Wednesday - 22 April, 2026 4-Dhu al-Qadah-1447

മർയം ഗർഭിണിയായി (1)

   സകരിയ്യ (അ)ന്റെ ഭാര്യ ആൺകുഞ്ഞിനെ പ്രസവിച്ചു. കുടുംബത്തിൽ ആഹ്ലാദം പരന്നു. സ്ത്രീകൾ കൂട്ടമായി വന്നു. കുഞ്ഞിനെ കണ്ട് സംതൃപ്തരായി. യഹ് യ അത്ഭുത ശിശുവായിരുന്നു. കാണാൻ നല്ല അഴക്. ശൈശവകാലത്ത് തന്നെ അല്ലാഹു ﷻ കുട്ടിക്ക് വിജ്ഞാനം നൽകി. ഇതല്ലേ വലിയ അതിശയം?


 മാതാപിതാക്കൾ കരുതിയതിനേക്കാൾ ഉന്നതമായിരുന്നു കുട്ടിയുടെ അവസ്ഥ. അക്കാലത്ത് നിലവിലുണ്ടായിരുന്ന വേദഗ്രന്ഥം തൗറാത്ത് ആയിരുന്നു. അതിലെ വിജ്ഞാനം കുട്ടിക്ക് ലഭിച്ചു. അന്ന് കുട്ടിയുടെ പ്രായമെന്തായിരുന്നു?


 രണ്ട് വയസ്സ്. രണ്ടാം വയസ്സിൽ തന്നെ വേദഗ്രന്ഥമനുസരിച്ച് ജീവിക്കാനുള്ള കൽപ്പന കിട്ടുക. ഇത് ആശ്ചര്യജനകമല്ലേ? പ്രവാചകത്വം ലഭിച്ചത് മൂന്നാം വയസ്സിലാണെന്നും ഏഴാം വയസ്സിലാണെന്നും പറയപ്പെട്ടിട്ടുണ്ട്. 


 യഹ് യാ (അ) കുട്ടിക്കാലത്ത് തന്നെ നബിയായി. ഈസാ(അ) നബിയായതും കുട്ടിക്കാലത്ത് തന്നെ. ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത് യഹ് യാ നബിയും ഈസാ നബിയും ഒഴികെയുള്ള പ്രവാചകന്മാർക്കെല്ലാം പ്രവാചകത്വം ലഭിച്ചത് നാൽപത് വയസ്സായപ്പോഴാണെന്നാകുന്നു.


 തൗറാത്ത് മുറുകെപ്പിടിക്കാൻ അല്ലാഹു ﷻ യഹ് യ(അ)നോട് കൽപ്പിച്ചു. അതിലെ വിധിവിലക്കുകൾ അനുസരിച്ചു ജീവിക്കണം. അപാകതകൾ സംഭവിക്കരുത്. വിശുദ്ധ ഖുർആൻ അരുളുന്നത് നോക്കാം : 


"ഓ.... യഹ് യാ.... വേദഗ്രന്ഥം ബലമായി സ്വീകരിച്ചുകൊള്ളുക. (എന്ന് അല്ലാഹു ﷻ പറഞ്ഞു) ശൈശവ ദശയിൽ തന്നെ നാം അദ്ദേഹത്തിന് വേദവിജ്ഞാനം നൽകി." (19:12)


"നമ്മുടെ പക്കൽ നിന്നുള്ള അനുകമ്പയും പരിശുദ്ധിയും നൽകി. അവൻ ഒരു ഭക്തനുമായിരുന്നു." (19:13)


"തന്റെ മാതാപിതാക്കളോട് ഔദാര്യം കാണിക്കുന്നവനും ആയിരുന്നു. അനുസരണയില്ലാത്ത ക്രൂരനായിരുന്നില്ല." (19:14)


 യഹ് യ നബി (അ)ന്റെ ശ്രേഷ്ഠതകളാണ് ഈ വചനങ്ങളിൽ കാണുന്നത്. യഹ് യാ (അ) സ്വന്തം പിതാവിൽ നിന്ന് വളരെയേറെ കാര്യങ്ങൾ കേട്ടുപഠിച്ചു. മറ്റ് പലരിൽ നിന്നും മഹത്തായ പല കാര്യങ്ങളും പഠിച്ചിട്ടുണ്ട്. 


 എപ്പോഴും മനസ്സ് നിറയെ അല്ലാഹുﷻവിനെക്കുറിച്ചുള്ള ചിന്തകളാണ്. ലൗകിക ചിന്തകളൊന്നുമില്ല. തെറ്റ് ചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. മാതാപിതാക്കളോട് കരുണ കാണിക്കുന്ന കുട്ടിയാണ്. എല്ലാ സൽഗുണങ്ങളും ഒത്തിണങ്ങിയ ജീവിതം. 


 പിതാവും പുത്രനും പ്രവാചകന്മാർ. അവർ ഒരേ കാലത്ത് തന്നെ മതപ്രബോധനം നടത്തുന്നു. വളരെ പേർ അവരുടെ വാക്കുകൾ സ്വീകരിച്ചു. ദുരാചാരങ്ങൾ അവസാനിപ്പിച്ചു. സജ്ജനങ്ങളായി. എതിർത്തു നിന്നവരും നിരവധിയായിരുന്നു. അവർ ധിക്കാരികളും ദുർമാർഗ്ഗികളുമായിരുന്നു. അവർ സകരിയ്യ (അ)നെ വെറുത്തു. യഹ് യാ (അ) നെ വെറുത്തു. 


 അവരുടെ മനസ്സിലെ പക വളർന്നു. ശത്രുക്കളുടെ മനസ്സിൽ പക വളർന്നപ്പോൾ പിശാചിന് സന്തോഷമായി. ശപിക്കപ്പെട്ട പിശാച് മനുഷ്യ മനസ്സിലെ ശത്രുത ആളിക്കത്തിച്ചു. പിതാവിനെയും പുത്രനെയും വധിക്കുക അവരുടെ ചിന്ത അത്രത്തോളം വളർന്നു.


 മർയം (റ) യഹ് യായെ എടുത്തോമനിച്ചു. നല്ല ഉപദേശങ്ങൾ നൽകി. അവർക്കിടയിൽ ശക്തമായ സ്നേഹബന്ധം വളർന്നുവന്നു. സകരിയ്യ (അ)നും യഹ് യ(അ)നും മദ്ധ്യത്തിലേക്ക് മറ്റൊരു കുട്ടി കൂടി വരാൻ കാലമായി.  


 ഈസാ (അ). ആ കുട്ടിയുടെ ജനനം വളരെ അത്ഭുതമായിരുന്നു. സർവ്വശക്തനായ അല്ലാഹു ﷻ വിശുദ്ധ ഖുർആനിലൂടെ നബി ﷺ തങ്ങളോട് സംസാരിക്കുന്നു. 


"വേദഗ്രന്ഥത്തിൽ മർയമിനെക്കുറിച്ചും പ്രസ്താവിക്കുക. അവൾ തന്റെ സ്വന്തക്കാരിൽ നിന്ന് വിട്ടുമാറി കിഴക്കുഭാഗത്തുള്ള ഒരു സ്ഥലത്ത് താമസിച്ചപ്പോൾ." (19:16)


"എന്നിട്ട് അവരിൽ നിന്ന് മറയത്തക്ക് ഒരു മറ അവരുണ്ടാക്കി. അപ്പോൾ അവരുടെ അടുത്തേക്ക് നമ്മുടെ മലക്കിനെ നാം അയച്ചു. അങ്ങനെ മലക്ക് അവരുടെ മുമ്പിൽ ഒരു തികഞ്ഞ മനുഷ്യരൂപം സ്വീകരിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ടു." (19:17)