Saturday - 13 June, 2026 26-Dhu al-Hijjah-1447

സുലൈഖ

   യൂസുഫ് കൊട്ടാരത്തിൽ വളർന്നു. ബാല്യം പിന്നിട്ടു. യൗവ്വനം പ്രാപിച്ചു. പ്രവാചകത്വം സിദ്ധിക്കാൻ സമയമായി. അല്ലാഹുﷻ വിജ്ഞാനം നൽകി. മലക്ക് വന്നു. ആവശ്യമായ വിവരങ്ങൾ കിട്ടി. പാകതയും പക്വതയും വന്നു. വിധി കല്പിക്കാനുള്ള കഴിവുണ്ടായി...


 വിശുദ്ധ ഖുർആൻ പറയുന്നു: "അദ്ദേഹം തന്റെ പൂർണശക്തി (പക്വമായ പ്രായം) പ്രാപിച്ചപ്പോൾ അദ്ദേഹത്തിന് നാം വിധി കല്പിക്കാനുള്ള കഴിവും വിജ്ഞാനവും നൽകി. അപ്രകാരം സുകൃതം ചെയ്യുന്നവർക്ക് നാം പ്രതിഫലം നൽകുന്നതാണ്." (12:22) 


 അസീസിന്റെ കൊട്ടാരത്തിൽ താമസിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് ഇനി പറയുന്നത്. സുലൈഖ ആ യുവാവിനെ വശീകരിക്കാൻ നോക്കി. യൂസുഫ് (അ) വഴങ്ങിയില്ല. അന്യസ്ത്രീ പുരുഷന്മാരുടെ സംഗമം നിഷിദ്ധമാണ്. പാപമാണ്. സുലൈഖ അസീസിന്റെ ഭാര്യയാണ്. ഭർത്താവ് ഇഷ്ടപ്പെടാത്തതൊന്നും അവർ ചെയ്യാൻ പാടില്ല... 


 ഈ ചിന്തയൊന്നും സുലൈഖയെ അലട്ടിയില്ല. സുലൈഖയുടെ മനസ്സിൽ യൂസുഫ് മാത്രം. ആ യുവാവിനെ പിടികൂടണം. അധീനപ്പെടുത്തണം. അവർ മുറിയുടെ വാതിലടച്ചു. കൊളുത്തിട്ടു  യൂസുഫിനെ കയറിപ്പിടിച്ചു...


 "ഇങ്ങോട്ടുവരൂ..."അവൾ കൊഞ്ചി 


യൂസുഫ് (അ) പറഞ്ഞു: "ഞാൻ അല്ലാഹുﷻവിൽ അഭയം തേടുന്നു.  എന്റെ താമസം നന്നാക്കിത്തന്നവൻ അല്ലാഹുﷻവാണ്. ഞാൻ അക്രമം കാണിക്കില്ല. രക്ഷിതാവിനോട് നന്ദികേട് കാണിക്കില്ല. അക്രമം കാണിക്കുന്നവൻ വിജയിക്കുകയില്ല...


 വിശുദ്ധ ഖുർആൻ പറയുന്നു: "അദ്ദേഹം ഏത് സ്ത്രീയുടെ വീട്ടിലാണോ താമസിച്ചിരുന്നത് അവൾ കുതന്ത്രം പ്രയോഗിച്ച് അദ്ദേഹത്തെ വശീകരിക്കാൻ ശ്രമിച്ചു. അവൾവാതിലുകളെല്ലാം അടച്ചുപൂട്ടി. എന്നിട്ട് "ഇങ്ങോട്ട് വാ..." എന്നവൾ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുﷻവിൽ ശരണം അദ്ദേഹം (അസീസ്) എന്റെ യജമാനനാണ്. വളരെ നല്ല നിലക്കാണ് അദ്ദേഹം എന്നെ താമസിപ്പിച്ചിരിക്കുന്നത്. അക്രമികൾ ഒരിക്കലും വിജയിക്കുകയില്ല." (12:23)


 വളരെ നാളായി മനസ്സിൽ ഒളിപ്പിച്ചുവെച്ച ആഗ്രഹം സുലൈഖ പ്രകടിപ്പിച്ചു. സുഖസൗകര്യങ്ങൾ ആസ്വദിച്ചു. ജീവിക്കുന്ന സുലൈഖക്ക് തന്റെ ആഗ്രഹം സഫലമാവണമെന്ന ചിന്ത മാത്രമേയുള്ളൂ... യൂസുഫ് (അ) ആ നിമിഷത്തിൽ തന്റെ രക്ഷിതാവിനെക്കുറിച്ചാണ് ചിന്തിച്ചത്. രക്ഷിതാവ് എന്നതിന് രണ്ട് വിധത്തിൽ വ്യാഖ്യാനം കാണുന്നു... 


 തന്റെ താമസം സൗകര്യപ്രദമാക്കിത്തന്ന അല്ലാഹുﷻ അവനോട് നന്ദി കേട് കാണിക്കരുത്. ഇതാണൊരു വ്യാഖ്യാനം. തന്റെ താമസം സൗകര്യപ്രദമാക്കിത്തന്ന അസീസ്. ഇത് മറ്റൊരു വ്യാഖ്യാനം... 


 യൂസുഫ് (അ) യൗവ്വനത്തിന്റെ പൂർണത പ്രാപിച്ച സന്ദർഭത്തിലാണ് ഈ സംഭവം. അക്കാലത്ത് യൂസുഫ് (അ)ന് മുപ്പത്തിമൂന്നു വയസ്സായിരുന്നു. നാല്പത് വയസ്സ് എന്നും പറയപ്പെട്ടിട്ടുണ്ട്... 


 വാസ്തവത്തിൽ യൂസുഫ് (അ) കടുത്ത പരീക്ഷണത്തിൽ പെടുകയായിരുന്നു. സൗന്ദര്യവതിയായ യുവതി തെറ്റിലേക്കു ക്ഷണിക്കുന്നു. ഒരു നിമിഷം ആ യുവാവ് പതറിയിരിക്കാം. തെറ്റ് ചെയ്യാൻ തോന്നിപ്പോയിരിക്കാം. പെട്ടെന്ന് സ്വയം നിയന്ത്രിച്ചു. ആ നിയന്ത്രണം വളരെ മഹത്തരമാണ്... 


 അല്ലാഹുﷻ പറയുന്നു: "തീർച്ചയായും അവൾ അദ്ദേഹത്തെക്കുറിച്ച് കരുതി. അവളെക്കുറിച്ച് അദ്ദേഹവും കരുതി. അദ്ദേഹം തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തം കണ്ടിരുന്നില്ലെങ്കിൽ (അദ്ദേഹമത് ചെയ്യുമായിരുന്നു). അപ്രകാരം നാം ചെയ്തത് തിന്മയെയും നീചവൃത്തിയെയും അദ്ദേഹത്തിൽ നിന്ന് തിരിച്ചു കളയുവാനാണ്. നിശ്ചയമായും അദ്ദേഹം നമ്മുടെ ഉൽകൃഷ്ട ദാസന്മാരിൽ പെട്ട ആളാകുന്നു." (12:24) 


അവൾ അദ്ദേഹത്തെക്കുറിച്ചു കരുതി എന്നു പറഞ്ഞാൽ അദ്ദേഹം തന്റെ ആഗ്രഹം  സാധിപ്പിച്ചുതരും എന്നവൾ കരുതി എന്നാണ്. അവളുടെ അവസ്ഥ അദ്ദേഹവും മനസ്സിലാക്കി...


 അല്ലാഹുﷻവിന്റെ ദൃഷ്ടാന്തം യൂസുഫ് (അ) കണ്ടു. എന്തായിരുന്നു ആ ദൃഷ്ടാന്തം? അതിന് പല വ്യാഖ്യാനങ്ങൾ പറയപ്പെട്ടിട്ടുണ്ട്. പല പ്രമുഖരും പറഞ്ഞത് യഅ്ഖൂബ് (അ) പ്രത്യക്ഷപ്പെട്ടുവെന്നാണ്. വിരൽ കടിച്ചുനിൽക്കുന്ന പിതാവ്. ഇതുകണ്ട് യൂസുഫ് (അ) പേടിച്ചു പിൻമാറി...


 "ഒരാൾ ഒരു തിന്മ ചെയ്യാൻ കരുതി ചുറ്റുപാടുകൾ അതിന്നനുകൂലമാണ് എന്നിട്ടും അയാൾ അത് ചെയ്തില്ല അത് അവന് ഒരു നന്മയായി രേഖപ്പെടുത്തപ്പെടുമെന്ന് നബിﷺഅരുൾ ചെയ്തിട്ടുണ്ട്." 


 യൂസുഫ് (അ) വാതിലിന്നടുത്തേക്ക് ഓടി.  എങ്ങനെയെങ്കിലും വാതിൽ തുറന്നു രക്ഷപ്പെടണം. സുലൈഖയും വാതിലിന്നടുത്തേക്ക് ഓടി. ഓരോട്ടമത്സരം... സുലൈഖ യൂസുഫിന്റെ ഉടുപ്പിൽ പിടിച്ചു വലിച്ചു. മുമ്പോട്ടോടുന്ന യുവാവിന്റെ ഉടുപ്പിന്റെ പിൻഭാഗമാണ് പിടികിട്ടിയത്. ഉടുപ്പ് കീറി. പിടിവലി നടന്നു...  


 യൂസുഫ് (അ) വാതിലിൽ പിടിമുറുക്കി. വാതിൽ തുറക്കപ്പെട്ടു. തുറക്കപ്പെട്ടപ്പോൾ തൊട്ടുമുമ്പിൽ ഭർത്താവ്... പരിഭ്രമിച്ചു നിൽക്കുന്ന സുലൈഖ. പെൺമനസ്സ് പെട്ടെന്നുണർന്നു കൗശലം കണ്ടെത്തി. യുവാവിനെ കുറ്റവാളിയാക്കാം... 


 "കണ്ടോ? ഇവൻ എന്നെ പിടിക്കാൻ വന്നു. നിങ്ങളുടെ ഭാര്യയെയാണ് ഇവൻ അപമാനിച്ചത്. ഇവന് നല്ല ശിക്ഷ നൽകണം."


ഒരുതരം പ്രതികാരചിന്ത പെൺമനസ്സിൽ വളർന്നു വന്നു... 


 വിശുദ്ധ ഖുർആൻ പറയുന്നത് ശ്രദ്ധിക്കൂ... "രണ്ടുപേരും വാതിൽക്കലേക്ക് മത്സരിച്ചോടി. അവൾ അദ്ദേഹത്തിന്റെ കുപ്പായം പിന്നിൽനിന്ന് പിടിച്ചു കീറുകയും ചെയ്തു. അവളുടെ നാഥനെ (ഭർത്താവിനെ) വാതിൽക്കൽ വെച്ചു കണ്ടു. അവൾ പറഞ്ഞു: നിങ്ങളുടെ ഭാര്യയോട് തിന്മ ചെയ്യാൻ ഉദ്ദേശിച്ചവന്റെ പ്രതിഫലം അവനെ തടവിലാക്കുകയോ അല്ലെങ്കിൽ വേദനാജനകമായ മറ്റ് ശിക്ഷയോ അല്ലാതെ മറ്റെന്താണ്?" (12:25)