Wednesday - 22 April, 2026 4-Dhu al-Qadah-1447

പ്രവാചകന്മാർ രക്തസാക്ഷികളായി

   മുഹമ്മദ് നബി ﷺ തങ്ങൾ മിഅ്റാജിന്റെ രാത്രിയിൽ ആകാശങ്ങൾ കടന്നുപോയി. പല പ്രവാചകന്മാരെ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തു.


 സകരിയ്യ (അ)നെ കണ്ടുമുട്ടി സംഭാഷണം നടത്തി: "അൽ ബിദായത്തു വന്നിഹായ" എന്ന ഗ്രന്ഥത്തിൽ ആ സംഭാഷണത്തിന്റെ ഭാഗം കൊടുത്തിട്ടുണ്ട്. 


 യഹ്‌യ (അ)ന്റെ വധത്തെക്കുറിച്ച് സകരിയ്യ (അ) വിവരിക്കുകയാണ്. യഹ്‌യ അതിസുന്ദരനായ യുവാവായിരുന്നു. മുഖത്തിന്റെ ഭംഗി അവർണ്ണനീയം തന്നെ. അല്ലാഹുﷻവിനെ ഭയന്നു ജീവിച്ചു.


 ഇസ്രാഈല്യരുടെ രാജാവിന് ഒരു ഭാര്യയുണ്ടായിരുന്നു. പരപുരുഷ ബന്ധമുള്ള ഒരു വൃത്തിക്കെട്ട സ്ത്രീ യഹ്‌യയുമായി ബന്ധപ്പെടണമെന്ന് അവൾ ആഗ്രഹിച്ചു. ക്ഷണിച്ചു. 


 ഒരു തെറ്റും ചെയ്യാത്ത യഹ്‌യ. തെറ്റ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത യുവാവ്. അവളെ അവഗണിച്ചു. അവൾക്കത് സഹിക്കാനായില്ല. അവളുടെ മനസ്സിൽ പ്രതികാരത്തിന്റെ അഗ്നി ജ്വലിച്ചു. യഹ്‌യയുടെ രക്തത്തിന് വേണ്ടി അവൾ ദാഹിച്ചു... 


 കൊല്ലത്തിലൊരിക്കൽ അവർക്കൊരു ഉത്സവമുണ്ട്. അന്ന് രാജാവ് എഴുന്നള്ളും. ജനങ്ങളെല്ലാം വന്നുചേരും. ഉത്സവ ദിവസമായി... 


 രാജ്ഞി വളരെ ഉത്സാഹത്തോടെ വന്നു. രാജാവിനെ അലങ്കാര വസ്ത്രങ്ങൾ ധരിപ്പിച്ചു. നന്നായി ഒരുക്കി. രാജ്ഞിയുടെ പ്രത്യേക താൽപര്യവും സ്നേഹ പ്രകടനവുമൊക്കെ കണ്ടപ്പോൾ രാജാവിന് എന്തെന്നില്ലാത്ത സന്തോഷം. 


 രാജാവ് രാജ്ഞിയോട് പറഞ്ഞു: "എനിക്ക് തൃപ്തിയായി. ഇപ്പോൾ നിനക്കെന്ത് വേണമെങ്കിലും എന്നോട് ചോദിക്കാം. ചോദിച്ചോളൂ... ഞാൻ തരും.  ഇത്തരം സന്ദർഭങ്ങളിൽ മുമ്പ് നീ ചോദിച്ചതൊന്നും ഞാൻ തരാതിരുന്നിട്ടില്ല. ചോദീക്കൂ..."

 

"ഞാനെന്ത് ചോദിച്ചാലും തരുമോ..?" 


"തീർച്ചയായും തരും ചോദിക്കൂ?" 


"എനിക്ക് യഹ്‌യയുടെ തല വേണം. രക്തവും വേണം."


 രാജാവ് ഞെട്ടിപ്പോയി..!! പാരവശ്യത്തോടെ അദ്ദേഹം പറഞ്ഞു: "അത് പറ്റില്ല; അതല്ലാത്ത മറ്റെന്തും നിനക്ക് ചോദിക്കാം."


"മറ്റൊന്നും എനിക്കാവശ്യമില്ല."


"നീ എന്നെ ബുദ്ധിമുട്ടിലാക്കരുത്. ഇതല്ലാത്ത മറ്റെന്തും ഞാൻ തരാം."


"മറ്റൊന്നും എനിക്ക് ചോദിക്കാനില്ല എനിക്ക് യഹ്‌യായുടെ തലയും രക്തവും വേണം. ശരീരത്തിൽ നിന്ന് തല അറുത്തെടുത്തു കൊണ്ടു വരണം. എന്റെ മുമ്പിൽ കൊണ്ടുവന്നു വെക്കണം."


 രാജാവ് സംസാരിക്കാൻ പ്രയാസപ്പെട്ടു. രാജ്ഞി ഗൗരവത്തിൽ പറഞ്ഞു: "അങ്ങ് വാക്ക് പാലാക്കണം."


രാജാവ് പട്ടാളക്കാരെ വിളിച്ചു കൽപ്പന നൽകി. "യഹ്‌യായുടെ തല ഒരു തളികയിൽ വെച്ച് കൊണ്ടുവരിക."


 ഇസ്രാഈല്യർക്ക് ഇതിൽ പരം സന്തോഷമുണ്ടോ..? അവർ അമിതമായ ആവേശത്തോടെ ഓടി. ആരാധനാ മന്ദിരം. മിഹ്റാബിൽ യഹ്‌യ (അ) നിസ്കരിക്കുന്നു.  അദ്ദേഹത്തിന്റെ തൊട്ടടുത്ത് നിന്ന് സകരിയ്യ (അ) നിസ്കരിക്കുന്നു. വളരെ കുറഞ്ഞ ആളുകളെ അവിടെയുള്ളൂ... 


 മൂർച്ചയുള്ള ആയുധങ്ങളുമായി ശത്രുക്കൾ ഓടിക്കയറി വന്നു. അവർ രാജകൽപ്പന നടപ്പിലാക്കി. യഹ്‌യായെ ആഞ്ഞുവെട്ടി.


 പുണ്യ പ്രവാചകന്റെ ശരീരം രക്തത്തിൽ കുളിച്ച് മറിഞ്ഞുവീണു. അവർ ശിരസ്സ് മുറിച്ചെടുത്തു തളികയിൽ വെച്ചു. തളികയിൽ രക്തവും നിറച്ചു. അതുമായി കൊട്ടാരത്തിലേക്ക് പോയി...


 സകരിയ്യ (അ) നിസ്കാരം പൂർത്തിയാക്കി.  മകൻ കൊല്ലപ്പെട്ടിട്ടും തിരിഞ്ഞുനോക്കിയില്ല. ഒരു പ്രാവാചകന്റെ ക്ഷമ. അതിശയകരമായ ക്ഷമ. 


 തളിക കൊട്ടാരത്തിലെത്തി. രാജ്ഞി ഉമ്മാദിനിയായി ഓടിയെത്തി. ആവേശത്തോടെ തലയിൽ സ്പർശിച്ചു. അവൾ എടുത്തടിച്ചത് പോലെ വീണു. ക്രൂരമായ മരണം സംഭവിച്ചു. രാജാവും കൊട്ടാരവാസികളും നശിച്ചു. ക്രൂരമായ ശിക്ഷ അവരെ ബാധിച്ചു...  


 പിറ്റേന്ന് ഇസ്രാഈലികൾ ആർത്തട്ടഹസിച്ചു കൊണ്ടുവന്നു. "സകരിയ്യായുടെ റബ്ബ് സകരിയ്യായോട് കോപിച്ചിരിക്കുന്നു നമുക്കവനെ വകവരുത്താം വരൂ.... എല്ലാവരും ആയുധങ്ങളുമായി വരൂ..."


 ഒരു വലിയ കൂട്ടം ആയുധങ്ങളുമായി ഓടിവരുന്നു. അവരുടെ ആരവം സകരിയ്യ (അ) കേട്ടു. തന്നെ വധിക്കാനാണവർ വരുന്നത്. സകരിയ്യ (അ) ഓടി സർശക്തിയുമെടുത്ത് ഓടി. ഒരു വലിയ മരത്തിന്റെ  സമീപത്തെത്തി. ഒന്നു തിരിഞ്ഞു നോക്കി. ആൾക്കൂട്ടം ഇങ്ങെത്താറായി. അവരുടെ മുമ്പിൽ ശപിക്കപ്പെട്ട ഇബ്ലീസ്...


മരം നടുവെ പിളർന്നു..!!

 

"ഇങ്ങോട്ട് കയറിക്കോളൂ..." മരം പറഞ്ഞു 


 ചിന്തിച്ചു നിൽക്കാൻ സമയമില്ല. ഇബ്ലീസ് കുതിച്ചുപാഞ്ഞുവരുന്നു. സകരിയ്യ (അ) മരത്തിനകത്തേക്ക് കയറി. കയറുന്നതിനിടയിൽ ഇബ്ലീസ് ഉടുപ്പിൽ പിടിച്ചു. മരം പൂർവ്വസ്ഥിതിയിലായി. സകരിയ്യ നബി (അ) നെ കാണാനില്ല. പക്ഷെ, ഉടുപ്പിന്റെ ഒരു ഭാഗം പുറത്ത് കാണുന്നുണ്ട്. ഇബ്ലീസ് വിളിച്ചു പറഞ്ഞു  സകരിയ്യ ഇതിനകത്തുണ്ട്. ഉടുപ്പിന്റെ അറ്റം കണ്ടില്ലേ..? 


"ഒരു വാൾ കൊണ്ടുവരൂ... മരം ഈർന്നു മുറിക്കൂ..."


വാൾ കൊണ്ടു വന്നു. ആളുകൾ ചുറ്റും കൂടി. ആരവം മുഴക്കി. വാൾകൊണ്ട് മരം ഈർന്നുമുറിച്ചു. സകരിയ്യ (അ)ന്റെ ശരീരം പിളർക്കപ്പെട്ടു. രക്തം പരന്നൊഴുകി. പുണ്യ പ്രവാചകൻ രക്തസാക്ഷിയായി... 


 സകരിയ്യ (അ)ന്റെയും യഹ്‌യ (അ) ന്റെയും വധത്തെക്കുറിച്ച് പല ഗ്രന്ഥകാരന്മാരും വിവരിച്ചിട്ടുണ്ട്. ബൈത്തുൽ മുഖദ്ദസിൽ വെച്ചാണ് യഹ്‌യ (അ) വധിക്കപ്പെട്ടതെന്ന് അഭിപ്രായമുണ്ട്. ജീറൂൻ മസ്ജിദിൽ വെച്ച് വധിക്കപ്പെട്ടു എന്നും അഭിപ്രായമുണ്ട്. 


 പ്രസിദ്ധമായ ഒരു വചനം ഇങ്ങനെയാകുന്നു. ബൈത്തുൽ മുഖദ്ദസിന് സമീപമുള്ള പാറക്കെട്ടുകളിൽ വെച്ച് എഴുപത് നബിമാർ വധിക്കപ്പെട്ടിട്ടുണ്ട്. യഹ്‌യ (അ) അവരിൽ പെടുന്നു.