴുവൻ അചേതന വസ്തുക്കളേയും ദൈവമാക്കി പ്രതിഷ്ഠിച്ച് ആരാധിക്കുന്ന പതിവിനെ അവർ വെറുത്തു. ദൈവം ഒന്നേയുള്ളൂ. നൂഹ് നബി(അ)മിന്റെയും ഇബ്രാഹിം നബി(അ)മിന്റെയും ദൈവം. അതായത് അല്ലാഹു ﷻ. വറഖത്ത് ബ്നു നൗഫൽ, അബ്ദുല്ലാഹി ബ്നു ജഹ്ശ്, ഉസ്മാനുബ്നുഹുവൈസ്, സൈദു ബ്നു അംറ് മുതലായവരെല്ലാം ഈ വിശ്വാസം വെച്ച് പുലർത്തുന്നവരാണ്.
ഇവരിൽ ബുദ്ധിശാലിയും തന്ത്രജ്ഞരുമായ സൈദു ബ്നു അംറ് ഉമർ (റ) ന്റെ കുടുംബത്തിൽപ്പെട്ട ആളുമായിരുന്നു. അയാൾ ഏത് സമയവും ബഹുദൈവാരാധനയെ
എതിർക്കും. അതിന്നുകിട്ടുന്ന ഒരവസരവും ഒഴിവാക്കുകയില്ല. ബിംബങ്ങളെ ആരാധിക്കുന്നതിലെ മൗഡ്യം തുറന്നുകാണിക്കും.
“ഈ കാണുന്ന പ്രപഞ്ചവും അതിലെ സർവ്വ ചരാചരങ്ങളും സൃഷ്ടിച്ചത് ഒരേയൊരു നാഥനാണ്. ഒന്നിൽ കൂടുതൽ ദൈവങ്ങളെ ആരാധിക്കുന്നതു വിഡ്ഢിത്വമാണ്.” ഇങ്ങിനെ തുറന്നടിക്കാൻ സൈദുബ്നുഅംറ് മടി കാണിച്ചില്ല.
ഇത്തരം വാർത്തകൾ ഉമറിന്റെ (റ) ചെവിയിലുമെത്തി. ആ രോഷാഗ്നി ആളിക്കത്തി.
“എന്ത്.. കണ്ണുകൊണ്ട് കാണാൻ കഴിയുന്ന ലാത്ത ഉസ്സ തുടങ്ങിയ വിഗ്രഹങ്ങളെ നിഷേധിക്കുകയോ? കാണാത്ത ഒരൊറ്റ ദൈവത്തെ മാത്രം ആരാധിക്കുകയോ? ഈ വാദം ഒരിക്കലും വക വെച്ചുകൊടുത്തു കൂടാ.” തന്റെ പിതൃവ്യനായ സൈദുബ്നു അംറിനെ കടിച്ചുകീറാനുള്ള കോപം ഉമറിനുണ്ടായി (റ). അതായിരുന്നു ജാഹിലിയ്യാ കാലത്തെ ഉമർ (റ).
ക്രൂരത മുറ്റിയ പെരുമാറ്റത്തിനിടയിലും ദയയുടെ ഒരു തിരി നാളം ആ ഹൃദയത്തിന്റെ ഉള്ളറകളിൽ പ്രകാശിച്ചിരുന്നു. പക്ഷെ ഒന്നുമാത്രം ഉമറിന് (റ) സഹിച്ചില്ല. മതനിഷേധം. താനും തന്റെ പിതാ മഹന്മാരും ആരാധിച്ചു വന്നിരുന്ന ആയിരമായിരം വിഗ്രഹങ്ങളെ തള്ളിപ്പറയുന്നവർ ആരായിരുന്നാലും ഉമർ (റ) വെറുതെ വിട്ടിരുന്നില്ല. അങ്ങിനെയുള്ള വാദവുമായി തന്നെ സമീപിക്കുന്നവർക്കെതിരെ ഉമർ (റ) ശക്തമായി പ്രതികരിച്ചു. അവരെ കഠിനമായി മർദ്ദിച്ചു.
ഉമറിന് (റ) ദഹിക്കാൻ കഴിയാത്ത ഒരു പ്രസ്ഥാനവുമായാണ് ഖുറൈശി
കുലത്തിൽ പിറവിയെടുത്ത് മുഹമ്മദ് നബി ﷺ വന്നത്. അന്നുവരെ ഒരക്ഷരം കളവ് പറയാത്ത മുഹമ്മദ് ﷺ മക്കക്കാർ മുഴുവനും അൽഅമീൻ എന്ന് വിളിക്കുന്ന വിശ്വസ്ഥനായ മുഹമ്മദ് ﷺ തന്റെ അന്നുവരെയുള്ള പേരെല്ലാം കളഞ്ഞുകുളിച്ചിരിക്കുന്നു. ഇത്രയും
കാലം തങ്ങൾ ആരാധിച്ചിരുന്ന ദൈവങ്ങളെ തള്ളിപ്പറഞ്ഞിരിക്കുന്നു, ലാത്തയും ഉസ്സയും വദും സവാഉം എല്ലാമെല്ലാം വെടിയണമെന്ന് കൽപ്പിച്ചിരിക്കുന്നു.
ഉമറിന് (റ) എങ്ങിനെ സഹിക്കും. ഏതാൾകൂട്ടത്തിൽ നിന്നാലും പ്രത്യേകം എടുത്തുകാണിക്കുന്ന നീളവും വലിപ്പവുമുള്ള ശക്തിമാനായ ഉമർ (റ) പുത്തൻവാദത്തിനെതിരെ പല്ലും നഖവുമുപയോഗിച്ച് രംഗത്ത് വന്നു. ഇസ്ലാം വിശ്വസിച്ചുവെന്നറിഞ്ഞ
വരെ കയ്യിൽ കിട്ടിയാൽ കഠിനമായി മർദ്ദിച്ചു. സ്ത്രീകളെപ്പോലും മർദ്ദനത്തിൽ നിന്ന് ഒഴിവാക്കാൻ ആ ക്രൂര മനഃസ്ഥിതി സമ്മതിച്ചില്ല.
തങ്ങളുടെ മതത്തിലും സമൂഹത്തിലും വിള്ളലും പിളർപ്പുണ്ടാക്കുകയാണ് മുഹമ്മദ് (ﷺ). ഒറ്റക്കെട്ടായി നിന്ന അറബി കുലത്തെ ഇരുചേരിയിലാക്കി പരസ്പരം കീറിപ്പിക്കുന്നു. ഇന്നുവരെയുള്ള
വിശ്വാസ പ്രമാണങ്ങളെ ചോദ്യം ചെയ്ത് പുതിയൊരു വാദവുമായി
രംഗത്ത് വന്നിരിക്കുകയാണ്. ഇതേനിലക്ക് മുന്നോട്ട് പോയാൽ
അതാപത്താണ്. അതൊരിക്കലും പൊറുപ്പിച്ചുകൂടാ. അത് തടയണം. ഇതായിരുന്നു ഉമറിന്റെ (റ) ചിന്ത...