മർയമിന് പ്രസവ വേദന തുടങ്ങി. ഒരു ഈത്തപ്പന മരത്തിൽ ചാരിയിരുന്നു. അവർ വളരെയേറെ ദുഃഖിതയും അസ്വസ്ഥയുമായിരുന്നു. അപ്പോൾ താഴ് വരയിൽ നിന്ന് ജിബ്രീൽ (അ) വിളിച്ചു പറഞ്ഞു: "ദുഃഖിക്കേണ്ട പ്രയാസപ്പെടേണ്ട താഴ്ഭാഗത്തു കൂടി അരുവി ഒഴുകുന്നുണ്ട് വെള്ളം കുടിക്കാം. ആ ഈത്തപ്പന മരം പിടിച്ചു കുലുക്കിക്കൊള്ളുക. അപ്പോൾ പഴുത്തു പാകമായ ഈത്തപ്പഴം വീഴും. അത് പെറുക്കിത്തിന്നാം. വിശപ്പും ദാഹവും അകറ്റാം. ഭാവിയിൽ മഹാനായിത്തീരുന്ന ഒരു ശിശുവിനെയാണ് നിങ്ങൾ പ്രസവിക്കാൻ പോവുന്നത്."
വിശുദ്ധ ഖുർആൻ പറയുന്നതിങ്ങനെ: "പ്രസവ വേദന അവരെ ഒരു ഈത്തപ്പനയുടെ അടുത്തേക്ക് പോവാൻ നിർബന്ധിതയാക്കി. അവർ പറഞ്ഞു: ഹാ...ഇതിന് മുമ്പു തന്നെ ഞാൻ മരിക്കുകയും, അശേഷം വിസ്മരിക്കപ്പെടുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനേ..." (19:23)
"അപ്പോൾ അവരുടെ താഴ്ഭാഗത്ത് നിന്ന് വിളിച്ചു പറഞ്ഞു. വ്യസനിക്കേണ്ട നിന്റെ റബ്ബ് നിന്റെ താഴ്ഭാഗത്ത് ഒരു അരുവിയെ ആക്കിത്തന്നിരിക്കുന്നു." (19:24)
"നിന്റെ അരികിലേക്ക് (ഈത്തപ്പഴം വീണു കിട്ടുവാൻ) നീ ഈത്തപ്പന പിടിച്ചുകുലുക്കുക എന്നാൽ അത് നിനക്ക് പഴുത്ത് പാകമായ ഈത്തപ്പഴം വീഴ്ത്തിത്തരും." (19:25)
"അങ്ങനെ നീ തിന്നുകയും കുടിക്കുകയും സന്തോഷത്താൽ കണ്ണ് കുളിർക്കുകയും ചെയ്തു കൊള്ളുക. ഇനി നീ മനുഷ്യരിൽ നിന്ന് വല്ലവരേയും കാണുകയാണെങ്കിൽ ഇങ്ങനെ പറഞ്ഞേക്കണം. പരമ കാരുണികനായ അല്ലാഹുവിന് വ്രതം അനുഷ്ഠിക്കുവാൻ ഞാൻ നേർച്ചയാക്കിയിരിക്കുന്നു. ഞാനിന്ന് ഒരു മനുഷ്യരോടും സംസാരിക്കുകയില്ല തന്നെ." (19:26)
നോമ്പ് നോൽക്കുന്നവർ സംസാരം ഉപേക്ഷിക്കുകയെന്ന സമ്പ്രദായം അക്കാലത്ത് നിലവിലുണ്ടായിരുന്നു. നോമ്പുകാരോട് ആരും സംസാരിക്കാൻ പോവില്ല.
ഇബ്നു അബ്ബാസ് (റ) പറയുന്നു: മർയം (റ) ചാരിയിരുന്നത് ഉണങ്ങിയ ഈത്തപ്പന മരത്തിലായിരുന്നു. അരുവി വറ്റി വരണ്ടതുമായിരുന്നു. ഈത്തപ്പന പെട്ടെന്ന് പച്ചയായി. പഴം കായ്ക്കുകയും ചെയ്തു. അരുവിയിൽ വെള്ളമൊഴുകി.
പ്രസവം നടന്നു. നല്ല അഴകുള്ള കുഞ്ഞ്. കുഞ്ഞിനോട് എന്തെന്നില്ലാത്ത സ്നേഹം. മാതൃസ്നേഹം വഴിഞ്ഞൊഴുകി. ഇനിയെന്ത്? എങ്ങോട്ടുപോവും? ബന്ധുക്കളുടെ അടുത്തേക്ക് മടങ്ങാം. എന്തും വരട്ടെ! സംരക്ഷകൻ അല്ലാഹുﷻവാണ്. അവന്റെ വിധി സ്വീകരിക്കാം. അവൻ തന്നെയാണ് അഭയം.
അക്കാലത്ത് ജീവിച്ച സ്വാലിഹായ മനുഷ്യനായിരുന്നു ഹാറൂൻ. അദ്ദേഹത്തിന്റെ മാതാപിതാക്കൾ അദ്ദേഹത്തിന് ഹാറൂൻ നബിയുടെ പേരിടുകയായിരുന്നു. കുഞ്ഞുങ്ങൾക്ക് പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും പേരിടുന്ന സമ്പ്രദായം അക്കാലത്തുണ്ടായിരുന്നു. ഹാറൂൻ വിജ്ഞാനത്തിലും ആരാധനയിലും മറ്റുള്ളവരെക്കാൾ മുന്നിട്ടുനിന്നിരുന്നു. മർയം ബീവിയും അങ്ങനെ തന്നെ.
ജനങ്ങൾ മർയം ബീവിയെ ഹാറൂനിന്റെ സഹോദരി എന്നു വിളിച്ചിരുന്നു. ഹാറൂനിന് തുല്യമായവൾ എന്ന അർത്ഥത്തിലുള്ള വിളി. കൈക്കുഞ്ഞുമായി വന്നപ്പോൾ ആ പേര് ചൊല്ലിയാണ് സ്ത്രീകൾ മർയം ബീവിയെ സ്വീകരിച്ചത്. പിന്നെ കരളിൽ കുത്തുന്ന വാക്കുകളിൽ സംസാരിച്ചു.
സൽസ്വഭാവത്തിലും സൽകർമ്മങ്ങളിലും നീ ഹാറൂനെപ്പോലെയായിരുന്നുവല്ലോ? പിന്നെ നീ എങ്ങനെ ഈ ദുഷ്പ്രവൃത്തി ചെയ്തു? നിന്റെ മാതാപിതാക്കൾ നല്ലവരായിരുന്നുവല്ലോ..?
"ഞാൻ നോമ്പുകാരിയാണ്. ഈ കുഞ്ഞിനോട് സംസാരിക്കൂ..." ഇത്രയുമാണ് മർയം ബീവിക്ക് ആളുകളെ അറിയിക്കാനുള്ളത്.
"എന്ത്? കുഞ്ഞിനോട് ചോദിക്കുകയോ? എങ്ങനെ?"
ഒരു തൊട്ടിൽ കെട്ടി കുഞ്ഞിനെ കിടത്തി. ആളുകൾ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ ഉറ്റുനോക്കി. അപ്പോൾ കുഞ്ഞ് സംസാരിച്ചു.
"ഞാൻ അല്ലാഹുﷻവിന്റെ അടിമയാകുന്നു. എനിക്കവൻ വേദം നൽകി. എന്നെ അവൻ പ്രവാചകനാക്കി."
ആളുകൾ സ്തബ്ധരായി നിന്നുപോയി. കുഞ്ഞെന്താണ് പറഞ്ഞത്? എനിക്ക് അല്ലാഹു ﷻ വേദഗ്രന്ഥം നൽകി. എന്നെ അവൻ പ്രവാചകനാക്കിയിരിക്കുന്നു.
അല്ലാഹുﷻവിന്റെ പ്രവാചകനാണോ ഈ കിടക്കുന്നത്? എങ്കിൽ ഈ സമുദായം ആദരിക്കപ്പെട്ടിരിക്കുന്നു. സകരിയ്യ (അ) അല്ലാഹുﷻവിനെ വാഴ്ത്തി. അല്ലാഹുﷻവിന്റെ പ്രവാചകനാണിത്. തന്റെ പിൻഗാമി.