ഒരൊറ്റ ഉപായം കൂടി. ഫലിച്ചാലായി. നുഐം ആത്മഗതം ചെയ്തുകൊണ്ട് ഉമറിനു(റ)നേരെ തിരിഞ്ഞു ഇപ്രകാരം പറഞ്ഞു: “മുഹമ്മദിനെ (ﷺ) കൊല്ലാനൊരുങ്ങുന്നതൊക്കെ ശരി. പക്ഷെ ഞാനൊരു കാര്യം കേട്ടല്ലോ. അത് ശരിയാണെങ്കിൽ എന്തിനീ ബദ്ധപ്പാട്. സ്വന്തം കുടുംബം നേരെയാക്കിയിട്ടുപോരെ നാട്ടുകാരെ നന്നാക്കൽ...”
“നുഐമേ നീയെന്തു പറഞ്ഞു. എന്നെ കളിയാക്കുകയാണോ..?”
“ഞാൻ തെളിച്ചു പറയാം. നിന്റെ സഹോദരിയും ഭർത്താവും മുഹമ്മദിന്റെ (ﷺ) മാർഗ്ഗം സ്വീകരിച്ചിരിക്കുന്നു. യഥാർത്ഥത്തിൽ നിന്റെ രോഷം ആദ്യം വേണ്ടത് അവരുടെ നേരെയല്ലെ. എന്നിട്ടുപോരെ മുഹമ്മദിന്റെ (ﷺ) തലയെടുക്കൽ..?”
തലയിൽ വെള്ളിടി തട്ടിയപോലെയാണ് ഉമർ (റ) അത് കേട്ട് തരിച്ചു നിന്നത്. സ്വബോധം കിട്ടിയപ്പോൾ ഒരൊറ്റ പാച്ചിലാണ്...
ശഹാദത്ത് കലിമ യുടെ മാസ്മരമന്ത്രം ഉരുവിട്ട് പരിശുദ്ധ ദീനുൽ ഇസ്ലാമിനെ പുൽകി, അല്ലാഹു അഹദ് അല്ലാഹു അഹദ് എന്നുരുവിട്ടുകൊണ്ടിരിക്കുന്ന മുത്തഖികൾ ഏതു പ്രതിസന്ധിയിലും തങ്ങളുടെ വിശ്വാസത്തിന് ഹാനിതട്ടാതെ കാത്ത് സൂക്ഷിക്കുന്ന സജ്ജനങ്ങൾ അവരുടെ കൂട്ടത്തിൽ അതാ രണ്ടു
പേർ കൂടി, - സഈദുബ്സൈദും ഭാര്യ ഫാത്വിമയും- ഉമറിന്റെ (റ) സഹോദരിയും അവരുടെ ഭർത്താവും.
ഖബ്ബാബ് (റ) തന്റെ മന്ത്രമധുരമായ സ്വരത്തിൽ പരിശുദ്ധ ഖുർആൻ പാരായണം ചെയ്യുകയാണ്.ത്വാഹാ എന്ന സൂറത്തിലെ അർത്ഥസംപുഷ്ടമായ ആയത്തുകളാണ് അദ്ദേഹം ഉരുവിട്ടുകൊണ്ടിരിക്കുന്നത്. ആ വചനങ്ങൾ കേട്ട് സഈദും ഫാത്വിമയും നിർവൃതി കൊള്ളുന്നു. ആ സമയത്താണ് കതകിൽ മുട്ടുകേട്ടത്. ഒന്നല്ല രണ്ടല്ല മൂന്ന് അതിശക്തമായ മുട്ടലുകൾ. കൂടെ ഘനഗംഭീരമാർന്ന ഉമറിന്റെ (റ) ശബ്ദവും.
“ഫാത്വിമാ വാതിൽ തുറക്ക്”
ശബ്ദം കേട്ട് എന്തുചെയ്യണമെന്നറിയാതെ ആ മഹിളാരത്നം കുറച്ചുനേരം സ്തംഭിച്ചുനിന്നുപോയി. ഉമറാണ് (റ) വാതിൽ തുറക്കാൻ പറയുന്നത്. ഇവിടെ പാരായണം ചെയ്തതെല്ലാം അദ്ദേഹം കേട്ടിരിക്കുമോ? തങ്ങളുടെ ഇസ്ലാം മത വിശ്വാസവാർത്ത ഉമർ അറിഞ്ഞിരിക്കുമോ..? അറിഞ്ഞിട്ടുണ്ടെങ്കിൽ എന്തും സംഭവിക്കാനിടയുണ്ട്.
എങ്കിലും വരുന്നത് വരട്ടെ എന്നുള്ള ചിന്തയിൽ ഖുർആൻ ആലേഖനം ചെയ്യപ്പെട്ട ഏടുകൾ മറച്ചു വെച്ചുകൊണ്ട് അവർ കതകിന് നേരെ നീങ്ങി. അതുകണ്ട് ഭയാകാന്തനായ ഖബ്ബാബ് (റ) അകത്തളത്തിലെവിടെയോ കയറിയൊളിച്ചു. ഫാത്വിമ വാതിൽ തുറന്നു. ക്രൂരത മുറ്റിയ സഹോദരന്റെ മുഖമാണവർ കണ്ടത്. എങ്കിലും
ഒട്ടും ഭാവഭേദം പുറമേക്ക് പ്രകടിപ്പിക്കാതെ അവർ പറഞ്ഞു.
“സഹോദരാ ഇരിക്കു...” ശാന്തമായി സംസാരിച്ചു. “അങ്ങയുടെ മുഖമെന്താണ് വിവർണ്ണമായിരിക്കുന്നത്..?”
ഉമർ (റ) : “ഞാൻ നിന്റെ സൽക്കാരം സ്വീകരിക്കാൻ വേണ്ടി വന്നതല്ല. ഞാൻ ചിലതെല്ലാം അറിഞ്ഞു വന്നതാണ്. അതിരിക്കട്ടെ ഇതുവരെയും ഇതിനകത്തുനിന്നും കേട്ടത് എന്ത് ശബ്ദമാണ്. ആരുടെ ശബ്ദമാണ്..?”
ഫാത്വിമ : “ഒന്നും ഉണ്ടായില്ലല്ലോ ഇവിടെ ഞങ്ങൾ രണ്ടുപേരും വർത്തമാനം പറഞ്ഞിരുന്നു. ഒരുപക്ഷെ അതുകേട്ടിട്ടായിരിക്കാം...”
ഉമർ (റ) : “അതൊന്നുമല്ല. ഞാൻ കേട്ട വാർത്ത ശരിയാണോ? നിങ്ങൾ രണ്ടുപേരും മുഹമ്മദിന്റെ (ﷺ) മന്ത്രവാദത്തിൽ കുടുങ്ങിയോ..?”
എല്ലാം ഉമർ (റ) അറിഞ്ഞിരിക്കുന്നു. ഇനി ഒന്നും മറച്ചുവെച്ചിട്ടു കാര്യമില്ല. ദീനുൽ ഇസ്ലാമിന്റെ പേരിൽ എന്തുമർദ്ദനം സഹിക്കാനും ഞങ്ങൾ തയ്യാറാണ്. അതുകൊണ്ട് വെട്ടിത്തുറന്നു പറയുകതന്നെ. ഫാത്വിമയും ഭർത്താവും ഒരുപോലെ മനസ്സിലുറച്ചു.