ദുഷ്ടന്മാർ അസ്വസ്ഥരായി. കുട്ടി സംസാരിച്ചിരിക്കുന്നു. തൊട്ടിലിൽ കിടക്കുന്ന കുട്ടി. നാട്ടുകാർ അതിശയത്തോടെ നോക്കിനിന്നു. നാട്ടിലാകെ അതാണിപ്പോൾ സംഭാഷണ വിഷയം.
ഇവൻ അപകടകാരിയാണ്. ഇവൻ വളർന്നാൽ കുഴപ്പമാണ്. ദുഷ്ടന്മാർ ശബ്ദമുയർത്തി സംസാരിച്ചു.
"ഇത് സിഹ്റാണ്. മാരണമാണ്. തൊട്ടിലിൽ കിടക്കുന്ന കുട്ടി സംസാരിച്ചുവെന്നത് വെറും ജാലവിദ്യയാണ്." അല്ലാഹു ﷻ നൽകിയ മുഅ്ജിസത്തിനെ അവർ പരിഹസിച്ചു. പരസ്യമായി ധിക്കരിച്ചു...
സത്യവിശ്വാസികൾ അത് കേട്ട് ദുഃഖിച്ചു. സകരിയ്യ (അ) അസ്വസ്ഥനായി. ധിക്കാരികൾ കുഞ്ഞിനെ ഉപദ്രവിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അവർ കുഞ്ഞിനെ വധിക്കാൻ പരിപാടി തയ്യാറാക്കുകയാണ്. കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കും..?
ധിക്കാരികൾ കടുത്ത പ്രയോഗങ്ങൾ തുടങ്ങി. "മർയം പരിശുദ്ധയല്ല വ്യഭിചാരം ചെയ്ത സ്ത്രീയാണ്. പാപം ചെയ്തവളാണ്. പിതാവില്ലാതെ കുട്ടി ജനിച്ചുവെന്ന് പറയുന്നത് കളവാണ്. ആശാരിപ്പണിക്കാരനായ ജോസഫാണ് കുട്ടിയുടെ പിതാവ്."
"ജോസഫ് (യൂസുഫ്) ഒരു നല്ല മനുഷ്യനാണ് അദ്ദേഹത്തെപ്പറ്റി അപവാദം പറയരുത്." സകരിയ്യ (അ)ന്റെ പ്രതികരണം അതായിരുന്നു...
ധിക്കാരികൾ ഇങ്ങനെ മറുപടി നൽകി. "ജോസഫും മർയമും അവിഹിത ബന്ധം പുലർത്തി. സന്താനം ജനിച്ചു. പ്രവാചകനാണെന്ന് പറയുന്ന സകരിയ്യ കുറ്റവാളിയായ ജോസഫിനെ പരിശുദ്ധനാക്കുന്നു. സകരിയ്യായും നല്ലവനല്ല, ആരെയും ഞങ്ങൾ വെറുതെ വിടാൻ പോവുന്നില്ല."
സകരിയ്യ (അ) ശാന്തമായി സംസാരിച്ചു. "അല്ലാഹു ﷻ ആദം നബിയെ എങ്ങനെ സൃഷ്ടിച്ചുവെന്ന് നിങ്ങൾ ചിന്തിക്കുക. മാതാവും പിതാവുമില്ലാതെ സൃഷ്ടിച്ചു. ഹവ്വാ ബീവിയെ എങ്ങിനെ സൃഷ്ടിച്ചു? ചിന്തിച്ചുനോക്കുക? ആദം നബിയിൽ നിന്ന് ഹവ്വായെ സൃഷ്ടിച്ചു. ആദം നബിയുടെ വാരിയെല്ലിൽ നിന്ന്. ഉമ്മയില്ല...
ഈസാ നബിയെ അല്ലാഹു ﷻ ഒരു സ്ത്രീയിൽ നിന്ന് സൃഷ്ടിച്ചു. പുരുഷനില്ലാതെ. സ്ത്രീയിൽ നിന്ന് മാത്രം കുഞ്ഞിനെ സൃഷ്ടിക്കാൻ അല്ലാഹുﷻവിന് ഒരു പ്രയാസവുമില്ല. ഈ കുഞ്ഞ് അല്ലാഹുﷻവിന്റെ ദൃഷ്ടാന്തമാണ്. നിങ്ങൾ നല്ലത് പോലെ ചിന്തിക്കുക."
ധിക്കാരികളുടെ ചിന്ത മറ്റൊരു വഴിക്കാണ് പോയത്. ഈ കുഞ്ഞിനെ എങ്ങനെ വധിച്ചു കളയാം. സകരിയ്യ (അ) മർയമിനെ സമീപിച്ചു. സ്വകാര്യമായി ഉപദേശിച്ചു.
"മോളേ ഈ ധിക്കാരികൾ എന്ത് സാഹസത്തിനും തയ്യാറാണ്. അവർ ഈ കുഞ്ഞിനെ വധിച്ചുകളയാൻ ഒരുങ്ങുകയാണ്. എനിക്കവരെ എതിർത്തുതോൽപ്പിക്കാൻ കഴിയുമോ? മോളൊരു കാര്യം ചെയ്യണം. കുഞ്ഞുമോനെയും കൊണ്ട് നാട് വിടണം. മറ്റൊരു മാർഗ്ഗവുമില്ല."
മർയം സങ്കടത്തോടെ ചോദിച്ചു:
"ഞങ്ങളെങ്ങോട്ടു പോവും?"
"മിസ്റിലേക്ക്. അവിടെ രഹസ്യമായി താമസിക്കാൻ പറ്റിയ സ്ഥലങ്ങളുണ്ട്. ഉടനെ പുറപ്പെടണം. ശത്രുക്കളറിയാതെ സ്ഥലം വിടണം."
പിന്നെ യാത്രയെക്കുറിച്ചായിരുന്നു ചിന്ത. ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും നാട് വിടേണ്ടിവന്നിരിക്കുന്നു. കൊലക്കത്തി തലക്കു മുകളിൽ തൂങ്ങിയാടുന്നു. യാത്രയിൽ വേണ്ട ആഹാര സാധനങ്ങൾ, വസ്ത്രങ്ങൾ, വെള്ളം എല്ലാം ശേഖരിച്ചു. വളരെയടുത്ത ചില ബന്ധുക്കൾ മാത്രം വിവരമറിയും. മറ്റാരെയും അറിയിച്ചില്ല...
ധിക്കാരികൾ രഹസ്യ യോഗം ചേരുന്നു. കുഞ്ഞിനെ വധിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകുന്നു. അപ്പോൾ മർയം (റ) കുഞ്ഞിനെയും കൊണ്ട് മിസ്റിലേക്ക് നീങ്ങുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ വാർത്ത നാടാകെ പരന്നു. മർയമിനെയും കുഞ്ഞിനെയും കാണാനില്ല. ധിക്കാരികളുടെ കോപം വർദ്ധിച്ചു...
സകരിയ്യ (അ) അധിക നേരവും പള്ളിയിൽ തന്നെ കഴിച്ചുകൂട്ടി. ആരാധനകളിൽ മുഴുകി. സംസാരം വളരെ കുറവാണ്. ദിക്റുകളും ദുആയും വർദ്ധിപ്പിച്ചു.