പെട്ടെന്നൊരാൾ ആദരവോടെ നടന്നു വന്നു. മുമ്പിൽ നിന്നു ആരാണത്? മുന്തിരിച്ചാർ പിഴിയുന്നവൻ. ഇവനെന്തിനിപ്പോൾ വന്നു..?
മഹാരാജാവേ ഒരു കാര്യം ബോധിപ്പിക്കാനുണ്ട്."
"എന്താണ്? പറയൂ വേഗം..."
"സ്വപ്നം വ്യാഖ്യാനിക്കാൻ കഴിവുള്ള ഒരാൾ ജയിലിലുണ്ട്. ഞാനയാളുടെ കാര്യം ഇപ്പോഴാണ് ഓർത്തത്. എന്നെ അയച്ചാൽ ഞാൻ വിവരം ചോദിച്ചിട്ട് വരാം."
രാജാവ് ഉടനെ അയാളെ ജയിലിലേക്കയച്ചു. പഴയ കൂട്ടുകാരനനെത്തേടി ജയിലിലെത്തി. കൂട്ടുകാരനെ കണ്ടപാടെ ഇങ്ങനെ പറഞ്ഞു:
"യൂസുഫ് ഞാൻ താങ്കളുടെ കാര്യം മറന്നുപോയി ക്ഷമിക്കണം. ഇപ്പോൾ രാജാവ് ഒരു സ്വപ്നം കണ്ടു. അപ്പോഴാണ് താങ്കളെ ഓർമ്മവന്നത്. സ്വപ്നം വ്യാഖ്യാനം തേടി വന്നതാണ് ഞാൻ."
"എന്താണ് രാജാവ് കണ്ട സ്വപ്നം."
"ഏഴ് തടിച്ച പശുക്കൾ. ഏഴ് മെലിഞ്ഞൊട്ടിയ പശുക്കൾ. മെലിഞ്ഞവ തടിച്ചവയെ തിന്നുന്നു. ഏഴ് പച്ചക്കതിരുകൾ. ഏഴ് ഉണങ്ങിയ കതിരുകൾ. ഇതാണ് സ്വപ്നം"
യൂസുഫ് (അ) ഇങ്ങനെ വ്യാഖ്യാനിച്ചു. ഏഴ് തടിച്ച പശുക്കൾ സമൃദ്ധിയുടെ ഏഴ് വർഷങ്ങളാണ്. മെലിഞ്ഞൊട്ടിയ ഏഴു പശുക്കൾ ക്ഷാമം പിടിപെടുന്ന ഏഴ് വർഷങ്ങളാകുന്നു. സമൃദ്ധിയുടെ വർഷങ്ങളിൽ വിളയുന്ന ധാന്യം അത്യാവശ്യത്തിനെടുത്ത് ബാക്കിയെല്ലാം ക്ഷാമകാലത്തേക്ക് കരുതിവെക്കണം. ധാന്യം കതിരുകളിൽ തന്നെ സൂക്ഷിക്കണം."
"യൂസുഫ്...... വളരെ നന്ദി.... ഞാൻ രാജാവിന്റെയടുത്തേക്ക് ധൃതിയിൽ ചെല്ലട്ടെ! രാജാവ് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്." അയാൾ യാത്ര പറഞ്ഞിറങ്ങി. ധൃതിയിൽ സഞ്ചരിച്ച് കൊട്ടാരത്തിലെത്തി...
"എന്തായി പോയ കാര്യം? ആളെ കണ്ടോ..?"
"കണ്ടു. സംസാരിച്ചു."
"സ്വപ്നവ്യാഖ്യാനം കിട്ടിയോ..?"
"കിട്ടി യജമാനരേ..."
"പറയൂ വേഗമാവട്ടെ നാം കേൾക്കട്ടെ..."
"സമൃദ്ധിയുടെ ഏഴ് വർഷങ്ങൾ, ക്ഷാമം പിടിപെടുന്ന ഏഴ് വർഷങ്ങൾ ധാന്യം കുലകളിൽ തന്നെ കരുതിവെക്കണം."
"എത്ര നല്ല വ്യാഖ്യാനം" രാജാവിന് യൂസുഫ് (അ)നെ കാണാൻ വല്ലാത്ത മോഹം. ഇത്രയും കഴിവുള്ള ഒരാളെ ജയിലിൽ പാർപ്പിക്കുന്നത് ഒട്ടും ശരിയല്ല. അദ്ദേഹം സേവകനോട് പറഞ്ഞു...
"യൂസുഫിനെ നമ്മുടെ മുമ്പിൽ ഹാജറാക്കൂ വേഗം വേണം" സേവകൻ ജയിലിലേക്കോടി ...
വിശുദ്ധ ഖുർആൻ രാജാവിന്റെ സ്വപ്നം ഇങ്ങനെ വിവരിക്കുന്നു : "രാജാവ് പറഞ്ഞു: ഏഴ് തടിച്ചുകൊഴുത്ത പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കൾ തിന്നുന്നതായി നാം സ്വപ്നം കണ്ടു. ഏഴ് പച്ച ധാന്യക്കതിരുകളും വേറെ ഏഴ് ഉണങ്ങിയവയും കണ്ടു. ഹേ പ്രധാനികളേ! നിങ്ങൾക്ക് സ്വപ്നത്തിന് വ്യാഖ്യാനം നൽകാൻ കഴിയുമെങ്കിൽ എന്റെ സ്വപ്നത്തിന്റെ വ്യാഖ്യാനം നൽകുക." (12:43)
"അവർ പറഞ്ഞു: ഇതെല്ലാം പേക്കിനാവുകളാണ്. പേക്കിനാവുകളുടെ വ്യാഖ്യാനം അറിയുന്നവരല്ല ഞങ്ങൾ." (12:44)
"രണ്ട് ജയിൽപുള്ളികളിൽ നിന്ന് രക്ഷപ്പെട്ടവൻ പറഞ്ഞു: അവന് കുറെ കാലം കഴിഞ്ഞശേഷമാണ് (യൂസുഫ് നബിയുടെ വാക്കുകൾ) ഓർമ്മ വന്നത്. ഈ സ്വപ്നത്തിന്റെ വ്യാഖ്യാനം ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം. അതുകൊണ്ട് എന്നെ നിങ്ങൾ (യൂസുഫിന്റെ അടുത്തേക്ക്) അയക്കുക. (12:45)
"അദ്ദേഹം ജയിലിൽ ചെന്ന് യൂസുഫിനോട് പറഞ്ഞു: ഓ... യൂസുഫ് ഹേ സത്യസന്ധനായവനേ തടിച്ചു കൊഴുത്ത ഏഴ് പശുക്കളെ വലിഞ്ഞൊട്ടിയ ഏഴ് പശുക്കൾ തിന്നുന്നു. ഏഴ് പച്ചക്കുലകൾ വേറെ ഏഴ് ഉണങ്ങിയ കുലകൾ. ഈ സ്വപ്നത്തെപ്പറ്റി ഞങ്ങൾക്കൊരു തീരുമാനം പറഞ്ഞു തരിക. എനിക്ക് എന്നെ അയച്ച ആളുകളിലേക്ക് മടങ്ങേണ്ടതുണ്ട്. അവർ ഗ്രഹിക്കുവാൻ വേണ്ടി." (12:46)
"യൂസുഫ് നബി പറഞ്ഞു: നിങ്ങൾ ഏഴ് കൊല്ലം തുടർച്ചയായി കൃഷി ചെയ്യണം. എന്നിട്ട് നിങ്ങൾ കൊയ്തെടുക്കുന്ന ധാന്യം (കേടുവരാതിരിക്കാൻ) അവയുടെ കതിരുകളിൽ തന്നെ വെച്ചേക്കണം. നിങ്ങൾക്ക് ആഹാരത്തിന് ആവശ്യമായ അല്പം ഒഴികെ." (12:47)
"പിന്നെ അതിനുശേഷം കഠിന ക്ഷാമത്തിന്റെ ഏഴ് വർഷങ്ങൾ വരും. ആ കൊല്ലങ്ങളിലേക്ക് മുൻകരുതലായി നിങ്ങൾ വെച്ചിരുന്നതെല്ലാം അവ തിന്നു തീർക്കും. നിങ്ങൾ കാത്തുസൂക്ഷിക്കുന്ന അല്പം മാത്രമേ ബാക്കിയാകുകയുള്ളൂ." (12:48)
"അതിനുശേഷം പിന്നെ ഒരു കൊല്ലം വരും അന്ന് ജനങ്ങൾക്ക് ധാരാളം മഴ ലഭിക്കും. (ഉല്പന്നങ്ങൾ സമൃദ്ധമായി വളരും) അക്കാലത്ത് (ധാരാളം പഴസ്സത്തും മറ്റും) അവർ പിഴിഞ്ഞെടുക്കുകയും ചെയ്യും." (12:49)