Saturday - 13 June, 2026 26-Dhu al-Hijjah-1447

സന്തോഷ വാർത്ത (1)

    സാധാരണ ദമ്പതികൾക്കുണ്ടാവുന്നത് പോലെയുള്ള ഒരാഗ്രഹമല്ല സകരിയ്യ നബി (അ)ന് ഉണ്ടായിരുന്നത്. തന്റെ ശേഷം തന്റെ ദൗത്യം ഏറ്റെടുത്തു നടത്താൻ പ്രാപ്തനായ ഒരു പിൻഗാമിയുണ്ടാവണം.


 തന്റെ മുൻഗാമികൾ തൗഹീദിന്റെ സന്ദേശം പ്രചരിപ്പിച്ചു. താനും അതുതന്നെ നിർവ്വഹിച്ചു വരുന്നു. ഇനിയാര്? തന്റെ ബന്ധുക്കൾ തനിക്കു ശേഷം സത്യമതത്തെ അലങ്കോലപ്പെടുത്തുമെന്ന് അദ്ദേഹം ഭയന്നു... 


 എന്റ പിന്നിലുള്ള പിന്തുടർച്ചക്കാരെക്കുറിച്ച് ഞാൻ ഭയപ്പെടുന്നു. എന്റെ ഭാര്യ വന്ധ്യയായിരിക്കുന്നു. എങ്കിലും എനിക്കൊരു മകനെ ദാനമായി തരേണമേയെന്ന് അദ്ദേഹം താണു കേണപേക്ഷിക്കുന്നു. 


 അതിന്റെ കാരണം വിശുദ്ധ ഖുർആൻ പറയുന്നു : "എനിക്കും യഅ്ഖൂബ് കുടുംബത്തിനും പിന്തുടർച്ചാവകാശിയായിത്തീരുന്ന (മകനെ തരേണമേ) എന്റെ റബ്ബേ നീ അവനെ (എല്ലാവരുടെയും) തൃപ്തിക്ക് പാത്രമാക്കുകയും ചെയ്യേണമേ." (19: 6)


 പ്രവാചകത്വവും വിജ്ഞാനവും അനന്തരാവകാശിയായി ഏറ്റെടുക്കുന്ന ഒരു കുട്ടിയെയാണ് വേണ്ടത്.


 മർയമിന് അസാധാരണ മാർഗ്ഗത്തിൽ ഭക്ഷണം ലഭിക്കുകയും ഇത് അല്ലാഹു ﷻ നൽകിയതാണെന്ന് പറയുകയും ചെയ്തപ്പോൾ സകരിയ്യ (അ) ചെയ്ത പ്രാർത്ഥന സൂറത്ത് ആലുഇംറാനിൽ ഇങ്ങനെ കാണാം. 

 

"അവിടെ വെച്ച് സകരിയ്യ തന്റെ റബ്ബിനോട് പ്രാർത്ഥിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ നാഥാ.... നിന്റെ പക്കൽ നിന്ന് ഉൽകൃഷ്ടനായ ഒരു കുട്ടിയെ എനിക്ക് നീ നൽകേണമേ തീർച്ചയായും നീ പ്രാർത്ഥന സ്വീകരിക്കുന്നവനാകുന്നു." (3:38)


 സൂറത്ത് അമ്പിയാഅ് ആ പ്രാർത്ഥന ഇങ്ങനെ വിവരിക്കുന്നു: "സകരിയ്യായെയും (ഓർക്കുക) അദ്ദേഹം തന്റെ റബ്ബിനെ വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം. എന്റെ റബ്ബേ നീ എന്നെ (പിൻതുടർച്ചക്കാരില്ലാതെ) ഒറ്റയായി വിട്ടുകളയരുതേ. നീ അനന്തരമെടുക്കുന്നവരിൽ ഉത്തമനാണ്." (21:89)


 "അപ്പോൾ അദ്ദേഹത്തിന് നാം ഉത്തരം നൽകി. യഹ് യായെ അദ്ദേഹത്തിന് നാം പ്രദാനം ചെയ്യുകയും തന്റെ ഭാര്യയെ തനിക്ക് നന്നാക്കി (പ്രസവിക്കാറാക്കി ) കൊടുക്കുകയും ചെയ്തു. നിശ്ചയമായും അവർ സൽകാര്യങ്ങളിൽ ധൃതി കാണിക്കുകയും ആശിച്ചു പേടിച്ചുകൊണ്ട് നമ്മോട് പ്രാർത്ഥിക്കുകയും ചെയ്തുവന്നിരുന്നു. അവർ നമ്മോട് ഭക്തി കാണിക്കുന്നവരുമായിരുന്നു." (21:90)


 സകരിയ്യ (അ) ന്റെ പ്രാർത്ഥനയുടെ ശരിയായ കാരണം നാം മനസ്സിലാക്കി. തന്റെ പൂർവ്വികർക്ക് തൗഹീദിന്റെ പ്രകാശം പരത്താൻ യോഗ്യരായ അനന്തരാവകാശികളുണ്ടായിരുന്നു. തനിക്കും അതുപോലെ ഒരനന്തരാവകാശി വേണം. മുമ്പേ പോയവരും പിന്നാലെ വന്നവരുമായ ഒരു കൂട്ടം പ്രവാചകന്മാരുടെ പേരുകൾ എടുത്തു പറഞ്ഞു കൊണ്ട് വിശുദ്ധ ഖുർആനിൽ ചില വചനങ്ങൾ കാണാം. 


 ഇബ്രാഹിം (അ)ന് അനന്തരാവകാശികളായി പുത്രൻ ഇസ്ഹാഖ് (അ)നെയും പൗത്രൻ യഅ്ഖൂബ് (അ)നെയും നൽകിയ കാര്യം അനുസ്മരിച്ചുകൊണ്ടാണ് തുടക്കം. കൂട്ടത്തിൽ നേരത്തെ വന്ന നൂഹ് (അ) നെയും അനുസ്മരിക്കുന്നു. പ്രളയത്തിനു ശേഷമുള്ളവരെല്ലാം നൂഹ് നബി (അ)ന്റെ സന്താന പരമ്പരയിൽ പെട്ടവരാണല്ലോ. 

 

 സൂറത്ത് അൻആമിൽ ഇങ്ങനെ കാണാം: "അദ്ദേഹത്തിന് നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും പ്രദാനം ചെയ്തു. എല്ലാവരെയും നാം നേർമാർഗ്ഗത്തിലാക്കിയിരിക്കുന്നു. മുമ്പ് നൂഹിനെയും നാം നേർമാർഗ്ഗത്തിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ സന്തതികളിൽ നിന്ന് ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും (നേർമാർഗ്ഗത്തിലാക്കി) അപ്രകാരം സൽഗുണവാന്മാർക്ക് നാം പ്രതിഫലം നൽകുന്നു." (6: 84)


"സകരിയ്യായെയും യഹ് യായെയും ഈസായെയും ഇൽയാസിനെയും (നേർമാർഗ്ഗത്തിലാക്കി) എല്ലാവരും സദ് വൃത്തരിൽ പെട്ടവരാകുന്നു." (6:85)


"ഇസ്മാഈലിനെയും അൽയസഇനെയും യൂനുസിനെയും ലൂത്വിനെയും (നേർമാർഗ്ഗത്തിലാക്കി) എല്ലാവരെയും ലോകരേക്കാൾ നാം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു." (6:86)


"അവരുടെ പിതാക്കളിൽ നിന്നും അവരുടെ സന്തതികളിൽ നിന്നും അവരുടെ സഹോദരങ്ങളിൽ നിന്നും (പലരേയും ശ്രേഷ്ഠരാക്കിയിരിക്കുന്നു. അവരെ നാം തിരഞ്ഞെടുക്കുകയും നേരെ ചൊവ്വായ മാർഗ്ഗത്തിലേക്ക് അവരെ നാം വഴിചേർക്കുകയും ചെയ്തിരിക്കുന്നു." (6:87)


 തനിക്കൊരു പുത്രൻ വേണമെന്നും, ആ പുത്രൻ മഹാന്മാരായ പ്രവാചകന്മാരുടെ നിരയിൽ വരണമെന്നും സകരിയ്യ (അ) ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു കൊണ്ടിരുന്നു. 


 ഒരിക്കൽ സകരിയ്യ (അ) മിഹ്റാബിൽ പ്രവേശിച്ചു. നിസ്കാരം തുടങ്ങി (ആരാധനാമന്ദിരം എന്നാണിവിടെ മിഹ്റാബിന്റെ ഉദ്ദേശ്യം) അപ്പോൾ മലക്കുകൾ വന്നു. അവർ സന്തോഷവാർത്തയുമായിട്ടാണ് വന്നത്.