സുലൈഖയുടെ കഥ നാട്ടിലാകെ പാട്ടായി. പെണ്ണുങ്ങൾ കൂട്ടം കൂടുന്നേടത്തെല്ലാം അതുതന്നെ സംസാരം. അവൾ ആസീസിന്റെ ഭാര്യയല്ലേ, ഇങ്ങനെ നിലയും വിലയും വിട്ട് പെരുമാറാമോ? അതും ഒരു അടിമയുടെ മുമ്പിൽ. പ്രേമം തലക്കുപിടിച്ച് സ്വബോധമില്ലാതായിരിക്കുന്നു. എന്തൊരു ഉന്മാദാവസ്ഥ. നാണക്കേട് വരുത്തിയിരിക്കുന്നു. പെണ്ണുങ്ങൾ അഭിപ്രായപ്രകടനം നടത്തിക്കൊണ്ടിരുന്നു. കുലീന വനിതകൾക്കിടയിലാണ് ചൂടുപിടിച്ച ചർച്ച...
ഈജിപ്തിൽ സുലൈഖയുടെ വിലയിടിഞ്ഞുകൊണ്ടിരുന്നു. അവൾ അപവാദച്ചുഴിയിൽ വീണു. സുലൈഖ എല്ലാം അറിയുന്നുണ്ട്. ഈ അപമാനത്തിൽ നിന്ന് എങ്ങനെ രക്ഷനേടാം... അപവാദം പറയുന്നവർക്ക് യൂസുഫിനെ അറിയില്ല. ആ സൗന്ദര്യം കണ്ടാൽ അവരെന്ത് പറയും? അവരും മയങ്ങിപ്പോവില്ലേ? അവർ യൂസുഫിനെയൊന്നു കാണണം. അപ്പോഴറിയാം അവരുടെ അവസ്ഥ. അതിനൊരവസരമുണ്ടാക്കണം...
ഒരു സൽക്കാരമൊരുക്കുക എല്ലാ കുലീന വനിതകളെയും ക്ഷണിക്കുക. അവരെല്ലാം സദ്യക്ക് ഇരുന്നുകഴിഞ്ഞാൽ യൂസുഫിനെ അവരുടെ മുമ്പിലേക്ക് കൊണ്ടുവരിക. യൂസുഫിന്റെ സൗന്ദര്യത്തിൽ അവർ ആകൃഷ്ടരായിത്തീരും. പരിസരം മറക്കും. പിന്നെയവർ ഈ സുലൈഖയെ കുറ്റം പറയില്ല...
പിന്നെ സദ്യയൊരുക്കുന്ന ചിന്തയിലായി. സുലൈഖ കുലീന വനിതക്കുള്ളയെല്ലാം ക്ഷണിച്ചു. എല്ലാവരും വരാമെന്നേറ്റു. സുലൈഖ യൂസുഫിനെ സമീപിച്ചു. ഒരപേക്ഷയുമായി...
"യൂസുഫ് ഞാനൊരു കാര്യം പറയാം... നീ അനുസരിക്കണം."
"പറയൂ അനുസരിക്കാൻ പറ്റുന്നതാണെങ്കിൽ അനുസരിക്കാം..."
"അനുസരിക്കാൻ പറ്റുന്ന കാര്യമാണ്. ഞാനിവിടെ ഒരു സദ്യ ഒരുക്കുന്നുണ്ട്. പട്ടണത്തിലെ കുലീനവനിതകളെയെല്ലാം ക്ഷണിച്ചിട്ടുണ്ട്. അവരെല്ലാം വന്ന് ആഹാരത്തിന്നിരുന്നു കഴിഞ്ഞാൽ ഞാൻ നിന്നെ ക്ഷണിക്കും. അപ്പോൾ നീ അവരുടെ മുമ്പിലേക്ക് വരണം സമ്മതിച്ചോ..?"
"സമ്മതിച്ചു."
സദ്യയുടെ സമയമായി. പെണ്ണുങ്ങൾ നന്നായി ഉടുത്തൊരുങ്ങിവന്നു. എല്ലാവരും ഇരുന്നു. മുന്തിയതരം പഴങ്ങൾ നൽകി. അവ മുറിച്ചു തിന്നാൻ മൂർച്ചയുള്ള കത്തികളും നൽകി. പെണ്ണുങ്ങൾക്ക് വളരെ സന്തോഷമായി...
എല്ലാവരും കത്തിയെടുത്തു പഴം മുറിക്കാൻ തുടങ്ങി. രുചികരമായ പഴങ്ങൾ എല്ലാ മുഖങ്ങളിലും സന്തോഷം...
അപ്പോൾ സുലൈഖ യൂസുഫിന്റെ മുറിയിൽ പ്രവേശിച്ചു. സുലൈഖ യൂസുഫിനെ ഇമവെട്ടാതെ നോക്കിനിന്നുപോയി. നന്നായി കുളിച്ചൊരുങ്ങി നിൽക്കുന്നു. മേത്തരം ഉടുപ്പുകൾ. ആകർഷകമായ തലപ്പാവ്...
"യൂസുഫ് വരൂ...."
യൂസുഫ് നടന്നു. സദ്യ നടക്കുന്ന ഹാളിൽ പ്രവേശിച്ചു.
"ങേ...യൂസുഫ്"
പെണ്ണുങ്ങൾ അതിശയിച്ചു നിന്നുപോയി.!!
എന്തൊരഴക്. ഇത് മനുഷ്യനാണോ? അതോ മലക്കോ..? കണ്ണെടുക്കാൻ കഴിയുന്നില്ല. ഇതുപോലൊരു പുരുഷ സൗന്ദര്യം ഇതുവരെ കണ്ടിട്ടില്ല. വെറുതെയല്ല സുലൈഖ വീണുപോയത്. പെണ്ണുങ്ങൾ പരിസരം മറന്നുപോയി. അപ്പോഴും അവർ മുറിച്ചുകൊണ്ടിരിക്കുന്നു. പഴയത്തിലല്ല. കത്തി വെക്കുന്നത് സ്വന്തം കൈകളിൽ തന്നെ. കൈ മുറിയുന്നു. ചോര വരുന്നു. അവരതറിയുന്നില്ല. മുഴുവൻ ശ്രദ്ധയും യൂസുഫിലാണ്. വേദന അറിയുന്നതേയില്ല...
അപ്പോൾ സുലൈഖ ശബ്ദിച്ചു...
"എന്റെ പ്രിയപ്പെട്ട കൂട്ടുകാരികളേ നിങ്ങളെന്താണ് ചെയ്യുന്നത്? സ്വന്തം കൈ മുറിക്കുകയോ..?"
പെണ്ണുങ്ങൾ ഞെട്ടി. കൈകളിലേക്ക് നോക്കി. കൈ മുറിഞ്ഞിട്ടുണ്ട് ചോര ഒഴുകുന്നുണ്ട്. സുലൈഖ വീണ്ടും സംസാരിച്ചു...
"കൂട്ടുകാരികളേ നിങ്ങൾ ഒരു തവണയല്ലേ യൂസുഫിനെ കണ്ടുള്ളൂ... അപ്പോഴേക്കും നിങ്ങൾ സ്വയം മറന്നു കൈകൾ മുറിച്ചു. ഞാൻ ഏഴ് വർഷമായി യൂസുഫിനെ കാണുന്നു. എന്നിട്ട് ഞാനിതുവരെ സഹിച്ചില്ലേ..?"
പെണ്ണുങ്ങൾ പരസ്പരം നോക്കി. ചിലർ തല താഴ്ത്തി.സുലൈഖയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സുലൈഖ തുടർന്നു:
"ഞാനേതായാലും മോശക്കാരിയായി. ഇനി ഞാൻ പിൻമാറില്ല. എന്റെ ആഗ്രഹം നടക്കണം. യൂസുഫ് ഞാൻ പറയുന്നത് അനുസരിക്കണം. അല്ലെങ്കിൽ ഞാനവന് വേദനാജനകമായ ശിക്ഷ നൽകും. കൊട്ടാരത്തിലെ സുഖസൗകര്യങ്ങളിൽ നിന്ന് കാരാഗ്രഹത്തിലെ കഷ്ടപ്പാടുകളിലേക്ക് അവനെ മാറ്റും. ഞാനത് ചെയ്യും നിങ്ങൾ കണ്ടോളൂ..."
സുലൈഖ ആവേശത്തോടെ സംസാരിച്ചു...
അവളുടെ ഉറ്റ തോഴിമാർ അടുത്തേക്ക് വന്നു. "സുലൈഖാ... നിന്റെ വിഷമങ്ങൾ ഞങ്ങൾക്കറിയാം... നിന്റെ ആഗ്രഹം നടക്കും. ഞങ്ങൾ യൂസുഫിനോട് സംസാരിക്കാം..."
പെണ്ണുങ്ങൾ ഓരോരുത്തരായി യാത്ര പറഞ്ഞിറങ്ങി. ഉറ്റ സുഹൃത്തുക്കൾ ബാക്കിയായി. അവർ യൂസുഫിനെ സമീപിച്ചു. സുലൈഖക്കുവേണ്ടി സംസാരിച്ചു. യൂസുഫ് മുഖം തിരിച്ചു നടന്നു കളഞ്ഞു. അടുത്ത ദിവസങ്ങളിലും അവർ വന്നു.
അവർ യൂസുഫിനെ നിർബന്ധിക്കാൻ തുടങ്ങി...
നിർബന്ധം സഹിക്കവയ്യാതായപ്പോൾ യൂസുഫ് (അ) അല്ലാഹുﷻവിനോടിങ്ങനെ പ്രാർത്ഥിച്ചു : "അല്ലാഹുവേ ഈ സ്ത്രീകൾ എന്നെ നീചകൃത്യത്തിലേക്ക് ക്ഷണിക്കുന്നു. അവർ ഏതൊന്നിലേക്ക് എന്നെ ക്ഷണിക്കുന്നുവോ അതിനെക്കാൾ ഉത്തമം കാരാഗ്രഹമാകുന്നു. അവരുടെ കുതന്ത്രങ്ങൾ ശക്തിപ്പെട്ടിരിക്കുന്നു. അതിൽ പെട്ടുപോകുന്നതിന് മുമ്പ് അല്ലാഹുവേ നീ എന്നെ രക്ഷപ്പെടുത്തേണമേ..."
മനസ്സ് തുറന്ന പ്രാർത്ഥന...
യൂസുഫിനെ ശല്യം ചെയ്തു കൊണ്ടിരുന്ന സ്ത്രീകൾ രോഷം കൊണ്ട് അവർ സുലൈഖയെ ഉപദേശിച്ചു. ഇതെന്തൊരു മനുഷ്യൻ. എത്ര ശ്രമിച്ചിട്ടും വഴങ്ങുന്നില്ല. കുറച്ചു ദിവസം ജയിലിൽ കിടക്കട്ടെ. കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ നഷ്ടപ്പെടുമ്പോൾ യൂസുഫ് സുലൈഖയെ അനുസരിക്കാൻ തയ്യാറാവും. നീ നോക്കിക്കോ...
യൂസുഫിനെ വരുതിയിലാക്കാൻ അതേ വഴിയുള്ളൂവെന്ന് സുലൈഖക്കും തോന്നി...