അനുഗ്രഹീതമായ ഫലസ്തീൻ. എത്രയോ പ്രവാചകന്മാരുടെ പാദമുദ്രകൾ പതിഞ്ഞ ഭൂമി. ചരിത്ര സ്മരണകൾ അയവിറക്കുന്ന മണൽത്തരികൾ. ഒട്ടനേകം സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച കുന്നുകൾ. കുന്നുകളുടെ ചരിവുകളിൽ മേഞ്ഞുനടക്കുന്ന ആട്ടിൻകൂട്ടങ്ങൾ. മരങ്ങളുടെ ചാഞ്ഞുകിടക്കുന്ന കൊമ്പുകളിലെ ഇലകൾ തിന്നാൻ ആർത്തിയോടെ നാവ് നീട്ടുന്ന ഒട്ടകക്കൂട്ടങ്ങൾ...
അകലെ ഒരു കൊച്ചുവീടു കാണാം. ഈന്തപ്പന മടലുകൾ കൊണ്ട് മേൽപ്പുര മേഞ്ഞ ഒരു കൊച്ചുവീട്. വീട് ചെറുതെങ്കിലും നല്ല വെടിപ്പും വൃത്തിയുമുണ്ട്. വീട്ടിനകവും പുറവും നന്നായി തൂത്തുവാരി വൃത്തിയാക്കിയിട്ടുണ്ട്.
ആ വീട്ടുകാരന്റെ പേര് പറയാം. ഇംറാൻ. നാട്ടുകാർക്കിടയിലെ പ്രമുഖൻ. എല്ലാവരും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പുണ്യ പുരുഷൻ. ബൈത്തുൽ മുഖദ്ദസിലെ സേവകൻ. ഇമ്രാന്റെ വീട്ടിൽ ധാരാളം സന്ദർശകർ വരും. പലരും ഉപദേശം തേടിയാണെത്തുക. ഇംറാന്റെ വാക്കുകൾ അവർ ശ്രദ്ധയോടെ കേൾക്കും. അവർക്കാശ്വാസം ലഭിക്കും. ഇംറാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കും.
ഹന്നത്ത്, സൽഗുണ സമ്പന്നയായ സ്ത്രീ. ഇംറാന്റെ സ്നേഹ സമ്പന്നയായ ഭാര്യ. അവരുടെ വിവാഹം നടന്നിട്ട് കാലമേറെയായി. സ്നേഹവും, വിശ്വാസവും സഹകരണവും പങ്കിട്ടുകൊണ്ടവർ. പതിറ്റാണ്ടുകളായി ദാമ്പത്യജീവിതം നയിക്കുന്നു. ഐശ്വര്യം നിറഞ്ഞ ജീവിതം. സന്തോഷത്തിനും സമാധാനത്തിനും കുറവില്ല. ഒരു ദുഃഖം അവരെ പിന്തുടരുന്നു. മക്കളില്ല. ഹന്നാക്ക് ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സൗഭാഗ്യം ഇത് വരെ സിദ്ധിച്ചിട്ടില്ല...
ബൈത്തുൽ മുഖദ്ദസിൽ ധാരാളം ശുശ്രൂഷകന്മാരുണ്ട്. പള്ളിപരിപാലനമാണവരുടെ ലക്ഷ്യം. പള്ളി പരിപാലനത്തിനുവേണ്ടി മാതാപിതാക്കൾ കുഞ്ഞുങ്ങളെ നേർച്ചയാക്കുന്ന പതിവുണ്ട്. ആൺകുഞ്ഞുങ്ങളെയാണ് പള്ളിയിലേക്ക് നേർച്ചയാക്കുക. വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളെ പള്ളിയിൽ കൊണ്ടുപോയി ഏൽപ്പിക്കും. ശുശ്രൂഷകന്മാർ കുട്ടികളെ ഏറ്റെടുത്ത് വളർത്തും. കുട്ടികൾ വളർന്നു വരുമ്പോൾ പള്ളി പരിപാലനത്തിൽ പങ്കുചേരും. കുട്ടികളുടെ മാതാപിതാക്കൾ ഇത് വലിയ അനുഗ്രഹമായിട്ടാണ് കരുതുക.
കുട്ടികളെ ഹന്നാക്ക് വളരെ ഇഷ്ടമാണ്. വീട്ടിൽ വരുന്ന സ്ത്രീകളുടെ കൈയിൽ ചിലപ്പോൾ കുഞ്ഞുങ്ങൾ കാണും. ഹന്ന ആവേശത്തോടെ അവരെ സ്വീകരിക്കും. കുഞ്ഞുങ്ങളെ എടുത്ത് ഓമനിക്കും. ഇളം കവിളുകളിൽ മുത്തം കൊടുക്കും. അവരുടെ കൊഞ്ചിക്കുഴയൽ കണ്ടാസ്വദിക്കും. ഇംറാൻ അതെല്ലാം കാണാറുണ്ട്.
തങ്ങൾക്കൊരു കുഞ്ഞിനെ ലഭിച്ചില്ലല്ലോയെന്നോർത്തു ദുഃഖിക്കാറുണ്ട്. ഒരു കുഞ്ഞിന് വേണ്ടി എത്ര കാലമായി പ്രാർത്ഥിക്കുന്നു. അല്ലാഹു ﷻ പ്രാർത്ഥന സ്വീകരിക്കില്ലേ..?
ഹന്ന ഇടക്കിടെ ബൈത്തുൽ മുഖദ്ദസിൽ പോവും. അവിടെ ചെന്നാൽ പള്ളി പരിപാലനം നടത്തുന്ന കുട്ടികളെ കാണാം. അവരെ കാണുന്നത് വല്ലാത്തൊരു സന്തോഷമാണ്. തനിക്കും ഇത് പോലൊരു കുഞ്ഞുണ്ടായിരുന്നെങ്കിൽ. മനസ്സ് വല്ലാതെ ആശിച്ചുപോവുന്നു. മാതാവാകുക. ഉമ്മയെന്ന വിളി കേൾക്കുക. അതില്ലെങ്കിൽ പിന്നെന്ത് പെൺജീവിതം...
ഒരു ദിവസം ഹന്ന യാത്ര പോയി. വെയിൽ ചൂടു പിടിച്ചു. ക്ഷീണം തോന്നി. വഴിയിൽ കണ്ട മരത്തിനു ചുവട്ടിൽ വിശ്രമിച്ചു. മരച്ചില്ലകളിൽ കിളികളുടെ ശബ്ദംകേട്ടു. ഹന്ന ശിരസ്സുയർത്തി നോക്കി. കൗതുകം നിറഞ്ഞകാഴ്ച കണ്ടു...
കിളിക്കൂട് കൂട്ടിൽ ഏതാനും പക്ഷിക്കുഞ്ഞുങ്ങൾ. തള്ളപ്പക്ഷി അവയ്ക്ക് തീറ്റകൊടുക്കുന്നു. കുഞ്ഞുങ്ങൾക്കെന്തൊരു സന്തോഷം. തള്ളപ്പക്ഷിയും ആ സന്തോഷത്തിൽപങ്കുചേരുന്നു. സന്തോഷം നിറഞ്ഞ കുടുംബജീവിതം. അതാണ് ആ പക്ഷികൾക്ക് വിധിച്ചിട്ടുള്ളത്. തനിക്കോ..?
പിന്നെയും ബൈത്തുൽ മുഖദ്ദസിൽ പോയി. കുട്ടികളെ കണ്ടുമനം കുളിർത്തു പോയി. അല്ലാഹുﷻവിന്റെ വിശുദ്ധ ഭവനം ആ ഭവനത്തിൽ ചെന്നു നിന്നപ്പോൾ മനസ്സ് പതറി. നാവ് ഇങ്ങനെ മൊഴിഞ്ഞു: "അല്ലാഹുവേ നീ എനിക്കൊരു പുത്രനെ നൽകിയാൽ ഞാനവനെ നിന്റെ വിശുദ്ധ ഭവനത്തിന്റെ പരിപാലനത്തിനു വേണ്ടിവിട്ടുതരാം..."