ഒരിക്കൽ സകരിയ്യ (അ) മിഹ്റാബിൽ പ്രവേശിച്ചു. നിസ്കാരം തുടങ്ങി (ആരാധനാമന്ദിരം എന്നാണിവിടെ മിഹ്റാബിന്റെ ഉദ്ദേശ്യം) അപ്പോൾ മലക്കുകൾ വന്നു. അവർ സന്തോഷവാർത്തയുമായിട്ടാണ് വന്നത്.
"അല്ലാഹു താങ്കൾക്ക് സന്തോഷവാർത്ത അറിയിക്കുന്നു. താങ്കൾക്കൊരു പുത്രൻ ജനിക്കും. പുത്രന്റെ പേര് യഹ് യാ. മുമ്പൊരാൾക്കും അങ്ങനെ പേർ വെക്കപ്പെട്ടിട്ടില്ല. നേതാവായിത്തീരും. സർവ്വ പാപങ്ങളും തടയപ്പെട്ടവനായിരിക്കും. തെറ്റ് ചെയ്യാത്തവൻ. തെറ്റ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്തവൻ. ഈസ നബി (അ) വരുമ്പോൾ ഒന്നാമതായി വിശ്വസിക്കുന്നത് യഹ് യ ആയിരിക്കും."
സൂറത്ത് ആലുഇംറാനിൽ ഈ സംഭവം ഇങ്ങനെ വിവരിക്കുന്നു : "അങ്ങനെ മിഹ്റാബിൽ നിസ്കരിച്ചുകൊണ്ട് നിൽക്കുമ്പോൾ അദ്ദേഹത്തോട് മലക്കുകൾ ഇങ്ങനെ വിളിച്ചു പറഞ്ഞു. നിശ്ചയമായും യഹ് യാ(എന്ന കുട്ടി) യെക്കുറിച്ചും അല്ലാഹു താങ്കൾക്ക് സന്തോഷവാർത്ത അറിയിക്കുന്നു. (ആ കുട്ടി) അല്ലാഹുവിൽ നിന്നുള്ള വചനത്തിൽ വിശ്വസിക്കുന്നവനും നേതാവും, ആത്മ നിയന്ത്രണ ശക്തി തികഞ്ഞവനും, സജ്ജനങ്ങളിൽ പെട്ട പ്രവാചകനും ആയിരിക്കും." (3:39)
അല്ലാഹുﷻവിൽ നിന്നുള്ള വചനം എന്നു പറഞ്ഞത് ഈസാ നബി (അ) നെക്കുറിച്ചാകുന്നു.
യഹ് യാ(അ) ഈസാ(അ)ൽ വിശ്വസിക്കും. ഒന്നാമനായി തന്നെ. യഹ് യാ (അ) പ്രസവിക്കപ്പെട്ട് ആറ് മാസം കഴിഞ്ഞാണ് ഈസാ(അ) ഭൂജാതനായത്.
സൂറത്ത് മർയമിൽ ഇങ്ങനെ കാണാം : "ഓ... സകരിയ്യാ.... നിശ്ചയമായും താങ്കൾക്ക് ഒരാൺ കുട്ടിയെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നു. അവന്റെ പേര് യഹ് യാ എന്നാകുന്നു. അവന്റെ പേരുള്ള ഒരാളെയും മുമ്പ് നാം ഉണ്ടാക്കിയിട്ടില്ല. (19:7)
വാർദ്ധക്യകാലത്ത് കുട്ടിയുണ്ടാകുമെന്ന് അറിഞ്ഞപ്പോൾ വലിയ അത്ഭുതമായി. ഞാൻ വൃദ്ധനാണ്. എന്റെ ഭാര്യ വന്ധ്യയുമാണ്. എനിക്കും നീ കുട്ടിയെ തരികയാണോ?
സകരിയ്യ (അ) അതിശയത്തോട ചോദിക്കുന്നത് സൂറത്ത് മർയമിൽ കാണാം : "അദ്ദേഹം പറഞ്ഞു: എന്റെ റബ്ബേ എനിക്കെങ്ങനെയാണ് ഒരു പുത്രനുണ്ടാവുക? എന്റെ ഭാര്യ വന്ധ്യയാണല്ലോ ഞാനാണെങ്കിൽ വാർദ്ധക്യം പ്രാപിച്ചിരിക്കുകയാണ്." (19:8)
ആലു ഇംറാൻ സൂറത്തിൽ ഇങ്ങനെ കാണാം: "അദ്ദേഹം ചോദിച്ചു എന്റെ റബ്ബേ.. ! എനിക്ക് എങ്ങനെയാണ് ഒരാൺകുട്ടി ഉണ്ടാവുക? എനിക്ക് വാർദ്ധക്യം വന്നെത്തിയിട്ടുണ്ട്. എന്റെ ഭാര്യയാണെങ്കിൽ വന്ധ്യയുമാണ്. അവൻ പറഞ്ഞു: കാര്യം അങ്ങനെതന്നെ. അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് ചെയ്യുന്നതാണ്." (3:40)
അപ്പോൾ ഒരു ദൃഷ്ടാന്തം കാണിച്ചു കൊടുക്കാൻ സകരിയ്യ (അ) അല്ലാഹുﷻവിനോടപേക്ഷിച്ചു. ദൃഷ്ടാന്തം കാണിക്കുകയും ചെയ്തു. എന്താണ് ദൃഷ്ടാന്തം?
മൂന്നു ദിവസം സംസാരിക്കാൻ കഴിയില്ല. ആശയ വിനിമയമൊക്കെ ആംഗ്യ രൂപത്തിലായിരിക്കും. രാവിലെയും വൈകുന്നേരവും അനുയായികളോട് നിസ്കരിച്ചുകൊള്ളാൻ ആംഗ്യത്തിലൂടെ ആവശ്യപ്പെടുകയാണ് ചെയ്തത്.
വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം : "അദ്ദേഹം പറഞ്ഞു: എന്റെ റബ്ബേ..! നീ എനിക്ക് ഒരു ദൃഷ്ടാന്തം കാണിച്ചു തരേണമേ. അല്ലാഹു ﷻ പറഞ്ഞു: താങ്കൾ മൂന്നു ദിവസം ആംഗ്യ രൂപത്തിലല്ലാതെ ജനങ്ങളോട് സംസാരിക്കാതിരിക്കലാണ് താങ്കൾക്കുള്ള ദൃഷ്ടാന്തം. താങ്കളുടെ രക്ഷിതാവിനെ കൂടുതലായി സ്മരിക്കുകയും രാവിലെയും വൈകുന്നേരവും അവന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക." (3:41)
എനിക്കെങ്ങനെ കുട്ടിയുണ്ടാകുമെന്ന സകരിയ്യ (അ)ന്റെ ചോദ്യത്തിന് അല്ലാഹു ﷻ നൽകുന്ന മറുപടി സൂറത്ത് മർയമിൽ ഇങ്ങനെയാകുന്നു : "അല്ലാഹു പറഞ്ഞു: കാര്യം അങ്ങനെ തന്നെയാണ്. താങ്കളുടെ റബ്ബ് പറയുന്നു: അത് എനിക്ക് ഒരു നിസ്സാര കാര്യമാണ്. മുമ്പ് താങ്കളെ നാം സൃഷ്ടിച്ചു. താങ്കൾ ഒരു വസ്തു ആയിരുന്നില്ലല്ലോ?" (19:9)
ഇല്ലായ്മയിൽ നിന്ന് അല്ലാഹു ﷻ വസ്തുക്കളെ സൃഷ്ടിക്കുന്നു. അവന് അതൊട്ടും പ്രയാസമുള്ള കാര്യമല്ല. ഒരു കുട്ടിയെ നൽകുന്നത് അല്ലാഹുﷻവിന് നിസ്സാര കാര്യമാണ്.
ആരാധനാ മന്ദിരത്തിൽ നിന്ന് സകരിയ്യ (അ) പുറത്തുവന്നു. ജനങ്ങൾ അദ്ദേഹത്തെ കാത്ത്നിൽക്കുകയായിരുന്നു. പതിവുപോലെ അദ്ദേഹം എന്തെങ്കിലും സംസാരിക്കുമെന്ന് ജനങ്ങൾ കരുതി. പക്ഷേ, അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുന്നില്ല.
വിശുദ്ധ ഖുർആൻ ഈ രംഗം വിവരിക്കുന്നു: "സകരിയ്യ പറഞ്ഞു: എന്റെ റബ്ബേ..! എന്നാൽ എനിക്ക് നീ ഒരു ദൃഷ്ടാന്തം കാണിച്ചുതരേണമേ..! അല്ലാഹു പറഞ്ഞു: മൂന്ന് ദിവസം താങ്കൾ ജനങ്ങളോട് സംസാരിക്കുകയില്ല എന്നതാണ് താങ്കൾക്കുള്ള ദൃഷ്ടാന്തം." (19:10)
"അങ്ങനെ അദ്ദേഹം മിഹ്റാബിൽ നിന്ന് പുറപ്പെട്ടു തന്റെ ജനതയുടെ അടുക്കൽ ചെന്നു. രാവിലെയും വൈകുന്നേരവും (നിങ്ങളുടെ റബ്ബിന്റെ) പരിശുദ്ധിയെ പ്രകീർത്തനം ചെയ്യുക. എന്ന് അവരുടെ നേരെ ആഗ്യം കാണിച്ചു. (സൂചന നൽകി)" (19:11)
ഇവിടെ മിഹ്റാബ് എന്നത് നമ്മുടെ മസ്ജിദുകളിൽ കാണുന്നത് പോലുള്ള മിഹ്റാബ് അല്ല. ഇസ്രാഈല്യരുടെ മിഹ്റാബ് അവരുടെ ആരാധനാ മന്ദിരങ്ങളായിരുന്നു.
മൂന്നു ദിവസം സകരിയ്യ (അ) പ്രാർത്ഥനക്ക് നേതൃത്
വം നൽകാൻ പോയില്ല. അദ്ദേഹം പ്രത്യേകമായ ആരാധനകളിൽ മുഴുകി. മനസ്സിൽ അല്ലാഹുﷻവിനെക്കുറിച്ചുള്ള ചിന്ത മാത്രം.
ഭാര്യ ഗർഭിണിയായി... ഹന്നയെപ്പോലെ ഇശാഇനും വാർദ്ധക്യത്തിൽ ഗർഭം ധരിച്ചു. സഹോദരിമാർ രണ്ട് പേരും അങ്ങനെ ചരിത്രത്തിൽ ഇടം നേടി.
പിന്നീടുള്ള നാളുകൾ വല്ലാത്ത നിർവൃതിയുടേതായിരുന്നു. ഗോത്രത്തിലെ കുലീന വനിതകളൊക്കെ ഇടക്കിടെ കാണാൻ വരും. ആഹ്ലാദം തുളുമ്പുന്ന സ്വരത്തിൽ സംസാരിക്കും. ഇശാഇനെ അഭിനന്ദിക്കും...
കേൾക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നും. ഹന്നാക്ക് വലിയ സന്തോഷം. തന്റെ സഹോദരിക്ക് കുഞ്ഞ് പിറക്കാൻ പോവുകയാണ്...
പ്രാർത്ഥനയുടെ ഫലമാണത്. കരഞ്ഞു മനസ്സുരുകി പ്രാർത്ഥിച്ചാൽ ഫലം കിട്ടും. തന്റെ കഥ തന്റെ സഹോദരിയുടെയും കഥ. ഇരുവർക്കും സ്ത്രീ സമൂഹത്തോട് പറയാനുള്ളത് അവരുടെ പ്രാർത്ഥനയുടെ ഫലസിദ്ധിയെക്കുറിച്ചാണ്.