Wednesday - 22 April, 2026 4-Dhu al-Qadah-1447

വാർത്ത ചോർന്നു

   സുലൈഖ വലിയ മുന്നൊരുക്കത്തോടെയാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. ആഢംബരപൂർണമായ മുറി. അതിലെത്താൻ ഏഴ് വാതിലുകൾ കടന്നുചെല്ലണം. എല്ലാ വാതിലുകളും പൂട്ടിയിരുന്നു. പൂട്ട് തുറക്കാൻ യൂസുഫിന് കഴിയില്ലെന്ന് സുലൈഖ വിശ്വസിച്ചു. യൂസുഫ് (അ) ഓടിരക്ഷപ്പെടാൻ വാതിൽക്കലേക്ക് ഓടി. മലക്ക് വാതിൽ തുറന്നു കൊടുത്തു. ഓരോ വാതിലും കടന്ന് ഓടുകയാണ്... 


 തന്റെ പദ്ധതികൾ പൊളിഞ്ഞുതകരുകയാണ്. യൂസുഫ് ഏഴാമത്തെ വാതിലിന്നടുത്തെത്തിക്കഴിഞ്ഞു. പിന്നെയൊരു പിടുത്തം പിടിച്ചു. ശക്തിയായി പിടിച്ചു വലിച്ചു. അവസാന ശ്രമം. കുപ്പായം കീറിപ്പോയി. ഒരു കഷ്ണം സുലൈഖയുടെ കയ്യിൽ പെട്ടു. ഏഴാം വാതിലും തുറക്കപ്പെട്ടു. അപ്രതീക്ഷിതമായി അസീസ് മുമ്പിൽ നിൽക്കുന്നു...


 അവിടെ എന്തോ അരുതാത്തത് സംഭവിച്ചിരിക്കുന്നുവെന്ന് അസീസിന് ബോധ്യമായി. അദ്ദേഹം രണ്ടുപേരെയും സംശയത്തോടെ നോക്കി. അപ്പോൾ സുലൈഖ പറഞ്ഞു: 


"ഞാൻ ഉറങ്ങുകയായിരുന്നു. യൂസുഫ് മോഷ്ടാവിനെപ്പോലെ എന്നെ സമീപിച്ചു. എന്നെ പിടിക്കാൻ കൈ നീട്ടി. ഞാൻ ഞെട്ടിയുണർന്നു. പരിഭ്രമത്തോടെ അവൻ പുറത്തേക്കോടി. ഞാൻ പിന്നാലെ ഓടി. അവന്റെ ഉടുപ്പിൽ നിന്ന് കീറിയ കഷ്ണമാണിത്. ഇവനെ വെറുതെ വിടരുത് കഠിനമായി ശിക്ഷിക്കണം."  


 "സുലൈഖാ...നീ പറയുന്നത് സത്യമാണോ? വല്ല തെളിവുമുണ്ടോ?" അസീസ് ചോദിച്ചു... 


"ഞാൻ പറയുന്നത് സത്യമാണ്. മറ്റ് തെളിവൊന്നുമില്ല."


"യൂസുഫ് ഞാൻ നിനക്ക് നന്മ മാത്രം ആഗ്രഹിച്ചു. നീയെന്ത് നന്ദി കേടാണ് എന്നോട് കാണിച്ചത്? എന്റെ ഭാര്യയെ അപമാനിക്കാൻ നോക്കിയില്ലേ?" അസീസ് ദുഃഖവും രോഷവും കലർന്ന സ്വരത്തിൽ ചോദിച്ചു...


 "ഇല്ല ഞാൻ തെറ്റ് ചെയ്തിട്ടില്ല. താങ്കളുടെ ഭാര്യയാണ് എന്റെ നേരെ വന്നത്. എന്നെ വശീകരിക്കാൻ നോക്കിയത്. ഞാൻ നീചമായ പ്രവൃത്തിക്കു നിൽക്കാതെ ഓടുകയായിരുന്നു. എന്റെ പിന്നാലെ വന്നു പിടികൂടി. ഉടുപ്പ് കീറിപ്പോയി."  യൂസുഫ് (അ) ദുഃഖത്തോടെ പറഞ്ഞു... 


 "നീ പറഞ്ഞത് സത്യമാണോ? വല്ല തെളിവുമുണ്ടോ?"


 "ഉണ്ട് നിങ്ങളുടെ ഭാര്യയുടെ കുടുംബത്തിൽപെട്ട ഒരു കുഞ്ഞ് ഇതെല്ലാം കണ്ടിട്ടുണ്ട്." അസീസ് ഞെട്ടിപ്പോയി 


മൂന്നു മാസം പ്രായമുള്ള കുഞ്ഞ് സുലൈഖയുടെ പിതൃവ്യന്റെ പുത്രൻ.

മക്കളില്ലാത്ത സുലൈഖ ആ കുഞ്ഞിനെ ദത്തുപുത്രനായി വളർത്തുകയാണ്. എവിടെപ്പോവുമ്പോഴും കൂടെക്കാണും. ഏഴ് വാതിലുകളുള്ള സൗധത്തിനകത്തും കുഞ്ഞ് കൂടെയുണ്ടായിരുന്നു...


 "കുഞ്ഞിനെ കൊണ്ടുവരൂ..."


 അസീസിന്റെ സഹോദരി കുഞ്ഞിനെയും കൊണ്ടുവന്നു. ആ കുഞ്ഞ് സംസാരിച്ചു. "യൂസുഫിന്റെ ഉടുപ്പ് മുൻഭാഗത്ത് കീറിയിട്ടുണ്ടെങ്കിൽ സുലൈഖ പറഞ്ഞത് ശരി. പിൻഭാഗത്താണ് കീറിയതെങ്കിൽ യൂസുഫ് പറഞ്ഞത് ശരി." 


 ഉടനെ അസീസ് ഉടുപ്പ് പരിശോധിച്ചു. പിൻഭാഗം കീറിയിരിക്കുന്നു. സുലൈഖ തല താഴ്ത്തി ഇനിയെന്ത് പറയാൻ? അസീസ് ഭാര്യയെ തുറിച്ചുനോക്കി രോഷപ്രകടനമൊന്നും നടത്തിയില്ല. അദ്ദേഹം പറഞ്ഞു: 


 "ഇത് നിങ്ങളുടെ ചതിയിൽ പെട്ടതാകുന്നു നിങ്ങളുടെ ചതി ഭയങ്കരം തന്നെ"


 സ്ത്രീകളുടെ ചതി. പിശാചിന്റെ ചതിയെക്കാൾ ഭയങ്കരമാണെന്ന് പറയപ്പെട്ടിട്ടുണ്ട്. ഉടുപ്പ് പരിശോധിക്കാൻ പറഞ്ഞത് ഒരു മുതിർന്ന ആൾ തന്നെയായിരുന്നുവെന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. ഏതായാലും യൂസുഫ് (അ) നിരപരാധിയാണെന്ന് തെളിഞ്ഞു... 


 യൂസുഫ് (അ)ന് കഠിനമായ ശിക്ഷ ലഭിക്കണമെന്നൊന്നും സുലൈഖ ആഗ്രഹിച്ചില്ല. രണ്ടോ മൂന്നോ ദിവസം ജയിലിൽ വെക്കുക. അല്ലെങ്കിൽ വേദനിക്കുന്ന ഒന്നോ രണ്ടോ അടി കൊടുക്കുക. അതിൽ കൂടുതൽ വേണ്ട. അതിലപ്പുറമുള്ള ശിക്ഷ സുലൈഖക്ക് സഹിക്കാനാവില്ല. യൂസുഫിനോടുള്ള സ്നേഹം മനസ്സ് നിറഞ്ഞു നിൽക്കുകയാണ്... 


 അസീസ് യൂസുഫ് (അ)നോടിങ്ങനെ പറഞ്ഞു: "യൂസുഫ് നീ ഈ സംഭവത്തെ ഈ രീതിയിൽ വിട്ടേക്കുക. മനസ്സിൽ വെക്കരുത്" 


"സുലൈഖാ....നീ തെറ്റ് ചെയ്തു. യൂസുഫിനെ കുറ്റക്കാരനാക്കി. അവനോട് മാപ്പ് ചോദിക്കൂ... പാപമോചനത്തിന് വേണ്ടി പ്രാർത്ഥിക്കൂ..."


 രംഗം ശാന്തമായി. അസീസ് ക്ഷമിച്ചൂ. സുലൈഖയുടെ പ്രക്ഷുബ്ധമായ മനസ്സ് മെല്ലെ അടങ്ങി. വിശുദ്ധ ഖുർആൻ പറയുന്നു:


 യൂസുഫ് പറഞ്ഞു: "എന്റെ ഹൃദയത്തെ കുതന്ത്രം പ്രയോഗിച്ച് വശീകരിക്കാൻ ശ്രമിച്ചത് അവളാണ്. അന്നേരം അവളുടെ കുടുംബത്തിൽപെട്ട ഒരാൾ ഇങ്ങനെ സാക്ഷി പറഞ്ഞു: അദ്ദേഹത്തിന്റെ കുപ്പായം മുൻഭാഗത്തുനിന്നാണ് കീറിയിട്ടുള്ളതെങ്കിൽ അവളുടെ വാദം സത്യമാകുന്നു. അദ്ദേഹം കളവ് പറയുന്നവരിൽ പെട്ടവനാകുന്നു." (12:26)


"അദ്ദേഹത്തിന്റെ കുപ്പായം പിന്നിൽ നിന്നാണ് കീറിയിട്ടുള്ളതെങ്കിൽ അവൾ കളവ് പറഞ്ഞു. അദ്ദേഹം സത്യം പറയുന്നവരിൽ പെട്ടവനാകുന്നു." (12:27)


"അങ്ങനെ യൂസുഫിന്റെ കുപ്പായം പിന്നിൽനിന്ന് കീറിയതായി അദ്ദേഹം (അസീസ്) കണ്ടപ്പോൾ ഭാര്യയോട് പറഞ്ഞു: ഇത് നിങ്ങളുടെ (പെണ്ണുങ്ങളുടെ) കുതന്ത്രങ്ങളിൽ പെട്ടതാകുന്നു. നിങ്ങളുടെ കുതന്ത്രങ്ങൾ വളരെ സാമർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നവ തന്നെയാണ്". (12:28)


"(അസീസ്  ഇങ്ങനെ ഉപദേശിച്ചു) ഓ...യൂസുഫ് ഇത് നീ അങ്ങ് വിട്ടേക്കുക (ആരോടും പറയരുത്) (ഭാര്യയോട് പറഞ്ഞു:) നീ നിന്റെ പാപമോചനത്തിനായി പ്രാർത്ഥിക്കുക. നിശ്ചയമായും നീ കുറ്റക്കാരിൽ പെട്ടവളാണ്." (12:29)

 

 യൂസുഫ് നബി (അ)ന്റെ മുഖം ശാന്തമായിരുന്നു. വലിയൊരാപത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസം. സർവ്വശക്തനായ അല്ലാഹുവിന് സ്തുതി...


 കൊട്ടാരവാസികൾ കഥയറിഞ്ഞു. അവരിൽ നിന്ന് വാർത്ത ചോർന്നു. അത് പുറംലോകത്തേക്കൊഴുകി...