ഒരു ദിവസം സകരിയ്യ(അ) മർയമിന്റെ മുറിയിലേക്ക് കടന്നു ചെന്നു. അവിടെ വിശേഷപ്പെട്ട ആഹാരം കണ്ടു. സാധാരണ കാണപ്പെടാത്ത ആഹാരം. സകരിയ്യ (അ) അത്ഭുതപ്പെട്ടു. ഇത് പലതവണ കാണാനിടയായി. വർഷക്കാലത്ത് മുറിയിൽ ചെന്നപ്പോൾ വേനൽകാലത്തെ പഴങ്ങൾ കണ്ടു. വേനൽക്കാലത്ത് വർഷക്കാലത്തെ പഴങ്ങളും കണ്ടു.
ഇതെന്തതിശയം. "മർയം നിനക്കെവിടെ നിന്ന് കിട്ടി ഈ ആഹാര സാധനങ്ങൾ?" സകരിയ്യ(അ) ചോദിച്ചു.
"ഇവയെല്ലാം അല്ലാഹുﷻവിൽ നിന്ന് ലഭിച്ചതാണ്. അല്ലാഹുﷻ അവനുദ്ദേശിക്കുന്നവർക്ക് കണക്കില്ലാതെ ഭക്ഷണം നൽകും." മർയം മറുപടി നൽകി.
ഈ മറുപടി സകരിയ്യ നബി (അ) നെ ചിന്തിപ്പിച്ചു. അല്ലാഹു ﷻ അവനുദ്ദേശിക്കുന്നവർക്ക് കണക്കില്ലാതെ നൽകും. വേനൽ കാലത്ത് വർഷക്കാലത്തെ പഴം നൽകുന്നവൻ അല്ലാഹുﷻ. വർഷക്കാലത്ത് വേനൽകാലത്തെ പഴം നൽകുന്നവൻ അല്ലാഹുﷻ.
അങ്ങനെയുള്ള അല്ലാഹുﷻവിന് തനിക്കൊരു കുഞ്ഞിനെ നൽകാൻ പ്രയാസമുണ്ടാവില്ല. അവൻ ഉദ്ദേശിക്കണം. അതിനുവേണ്ടി ഇനിയും നന്നായി പ്രാർത്ഥിക്കുക തന്നെ. സൂറത്ത് ആലു ഇംറാൻ ഇംറാന്റെയും ഹന്നയുടെയും കഥ നമുക്ക് പറഞ്ഞുതരുന്നു. ചില വചനങ്ങൾ കാണുക.
"നിശ്ചയമായും, അല്ലാഹു ആദമിനെയും നൂഹിനെയും ഇബ്രാഹിം കുടുംബത്തെയും, ഇംറാൻ കുടുംബത്തെയും ലോകരിൽ ഉൽകൃഷ്ടരാക്കി തെരഞ്ഞെടുത്തിരിക്കുന്നു." (3:33)
"ഇവരിൽ ചിലർ ചിലരുടെ സന്താനങ്ങളാകുന്നു. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു." (3:34)
ഇനി ഹന്നായുടെ നേർച്ചയെക്കുറിച്ച് പറയുന്ന വചനം കാണുക. "ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദർഭം ഓർക്കുക. എന്റെ റബ്ബേ..! നിശ്ചയമായും എന്റെ വയറ്റിലുള്ള ശിശുവിനെ സ്വതന്ത്രമാക്കപ്പെട്ട നിലയിൽ ഞാൻ നിനക്ക് നേർച്ച നേർന്നിരിക്കുന്നു. നീ എന്നിൽ നിന്ന് അത് സ്വീകരിക്കേണമേ..! നിശ്ചയമായും നീ തന്നെയാണ് എല്ലാം കേൾക്കുന്നവനും അറിയുന്നവനും. (3:35)
ഹന്ന പെൺകുഞ്ഞിനെ പ്രസവിച്ചു. ആൺകുട്ടികളെയാണ് പള്ളി ശുശ്രൂഷക്ക് നൽകാറുള്ളത്. ആൺകുട്ടിയെ പ്രസവിക്കുമെന്ന പ്രതീക്ഷ തെറ്റിപ്പോയി. ആ വെപ്രാളം തുടിച്ചുനിൽക്കുന്ന വചനം നോക്കൂ...
"അങ്ങനെ കുട്ടിയെ പ്രസവിച്ചപ്പോൾ അവൾ പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാൻ പ്രസവിച്ചത് ഒരു പെൺകുഞ്ഞിനെയാണ്. അവൾ പ്രസവിച്ചതെന്താണെന്ന് അല്ലാഹു ﷻ നന്നായി അറിയുന്നവനാകുന്നു. ആൺകുട്ടി പെൺകുട്ടിയെപ്പോലെയല്ല. ഞാനവൾക്ക് മർയം എന്ന് പേരിട്ടിരിക്കുന്നു. അവളെയും അവളുടെ സന്തതികളെയും ശപിക്കപ്പെട്ട പിശാചിൽ നിന്ന് രക്ഷിക്കാനായി നിന്നിൽ ഞാൻ അഭയം പ്രാപിക്കുന്നു." (3:36)
ഹന്നയുടെ പ്രാർത്ഥന വളരെ ശ്രദ്ധേയമാണ്. സ്വന്തം പുത്രിക്കും അവളുടെ സന്താന പരമ്പരക്കും വേണ്ടിയുള്ള പ്രാർത്ഥന. ശപിക്കപ്പെട്ട പിശാചിൽ നിന്ന് അവരെ രക്ഷിക്കണമെന്ന പ്രാർത്ഥന. പിശാചിന്റെ ഉപദ്രവത്തിൽ നിന്നുള്ള കാവലിന് വേണ്ടി നടത്തപ്പെട്ട ഈ പ്രാർത്ഥന നമുക്ക് മാതൃകയാണ്.
അല്ലാഹു ﷻ ആ പ്രാർത്ഥന സ്വീകരിച്ചു. കുഞ്ഞിനെയും സ്വീകരിച്ചു. സകരിയ്യ(അ)നെ കുട്ടിയുടെ സംരക്ഷകനാക്കുകയും ചെയ്തു. വിശുദ്ധ ഖുർആൻ പറയുന്നു.
"അങ്ങനെ മർയമിന്റെ റബ്ബ് അവളെ നല്ല നിലയിൽ സ്വീകരിക്കുകയും ഉൽകൃഷ്ടമായ രീതിയിൽ വളർത്തിക്കൊണ്ടുവരികയും ചെയ്തു. അവളുടെ പരിപാലനത്തിന് സകരിയ്യായെ ഭരമേൽപ്പിക്കുകയും ചെയ്തു." (3:37)
ഹന്നയുടെ നേർച്ചയെ അല്ലാഹു ﷻ സ്വീകരിച്ചു. മർയമിന്റെ പിതാവ് ഇംറാൻ ബൈത്തുൽ മുഖദ്ദസിലെ മുഖ്യശുശ്രൂഷകനായിരുന്നു. അദ്ദേഹം മർയം ജനിക്കുന്നതിന്റെ മുമ്പുതന്നെ മരണപ്പെട്ടു. മർയമിനെക്കൊണ്ട് വരുമ്പോൾ അവിടെ 29 ശുശ്രൂഷകന്മാരുണ്ടായിരുന്നു. അവരെല്ലാം ഇംറാന്റെ മരണത്തിൽ ദുഃഖിതരായിരുന്നു. അവരെല്ലാവരും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാൻ സന്നദ്ധരായിരുന്നെങ്കിലും ആ ചുമതല അല്ലാഹു ﷻ ഏൽപിച്ചത് സകരിയ്യ നബി (അ) നെയായിരുന്നു.
ഹന്നയെ വളരെയേറെ സന്തോഷിപ്പിച്ച സംഗതിയായിരുന്നു അത്. മർയമിന് ആവശ്യമായ ശിക്ഷണം നൽകിയിരുന്നത് സകരിയ്യ(അ) തന്നെയായിരുന്നു. ആവശ്യമായ സാധനങ്ങളൊക്കെ എത്തിച്ചുകൊണ്ടിരുന്നതും അദ്ദേഹം തന്നെ.
ശൈത്യകാലത്തെ പഴവർഗങ്ങൾ ഉഷ്ണകാലത്തും ഉഷ്ണകാലത്തെ പഴവർഗങ്ങൾ ശൈത്യകാലത്തും കണ്ടപ്പോൾ അദ്ദേഹം ചോദിച്ച ചോദ്യവും മർയം (റ) നൽകിയ മറുപടിയും തലമുറകൾ കൈമാറി വരുന്ന വിജ്ഞാനമാണ്.
"ഇതെല്ലാം അല്ലാഹു ﷻ തരുന്നതാണ്." എന്ന മറുപടി കേട്ട് അദ്ദേഹം ആവേശഭരിതനാവുകയും തനിക്കും ഇതുപോലൊരു കുട്ടിയെ കിട്ടിയിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിക്കുകയും ചെയ്തു...
വിശുദ്ധ ഖുർആൻ പറയുന്നു: (മീതെ കൊടുത്ത മുപ്പത്തിയേഴാം വചനത്തിന്റെ തുടർച്ചയാണിത്) "സകരിയ്യ മിഹ്റാബിൽ അവളുടെ അടുക്കൽ പ്രവേശിക്കുമ്പോഴെല്ലാം എന്തെങ്കിലുമൊരു ഭക്ഷണം അവളുടെ അടുക്കൽ അദ്ദേഹം കാണാറുണ്ടായിരുന്നു. അദ്ദേഹം ചോദിച്ചു : ഓ... മർയം നിനക്ക് ഇത് എവിടെ നിന്ന് കിട്ടി? അവൾ പറഞ്ഞു: ഇത് അല്ലാഹുവിങ്കൽ നിന്ന് ലഭിച്ചതാകുന്നു. നിശ്ചയമായും താനുദ്ദേശിക്കുന്നവർക്ക് അല്ലാഹു കണക്കില്ലാതെ ഭക്ഷണം നൽകുന്നതാണ്." (3:37)