Saturday - 13 June, 2026 26-Dhu al-Hijjah-1447

പശുക്കൾ (1)

   ജയിലിൽ നിന്ന് രക്ഷപ്പെട്ട് രാജാവിന്റെ സേവനത്തിൽ വീണ്ടും പ്രവേശിക്കുമെന്ന് മനസ്സിലാക്കിയ ആളോട് യൂസുഫ് (അ) പറഞ്ഞു:


 "നീ നിന്റെ രാജാവിനോട് എന്റെ കാര്യം പറയണം. ഞാൻ നിരപരാധിയാണ്. എന്നെ വെറുതെ ജയിലിൽ താമസിപ്പിച്ചിരിക്കുകയാണ്." ആ ചെറുപ്പക്കാരൻ അക്കാര്യം ഏറ്റു...


 വിശുദ്ധ ഖുർആൻ വചനം നോക്കൂ... "ആ രണ്ടുപേരിൽ നിന്ന് രക്ഷപ്പെടുന്നവനാണെന്ന് താൻ ധരിച്ച ആളോട് യൂസുഫ് പറഞ്ഞു: നിന്റെ യജമാനന്റെ അടുക്കൽ എന്നെക്കുറിച്ച് നീ ഓർമ്മപ്പെടുത്തണം. എന്നാൽ തന്റെ യജമാനനെ ഓർമ്മപ്പെടുത്തുവാൻ പിശാച് അവനെ മറപ്പിച്ചുകളഞ്ഞു. അങ്ങനെ അദ്ദേഹം ഏതാനും കൊല്ലങ്ങൾ ജയിലിൽ താമസിച്ചു." (12:42)


 യൂസുഫ് (അ)ന്റെ പ്രവചനം അതുപോലെ ഫലിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അവരിലൊരാൾ കുരിശിൽ തറച്ചു കൊല്ലപ്പെട്ടു. നിരപരാധിയായ ആൾ ജയിൽ മോചിതനായി. പഴയ ജോലിയിൽ പ്രവേശിച്ചു...  


 കൊട്ടാരത്തിൽ തിരിച്ചെത്തിയതോടെ ആ ചെറുപ്പക്കാരൻ യൂസുഫ് (അ) ന്റെ കാര്യം തന്നെ മറന്നുപോയി. അതുകാരണം യൂസുഫ് (അ) ന്ന് കുറെകാലം കൂടി ജയിലിൽ കഴിയേണ്ടിവന്നു. 


 യൂസുഫ് (അ) ഏഴ് വർഷം ജയിലിൽ കിടന്നിട്ടുണ്ട്. മുന്തിരിച്ചാറ് പിഴിയുന്നവൻ രക്ഷപ്പെടുന്നതിന് മുമ്പ് അഞ്ച് വർഷവും അതിന് ശേഷം രണ്ടുവർഷവും. വേറെയും അഭിപ്രായങ്ങളുണ്ട്... 


 ഈ കാലഘട്ടം സുലൈഖയെ വല്ലാതെ തളർത്തിക്കളഞ്ഞു. യൂസുഫിനോടുള്ള സ്നേഹം ഒട്ടും കുറഞ്ഞില്ല. അതിന്റെ കടുപ്പം കൂടിക്കൂടിവന്നു. ഊണിലും ഉറക്കിലും അത് തന്നെ ചിന്ത. ഒരു കാര്യത്തിലും പഴയതുപോലെ ശ്രദ്ധയില്ല. ശരീരം മെലിഞ്ഞു വെട്ടിത്തിളങ്ങിനിന്ന സൗന്ദര്യത്തിന് മങ്ങലേറ്റു. മനസ്സപ്പോഴും തപിച്ചുകൊണ്ടിരുന്നു...  


 ഒരു ദിവസം രാജാവ് ഒരു സ്വപ്നം കണ്ടു.  ഏഴ് തടിച്ച പശുക്കൾ ഏഴ്  മെലിഞ്ഞ പശുക്കളും. മെലിഞ്ഞൊട്ടിയ പശുക്കൾക്ക് നല്ല വിശപ്പ്. അവ തടിച്ച പശുക്കളെ തിന്നുന്നു. ഏഴ് പച്ചക്കതിരുകൾ. ഏഴ് ഉണങ്ങിയ കതിരുകൾ. ഇതാണ് സ്വപ്നം...


 സ്വപ്നം കണ്ട് രാജാവ് അസ്വസ്ഥനായി. സ്വപ്നത്തിന്റെ വ്യാഖ്യാനമറിയണം അല്ലാതെ മനസ്സമാധാനം കിട്ടില്ല. ഇതൊരു പേക്കിനാവാണെന്ന് തോന്നുന്നില്ല. സ്വപ്ന വ്യാഖ്യാനം നടത്താൻ കഴിവുള്ള പ്രമുഖരെയെല്ലാം കൊട്ടാരത്തിൽ വിളിച്ചു വരുത്തി. രാജാവ് താൻ കണ്ട സ്വപ്നം വിവരിച്ചു... 


 പ്രമുഖന്മാർ പരസ്പരം നോക്കി.  ഒന്നും പറയാൻ കഴിയുന്നില്ല. ഒടുവിലവർ പറഞ്ഞു:  "ഇത് അർത്ഥമില്ലാത്ത പേക്കിനാവാണ്. ഇത് വ്യാഖ്യാനിക്കാൻ പറ്റുന്നതല്ല."


 രാജാവിന്ന് കോപവും നിരാശയും വന്നു. ഈ സ്വപ്നത്തിലെന്തോ സൂചനയുണ്ട്. അത് കണ്ടെത്താൻ ഇവർക്ക് കഴിയുന്നില്ല.  ഇനിയെന്ത് ചെയ്യും..? പല പേക്കിനാവുകൾ കൂടിച്ചേർന്നതാണ് തന്റെ സ്വപ്നമെന്നാണവർ പറയുന്നത്. അത് ശരിയാവില്ല...


 പെട്ടെന്നൊരാൾ ആദരവോടെ നടന്നു വന്നു. മുമ്പിൽ നിന്നു ആരാണത്?  മുന്തിരിച്ചാർ പിഴിയുന്നവൻ. ഇവനെന്തിനിപ്പോൾ വന്നു..?


"മഹാരാജാവേ ഒരു കാര്യം ബോധിപ്പിക്കാനുണ്ട്." 


"എന്താണ്? പറയൂ വേഗം..." 


"സ്വപ്നം വ്യാഖ്യാനിക്കാൻ കഴിവുള്ള ഒരാൾ ജയിലിലുണ്ട്. ഞാനയാളുടെ കാര്യം ഇപ്പോഴാണ് ഓർത്തത്. എന്നെ അയച്ചാൽ ഞാൻ വിവരം ചോദിച്ചിട്ട് വരാം." 

രാജാവ് ഉടനെ അയാളെ ജയിലിലേക്കയച്ചു.