ഈസാ(അ) യഹ്‌യാ (അ) കൂടെ നടക്കുകയാണ്. അവരുടെ സംഭാഷണത്തിലൂടെ ഒഴുകിവരുന്നത് വിജ്ഞാനത്തിന്റെ വിലപ്പെട്ട മുത്തുകളാണ്. സംഭാഷണത്തിനിടയിൽ ഈസാ(അ) ചോദിച്ചു..
"അഞ്ച് വചനങ്ങൾ അറിയിക്കാൻ അല്ലാഹു ﷻ താങ്കളോട് കൽപ്പിച്ചിട്ടുണ്ടല്ലോ? താങ്കളത് നിർവ്വഹിച്ചോ..?"
യഹ്‌യ (അ) അതിന്നൊരുങ്ങുകയായിരുന്നു. പറയാൻ പറ്റിയ സന്ദർഭം കിട്ടണമല്ലോ? അതിനുവേണ്ടി അൽപം കാത്തിരുന്നതാണ്. അല്ലാഹുﷻവിന്റെ അഞ്ച് വചനങ്ങൾ അത് വളരെ ഗൗരവത്തോടെ ജനങ്ങളെ അറിയിക്കണം. അതനുസരിച്ച് പ്രവർത്തിക്കാൻ ജനങ്ങളോടാവശ്യപ്പെടണം. ആലോചിച്ചുനിൽക്കുന്നതിനിടയിൽ ഈസാ(അ)ന്റെ അടുത്ത ചോദ്യം വന്നു.
"അല്ലാഹുﷻവിന്റെ അഞ്ച് കലിമത്തുകൾ താങ്കൾ ജനങ്ങളെ അറിയിക്കുന്നോ? അതോ ഞാൻ അറിയിക്കണോ..?"
യഹ്‌യ (അ) ഇങ്ങനെ മറുപടി നൽകി : "ഇക്കാര്യത്തിൽ താങ്കളെന്നെ മുൻകടന്നുകളയുമെന്ന് ഞാൻ ഭയപ്പെടുന്നു. എങ്കിൽ എന്റെ കാര്യം നഷ്ടം തന്നെ. ഞാൻ തന്നെ അറിയിക്കാം. അല്ലാഹു ﷻ തുണക്കട്ടെ..!"
യഹ്‌യ (അ) ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നു എന്നിട്ട് വിളിച്ചു പറഞ്ഞു: "ജനങ്ങളെ..! എല്ലാവരും ബൈത്തുൽ മുഖദ്ദസിലേക്ക് വരിക. ചില ഗൗരവമുള്ള കാര്യങ്ങൾ നിങ്ങളെ അറിയിക്കാനുണ്ട്. എല്ലാവരും ബൈത്തുൽ മുഖദ്ദസിൽ സമ്മേളിക്കുക."
ആളുകൾ കൂട്ടത്തോടെ വരാൻ തുടങ്ങി. പള്ളി തിങ്ങി നിറഞ്ഞു. വമ്പിച്ച സദസ്സിനു മുമ്പിൽ യഹ്‌യ (അ) വന്നുനിന്നു. അദ്ദേഹം സംസാരം തുടങ്ങി. "അല്ലാഹു ﷻ അഞ്ച് കാര്യങ്ങൾ നിങ്ങളോട് കൽപ്പിക്കുന്നു. നിങ്ങൾ അതനുസരിച്ച് കർമങ്ങൾ നിർവഹിക്കണം."
ജനങ്ങൾ അഞ്ച് കാര്യങ്ങൾ കേൾക്കാൻ ആകാംക്ഷയോടെ കാത്തിരുന്നു. യഹ്‌യ (അ) തുടർന്നു...
"ഒന്നാമത്തെ കാര്യം നിങ്ങൾ അല്ലാഹുﷻവിനെ മാത്രം ആരാധിക്കണം. അതിൽ ആരെയും പങ്ക് ചേർക്കരുത്. അത് ശിർക്കാണ്. ശിർക്ക് മഹാപാപമാകുന്നു. അല്ലാഹു ﷻ നിങ്ങളെ സൃഷ്ടിച്ചു. നിങ്ങൾക്ക് വായുവും വെള്ളവും നൽകി. കണക്കില്ലാത്ത അനുഗ്രഹങ്ങൾ നൽകി. നിങ്ങൾ അവന്ന് നന്ദി ചെയ്യണം.
ശിർക്കെന്ന് പറഞ്ഞാലെന്താണ്..? അനുഗ്രഹങ്ങൾ അല്ലാഹുﷻവിൽ നിന്ന് സ്വീകരിക്കുക നന്ദി മറ്റാർക്കെങ്കിലും നൽകുക അതെങ്ങനെ ശരിയാവും..?
ഞാനൊരു ഉദാഹരണം പറയാം. നിങ്ങൾ നിങ്ങളുടെ സ്വന്തം പണം നൽകി ഒരടിമയെ വാങ്ങി. ആ അടിമയുടെ ജോലിയുടെ കൂലി മറ്റൊരാൾ കൊണ്ടുപോയാൽ നിങ്ങൾ സഹിക്കുമോ..? അങ്ങനത്തെ ഒരടിമയുണ്ടാവാൻ നിങ്ങളാരെങ്കിലും ആഗ്രഹിക്കുമോ..?
സദസ്സിന് നന്നായി മനസ്സിലാകും വിധം ഏക ദൈവ വിശ്വാസം (തൗഹീദ്) പഠിപ്പിച്ചു. ബഹുദൈവ വിശ്വാസം (ശിർക്ക്) അതോടൊപ്പം തന്നെ പഠിപ്പിച്ചു. ഏറ്റവും ലളിതമായ ഒരു ഉദാഹരണത്തിലൂടെ ആളുകൾക്ക് കാര്യം ബോധ്യപ്പെട്ടു.
യഹ്‌യ (അ) ഇങ്ങനെ തുടർന്നു. ഇനി രണ്ടാമത്തെ കാര്യം പറയാം. നിങ്ങൾ നിസ്കാരം കൃത്യമായി നിർവ്വഹിക്കണം. നിങ്ങൾ നിസ്കാരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവൻ നിങ്ങൾക്ക് നേരെയാണ് നോക്കുന്നത്. നിങ്ങളുടെ മനസ്സ് അവന് നേരെയായിരിക്കണം. മനസ്സ് മറ്റൊന്നിലേക്കും തിരിഞ്ഞുപോവരുത്. നിങ്ങളുടെ മനസ്സ് അവന് നേർക്കുനേരെ ആയിരിക്കുമ്പോഴെല്ലാം അവന്റെ നോട്ടം നിങ്ങൾക്കു നേരെ ആയിരിക്കും. അവന്റെ നോട്ടം എങ്ങോട്ടും തെറ്റിപ്പോവുകയില്ല. നിസ്കാരത്തിൽ പൂർണ്ണമായ മനസ്സാന്നിധ്യം വേണം.
മൂന്നാമത്തെ കാര്യം വ്രതം അനുഷ്ഠിക്കലാകുന്നു. നോമ്പെടുക്കുന്നവന്റെ ഉദാഹരണം കസ്തൂരിയുമായി പോകുന്നവന്റെ ഉദാഹരണമാകുന്നു. കസ്തൂരി വെച്ച സഞ്ചിയുടെ എല്ലാ ഭാഗത്തും സുഗന്ധം കാണും. നോമ്പുകാരന്റെ വായയുടെ സുഗന്ധം അല്ലാഹുﷻവിന്റെയടുക്കൽ കസ്തൂരിയെക്കാൾ നല്ല സുഗന്ധമാവുന്നു.
നാലാമത്തെ കാര്യം സ്വദഖ (സകാത്ത്) ആകുന്നു.
അഞ്ചാമത്തെ കാര്യം അല്ലാഹുﷻവിന് വേണ്ടി ധാരാളം ദിക്റ് ചൊല്ലുക എന്നതാകുന്നു.
ദിക്റിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ഞാനൊരു ഉദാഹരണം പറയാം. ഒരു മനുഷ്യനെ അയാളുടെ ശത്രുക്കൾ പിന്തുടരുന്നു. അവരുടെ പിടിയിൽ പെടാതിരിക്കാൻ കഴിയാവുന്നത്ര വേഗതയിൽ ഓടുന്നു. പിടികിട്ടി കിട്ടിയില്ല എന്ന മട്ടിലാണ് ഓട്ടം. അപ്പോൾ ശക്തമായ ഒരു കോട്ട കണ്ടു. അയാൾ ആ കോട്ടയിൽ അഭയം തേടി ഇനി പേടിക്കാനില്ല.
നാമെല്ലാം അഭയം തേടിയുള്ള ഈ ഓട്ടത്തിലാണ്. ആരാണ് നമ്മെ ഓടിക്കുന്ന ശത്രു. ശപിക്കപ്പെട്ട ഇബ്ലീസ്. നാം പിടികൊടുക്കാതെ ഓടുകയാണ്. നമുക്ക് ഒരു കോട്ടയിൽ അഭയം തേടണം. ഏതാണ് ആ കോട്ട..?
നാം ചൊല്ലിയ ദിക്റുകൾ. അതുകൊണ്ട് ധാരാളം ദിക്റുകൾ ചൊല്ലുക. അത് നിങ്ങളെ രക്ഷിക്കുന്ന കോട്ടയാണെന്ന് മനസ്സിലാക്കുക. യഹ്‌യ (അ)ന്റെ വിശദീകരണം പലരുടെയും മനസ്സിന്റെ അടിത്തട്ടിലേക്ക് കടന്നുചെന്നു ചലനങ്ങൾ സൃഷ്ടിച്ചു.
പ്രസംഗം കേട്ട് പുറത്തിറങ്ങിയവരിൽ ഒരു വിഭാഗം വിമർശനം തുടങ്ങി. അത് വരെ ഭക്തിയോടെയിരുന്ന പലരും അവരുടെ വലയിൽ കുടുങ്ങി.
ഒരിക്കൽ യഹ്‌യ (അ) നെ കാണാതായി. പലപ്പോഴും ജനങ്ങളിൽ നിന്നകന്ന് പോവാറുണ്ട്. മരുഭൂമിയിൽ ഒറ്റക്കിരുന്ന് കരഞ്ഞുപ്രാർത്ഥിക്കും. പിന്നെ തിരിച്ചു വരും. മാതാപിതാക്കൾ മകനെ തേടിപ്പ
ോവും. അന്വേഷിച്ചു കണ്ടെത്തും അതാണ് പതിവ്.
ഇത്തവണയും സകരിയ്യ (അ) അന്വേഷിച്ചു നടന്നു. മൂന്നു ദിവസം അന്വേഷിച്ചു. മരുഭൂമിയിലൂടെ ഒരുപാട് ദൂരം സഞ്ചരിച്ചു. ഒരു ഖബർ കണ്ടു. ഖബറിൽ ഇറങ്ങി നിന്ന് ഒരാൾ കരയുന്നു. എന്തൊരു കരച്ചിൽ.
"മോനേ..." സകരിയ്യ (അ) നീട്ടിവിളിച്ചു.
"എന്താണ് മോനേ ഇത്? മൂന്നു ദിവസമായി ഞാൻ മോനെ അന്വേഷിച്ചു നടക്കുകയാണ് എന്തൊരു കരച്ചിലാണിത്..?"
"ഉപ്പ... ഉപ്പ പറഞ്ഞിട്ടില്ലേ? കണ്ണീര് കൊണ്ടല്ലാതെ പാപങ്ങൾ പൊറുക്കപ്പെടുകയില്ല നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാവില്ല എന്നൊക്കെ."
"മോനേ...കരഞ്ഞോളൂ ഉപ്പ പറഞ്ഞത് ശരിയാണ്."
താൻ തന്നെ കുഴിച്ച ഖബറിൽ ഇറങ്ങിനിന്ന് കരഞ്ഞുപ്രാർത്ഥിക്കുന്ന മകനെ കണ്ടപ്പോൾ പിതാവും കരഞ്ഞുപോയി.
അല്ലാഹുﷻവിനോടുള്ള സ്നേഹം അതാണ് വിശുദ്ധമായ മഹബ്ബത്ത്. അല്ലാഹുﷻവിനോട് മഹബ്ബത്ത് വന്നവർക്ക് ഉറങ്ങാൻ കഴിയില്ല. അല്ലാഹുﷻവിന്റെ തൃപ്തിക്കും സാമീപ്യത്തിനും വേണ്ടി അവർ പ്രവർത്തിച്ചു. കൊണ്ടിരിക്കും പ്രതീക്ഷിച്ചുകൊണ്ടിരിക്കും. ഉറങ്ങി സമയം കളയില്ല...
അല്ലാഹുﷻവിനോടുള്ള മഹബ്ബത്ത് കൊണ്ട് മനസ്സ് നിറഞ്ഞവരായിരുന്നു സകരിയ്യ (അ), യഹ്‌യ (അ), ഈസാ (അ), മർയം (റ) എന്നിവർ ഇശാഅ്, ഇംറാൻ, ഹന്നത്ത് എന്നിവരും...