ഊരിപ്പിടിച്ച വാളുമായി ഒരു കൊടുങ്കാറ്റുപോലെയാണ് ഉമർ (റ)
നടക്കുന്നത്. നടക്കുകയല്ല ഓടുകയാണ്. ആ കണ്ണുകൾ രക്തഗോളങ്ങളായി മാറിയിരിക്കുന്നു. കവിളുകളിൽ നിന്നും ചോര ഒപ്പിയെടുക്കാം. കോപം കൊണ്ട് ഉമർ (റ) കിടുകിടാ വിറക്കുന്നുണ്ട്. സ്വന്തം സഹോദരി ഫാത്വിമയുടെ വീട്ടിലേക്കാണ് ലക്ഷ്യം. ആ നടത്തത്തിൽ ഒരുപാട് ചിന്തകൾ ഉമറിന്റെ (റ) മസ്തിഷ്ക്കത്തിലൂടെ മിന്നിമറഞ്ഞു.
മുഹമ്മദിന്റെ (ﷺ) ദ്രോഹം ഏറിയേറി വരികയാണ്. എത്ര നാളെന്നുവെച്ചാണ് ക്ഷമിക്കുക ഇതിനു മുമ്പുതന്നെ അവന്റെ തല നിലത്തുകിടന്നു പിടയേണ്ടതാണ്. ഇത്രയും താമസിച്ചതാണ് തെറ്റ്.
താൻ വരും വരായ്കകൾ ചിന്തിച്ചുപോയി.
ഖുറൈശികൾ കരുത്തരാണ്. അബ്ദുൽ മുത്തലിബിന്റെ മക്കൾ ശക്തന്മാരും സംഘടിതരുമാണ്. മുഹമ്മദിനു (ﷺ) വല്ലതും സംഭവിച്ചാൽ അവർ അടങ്ങിയിരിക്കുകയില്ല. അങ്ങിനെ അത് കൂട്ട കലാപത്തിന് വഴിമരുന്നിട്ടു കൊടുക്കലായിരിക്കും. വേണ്ട ഇങ്ങിനെ ചിന്തിച്ചുകൊണ്ടാണ് ഇത്രനാളും ക്ഷമിച്ചത്. പക്ഷെ ഇനിയതാവില്ല.
ജനങ്ങൾക്കിടയിൽ മുഹമ്മദ് (ﷺ) ഉണ്ടാക്കുന്ന ഭിന്നിപ്പിന്റെ ശക്തി നിസ്സാരമല്ല. ബാപ്പയും മകനും
തമ്മിൽ പിണങ്ങുന്നു. ഭാര്യയും ഭർത്താവും തമ്മിൽ സ്വരചേർച്ചയില്ലാതാകുന്നു. ജ്യേഷ്ടനും അനുജനും രണ്ടുതട്ടിൽ നിന്ന് പോരടിക്കുന്നു. ഇതെല്ലാം അവൻ ഒറ്റൊരുത്തന്റെ ആഭിചാരവിദ്യയാണ്. ഇനി സഹിക്കാൻ തന്റെ മനസ്സ് സമ്മതിക്കുന്നില്ല.
ഭവിഷ്യത്തുകൾ എന്തുവന്നാലും പിന്നീട് അനുഭവിച്ചുകൊള്ളാം ഇപ്പോൾ ഒരേയൊരു മാർഗ്ഗമേ തനിക്കുമുമ്പിലുള്ളൂ. മുഹമ്മദിന്റെ (ﷺ) തല കൊയ്യണം. അതോടു കൂടി അവന്റെ പ്രസ്ഥാനം വേരോടെ പിഴുതെറിയപ്പെടണം, ആ ഒരൊറ്റ ചിന്തയുമായി ഉറയിൽ നിന്നും വാളൂരി
നിവർത്തിപ്പിടിച്ച് ഉമർ (റ) ഇറങ്ങിയതാണ്. പക്ഷെ ഇപ്പോൾ അയാൾ തിരിച്ചുപോരുകയാണ്, സ്വന്തം സഹോദരിയുടെ അടുത്തേക്ക്...
ആ അബ്ദുല്ലയുടെ മകൻ നുഐമിന്റെ വാക്കുകൾ കേട്ടപ്പോൾ തോലുരിഞ്ഞുപോയി. മുഹമ്മദിനോടുള്ള (ﷺ) കലിയുമായി ഓടുന്നതിനിടയിലാണ് അവൻ ഇടക്ക് ചാടി വീണത്.
“ഉമറെ നീയെവിടെപ്പോകുന്നു?” നുഐം ചോദിച്ചു.
“ഞാൻ അവന്റെ ധിക്കാരം അവസാനിപ്പിക്കാൻ പോവുകയാണ്.”
“ആരുടെ ധിക്കാരം..? നീയെന്താണിപ്പറയുന്നത്. എനിക്കൊന്നും മനസ്സിലാകുന്നില്ല. ഈ വാളുപിടിച്ച് ആരെ തിരഞ്ഞാണ് നീ പോകുന്നത്..?”
“മുഹമ്മദിന്റെ (ﷺ) തലയെടുക്കാൻ. അവൻ നമ്മുടെ നാട്ടിലുണ്ടാക്കിയ കുഴപ്പങ്ങൾ നീ കണ്ടില്ലേ. ദൈവങ്ങളെയെല്ലാം തള്ളിപ്പറഞ്ഞു
ഒരൊറ്റ ദൈവത്തെ മാത്രം ആരാധിക്കാൻ കൽപ്പിച്ചു. അനന്തരഫലമോ അറിവില്ലാത്ത പലരും അവന്റെ വാക്കുകളിൽ കുടുങ്ങിപ്പോയി. ഇനിയിപ്പോൾ അവനെ വെച്ചേക്കാൻ പാടില്ല.”
“ഓഹോ ഇതാണോ കഥ,” ഇത്രയും
പറഞ്ഞ് പരിഹാസ സൂചകമായി നുഐം ഒന്നു ചിരിച്ചു.
നുഐമിന്റെ ഉള്ളിൽ വേവാലാതിയായിരുന്നു. കാരണം അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഈമാനിന്റെ ദീപ്തി തെളിഞ്ഞിരിക്കുന്നു. ഉമർ (റ) പറഞ്ഞാൽ പറഞ്ഞതാണ്. ഒന്ന് തീരുമാനിച്ചു കഴിഞ്ഞാൽ അത് നടപ്പിൽ വരുത്താതെ പിൻതിരിയുന്ന സ്വഭാവം തന്നെ ഉമറിനില്ല. അക്കാര്യം നുഐമിബ്നു അബ്ദുല്ലക്ക് മറ്റാരെക്കാളും കൂടുതൽ അറിയാം. താൻ ഉദ്ദേശിച്ചത് നടപ്പിൽ വരുത്താനുള്ള പ്രാപ്തിയും ഉമറിനുണ്ട്.
ഉമറിനെ (റ) ശക്തികൊണ്ടാന്നും പിന്തിരിപ്പിക്കാനൊക്കുകയില്ല. വല്ല ഉപായവും പ്രയോഗിച്ചിട്ടായാൽ
അത്രയും നന്ന്. ഇപ്രകാരം മനസ്സിൽ വിചാരിച്ചുകൊണ്ട് നുഐം തുടർന്നു.
“ഉമറെന്താണീപ്പറയുന്നത്, മുഹമ്മദ് (ﷺ) എന്ന് പറഞ്ഞാൽ ആരോരുമില്ലാത്ത ഒരു തെണ്ടിയാണെന്നാണോ നിന്റെ വിചാരം. അബ്ദുമനാഫിന്റെ സന്തതികൾ ശക്തന്മാരാണ്. ഒത്തൊരുമയുള്ളവരാണ്. തറവാടിന്റെ മാനം കാക്കാൻ എന്തും ചെയ്യാൻ സന്നദ്ധതയുള്ളവരാണ്. മുഹമ്മദ് (ﷺ) ഇപ്പോൾ ഇങ്ങിനെ ചില വാദങ്ങൾ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും അവർക്കെല്ലാം പ്രിയങ്കരനാണ്. ഇങ്ങിനെയുള്ള മുഹമ്മദിന്റെ (ﷺ) തല കൊയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമാണോന്നോർത്താണോ ഇത്ര തിരക്കിട്ട് ഓടിപ്പോകുന്നത്. മുഹമ്മദിനെ (ﷺ) വധിച്ചുകഴിഞ്ഞാൽ പിന്നെ നീ ജീവിച്ചിരിക്കുമെന്നതിന് എന്താണുറപ്പ്..?”
പക്ഷെ നുഐമിന്റെ വാക്കുകളൊന്നും ഉമറിനെ പിന്തിരിപ്പിക്കാനുതകുന്നതായിരുന്നില്ല. കാരണം ഏത് ഭവിഷ്യത്തിനേയും
നേരിടാനുറച്ചുകൊണ്ട് തന്നെയാണ് ഈ സാഹസത്തിന് പുറപ്പെട്ടത്. അതുകൊണ്ട് മുന്നോട്ട് വെച്ച കാൽ പുറകോട്ട് വെക്കുന്ന പ്രശ്നമേയില്ല.
ഉമർ (റ) നുഐമിനോട് പറഞ്ഞു: “ഞാൻ ഒന്നുറച്ചിരിക്കുന്നു. മുഹമ്മദിന്റെ (ﷺ) തലയെടുക്കാൻ. അതിന്റെ പേരിൽ വന്നു ചേരുന്ന ആപത്തുകളെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.”
ഒരൊറ്റ ഉപായം കൂടി. ഫലിച്ചാലായി. നുഐം ആത്മഗതം ചെയ്തുകൊണ്ട് ഉമറിനുനേരെ തിരിഞ്ഞു...