വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്തിട്ടും വളരെ കുറഞ്ഞ ആളുകൾ മാത്രമേ ഈസാ(അ)നെ നബിയായി അംഗീകരിച്ചുള്ളൂ. ശക്തമായ ഭൂരിപക്ഷം ഈസാ നബിയെ ദൗത്യത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്.
പരമാവധി ശ്രമിച്ചു. ജനങ്ങളിൽ നിന്ന് സത്യനിഷേധം മാത്രം പ്രകടമായി. ആ സന്ദർഭത്തിൽ ഈസാ നബി (അ)ന്റെ നിരാശയും പ്രയാസവും എത്രയായിരിക്കും..?
മഹാനായ പ്രവാചകൻ ആ അവസരത്തിൽ ഒരു ചോദ്യം ചോദിക്കുന്നു. വല്ലാത്തൊരു ചോദ്യമാണത്.
"അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന കാര്യത്തിൽ എന്നെ സഹായിക്കാനാരുണ്ട്..?"
പന്ത്രണ്ട് പേർ മുമ്പോട്ടു വന്നു. അവർ പറഞ്ഞു: "താങ്കളെ സഹായിക്കാൻ ഞങ്ങളുണ്ട്.
ഇവർ സഹായികൾ എന്ന് അർത്ഥമുള്ള ഹവാരികൾ എന്ന പേരിൽ അറിയപ്പെടുന്നു...
വിശുദ്ധ ഖുർആൻ ആ രംഗം ഇങ്ങനെ അവതരിപ്പിക്കുന്നു: "അവരിൽനിന്ന് സത്യനിഷേധം ബോധ്യമായപ്പോൾ ഈസാ(അ) ചോദിച്ചു: അല്ലാഹുവിങ്കലേക്ക് (ക്ഷണിക്കുന്നതിൽ) എന്നെ സഹായിക്കാൻ ആരുണ്ട്..?
അപ്പോൾ ഹവാരികൾ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ സഹായികളാകുന്നു. ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ അല്ലാഹുവിനെ പൂർണമായും അനുസരിച്ചവരാണെന്ന് താങ്കൾ സാക്ഷ്യം വഹിച്ചാലും." (3:52)
ശത്രുക്കൾ ശക്തന്മാരാണ് അവർ തങ്ങളെ വെറുതെ വിടില്ല. തങ്ങളെ കുരിശിൽ തറച്ചു കൊല്ലാൻ പോലും അവർ മടിക്കില്ല. അതെല്ലാം നന്നായി മനസ്സിലാക്കിക്കൊണ്ട് ഹവാരികൾ അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുന്നു. വികാരഭരിതമായ പ്രാർത്ഥന വിശുദ്ധ ഖുർആനിൽ കാണാം.
"ഞങ്ങളുടെ രക്ഷിതാവേ..! ഞങ്ങൾ നീ അവതരിപ്പിച്ചതിൽ വിശ്വസിക്കുകയും നിന്റെ ദൂതനെ പിൻപറ്റുകയും ചെയ്തിരിക്കുന്നു. അതിനാൽ സത്യത്തിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിൽ നീ ഞങ്ങളേയും രേഖപ്പെടുത്തേണമേ." (3:53)
ഇത്രയുമായപ്പോൾ യഹൂദന്മാർ ഗൂഢാലോചന നടത്തി. ആ ഗൂഢാലോചന ഈസാ(അ)നെ പിടികൂടാനും കുരിശിൽ തറച്ചുകൊല്ലാനുമായിരുന്നു. അല്ലാഹു ﷻ ആ ഗൂഢാലോചന പരാജയപ്പെടുത്താൻ ഗൂഢതന്ത്രം പ്രയോഗിച്ചു. ഈസാ നബി (അ)നെ ആകാശത്തിലേക്കുയർത്തുക എന്ന തന്ത്രം.
വിശുദ്ധ ഖുർആൻ പറയുന്നു: "അവർ ചില ഗൂഢതന്ത്രങ്ങൾ പ്രയോഗിച്ചു. അല്ലാഹുവും ചില ഗൂഢതന്ത്രങ്ങൾ പ്രയോഗിച്ചു. അല്ലാഹു തന്ത്രം പ്രയോഗിക്കുന്നവരിൽ ഉത്തമനാകുന്നു." (3:54)
അല്ലാഹു ﷻ പറഞ്ഞ സന്ദർഭം ഓർക്കുക: "ഓ.. ഈസാ... നിശ്ചയമായും നിന്നെ നാം പിടിക്കുകയും എന്റെ അടുക്കലേക്ക് ഉയർത്തുകയും സത്യനിഷേധികളിൽ നിന്ന് ശുദ്ധീകരിക്കുകയും ചെയ്യുന്നതാണ്. നിന്നെ പിൻപറ്റിയവരെ നിഷേധിച്ചവരെക്കാൾ ലോകവസാനം വരെ ഞാൻ മേലെയാക്കുകയും ചെയ്യുന്നതാണ്. പിന്നീട് നിങ്ങളുടെ മടക്കം എന്റെയടുക്കലേക്ക് തന്നെയാണ്. അപ്പോൾ പരസ്പരം ഭിന്നിച്ച വിഷയത്തിൽ നിങ്ങൾക്കിടയിൽ ഞാൻ തീർപ്പ് കൽപ്പിക്കുന്നതാണ്." (3:55)
എല്ലാറ്റിനും സാക്ഷികളായി രണ്ട് പ്രവാചകന്മാർ അവിടെയുണ്ട്.
സകരിയ്യ (അ) യഹ്‌യ (അ). യഹൂദികളുടെ കണ്ണിൽ പെടാതെ കഴിയുകയായിരുന്നു ഈസാ(അ). അദ്ദേഹത്തെ പിടിച്ചുകൊടുക്കാമെന്ന് വാക്ക് പറഞ്ഞു ഒരാൾ കൈക്കൂലി വാങ്ങിയിരുന്നു.
പിടികിട്ടിയില്ല. ഈസാ(അ)നെ അല്ലാഹു ﷻ ആകാശത്തേക്ക് ഉയർത്തി. രൂപസാദൃശ്യമുള്ള ഒരാളെ യഹൂദികൾ കുരിശിൽ തറച്ചു കൊന്നു. യഹൂദികൾ നാട്ടിലാകെ അഹങ്കാരത്തോടെ പറഞ്ഞു നടന്നു: ഞങ്ങൾ ഈസായെ കുരിശിൽ തറച്ചുകൊന്നു. അടുത്ത ഊഴം സകരിയ്യായും യഹ്‌യായുമാകുന്നു...
ശത്രുക്കൾ കൂടുതൽ പരാക്രമം കാണിക്കാൻ തുടങ്ങി. സകരിയ്യ (അ) മലമുകളിൽ കയറി താമസിച്ചു. ശത്രുക്കളുടെ കണ്ണിൽ പെടാതെ കഴിഞ്ഞുകൂടി. ആരാധനകൾ നിർവ്വഹിക്കാനും മറ്റും വളരെ ബുദ്ധിമുട്ടിലായി...